മലയാളം/റോമൻ കത്തോലിക്കാ മതം/കർത്തൃമേശയും കുർബ്ബാനയും/



അപ്പവും വീഞ്ഞും യേശുവിന്റെ ശരീര-രക്തങ്ങളുടെ പ്രതീകങ്ങൾ മാത്രമാണ്

ബെബിൾ എന്ത് പറയുന്നു

 

 

എന്നാൽ ബെബിൾ പ്രകാരം യേശു ശാരീരികമായി ഇപ്പോൾ സ്വർഗ്ഗത്തിലാണ് (എബ്ര 10:12-13). ആശീർവ്വദിച്ച അപ്പവും വീഞ്ഞും ഒരുവന് യേശുവിന്റെ മരണത്തെ അനുസ്മരിക്കാൻ സഹായിക്കുന്ന പ്രതീകങ്ങൾ മാത്രമാണ് (ലൂക്ക 22:19). അപ്പവും വീഞ്ഞും യേശുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങളാണ് (1കൊറി 11:23-25). അല്ലെങ്കിൽ കുർബ്ബാന സമയത്ത് അപ്പവും വീഞ്ഞും ഭക്ഷിക്കുന്നവർ യേശുവിന്റെ യഥാർത്ഥ ശരീരവും രക്തവും ഭക്ഷിക്കുക വഴി നരമാംസഭോജികളായിത്തീരുന്നുവോ? രക്തം ഭക്ഷിക്കുന്നതിൽ നിന്ന് ദെവം തന്റെ ജനത്തെ വിലക്കിയിരിക്കുന്നു (ലേവ്യ 17:12). താൻ തന്നെ വിലക്കിയത് ചെയ്യുവാൻ ദെവം ഒരിക്കലും തന്റെ ജനത്തോട് കൽപിക്കുകയില്ല. യോഹന്നാൻ 6-ാം അദ്ധ്യായം ശ്രദ്ധിച്ച് പഠിക്കുക. യോഹന്നാൻ 6:53-54 വാക്യങ്ങൾ പദാർത്ഥമാറ്റത്തെ ന്യായീകരിക്കുന്നില്ല. നിത്യജീവൻ ലഭിക്കുന്നത് യേശുവിന്റെ ശരീരം ഭക്ഷിക്കുന്നതിലൂടെയല്ല, മറിച്ച് യേശുവിൽ വിശ്വസിക്കുന്നതിലൂടെയാകുന്നു എന്ന് വ്യക്തമാകുന്നു (യോഹ 6:40).

 

യേശു അപ്പത്തെയും വീഞ്ഞിനെയും തന്റെ യഥാർത്ഥ ശരീരവും രക്തവുമായല്ല, പ്രതീകങ്ങളായാണ് പരിഗണിച്ചത് (മത്താ 26:20-30; മർക്കോ 14:17-26). അവസാന അത്താഴ സമയത്ത് അപ്പവും വീഞ്ഞും പദാർത്ഥമാറ്റത്തിന് വിധേയമായതായി യാതൊരു സൂചനയും ബെബിളിലില്ല. മോശയുടെ നിയമപ്രകാരം രക്തം ഭക്ഷിക്കുന്നത് വിലക്കപ്പെട്ടിരുന്നു (ലേവി 17:10-14). അങ്ങനെ യഹൂദരെ സംബന്ധിച്ചിടത്തോളം രക്തം ഭക്ഷിക്കുക എന്നത് നിയമത്താൽ വിലക്കപ്പെട്ടിരുന്നതും അറപ്പുളവാക്കുന്നതുമായ ഒരു കാര്യമായിരുന്നു. യേശുവിനോടൊപ്പം അത്താഴം കഴിച്ചപ്പോൾ തങ്ങൾ ഇൗ നിയമം ലംഘിക്കുകയായിരുന്നില്ല എന്ന് ശിഷ്യന്മാർക്ക് ഉറപ്പുണ്ടായിരുന്നു. കാരണം അത്തരം സംശയമൊന്നും അവിടെ ഉയർന്നില്ല. അതുമാത്രമല്ല, അത്താഴം കഴിഞ്ഞ ഉടൻ തന്നെ യേശു തങ്ങൾ തൊട്ടുമുമ്പ് കുടിച്ചത് തന്റെ രക്തമായിരുന്നു എന്നല്ല, മറിച്ച് മുന്തിരിയുടെ ഫലം അഥവാ വീഞ്ഞ് ആയിരുന്നു എന്നാണ് പ്രസ്താവിച്ചത് (മത്താ 26:29). കർത്തൃമേശയിൽ തങ്ങൾ യേശുവിന്റെ രക്തം കുടിക്കുകയാണെന്ന് യേശുവിന്റെ ശിഷ്യരോ ആദിമ ക്രിസ്ത്യാനികളോ കരുതിയിരുന്നില്ല. നേരെമറിച്ച് അവർ അത്തരം ചിന്തകൾക്ക് എതിരായിരുന്നു (പ്രവൃ 15:29).

 

അവസാന അത്താഴം യഥാർത്ഥ ബലിയായിരുന്നു എന്ന് റോമാ മതം പഠിപ്പിക്കുന്നു (610, 611, 1339). എന്നാൽ ബെബിൾ പ്രകാരം അവസാന അത്താഴം പെസഹാ മാത്രമായിരുന്നു. യഥാർത്ഥ പാപപരിഹാര ബലി കുരിശിലാണ് നടന്നത് (1പത്രാ 2:24). കർത്താവായ യേശു താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ അപ്പമെടുത്ത് കൃതജ്ഞതയർപ്പിച്ചതിനുശേഷം അത് മുറിച്ചുകൊണ്ട് അരുളിച്ചെയ്തു : ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഒാർമ്മക്കായി നിങ്ങൾ ഇത് ചെയ്യുവിൻ. അപ്രകാരം തന്നെ അത്താഴത്തിന് ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു : ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. നിങ്ങൾ ഇത് പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഒാർമ്മക്കായി ചെയ്യുവിൻ. നിങ്ങൾ ഇൗ അപ്പം ഭക്ഷിക്കുകയും ഇൗ പാനപാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1കൊറി 11:24-26). പാനപാത്രം യേശുവിന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയുടെ പ്രതീകമായിരുന്നു. ഉടമ്പടിയായിരുന്നില്ല. കാരണം സമയത്ത് യേശുവിന്റെ രക്തബലി നടന്നിരുന്നില്ല. ഉപമകൾ വഴിയാണ് ഇതെല്ലാം ഞാൻ നിങ്ങളോട് പറഞ്ഞത് എന്ന് അത്താഴത്തിന് ശേഷം യേശു വ്യക്തമായി തന്റെ ശിഷ്യരോട് പറഞ്ഞു (യോഹ 16:25). അപ്പത്തിലും വീഞ്ഞിലും നാം പങ്കുചേരുമ്പോൾ യേശു പരിപൂർണ്ണമായി പൂർത്തീകരിച്ച രക്ഷാരപ്രവൃത്തിയിലുള്ള നമ്മുടെ വിശ്വാസം നാം പരസ്യമായി പ്രഖ്യാപിക്കുന്നു (1കൊറി 10:16). കർത്തൃമേശ ആചരണം യേശുവിന്റെ മരണത്തെ പ്രഖ്യാപിക്കുന്ന ഒാർമ്മ ആചരണമാണ്. അപ്പവും വീഞ്ഞും എന്താണ് എന്നതല്ല, അവ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതാണ് പ്രധാനം (1കൊറി 11:18-27). കർത്തൃമേശയുടെ ആചരണത്തിൽ യേശുവിന്റെ ബലി ആവർത്തിക്കപ്പെടുന്നു എന്ന ചിന്ത ബെബിളിലില്ല.

 

അതിനാൽ യേശു അത്താഴസമയത്ത് അപ്പത്തെയും വീഞ്ഞിനെയും തന്റെ ശരീര-രക്തങ്ങളുടെ പ്രതീകങ്ങൾ മാത്രമായാണ് കണക്കാക്കിയത്. യേശുവിന്റെ പ്രതീകങ്ങൾ നിറഞ്ഞ ഭാഷാപ്രയോഗം ശിഷ്യർക്ക് പരിചയമായിരുന്നു. യേശു തന്റെ ശരീരത്തെ ദേവാലയത്തോടും (യോഹ 2:19), പരിശുദ്ധാത്മാവിനെ ജീവജലത്തോടും (യോഹ 4:10-14; 7:38), യേശുവിന്റെ ശിഷ്യരെ ഉപ്പിനോടും (മത്താ 5:13), ഫരിസേയരുടെ ഉപദേശത്തെ പുളിമാവിനോടും (മത്താ 16:6) ഉപമിച്ചിരുന്നു. ഇത് എന്റെ ശരീരമാകുന്നു എന്ന രീതിയിലുള്ള വേറെ ചില പ്രതീകാത്മകമായ പ്രയോഗങ്ങളുമുണ്ട്. ഉദാഹരണമായി : ഞാൻ ജീവന്റെ അപ്പമാകുന്നു (യോഹ 6:35, 48-51), ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല (യോഹ 8:12), ഞാനാണ് വാതിൽ (യോഹ 10:9), ഞാൻ നല്ല ഇടയനാണ് (യോഹ 10:11), ഞാനാണ് പുനരുത്ഥാനവും ജീവനും (യോഹ 11:25), ഞാനാണ് വഴിയും സത്യവും ജീവനും (യോഹ 14:6), ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ് (യോഹ 15:1), ഞങ്ങൾ ദെവത്തിന്റെ കൂട്ടുവേലക്കാരാണ്, നിങ്ങളാകട്ടെ ദെവത്തിന്റെ വയലും വീടും (1കൊറി 3:9). യേശു ഇതെല്ലാം ഉപമകളിലൂടെയാണ് അവരോട് സംസാരിച്ചത് (മത്താ 13:34). ആത്മീയ അർത്ഥത്തെയും ഭൗതിക അർത്ഥത്തെയും ശരിയായി വിഭാഗിച്ച് മനസിലാക്കാൻ വിസമ്മതിക്കുന്നത്  ഇന്ന് പലർക്കും തെറ്റിന് കാരണമാകുന്നു. ആത്മീയമായി പറഞ്ഞിരിക്കുന്നതിനെ ഭൗതീകമായി മനസിലാക്കുമ്പോൾ തെറ്റുപറ്റുന്നു.

 

സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ അവിശ്വാസം നിറഞ്ഞവർക്ക് മറഞ്ഞിരിക്കാൻ വേണ്ടിയും യേശു ഉപമകളിലൂടെ പ്രതീകാത്മകമായി സംസാരിച്ചിരുന്നു (മത്താ 13:10-16). ആത്മാവാണ് ജീവൻ നൽകുന്നത്, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് (യോഹ 6:63). യേശുവിന്റെ വാക്കുകൾ വിശ്വസിക്കുന്നതിലൂടെയാണ് നാം നിത്യജീവൻ പ്രാപിക്കുന്നത്. യേശുവിന്റെ ശരീരം ഭക്ഷിക്കുക എന്നതുകൊണ്ട് യേശുവിൽ വിശ്വസിക്കുക എന്നതാണ് അർത്ഥമാക്കിയിരിക്കുന്നത്. അല്ലാതെ യേശുവിന്റെ യഥാർത്ഥ ശരീരം യഥാർത്ഥമായി ഭക്ഷിക്കുക എന്നതല്ല. ഇത് എന്റെ ശരീരമാകുന്നു എന്ന് അപ്പത്തെപ്പറ്റി യേശു പറഞ്ഞപ്പോൾ (മത്താ 26:26) യേശു ശാരീരികമായി അവിടെ സന്നിഹിതനായിരുന്നു. യേശു തന്റെ ഭൗതീകശരീരത്തിൽ ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളിൽ സന്നിഹിതനായിരുന്നു എന്ന് ബെബിൾ പറയുന്നില്ല. ശാരീരികമായി യേശു ഇപ്പോൾ സ്വർഗ്ഗസ്ഥ പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു, ഭൂമിയിലല്ല (എബ്ര 1:3; യോഹ 17:11; മർക്കോ 14:7). എന്നാൽ ആത്മീയമായി യേശുവിന് ഒരേസമയം ഒന്നിലധികം സ്ഥലങ്ങളിൽ സന്നിഹിതനായിരിക്കാൻ കഴിയും എന്ന സത്യം ബെബിൾ അംഗീകരിക്കുന്നു.

 

ഇന്നത്തെ കുർബ്ബാനയിലും പദാർത്ഥമാറ്റം നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എങ്കിലും പദാർത്ഥമാറ്റം നടക്കുന്നു എന്നതാണ് റോമൻ കത്തോലിക്കരുടെയും മറ്റു ചില പാരമ്പര്യ സഭകളുടെയും തത്വം. അവരുടെ വിശ്വാസത്തിന്റെ പരമപ്രധാനമായ ഭാഗം ബെബിളിലെ വിശ്വാസത്തിൽ നിന്ന് വളരെ അകന്ന് നേരെ എതിരായി നിൽക്കുന്നു. അത്തരം തെറ്റായ വിശ്വാസം അവരെ വിഗ്രഹാരാധനയിലേക്ക് നയിക്കുന്നു. കാരണം അവർ ബെബിൾ സത്യത്തിലല്ല, സത്യവിരുദ്ധമായ ഒരു കാര്യത്തിലാണ് വിശ്വസിക്കുന്നത്. ഇൗ പദാർത്ഥമാറ്റ തത്വത്തിന് യാതൊരു അടിസ്ഥാനവും ബെബിളിലില്ല. പുറമെ കാഴ്ചയിൽ അത്ഭുതകരമായി ഒന്നും സംഭവിക്കാതിരുന്നപ്പോൾ എന്തോ വലിയ അത്ഭുതം നടന്നു എന്ന് വിശ്വസിക്കാൻ ദെവം മനുഷ്യനോട് എന്നെങ്കിലും ആവശ്യപ്പെട്ടതായി യാതൊരു സംഭവവും ബെബിളിലില്ല. നടന്നു എന്ന് വ്യക്തമല്ലാത്ത കാര്യം നടന്നു എന്ന് വിശ്വസിക്കാൻ ദെവം മനുഷ്യനെ നിർബ്ബന്ധിക്കുന്നില്ല. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതും പ്രഥമദൃഷ്ട്യാ യഥാർത്ഥമല്ലാത്തതുമായ കാര്യത്തിൽ വിശ്വസിക്കുന്നത് സത്യവിരുദ്ധമാണ്. അപ്പം അപ്പത്തിന്റെ സ്വഭാവം നിലനിർത്തുകയും, യേശുവിന്റെ ശരീരത്തിന്റെ യാതൊരു സ്വഭാവവും ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുന്നതിനാൽ അപ്പത്തെ യേശുവിന്റെ ശരീരമായി കണക്കാക്കുന്നത് സത്യവിരുദ്ധവും വെരുദ്ധ്യാത്മകവുമാണ്. യേശുവിന്റെ യഥാർത്ഥ ശരീരം ദ്രവത്വം കാണുകയില്ല (പ്രവൃ 2:27; 13:35). അതിനാൽ കുർബ്ബാനയിലെ അപ്പം യഥാർത്ഥത്തിൽ യഥാർത്ഥ യേശുവിന്റെ ശരീരമായിരുന്നു എങ്കിൽ അത് ദ്രവത്വത്തിന് വിധേയമാകുകയില്ലായിരുന്നു. എന്നാൽ അത് ദ്രവത്വത്തിന് വിധേയമായതിനാൽ അത് യഥാർത്ഥ യേശുവിന്റെ യഥാർത്ഥ ശരീരമല്ല. ദെവത്തിന് അസാദ്ധ്യമായി ഒന്നുമില്ലെങ്കിലും, സത്യവിരുദ്ധമായി പ്രവർത്തിക്കാൻ ദെവത്തിന് സാദ്ധ്യമല്ല. നിത്യജീവൻ ലഭിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നതിലൂടെയാണ്. അല്ലാതെ പദാർത്ഥമാറ്റം വരുന്നു എന്ന് പറയപ്പെടുന്ന അപ്പം ഭക്ഷിക്കുന്നതിലൂടെയല്ല (യോഹ 6).

Ad Image
Ad Image
Ad Image
Ad Image