വിശുദ്ധലിഖിതം സ്വീകരിക്കുക … പാരമ്പര്യങ്ങൾ ഉപരിപ്ലവങ്ങളായ ആശയങ്ങൾ
ദൈവികവെളിപാട് രേഖാമൂലം സംരക്ഷിക്കപ്പെടുന്നത് ഇൗ വിശിഷ്ടഗ്രന്ഥങ്ങളിലൂടെയത്രേ. ഇതുപോലെ ആദിമസഭയുടെ പാരമ്പര്യങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നവതന്നെ. ദൈവപുത്രനിൽനിന്ന് ആദ്യത്തെ ശിഷ്യഗണത്തിന് ലഭിച്ച പാരമ്പര്യം അവർ സ്ഥാപിച്ച വിവിധസഭകളിലൂടെ തുടരുന്നു. വി. ലിഖിതത്തിലും, വി. പാരമ്പര്യത്തിലുമുള്ള പ്രാധാന്യം രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രത്യേകം ചൂണ്ടികാണിക്കുന്നുണ്ട്. ഇതാണ് ആദിമസഭാപാരമ്പര്യത്തിന്റെ പ്രാധാന്യം. ഇപ്രകാരമുള്ള പാരമ്പര്യങ്ങളിൽനിന്നാണല്ലോ വി. ഗ്രന്ഥം തന്നെ രൂപംകൊണ്ടത്. വി. ലിഖിതത്തിലും വി. പാരമ്പര്യങ്ങളിലും വേരൂന്നിയ പ്രബോധനങ്ങളാണ് കത്തോലിക്കാസഭ ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പുരാതന ആരാധനക്രമങ്ങൾ, ആദിമസഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ എന്നിവ സഭയുടെ വിശുദ്ധപാരമ്പര്യത്തിൽപ്പെടും. ഇവ വിശ്വസ്തതയോടെ സ്വീകരിക്കേണ്ടതാണ്. ഇതുപോലെതന്നെ, സത്യത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന്റെ മറുവശമാണ് അതിനെതിരായുള്ളവയെ നിരാകരിക്കുകയും ആസ്വീകാര്യമായി പുറന്തളളുകയും ചെയ്യുക എന്നത്. (സഭാവിജ്ഞാനീയം, ഡോ. സേവ്യർ കൂടപ്പുഴ, ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ്, വടവാതൂർ, കോട്ടയം, 1996. പേജ് : 456)
വിശുദ്ധ ഗ്രന്ഥത്തിന്റെ സ്ഥാനം
ലൂതറിനു മുമ്പുതന്നെ വിശുദ്ധഗ്രന്ഥപഠനത്തിനുള്ള ശ്രമങ്ങൾ കൂറെയെല്ലാം നടന്നിരുന്നു. വി. ഗ്രന്ഥത്തിന്റെ ലത്തീൻ വിവർത്തനത്തിനു (ഢൗഹഴമലേ) പുറമേ പല പ്രാദേശിക ഭാഷകളിലേക്കും ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടിരുന്നു. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 804)
നിരക്ഷരരായ ആളുകൾക്ക് വിശുദ്ധ ലിഖിതങ്ങളിലെ സന്ദേശം ഗ്രഹിക്കുവാനുണ്ടായിരുന്ന ഏകമാർഗ്ഗം പ്രസംഗമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ചുമതല വഹിക്കേണ്ടിയിരുന്ന മെത്രാന്മാരും, വൈദികരും കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. അവരുടെ അജ്ഞതയും മറ്റൊരു കാരണമാണ്. ഇൗ പാശ്ചാത്തലത്തിൽ ലൂതർ വിശുദ്ധഗ്രന്ഥം പരിഭാഷപ്പെടുത്തുകയും, അതിലെ സജീവമായ രക്ഷാകരചരിത്രം വ്യാഖ്യാനിക്കുകയും ചെയ്തപ്പോൾ അത് എല്ലാവർക്കും ആകർഷകമായി. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 804-805)
വികലമായ ആരാധനാക്രമം
ആരാധനയുടെ അന്തസത്തയെയും പ്രതീകാത്മകതയേയും അവഗണിച്ചുകൊണ്ട് ആചാരങ്ങൾക്ക് അമിതപ്രാധാന്യം കല്പിച്ചിരുന്നു. അവ നടത്തിയിരുന്ന രീതിതന്നെ പലപ്പോഴും അരോചകമായിരുന്നു. കുറെ അടയാളങ്ങളും ആംഗ്യങ്ങളും കൊണ്ട് തൃപ്തിപ്പെട്ടതല്ലാതെ അവയുടെ അർത്ഥമെന്താണെന്നോ അവ എന്തിനെ സൂചിപ്പിക്കുന്നുവെന്നോ പഠിക്കാനോ ജനങ്ങൾക്കു പറഞ്ഞുകൊടുക്കുവാനോ ആരു മെനക്കെട്ടില്ല. ഉപരിപ്ലവങ്ങളായ ആശയങ്ങൾ ആരാധനാക്രമത്തിൽ കടന്നുകൂടി അതിനെ അലങ്കോലപ്പെടുത്തിയിരുന്നു. നിർജ്ജീവവും അന്ധവുമായ ഇൗ ആരാധനാരീതിയെ ലൂതർ ചോദ്യം ചെയ്തു. ദൈവശാസ്ത്രപഠനം അവഗണിച്ച കാലഘട്ടമായിരുന്നത്. “സ്വർഗ്ഗത്തിൽ പോകാൻ ”കുറുക്കുവഴികളന്വേഷിക്കുകയായിരുന്നു ആളുകൾ, അതിനുപറ്റിയ ഭക്താഭ്യാസങ്ങളും പ്രചരിച്ചിരുന്നു! എന്നാൽ മിശിഹായുടെ പ്രബോധനമനുസരിച്ചുള്ള ജീവിതം നയിക്കാൻ വേണ്ടത്ര പരശ്രമിച്ചിരുന്നില്ല. കൂദാശകളുടെ അർത്ഥമോ ആവശ്യകതയോ ബോദ്ധ്യമാകാത്തവരായിരുന്നു അധികവും. ചില വൈകാരികാംശങ്ങൾക്കാണ് പലരും കൂടുതൽ പ്രധാന്യം നല്കിയത്, ‘ലിറ്റർജി’ യെപ്പറ്റിയുള്ള അറിവ് ശുഷ്കമായിരുന്നു. ഇതിന്റെ പരിണിതഫലം ഉൗഹിക്കാമല്ലോ. കൂദാശകൾ വെറും അനുഷ്ഠാനങ്ങളായി അധ:പതിച്ചു. അവയുടെ ദൈവശാസ്ത്രപശ്ചാത്തലം പൊതുവെ മനസ്സിലാക്കിയിരുന്നില്ല. ഉൾക്കാമ്പ് ഇല്ലാത്ത പുറംതോട്പോലെയായിരുന്നു അർത്ഥമറിയാതെ ആചരിച്ചിരുന്ന ബാഹ്യാനുഷ്ഠാനങ്ങൾ.
ഇവയ്ക്കെല്ലാം പുറമെ കഴിഞ്ഞ അദ്ധ്യായത്തിൽ കണ്ടതുപോലെ സഭാനേതൃത്വത്തിന്റെ പാകപ്പിഴകൾ. റോമൻ കൂരിയായിലെ അഴിമതികൾ, മെത്രാന്മാരുടെയും വൈദികരുടെയും അൽമായരുടെയും അസന്മാർഗ്ഗിക ജീവിതം തുടങ്ങിയവയെല്ലാം ലൂതറൻ നവീകരണത്തിന് ആക്കം വർദ്ധിപ്പിച്ചു. അന്നു ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ഹ്യൂമനിസ്റ്റ് ചിന്താഗതിയും നവീകരണപ്രസ്ഥാനത്തെ ഒട്ടൊക്കെ സഹായിച്ചു. എങ്കിലും നവീകരണത്തിന് ആസന്നകാരണമായി ചൂണ്ടിക്കാണിക്കുവാനുള്ളത്. ‘ദണ്ഡവിമോചനവിവാദ ’ മാണ് എന്നാൽ അതേപ്പറ്റി ചർച്ച ചെയ്യുന്നതിനുമുമ്പ് ലൂതർ എന്ന വ്യക്തിയെപ്പറ്റി ചിലതു പറയേണ്ടിയിരിക്കുന്നു. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 805-806)
ദണ്ഡവിമോചനവിവാദം
സെന്റ് പീറ്റേഴ്സ് ബസ്ലിക്കായുടെ പണി ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള പണം സമ്പാദിക്കുന്നതിനുവേണ്ടി 1510-ൽ ജൂലിയസ് രണ്ടാമൻ പാപ്പാ (1502-1513) ഒരു ദണ്ഡവിമോചനം ഏർപ്പെടുത്തിയിരുന്നു. ആൽബർട്ടിന്റെ അധീനതയിലുള്ള രൂപതകളിൽ ഇൗ ദണ്ഡവിമോചനം പ്രസംഗിക്കുവാനും അങ്ങനെ കിട്ടുന്ന തുകയിൽ പകുതിയെടുത്തിട്ട് ബാക്കി പകുതി റോമൻകൂരിയായിലടയ്ക്കുവാനുമായിരുന്നു ഉടമ്പടി. ഇതനുസരിച്ച് ദണ്ഡവിമോചനം പ്രസംഗിക്കാൻ ഡൊമനിക്കൻസഭാംഗമായ ടെറ്റ്സൽ നിയുക്തനായി. അദ്ദേഹം സാക്സൺപ്രവിശ്യയുടെ ഉത്തരാതിർത്തിയിലുള്ള ജൂട്ടർബോഗ്, സേർബ്സ്റ്റ് എന്നീ നഗരങ്ങളിൽ പ്രസംഗം ആരംഭിച്ചതോടെ ലൂതറും രംഗപ്രവേശം ചെയ്തു. ധാർമ്മികമായും വിശ്വായപരമായും പാശ്ചാത്യസഭയുടെ പാരമ്പര്യങ്ങളാണ് ടെറ്റ്സൽ പ്രസംഗിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ അവതരണരീതിയും അതിവർണ്ണനയും തെറ്റദ്ധാരണകൾക്കിടകൊടുത്തു. 1517 ഒക്ടോബർ 31-ാം തീയതി ലൂതർ ആർച്ചുബിഷപ്പ് ആൽബർട്ടിനു എഴുതി: “...വിശ്വാസികൾ ദണ്ടവിമോചനങ്ങളെപ്പറ്റി തെറ്റായ ധാരണയിലെത്തിവാൻ ഇവരുടെ പ്രസംഗങ്ങൾ കാരണമായിരിക്കുന്നു. നിർഭാഗ്യരായ ഇൗ വിശ്വാസികൾ കരുതുന്നത് ഇവരുടെ ഒരു മോചനക്കത്തു (Letter of Pardon) വാങ്ങിയാൽ നിത്യരക്ഷ സുനിശ്ചിതമായെന്നാണ്. പെട്ടിയിലേയ്ക്ക് നാണയങ്ങൾ ഇടുന്നയുടനെ ആത്മാക്കൾ ശുദ്ധീകരണസ്ഥലത്തുനിന്ന് പറന്നുയരുകയാണെന്ന് അവർ വിശ്വസിച്ചു”. (തിരുസഭാചരിത്രം, ഡോ. സേവ്യർ കൂടപ്പുഴ, മാർത്തോമ്മാശ്ലീഹാ ദയറാ പ്രസിദ്ധീകരണം, ഇടുക്കി, 2008. പേജ് 809-810)