മലയാളം/ഭാരത സഭാചരിത്രം/ഉപദേശ തകര്‍ച്ചയുടെ ഭീകര ചരിത്രം/ കേരളത്തിലും ഭാരതത്തിലും ക്രിസ്തീയ സഭ സ്ഥാപിച്ചത് ക്രിസ്തുശിഷ്യനായ തോമസ് അപ്പസ്തോലനാണ് – ചരിത്ര നിഷേധികളെ സൂക്ഷിക്കുക



കേരളത്തിലും ഭാരതത്തിലും ക്രിസ്തീയ സഭ സ്ഥാപിച്ചത് ക്രിസ്തുശിഷ്യനായ തോമസ് അപ്പസ്തോലനാണ് – ചരിത്ര നിഷേധികളെ സൂക്ഷിക്കുക

കേരള സഭാ ചരിത്രം – ആമുഖം

പോർട്ടുഗീസുകാർ കേരളസഭയുടെ ചരിത്രം എഴുതിയത് ഉദയംപേരൂർസുനഹദോസിലൂടെ അവർ നേടിയെടുത്ത ആധിപത്യം ന്യായീകരിക്കുവാൻ വേണ്ടിയാണ്. 1606- പ്രസിദ്ധീകരിച്ച അന്തോനിയോ ഗുവേ ജാർണാദെയും മറ്റും അപ്രകാരം എഴുതപ്പെട്ടിട്ടുള്ളതാണ്. യൂറോപ്യൻമിഷനറിമാരുടെ ഭരണം അസഹനീയമായപ്പോൾ അതിനെതിരായ ചിന്താഗതി ഇവിടത്തെ ക്രിസ്തവരിൽ വളർന്നു. അതിനുശേഷം നാട്ടുകാരായ ക്രിസ്തവവർ എഴുതുവാൻ ശ്രമിച്ച ചരിത്രഗ്രന്ഥങ്ങൾ ലക്ഷ്യത്തെ മുൻനിറുത്തിയുള്ളതായിരുന്നു. 1785- എഴുതപ്പെട്ട "വർത്തമാനപ്പുസ്തക'മാണ് അതിന്റെ വ്യക്തമായ ഉദാഹരണം. അന്നു നാട്ടുകാരെഴുതുന്ന കേരളചരിത്രം യൂറോപ്യൻ മിഷനറിമാരുടെ നിഷ്ഠൂരപ്രവൃത്തികളുടെ വിശദീകരണങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ഉദയംപേരൂർ സൂനഹദോസ്സോടുകൂടി കത്തോലീക്കാസഭയിലേക്ക് മാനസാന്തരപ്പട്ട നെസ്തോറിയരാണ് കേരളകത്തോലിക്കർ എന്ന മനോഭാവമാണ് യുറോപ്യൻ മിഷനറിമാരും അവരുടെ മെത്രന്മാരും സ്വീകരിച്ചിരുന്നത്. അതിനാൽ സൂനഹദോസിനു മുമ്പും തങ്ങൾ കത്തോലിക്കരായിരുന്നുവെന്നും നെസ്തോറിയരായിരുന്നില്ല എന്നും റോമാ മാർപ്പാപ്പായുമായി ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കുക എന്നത് അന്ന് സമൂഹത്തിന്‍റെ ആവശ്യമായിരുന്നു. അതിനുവേണ്ടി എഴുതപ്പെട്ടതാണ് ബർണാദ് അച്ചന്‍റെ ""മാർത്തോമ്മാക്രിസ്താനികൾ'' എന്ന ഗ്രന്ഥവും മറ്റും. അച്ചന്‍റെ ""മാർത്തോമ്മാക്രിസ്ത്യാനിക''ളുടെ ചുവടുപിടിച്ച് എഴുത്പ്പെട്ടിട്ടുള്ളതാണ് പിന്നീടുണ്ടായ ചരിത്രഗ്രന്ഥങ്ങൾ അധികവും. (കേരള ക്രിസ്തവ ചരിത്രം - വിയോജനക്കുറിപ്പുകൾ, ജോസഫ് പുലിക്കുന്നേൽ, ഭാരതീയ ക്രിസ്തവപഠന കേന്ദ്രം, ഇടമറ്റം, 1999. പേജ്: അവതാരിക)

കേരള ചരിത്രത്തെ നാലു കാലഘട്ടങ്ങളായി തിരിക്കാം.

1.         1599 വരെ. കാലഘട്ടത്തിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ബാബേൽ സഭയുമായി ഐക്യത്തിൽ ജീവിച്ചുവന്നു. ക്രിസ്ത്യാനികൾക്ക് പൂർണ്ണമായ ആഭ്യന്തര സ്വാത്രന്ത്യമുണ്ടായിരുന്നു. പേർഷ്യൻസഭ ഒരിക്കലും കേരളകിസ്ത്യാനികളുടെ മേൽ ഭരണപരമായ ആധിപത്യം നടത്തിയിരുന്നില്ല. ഓരോ ഇടവകയും ഒരു സ്വതന്തഭരണ സ്ഥാപനമായിരുന്നു താനും.

2.         പോർട്ടുഗീസ് ആധിപത്യം: 1599 മുതൽ 1653 വരെ. കാലഘട്ടത്തിൽ കേരളക്രിസ്തവരെ പോർട്ടുഗീസടിമത്തത്തിൻകീഴിൽ കൊണ്ടുവരുന്നതിനുളള തീവ്രശ്രമം നടന്നു. മതമേൽക്കോയ്മ പദ്രുവാദോ എന്ന പേരിൽ അറിയപ്പെടുന്നു.

3.         1653 മുതൽ 1887 വരെ. കൂനൻകുരിശുസത്യത്തിനു ശേഷം പദ്രുവാദോ ഭരണത്തിൻ കീഴിലായിരുന്ന സുറിയാനി ക്രിസ്ത്യാനികളെ റോമൻ മാർപാപ്പായുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ പ്രൊപ്പഗാന്താ ഭരണം കൊണ്ടുവരുന്നതിന് റോം നടത്തിയ തന്ത്രപരമായ കരുനീക്കവും അതിന് പദ്രുവാദോയും പ്രൊപ്പഗാന്തായും തമ്മിൽ നടന്ന സമരവും.

4.         റോമിന്റെ അന്തിമവിജയം: 1887. കാലഘട്ടത്തിൽ പ്രദ്രുവാദോഭരണത്തെ പൂർണ്ണമായും കേരളത്തിൽ നിന്നും തുടച്ചുനീക്കി, പ്രൊപ്പഗാന്താ (റോമാ) ഭരണം മാർത്തോമ്മാ ക്രിസ്ത്യാനികളുടെമേൽ കെട്ടിയിരുത്തി. (കേരള ക്രിസ്തവ ചരിത്രം - വിയോജനക്കുറിപ്പുകൾ, ജോസഫ് പുലിക്കുന്നേൽ, ഭാരതീയ ക്രിസ്തവ പഠന കേന്ദ്രം, ഇടമറ്റം, 1999. പേജ് : 54)

 

ക്രിസ്തുവിനു മുമ്പും കേരളത്തിനു വിദേശരാജ്യങ്ങളുമായി വാണിജ്യ- സാംസ്ക്കാരിക ബന്ധത്തിന് തെളിവ്

 

ബി.സി. യിൽത്തന്നെ കേരളത്തിനു വിദേശരാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപരബന്ധത്തിനു മതിയായ തെളിവാണ് ഇവിടെ കണ്ടെത്തിയ നിരവധി വിദേശനാണയങ്ങൾ. (പേജ് 34)എന്താണു വിദേശകളെ ഇങ്ങോട്ടാകർഷിച്ചത്? പ്രധാനമായും ഇവിടുത്തെ കുരുമുളക്, ഏലം, കറുവപ്പട്ട മുതലായ സുഗന്ധവസ്തുക്കൾ…ഇൗജിപ്തുകാരും ഗ്രീക്കുകാരും റോമാക്കാരും ഇവിടുത്തെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ തല്പരരായിരുന്നു. ബി.സി. അവസാന ശതവർഷങ്ങളിൽ ഇവിടെ നിന്ന് ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവ വൻമ്പിച്ച തോതിൽ കയറ്റി അയച്ചിരുന്നു (ഭാരതസഭാചരിത്രം, റവ.ഡോ.സോവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathoor Kottayam, 1998. 1998. പേജ് 51). തോമാശ്ലീഹായോ അദ്ദേഹത്തിന്റെ ശിഷ്യൻമാരോ സ്ഥാപിച്ച സഭകൾ വളർന്നുവന്ന രാജ്യങ്ങൾ തമ്മിൽ പ്രബലമായൊരു വാണിജ്യബന്ധം നിലനിന്നിരുന്നു. ഈ വ്യാപാരബന്ധം സാംസ്ക്കാരികമായ കൊടുക്കൽ വാങ്ങലുകൾക്ക് വഴിയൊരുക്കി. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 272----273)

തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനം

സുവിശേഷദൗത്യവുമായി ഇറങ്ങിത്തിരിച്ച തോമാശ്ലീഹാ പേർഷ്യ, മേദിയ,കിർക്കാനിയ, ബാക്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ സഞ്ചരിച്ച് അനേകർക്കു കൈ്രസ്തവവിശ്വാസം പകർന്നുകൊടുത്തു. അക്കാലത്ത് സിറിയ മുതൽ പാർത്ഥ്യാവരെയുള്ള പ്രദേശങ്ങൾ റോമൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തൻമൂലം പ്രസ്തുത രാജ്യങ്ങളിൽ നിർബാധം സഞ്ചരിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു. മദ്ധ്യപൗരസ്ത്യ ദേശത്തെ സുവിശേഷ ഘോഷണത്തിനുശേഷം തോമാശ്ലീഹ ഭാരതത്തിലേക്കു പുറപ്പെട്ടു. കച്ചവടത്തിനും മറ്റുമായി ധാരാളം യഹൂദൻമാർ കേരളത്തിൽ താമസിക്കുന്നുണ്ടെന്ന കാര്യം തോമാശ്ലീഹാ മനസ്സിലാക്കിയിരുന്നു. സ്വജാതീയരായ അവരെ സന്ദർശിക്കുന്നതിനും മിശിഹായുടെ സുവിശേഷം അറിയിക്കുന്നതിനുമുള്ള ആഗ്രഹാധിക്യം വി. ശ്ലീഹായെ കേരളത്തിലേക്കു വരുന്നതിനു പ്രരിപ്പിച്ചിരിക്കണം… അങ്ങനെ ഏ.ഡി. 52-ൽ തോമസ് അപ്പസ്തോലൻ കൊടുങ്ങല്ലൂരിനടുത്തുള്ള “മാല്യങ്കര” എന്ന പ്രദേശത്തു വന്നിറങ്ങി. ഏ.ഡി. ഒന്നാം നൂറ്റാണ്ടിൽ കേരളക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണം ചേരയുടെ തലസ്ഥാനമായ കൊടുങ്ങല്ലൂർ ആയിരുന്നു. (പേജ് 252-253)ഭാരത ക്രിസ്തവരുടെ ഇടയിൽ ഒന്നാം നൂറ്റാണ്ടുമുതൽ നിലവിലിരുന്ന നിരവധി ഐെതിഹ്യങ്ങൾ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തേയും സഭാസ്ഥാപനത്തെയും ദ്യോതിപ്പിക്കുന്നവയാണ്. വി.തോമ്മാ സുവിശേഷം പ്രസംഗിച്ചിട്ടുളള സ്ഥലങ്ങളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള അത്ഭുതങ്ങളെപ്പറ്റിയും സ്ഥാപിച്ചിട്ടുള്ള ദൈവാലയങ്ങളെപ്പറ്റിയും ഒട്ടനേകം ഐെതിഹ്യങ്ങൾ പരമ്പരയായി നിലവിലുണ്ട്. ഈ ഐെതിഹ്യങ്ങളെ അതേപടി  വിശ്വസിക്കേണ്ടതില്ലെങ്കിലും അവയുടെ പിന്നിലുള്ള സത്യം വിസ്മരിക്കാവതല്ല. “മാർത്തോമ്മാ ക്രിസ്ത്യാനികൾ” എന്ന സംജ്ഞയോടുകൂടിയ ഒരു വലിയ ക്രിസ്തവസമൂഹം ഇന്നാട്ടിൽ  ഇന്നും ഉണ്ടെന്നുള്ളതു തന്നെ അപ്പസ്തോലന്റെ ഭാരതപ്രേഷിതത്വത്തെ വിളിച്ചറിയിക്കുന്നു. ക്രിസ്തവരും അക്രിസ്തവരും ഭാരതത്തിലെ ക്രിസ്തുമതത്തിന്റെ പ്രാചീനതയെ സമ്മതിക്കുന്നുണ്ട്. തോമ്മാശ്ലീഹാ കപ്പലിറങ്ങിയ തുറമുഖവും, സ്ഥാപിച്ച പള്ളികളും, പ്രാർത്ഥിച്ച മലയും, മരിച്ചടക്കപ്പെട്ട കബറിടവും ഇന്നും സംപൂജ്യമായി കരുതപ്പെടുന്നു. അദ്ദേഹത്തിന്‍റെ പാദസ്പർശനത്താൽ പരിപാവനമായിത്തീർന്നിട്ടുള്ള ഒട്ടേറെ സ്ഥലങ്ങൾ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വി. ശ്ലീഹായാൽ വൈദികസ്ഥാനത്തേക്കുയർത്തപ്പെട്ടിട്ടുള്ള പകലോമറ്റം, ശങ്കരപുരി തുടങ്ങിയ അതിപുരാതനമായ കുടുംബങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്ന പുരാതനപാട്ടുകൾ ഇപ്പോഴും ആലപിക്കപ്പെടുന്നുണ്ട്. കൂടാതെ, പ്രാചീനകാലം മുതൽ തന്നെ ഇന്നാട്ടിൽനിന്നും വിദേശത്തുനിന്നുമുള്ള ഒട്ടനേകംപേർ മൈലാപ്പൂരിലുള്ള വി. തോമാശ്ലീഹായുടെ ശവകുടീരം സന്ദർശിക്കുകയും നേർച്ചകാഴ്ച്ചകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ലോകത്തിൽ മറ്റൊരിടത്തും ഇതുവരേയും തോമാശ്ലീഹായുടെ കബറിടം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. മേല്പ്പറഞ്ഞവയെല്ലാം തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ ദ്യോതിപ്പിക്കുന്നവയാണ്. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 253-254)

തോമ്മാശ്ലീഹാ നേരിട്ടോ അദ്ദേഹത്തിന്റെ ശിഷ്യൻമാരായ മാർഅദ്ദായി, മാർ മാറി എന്നിവർ വഴിയോ സ്ഥാപിതമായ നാലു സഭകളാണ് ഇന്ത്യ, എഡേസ്സാ, സെലൂഷ്യാ, പേർഷ്യ എന്നിവടങ്ങളിലെ പുരാതന ശൈ്ലഹികസഭകൾ. ഒരേ അപ്പസ്തോലിക പൈത്യകമുള്ള അയൽ സഭകൾക്കു തമ്മിൽ സവിശേഷമായ ഒരു സഭാത്മകബന്ധം വളരുക സ്വാഭാവികമാണല്ലോ. മാർത്തോമ്മാ ക്രിസ്ത്യനികളും പേർഷ്യയിലെ കൈ്രസ്തവരും തങ്ങളുടെ അപ്പസ്തോലിക പൈതൃകം നേരിട്ടു മാർത്തോമശ്ലീഹായിൽ നിന്നു ലഭിച്ചതാണെന്നു വിശ്വസിക്കുന്നു. തോമ്മാശ്ലീഹായുടെ ശിഷ്യനായ അദ്ദായിയാണ് തങ്ങളുടെ സഭ സ്ഥാപിച്ചതതെന്ന് എദേസ്സാസഭയും അദായിയുടെ ശിഷ്യനായ മാറിയാണ് തങ്ങളുടെ സഭാസ്ഥാപകനെന്ന് സെലൂഷ്യ-സ്റ്റെസിഫോൺ സഭയും വിശ്വസിക്കുന്നു. അവരുടെ ആരാധനക്രമ പാരമ്പര്യത്തിൽ ഈ ശൈ്ലഹിക അവബോധം സജീവമാണ്. സമീപപ്രദേശങ്ങളിൽ, റോമാസാമ്രാജ്യത്തിന് പുറത്തുവളർന്നു വന്ന ഈ നാല് അയൽസഭകളും പൊതുവായൊരു ശൈ്ലഹിക പൈതൃകത്തിന്റെ അടിത്തറയിലുദിച്ച പരസ്പരസംസർഗ്ഗത്തിലൂടെ ആഴമുള്ള സഭാത്മക ബന്ധത്തിൽ വളർന്നു. തത്ഫലമായി അവരുടെയിടയിൽ പരസ്പര ആദ്ധ്യാത്മിക ബന്ധവും ആദരവും വർദ്ധിച്ചു വന്നു. ഈ നാലു സഭകളിൽ സെലൂഷ്യാ-സ്റ്റെസിഫോൺ ക്രമേണ പേർഷ്യൻ സാമ്രാജ്യത്തിലെ പൊതുഭരണകേന്ദ്രമായി ഉയർന്നു വന്നു. ഇവിടത്തെ സഭാദ്ധ്യക്ഷൻ കാലക്രമത്തിൽ കാതോലിക്കോസ് അല്ലെങ്കിൽ പാത്രിയർക്കീസ് എന്നറിയപ്പെടാൻ തുടങ്ങി. എന്നാൽ, മാർത്തോമ്മാ നസ്രാണികൾ സഭാഭരണത്തിൽ തങ്ങളുടെ ഉൾഭരണ സ്വാതന്ത്ര്യം നിലനിർത്തിയിരുന്നു. പേർഷ്യൻ സഭ ഇതു മാനിച്ചിരുന്നു. താപസസന്യാസാചാര്യൻമാരായ സഭാദ്ധ്യക്ഷൻമാരുടെ ആത്മീയനേതൃത്വം ഭാരതസംസ്ക്കാരത്തിനും ആദിമസഭാപാരമ്പര്യത്തിനും ഇണങ്ങുന്നതുമായിരുന്നു. റോമാസാമ്രാജ്യത്തിനുള്ളിലും ഇങ്ങനെയൊരു കേന്ദ്രീകരണം നടക്കുകയുണ്ടായി. റോമാസാമ്രാജ്യത്തിന്റെ ഭരണകേന്ദ്രങ്ങളായിരുന്ന റോമാ, കോൺസ്റ്റാന്റിനോപ്പിൾ, അന്ത്യോക്യ, അലക്സാണ്ട്രിയ എന്നീ പട്ടണങ്ങൾ സഭാഭരണകേന്ദ്രങ്ങളായി മാറി. ആ കേന്ദ്രങ്ങളിലെ മെത്രാപ്പോലീത്താമാരും, പാത്രിയർക്കീസ്” എന്നറിയപ്പെട്ടു തുടങ്ങി.“ മെത്രാപ്പോലീത്താ” എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് മാതൃനഗരത്തിന്റെ (Mater + Polis) സഭാദ്ധ്യക്ഷൻ എന്നാണ്. ദൈവശാസ്ത്രവളർച്ചയും ആരാധനക്രമ പാരമ്പര്യവുമായി അഭേദ്യബന്ധമുണ്ട്. ക്രിസ്തവവിശ്വാസത്തിന്റെ പരസ്യമായ ആഘോഷമാണ് (celebration of faith) ആരാധനാക്രമം (liturgy).  വിശ്വാസത്തിന്‍റെ വിശദീകരണമാണ് (interpretation) ദൈവശാസ്ത്രം. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 268--269).

തോമ്മാശ്ലീഹാ കേരളത്തിൽ പ്രേഷിതപ്രവർത്തനം നടത്തിയെന്നതിന്‍റെ തെളിവ്

തോമ്മാശ്ലീഹാ കേരളത്തിൽ പ്രേഷിതപ്രവർത്തനം നടത്തിയെന്നതിന്റെ മറ്റൊരു പ്രത്യക്ഷ തെളിവാണ് പാലൂർ, കൊടുങ്ങല്ലൂർ, കോട്ടക്കാവ് (പറവൂർ), കോക്കമംഗലം, നിരണം (തുപ്പാലേശ്വരം), കൊല്ലം, നിലയ്ക്കൽ (ചായൽ) എന്നിവിടങ്ങളിലെ പുരാതന ക്രിസ്തവ സമൂഹങ്ങൾ. (പേജ്61) കേരളത്തിൽ സുവിശേഷവേല പൂർത്തിയാക്കിയ അപ്പസ്തോലൻ ചോഴമണ്ലത്തിലേക്കു യാത്രയായി. ഇപ്പോഴത്തെ മദ്രാസ് പട്ടണത്തിന് സമീപം സമുദ്രതീരത്തുള്ള മൈലാപ്പൂരിലെ ഭദ്രകാളിക്ഷേത്രത്തിലെ പുരോഹിതന്മാരുടെ എതിർപ്പിനു വഴിതെളിച്ചു. കോപാകുലരായ പൂജാരികളിൽ ഒരുവൻ അദ്ദേഹത്തെ കുന്തം കൊണ്ടു കൊലപ്പെടുത്തി. വി.ശ്ലീഹായുടെ പുണ്യശരീരം സ്വശിഷ്യന്മാർ ഭക്ത്യാദരങ്ങളോടെ മൈലാപ്പുരിൽ സംസ്കരിച്ചു... തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തിന്റെ പ്രധാന ഒരു തെളിവു തലമുറ തമുറകളായി കൈമാറിവരുന്ന വാചികപാരമ്പര്യമാണ്. ക്രിസ്ത്യാനികളുടെ മാത്രമല്ല, അക്രിസ്തവരുടെയും ഇടയിൽ ഈ പാരമ്പര്യം ഇന്നും ശക്തവും സജീവവുമത്രേ. തോമ്മാശ്ലീഹായിൽ നിന്നും വൈദികപട്ടം സ്വീകരിച്ച ചില കുടുംബങ്ങളിൽ തുടർച്ചയായി ഇന്നും വൈദികരുണ്ട്. കള്ളി, കാളിയാങ്കാവ്, മാളിക, കടപ്പൂര്, ഇടപ്പള്ളി തുടങ്ങിയ പല കുടുംബങ്ങളും തോമ്മാശ്ലീഹായിൽ നിന്നു മാമ്മോദീസായും പൗരോഹിത്യപദവിയും സ്വീകരിച്ചവയാണ്. ""ശങ്കരപുരി, പകലോമറ്റം മുതലായ  കുടുംബങ്ങൾ അതേ പേരിൽത്തന്നെയാണ് ഇപ്പോഴും അറിയപ്പെടുന്നത്.''പകലോമറ്റം  കുടുംബത്തിൽ നിന്നായിരുന്നു ആർച്ചുഡീക്കന്മാർ. … ക്രിസ്ത്യാനികൾ ആദ്യകാലത്തു നസ്രാണികൾ, അഥവാ നസ്രേയർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ""പിന്നീട് അന്ത്യോക്യായിൽവച്ചത്രേ ക്രിസ്ത്യാനികൾ എന്നറിയപ്പെടാൻ തുടങ്ങിയത്. ഭാരതത്തിലെ ക്രിസ്ത്യാനികളെ നസ്രാണികൾ എന്നുതന്നെ വിളിച്ചുപോന്നു. അതുകൊണ്ട് അന്ത്യോക്യായിൽ വച്ചു ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നതിനുമുമ്പേ ഇവിടെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ടാവണം''. ഒന്നാംനൂറ്റാണ്ടിൽ ഇവിടുത്തെ ഭാഷ തമിഴായിരുന്നു. വാണിജ്യഭാഷ സുറിയാനിയും. തമിഴിലും തെലുങ്കിലും കുരിശിനെ സൂചിപ്പിക്കാൻ സുറിയാനി പദമാണ് ഉപയോഗിച്ചിരിക്കുക. സിലൂവെയ്-സ്ലീവാ പുരാതനകാലംമുതലുള്ള സുറിയാനി സാന്നിദ്ധ്യത്തിന് ഇതൊരു തെളിവാണ്. (പേജ് 65--67). തോമ്മാശ്ലീഹാ മൈലാപ്പൂരിലാണ് വധിക്കപ്പെട്ടത് എന്ന കാര്യത്തിൽ എല്ലാ പാരമ്പര്യങ്ങളും യോജിക്കുന്നു. അദ്ദേഹം കുന്തം കൊണ്ടാണ് കുത്തിക്കൊല്ലപ്പെട്ടത് എന്ന കാര്യത്തിലും മയിൽ ഐതിഹ്യത്തിൽ അടിസ്ഥാനമാക്കിയുള്ള ഈ രേഖകൾ ഒഴികെ മറ്റെല്ലാ പാരമ്പര്യങ്ങളും യോജിക്കുന്നു. ഇതിൽ കേരളത്തിലെ മാർഗംകളിപ്പാട്ട്, തോമ്മാപർവ്വം, ചോഴമണ്ഡലത്തിലെ കണ്ടപ്പരാജാ ഐതിഹ്യം, പൗരസ്ത്യസുറിയാനി സഭയിലെ പാരമ്പര്യം (അബൂനാ നൽകിയത്), "തോമ്മശ്ലാഹായുടെ നടപടികൾ' വിവിധ സഭകളിൽ നിലനിന്ന പോന്ന പാരമ്പര്യങ്ങൾ എന്നിവയുൾപ്പെടുന്നു. മതവിദ്വേഷമാണ് വിശുദ്ധനെതിരായി ഗൂഢാലോചന നടത്താനും അദ്ദേഹത്തെ വധിക്കാനും ഇടയാക്കിയതെന്ന് അനുമാനിക്കാം. കേരളത്തിലെ  പാരമ്പര്യങ്ങളിൽ പറയുന്നതുപോലെ ഹൈന്ദവപുരോഹിതന്മാരായിരിക്കാം ഈ ക്രൂരവധത്തിനു പ്രധാന ഉത്തരവാദികൾ. തോമ്മാശ്ലീഹായുടെ ശരീരം  പൂജ്യമായി മൈലാപ്പൂരിൽത്തന്നെ സംസ്ക്കരിക്കപ്പെട്ടു എന്ന് ദക്ഷിണേന്ത്യൻ പാരമ്പര്യങ്ങളെല്ലാം ഏകകണ്ഠമായി അംഗീകരിക്കുന്നു. തോമ്മാശ്ലീഹാ മൈലാപ്പുരിൽ രക്തസാക്ഷിത്വം വരിച്ചു എന്ന ചരിത്രസത്യമാണ് ഈ പാരമ്പര്യങ്ങളുടെ കേന്ദ്രബിന്ദു (പേജ് 69--70 (ഭാരതസഭാചരിത്രം, റവ.ഡോ.സോവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathoor Kottayam, 1998.  പേജ് 61----70).

ചെമ്പുപട്ടയങ്ങളെയും ശിലാരേഖകളെയും അതിശയിക്കുന്നതും മാംസളമായ മനുഷ്യഹൃദയത്തിൽ ആലേഖനം ചെയ്തിട്ടുള്ളതുമായ നമ്മുടെ പാരമ്പര്യത്തെ സജീവമായി സംവഹിക്കുന്ന ഒരു മഹദ്സഞ്ചയമാണ് സുറിയാനിക്രിസ്ത്യാനികൾ എന്നുകൂടി അറിയപ്പെടുന്ന കേരളത്തിലെ മാർത്തോമ്മാനസ്രാണികൾ. ആഭ്യന്തരകലഹം നിമിത്തം, "ഞാൻ അപ്പോളോയുടേതാണ്, ഞാൻ പൗലോസിന്റേതാണ്, "ഞാൻ കേപ്പായുടേതാണ്, ഞാൻ മിശിഹായുടേതാണ് എന്നിങ്ങനെ പറയുവാൻ കോറിന്ത്യർക്ക് ഇടവന്നിട്ടുണ്ടെങ്കിലും ഒരു ശ്ലീഹായുടെ നാമത്തിൽ നാളിതുവരെ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയ ജനത കേരളത്തിലല്ലാതെ വേറൊരിടത്തും ഇല്ലെന്ന വസ്തുത മാർതോമ്മ നസ്രാണികൾക്ക് അഭിമാനം തന്നെയാണ്' (ഭാരതസഭാചരിത്രം, റവ.ഡോ.സോവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathoor Kottayam, 1998. പേജ് 116).

തോമ്മശ്ലീഹായുമായി ബന്ധപ്പെട്ടിട്ടുള്ള നാലു സഭകൾ

തോമ്മശ്ലീഹായുമായി ബന്ധപ്പെട്ടിട്ടുള്ള നാലു സഭകളിലൊന്നാണ് മാർത്തോമ്മക്രിസ്ത്യാനികളുടെ ഭാരതസഭ. ഇൗ സഭകളുടെയെല്ലാം പൊതുവായ അപ്പോസ്തോലിക പൈതൃകം തോമ്മശ്ലീഹായിൽ നിന്നാകുന്നു. തങ്ങളുടെ പൊതുപിതാവായി നാലു സഭകളും തോമ്മാശ്ലീഹായെ ബഹുമാനിക്കുന്നു. തോമ്മാശ്ലീഹായുടെ ശിഷ്യനായ അദ്ദായിയാണ് തങ്ങളുടെ സഭ സ്ഥാപിച്ചതെന്ന് എദേസ്സാസഭ വിശ്വസ്ക്കുന്നു. ഇൗ ബന്ധത്തിന്റെ അടയാളമായി തോമ്മാശ്ലീഹായുടെ ഭൗതികാവശിഷ്ടത്തിന്റെ മുഖ്യഭാഗവും ഇന്ത്യയിൽ നിന്ന് അവർ കൊണ്ടുപോവുകയും ചെയ്തു. അതുപോലെ സെലൂഷ്യ - സ്റ്റെസി ഫോൺ (പേർഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനവും പൗരസ്ത്യ സുറിയാനി സഭയുടെ ഭരണകേന്ദ്രവും) സഭ അദ്ദായിയുടെ ശിഷ്യനായ മാറി വഴി തോമ്മാശ്ലീഹായുമായി ബന്ധപ്പെട്ടതാണ്. മാറി അവിടെ സുവിശേഷഘോഷണം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. പേർഷ്യയിലുള്ളവരാകട്ടെ തോമ്മശ്ലീഹായാണ് തങ്ങളുടെ അപ്പോസ്തോലനെന്ന് വിശ്വസിക്കുന്നു. ഭാരതത്തിലെ മാർത്തോമ്മാക്രിസ്ത്യാനികളും തോമ്മാശ്ലീഹാ നേരിട്ടു തങ്ങളുടെ രാജ്യത്ത് സുവിശേഷ പ്രചരണം നടത്തിയെന്ന് വിശ്വസിക്കുന്നു. … ഈ നാലു സഭകളിൽ സെലൂഷ്യ-സ്റ്റെസിഫോമൺ സഭ ഭരണകേന്ദ്രമായി ഉയർന്നു വന്നു. ഇത് പ്രധാനമായും  പേർഷ്യൻ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ്. കാതോലിക്കോസ് അല്ലെങ്കിൽ പാത്രിയർക്കീസ് എന്ന് സെലൂഷ്യൻ സഭാദ്ധ്യക്ഷൻ അറിയപ്പെടാൻ തുടങ്ങി. റോമാസാമ്രാജ്യത്തിലും ഇപ്രകാരമൊരു പ്രവണത പ്രകടമായിരുന്നു. റോമാസാമ്രാജ്യഭരണകേന്ദ്രങ്ങളായിരുന്ന റോമാ, കോൺസ്റ്റാന്റിനോപ്പിൾ, അന്ത്യോക്യാ, അലക്സാണ്ഡ്രിയാ എന്നീ പട്ടണങ്ങൾ സഭാഭരണകേന്ദ്രങ്ങളായി മാറി. ഈ നാലു കേന്ദ്രങ്ങളിലെ മെത്രാപ്പോലീത്തമാരും "പാത്രിയർക്കീസ് ' എന്ന് അറിയപ്പെട്ടു തുടങ്ങി. മെത്രപ്പോലിത്ത എന്ന് പദംകൊണ്ടർത്ഥമാക്കുന്നതും മാതൃനഗരത്തിന്റെ  സഭാദ്ധ്യക്ഷൻ എന്നതാണ്.  (ഭാരതസഭാചരിത്രം, റവ.ഡോ.സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathoor Kottayam,  1998. പേജ് 119-120).

അറമായഭാഷയുടെ പ്രസക്തി - അറമായ സുറിയാനിയായി

ഈശോമിശിഹായും അപ്പസ്തോലന്മാരും ഉപയോഗിച്ചത് പലസ്തീനായിലെ സധാരണ ഭാഷയായിരുന്ന അറമായ ആണ്. .. "അറമായ ബി.സി. 550 നു ശേഷം പേർഷ്യൻ സാമ്രാജ്യത്തിന്റെ ഔദ്യോഗികഭാഷയായി. ഡാനിയേലിന്റെഗ്രന്ഥത്തിൽ അറമായ ഭാഷയിലുള്ള ചില ഭാഗങ്ങളുണ്ട്. പുതിയനിയമ കാലത്ത് ഹിബ്രുവിനെക്കാൾ അറമായ ഭാഷയാണ് പലസ്തീനായിൽ നിലവിലിരുന്നത്. ഇന്നും  സിറിയായിലെ മുല്ലലാഗ്രാമക്കാരുടെ സംസാരഭഷ ഇതാണ് '… ദൈവാവിഷ്ക്കരണത്തിന്റെയും  സുവിശേഷപ്രചരണത്തിന്റെയും മാദ്ധ്യമം അറമായ ഭാഷയായിരുന്നതു കൊണ്ടു ക്രിസ്യത്യാനികൾക്ക് ഈ ഭാഷയോടു പ്രത്യക മമതയുണ്ടായിരുന്നു. ഈ ഭാഷയാണു പിന്നീട് സുറിയാനിയായി അറിയപ്പെടാൻ തുടങ്ങിയത് … വാണിജ്യപരമായ കാര്യങ്ങൾക്ക് സാധാരണ ഉപയോഗിച്ചിരുന്ന ഭാഷയും ഇതുതന്നെയായിരുന്നു. ആദ്യനൂറ്റാണ്ടുകളിലെ പ്രധാന ഭാഷകൾ ഗ്രീക്കും ലത്തീനും സുറിയാനിയുമായിരുന്നു … ഇത്തരം  സാഹചര്യത്തിൽ ഭാരത്തിലെ മാർത്തോമ്മ ക്രിസ്ത്യാനികൾ ആദിനൂറ്റാണ്ടുകളിൽ കർത്താവിന്റെ ഭാഷയായിരുന്ന അറമായഭാഷ (സുറിയാനി)യിലുള്ളആരാധനക്രമം സ്വീകരിക്കുക തികച്ചും സ്വാഭാവികമാണല്ലോ. തോമ്മാശ്ലീഹായുടെ പൈതൃകമുള്ള മറ്റു മൂന്ന് സഭകളും അവരുടെ ഔദ്യോഗിക ആരാധനയ്ക്ക് ഈ ഭാഷയാണ് ഉപയോഗിച്ചിരുന്നത് എന്ന വസ്തുതയും മാർത്തോമ്മാക്രിസ്ത്യാനികൾക്കു കൂടുതൽ പ്രചോദനം  നൽകിയിരിക്കണം. (ഭാരതസഭാചരിത്രം, റവ.ഡോ.സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathoor Kottayam, 1998.പേജ് 120-122).

മാർത്തോമ്മാക്രിസ്ത്യാനികളുടെ സുവിശേഷപ്രവർത്തനങ്ങൾ

ഇന്ത്യയുടെ നാനാഭാഗങ്ങളിലുമുള്ള സഹോദരങ്ങൾക്ക് ക്രിസ്തവ വിശ്വാസം നൽകിയത് ഇവിടെയുണ്ടായിരുന്ന മാർത്തോമ്മാക്രിസ്ത്യാനികൾതന്നെയാണ്… ഇന്ത്യൻ മിഷനറിമാർ ചൈന, മധ്യഏഷ്യ എന്നിവിടങ്ങളിലേക്ക് പോയിരുന്നു. പത്ത്, പതിനൊന്നു നൂറ്റാണ്ടുകളിൽ മാലദ്വീപിലും വിശ്വാസം പ്രചരിപ്പിച്ചു (ഭാരതസഭാചരിത്രം, റവ.ഡോ.സോവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathoor Kottayam, 1998.പേജ് 210-211).

കേരളത്തിലെ തോമാശ്ലീഹാ പാരമ്പര്യവും തെളിവുകളും

കേരളത്തിലെ ക്രിസ്തവസഭ, നമ്മുടെ കർത്താവിന്‍റെ അപ്പോസ്തോലനായ വിശുദ്ധതോമ്മാ ശ്ലീഹാ ക്രിസതാബ്ദം 52 ൽ സ്താപിച്ചതായും, അദ്ദേഹം കൊടുങ്ങല്ലൂർ, കൊല്ലം, പാലൂർ, പറവൂർ, തെക്കൻ പള്ളിപ്പുറം, നിരണം, നിലയ്ക്കൽ എന്നിങ്ങനെ ഏഴുസ്ഥലങ്ങൽ സന്ദർശിച്ച് മാർഗ്ഗം അറിയിച്ചതായും, അവരിൽ കള്ളി, കാളിയാങ്കൽ, ശങ്കരപുരി, പകലോമറ്റം, എന്നീ കുടുംബക്കാർ ആഢ്യബ്രാഹ്മണരായിരുന്നതായും സഭാഭരണത്തിനായി ശങ്കരപുരി, പകലോമറ്റം എന്നീ തറവാടുകളിൽനിന്ന് ഓരോരുത്തരെ പട്ടംകെട്ടിയതായും കേരളത്തിലെ ക്രിസ്ത്യാനികൾ വിശ്വസിച്ചുപോരുന്നു. ശങ്കരപുരി, പകലോമറ്റം എന്നീ രണ്ടു കുടുംബങ്ങളിൽനിന്ന് സഭാ ഭരണത്തിന് ആളുകളെ നിയമിച്ചു എങ്കിലും പകലോമറ്റം തറവാട്ടിൽ നിന്നാണ് തുടർച്ചയായി ഭരണം നടത്തിയിട്ടുള്ളത്. അവരിൽ 16-ആം നൂറ്റാണ്ടിനു മുമ്പ് ഭരിച്ചിട്ടുള്ളവരെപ്പറ്റി ശരിയായ രേഖകളില്ലെങ്കിലും ഗീവറുഗീസ് ആർക്കദിയാക്കോൻ മുതൽ 19- ആം നൂറ്റാണ്ടിന്‍റെ ആരംഭം വരെ ആ പിന്തുടർച്ച വരുന്നുണ്ട്. നസറായക്കാരന്‍റെ മതം സ്വീകരിച്ചവർ എന്ന അർത്ഥത്തിൽ നസറാണികൾ എന്നും, സഭാസ്ഥാപകന്‍റെ നാമത്തെ പുരസ്കരിച്ച് മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും, കേരള ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടുവന്നു. സുറിയാനികൾ എന്ന നാമധേയം ഇവർക്കു ലഭിക്കുന്നതിനുമിടയായി. (മലങ്കര മാർത്തോമ്മാ സഭാചരിത്രസംഗ്രഹം, റ്റി.സി. ചാക്കോ, മാർത്തോമ്മാ പബ്ലിക്കേഷൻ സൊസൈറ്റി തിരുവല്ല, 2014. പേജ് : 21)

കേരളത്തിൽ നിലനിന്നിരുന്ന ‘ആന്തരിക പാരമ്പര്യ’ ത്തെക്കുറിച്ച് മുണ്ടാടൻ സംക്ഷിപ്തമാക്കി പറയുന്നു. “ഇന്ത്യൻ പാരമ്പര്യമനുസരിച്ച് തോമാസ്ലീഹാ കടൽമാർഗ്ഗം വന്ന് എ.ഡി 52-നോടടുത്ത് കൊടുങ്ങല്ലൂരിൽ ആദ്യമായി  കരക്കിറങ്ങി, കൊടുങ്ങല്ലൂർ, പാലയൂർ, കൊല്ലം എന്നിവടങ്ങളിലെയും മറ്റു ചില സ്ഥലങ്ങളിലേയും ഉയർന്ന ജാതിയിൽപ്പെട്ട ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനം നടത്തി. മതപരിവർത്തനം നടത്തിക്കൊണ്ട് ചോഴ മണ്ഡലതീരം സന്ദർശിച്ചു; ചൈനയ്ക്ക് പോകുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു; ഇന്ത്യയിൽ മടങ്ങിയെത്തുകയും മതപരവർത്തനം നടത്തിയ പ്രധാനകുടുംബങ്ങളിൽ നിന്നുള്ള ചിലരുടെ സഹായത്തോടെ മലബാറിലെ ക്രിസ്തവരെ സംഘടിപ്പിക്കുകയും ആരാധനാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു. വീണ്ടും അദ്ദേഹം ചോഴ മണ്ഡലത്തിലേക്ക് പോകുകയും ചെറുകുന്നിലോ അതിനടുത്തോ രക്തസാക്ഷിയാകുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശരീരം മൈലാപ്പൂരിൽ കൊണ്ടുവന്ന് അദ്ദേഹം പണിത ഒരു പുണ്യസ്ഥാനത്ത് സംസ്കരിച്ചു. മലബാറിൽ നിന്നും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും ചൈനയിൽ നിന്നുപോലും  ക്രിസ്തവർ മൈലാപ്പൂരിൽ പോവുകയും ആ കബറിടത്തിൽ ആരാധന നടത്തുകയും ചെയ്യാറുണ്ടെന്ന് പാരമ്പര്യം പറയുന്നു.’ (വിസ്മൃതരായ സഭാപിതാക്കന്മാർ, ജോൺ ഫെൻവിക്ക്, വിവർത്തനം റോയി പി തോമസ്, ക്രിസ്തവ സാഹിത്യ സമിതി തിരുവല്ല, 2017. പേജ് 60)

4-ആം നൂറ്റാണ്ടില്‍ അന്ത്യോക്യയിൽ പാർത്തിരുന്ന സ്വർണ്ണനാവുകരനായിരുന്ന ഈവാനിയോസിനെപ്പറ്റിയും പ്രശസ്ത വേദശാസ്ത്രജ്ഞനായ ജെറോമിനെപ്പറ്റിയുള്ള പഠനങ്ങളിൽ വിശുദ്ധ വേദപുസ്തകം ഇൻഡ്യൻ ഭാഷയിലേക്കു തർജ്ജമ ചെയ്യപ്പെട്ടാതായും അന്ത്യോക്യയിൽ പഠിച്ച ജെറോമിന്‍റെ ശിഷ്യഗണങ്ങളിൽ ഇൻഡ്യൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. (കേരളത്തിലെ ക്രിസ്തവ സഭകൾ പ്രൊഫ.ഫാ. ജോസഫ് കുളത്രാമണ്ണിൽ, സി.എസ്.എസ് ബുക്ക്ഷോപ്പ്, തിരുവല്ല, 2017.  പേജ്. 29)

ആദ്യ നൂറ്റാണ്ടിൽ ഉണ്ടായിരുന്ന യാത്രാ മാർഗങ്ങളും, ഇവിടെ ഉണ്ടായിരുന്ന യഹൂദരുടെ സാന്നിദ്ധ്യവും, ഭാരതവും വിദേശരാജ്യങ്ങളുമായുള്ള വ്യാപാരബന്ധവും, അക്കാലത്തെ സംബന്ധിച്ച വാമൊഴി പാരമ്പര്യങ്ങളും, അക്കാലത്തെ സംബന്ധിച്ച വാമൊഴി പാരമ്പര്യങ്ങളും, രണ്ടാം നൂറ്റാണ്ടിനുശേഷം ആവിർഭവിച്ച എഴുതപ്പെട്ട രേഖകളും എല്ലാം ശ്ലീഹായയുടെ ഭാരത അപ്പൊസ്തലത്വത്തിനു സഹായകമായ വസ്തുതകൾ വ്യക്തവും, അവ്യക്തവുമായ രൂപത്തിൽ ചരിത്രകാരന്‍റെ മുമ്പാകെ അണിനിരത്തുന്നുണ്ട്. നൂറ്റണ്ടുകളായി ഇവിടെ നിലനില്ക്കുന്ന മാർ തോമ്മാ ക്രിസ്ത്യാനികൾ തന്നെയും തോമ്മാ ശ്ലീഹായുട ഭാരതത്തിലെ സുവിശേഷ പ്രവർത്തനത്തിന്‍റെ മായാത്ത സാക്ഷ്യങ്ങളാണ്. (മലങ്കര മാർത്തോമ്മാ സുറിയാനി സഭ നൂറ്റാണ്ടുകളിലൂടെ, റവ.ഡോ. റ്റി.പി. എബ്രഹാം, സി.എസ്.എസ്.ബുക്ക്ഷോപ്പ് തിരുവല്ല, 2014. പേജ് : 43)

അലക്സാണ്ഡ്രിയയിലെ പുകൾപെറ്റ മതപാഠശാലയുടെ തലവനുമായിരുന്നു പന്റേനസ്. ഭാരതത്തിലേക്കു ഇദ്ദേഹം അയയ്ക്കപ്പെട്ടു എന്നത് കൈസര്യയിലെ മെത്രാനായ യുസീബിയസു, വി. ജറോണും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പന്റേനസിന്റെ രാജ്യമായ ഈജിപ്റ്റും ഭാരതവും തമ്മിൽ കാര്യമായ വ്യാപാരബന്ധം ഉണ്ടായിരുന്നു. അഗസ്റ്റസ് കൈസറുടെ കാലത്തെ 135 നാണയങ്ങളും, റ്റിബരിയസ് കൈസറുടെ കാലത്തെ 378 നാണയങ്ങളും, എ.ഡി. 1850ൽ കോഴിക്കോട് കണ്ടെടുത്ത നൂറുകണക്കിനുള്ള നാണയങ്ങളും അക്കാലത്ത് ഭാരതവും റോമാ സാമ്രാജ്യവും തമ്മിലുള്ള വ്യാപാരബന്ധത്തിന്റെ പ്രമുഖ തെളിവുകളാണ്. പന്റേനസിന്റെ ഭാരതാഗമന കാലത്ത് ഇപ്രകാരമുള്ള വ്യാപാരബന്ധങ്ങളും യാത്രാ സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്നത് നിസ്തർക്കമാണ്. വി. ജറോമിന്റെ എഴുത്തിൽ പറയുന്നത് ഭാരത ക്രിസ്തവ സഭയുടെ ഔദ്യോഗിക സ്ഥാനി  യുടെ ക്ഷണപ്രകാരം പന്റേനസിനെ അലക്സാണ്ഡ്രിയയുടെ മെത്രാൻ ഡമേട്രിയസ് അയച്ചതായിട്ടാണ്. ഇദ്ദേഹം ഭാരതത്തിൽ എത്തിയത് എ.ഡി. 189/190 ൽ ആയിരിക്കണം. ഭാരത്തിലെ ക്രിസ്തവരുടെ പക്കൽ എബ്രായ (അരാമായ) ഭാഷയിൽ എഴുതിയ വി. മത്തായിടെ സുവിശേഷം പന്റേനസ് കണ്ടുവെന്നത് യുസീബിയസും, വി. ജറോമും സാക്ഷ്യപ്പെടുത്തിയിരിക്കുന്നതും നേരത്തെ തന്നെ നാം കണ്ടതാകുന്നു. വി. ജറോം ഇക്കാര്യം പറഞ്ഞിരിക്കുന്നതു കൂടാതെ പന്റേനസ് സ്വദേശത്തേയ്ക്ക് മടങ്ങിപ്പോയപ്പോൾ പ്രസ്തുത സുവിശേഷ പ്രതിയും കൊണ്ടുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. (മലങ്കര മാർത്തോമ്മാ സുറിയാനി സഭ നൂറ്റാണ്ടുകളിലൂടെ, റവ.ഡോ. റ്റി.പി. എബ്രഹാം, സി.എസ്.എസ്.ബുക്ക്ഷോപ്പ് തിരുവല്ല, 2014. പേജ് 45-46)

പന്റേനസ് ഭാരതത്തിൽ എത്തിയപ്പോൾ ഇവിടെ ഒരു ക്രിസ്തവസഭയെ കണ്ടുവെന്നത് രണ്ട് കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ഒന്ന്, മാർത്തോമ്മാശ്ലീഹായുടെ കാലശേഷവും ഇവിടെ ഒരു ക്രിസ്തവ സഭ വേരറ്റുപൊകാതെ നിലനിന്നിരുന്നു. രണ്ട്, ക്രിസ്തവ സമൂഹത്തിന് സുവിശേഷ ജ്ഞാനം ഉണ്ടായിരുന്നു. ഇതിനപ്പുറമായി രണ്ടാം നൂറ്റാണ്ടിൽ മലങ്കരയിൽ ഉണ്ടായിരുന്ന ക്രിസ്തവസഭയെ കുറിച്ചറിയുവാൻ യാതൊരുവിധ മാർഗവും ഇല്ല. (മലങ്കര മാർത്തോമ്മാ സുറിയാനി സഭ നൂറ്റാണ്ടുകളിലൂടെ, റവ.ഡോ. റ്റി.പി. എബ്രഹാം, സി.എസ്.എസ്.ബുക്ക്ഷോപ്പ് തിരുവല്ല, 2014. പേജ് : 57)

പ്രമാണികസ്രോതസ്സുകൾ വിരളമാകാൻ പ്രധാനമായ കാരണങ്ങൾ

ഭാരത്തിന്‍റെ അപ്പസ്തോലനായ മാർതോതമ്മാശ്ലീഹായുടെ കാലം മുതൽ വാസ്കോഡിഗാമയുടെ വരവുവരെയുള്ള കേരളസഭ ചരിത്രം സംബന്ധിച്ച് ചരിത്രരേഖകൾ വളരെ കുറവാണ്. "ഇരുളടഞ്ഞ കാലഘട്ട'മെന്നാണ് ഇതിനെ ചരിത്രകാരൻമാർ പൊതുവെ വിശേഷിപ്പിക്കുക. ഇന്നുള്ള ചരിത്രരേഖകളാകട്ടെ അന്നത്തെ സഭാജീവിതത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചു വ്യക്തരൂപം നല്കാൻ അപര്യാപ്തമാത്ര. ഈ പരമിതികൾ കണക്കിലെടുത്തുവേണം ഈ കാലഘട്ടത്തിലെ ചരിത്രത്തെ വീക്ഷിക്കുവാൻ. … ഇപ്രകാരം പ്രമാണികസ്രോതസ്സുകൾ വിരളമാകാൻ പ്രധാനമായി രണ്ടു കാരണങ്ങൾ പറയാം. ഒന്ന്: ചരിത്രം എഴുതി സൂക്ഷിക്കുന്നതിൽ നമ്മുടെ പൂർവ്വികർ കാണിച്ച വിമുഖത. രണ്ട്: ഉദയംപേരൂർ "സൂനഹദോസിനു ' ശേഷം "നെസ്തോറിയൻ' എന്നു മുദ്രയടിച്ച് ചരിത്ര സാക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ഒട്ടേറെ സുറിയാനി ഗ്രന്ഥങ്ങളും കയ്യെഴുത്തുപ്രതികളും വിദേശമിഷിനറിമാർ നശിപ്പിച്ച്കളഞ്ഞത്. ഇത്തരം രേഖകൾ നശിപ്പിക്കുക സധാരണ സംഭവമായിരുന്നുപോലും. ഇങ്ങനെ ആധികാരിക ലിഖിതങ്ങളെല്ലാം നഷ്ടപ്പെട്ടെങ്കിലും ചില വിദേശചരിത്രകാരന്മാരും സാഞ്ചാരികളും ഇന്ത്യയിലെ ക്രിസ്ത്യാനികളെപ്പറ്റി കുറെ വിവരങ്ങൾ നല്കുന്നുണ്ട്. അവയും ഇന്നാട്ടിലെ പാരമ്പര്യങ്ങളും ഭാരതചരിത്രം ശാസ്ത്രീയമായി പ്രതിപാദിച്ചിട്ടുള്ള ചരിത്രകാരന്മാരുടെ കൃതികളും എല്ലാം കൂട്ടിവച്ചുനോക്കുമ്പോൾ അക്കാലത്തെ ഏകദേശ ചിത്രം ലഭിക്കും (ഭാരതസഭാചരിത്രം, റവ.ഡോ.സേവ്യർ കൂടപ്പുഴ, Oriental Institute of Religious Studies, Vadavathoor Kottayam, 1998. പേജ്: 117-118).

Ad Image
Ad Image
Ad Image
Ad Image