ശരിയായ ആരാധന
പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിക്കരുത്. ഏത് അളവുവരെ ഇൗ പുതിയ ഉടമ്പടി കാലത്ത് പഴയനിയമത്തെ ഉപയോഗിക്കാം എന്നത് നാം കൃത്യമായി നിർണ്ണയിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഇൗ പുതിയ ഉടമ്പടി കാലഘട്ടത്തിൽ നമുക്ക് പുതിയ രക്ഷാരീതി, പുതിയ നിയമം, പുതിയ സാബത്ത്, പുതിയ ഉടമ്പടി, പുതിയ ദേവാലയം, പുതിയ ബലി, പുതിയ പൗരോഹിത്യം, പുതിയ കാഴ്ചദ്രവ്യം എന്നിവയുണ്ട്.
ആരാധനയിൽ ഗുണഭോക്താവ് ദെവമല്ല മനുഷ്യനാണ്. ആരാധനയിൽ നാം ദെവസ്വഭാവം ഉൾക്കൊള്ളുന്നു. ആരാധനയുടെ പ്രധാന ഘടകങ്ങൾ ദെവവും ആരാധകനുമാണ്. സ്രഷ്ടാവ്-സൃഷ്ടി ബന്ധത്തെക്കാൾ ഉപരിയായി പിതാവ്-മക്കൾ എന്ന ബന്ധമാണ് ആരാധനയിൽ ദെവവുമായി നമുക്ക് ഉണ്ടായിരിക്കേണ്ടത് (യോഹ 4:23-24). ആരാധനയിൽ നാം പിതാവിനെയാണ് ആരാധിക്കേണ്ടത്. പുത്രനെയോ, പരിശുദ്ധാത്മാവിനെയോ അല്ല. മക്കൾക്കേ പിതാവിനെ ആരാധിക്കാൻ കഴിയൂ. അതിനാൽ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവർക്ക് മാത്രമേ സത്യമായ ആരാധനക്കുള്ള അർഹത ലഭിക്കുന്നുള്ളൂ (യോഹ 1:12; റോമ 3:23-26; 8:14-17; 10:9; 1കൊറി 1:2, 30; ഗലാ 3:26-27; 4:6-7; എഫേ 5:1-2; 1യോഹ 3:1-3). അതിനാൽ ആരാധകന്റെ അവസ്ഥയും ദെവത്തോടുള്ള ബന്ധവുമാണ് മുഖ്യം. വീണ്ടും ജനിച്ച് ദെവമക്കളായിത്തീർന്നവരാണ് ദെവത്തെ ആരാധിക്കേണ്ടത്. അതിനാൽ എങ്ങനെ എന്നതിനെക്കാൾ ആര് എന്നതാണ് ആരാധനയിൽ പ്രധാനം. ആദാമിൽ എല്ലാവരും മരിച്ചു (റോമ 5:12). എങ്കിലും യേശു നമ്മെ ഉയിർപ്പിച്ചു (എഫേ 2:1). നാം ദെവമക്കൾ എന്ന് ദെവാത്മാവ് നമ്മുടെ ആത്മാവോട് സാക്ഷ്യം പറയുന്നു. ആത്മാവിനേ ഇൗ സാക്ഷ്യം ഗ്രഹിക്കാൻ കഴിയൂ. ആത്മാവിലും സത്യത്തിലുമാണ് നാം പിതാവിനെ ആരാധിക്കേണ്ടത്. യേശുവിലൂടെ വചനപ്രകാരം. മുഴുവൻ സത്യത്തോടും ഒരുമിച്ചുനിന്ന്. മനസ്, ചിന്ത, ആഗ്രഹം എല്ലാം ക്രിസ്തുവിൽ കേന്ദ്രീകരിച്ചും, ആത്മാവിനെ ഉള്ളിൽ വച്ചും, ആത്മാവിന്റെ ഫലങ്ങളിൽ നിലനിന്നും നാം പിതാവിനെ ആരാധിക്കുന്നു. യേശുവെന്ന അടിസ്ഥാനത്തിൽ നിലനിന്ന് ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതാണ് ജീവിതയാഗം. അന്തർഭാഗത്തിലെ സത്യമാണ് ദെവം ഇച്ഛിക്കുന്നത് (സങ്കീ 51:6). ആരാധനയിൽ ജാടകൾക്ക് സ്ഥാനമില്ല. നിഴൽ മാറി. യേശുവിന്റെ വരവോടെ സത്യമായത്, യഥാർത്ഥമായത് വന്നു. ആത്മാവായ ദെവത്തെ മനുഷ്യന്റെ ജീവൻ പ്രാപിച്ച ആത്മാവിൽ സത്യമായ യേശുവിൽ ബന്ധപ്പെടണം. പരിശുദ്ധാത്മാവ് വരുന്നതിന് മുമ്പേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വന്നു കഴിഞ്ഞു എന്ന് യേശു പറഞ്ഞത് ശ്രദ്ധിക്കുക (യോഹ 16:2). ആത്മാവിൽ ആരാധിക്കുക എന്നാൽ പരിശുദ്ധാത്മാവ് നമ്മെ ആരാധിപ്പിക്കുകയല്ല (യോഹ 14, 15, 16). പരിശുദ്ധാത്മാവ് നമ്മെ സത്യത്തിൽ വഴി നടത്തും, പുത്രത്വത്തിന്റെ സാക്ഷ്യം നൽകും, നമുക്കുവേണ്ടി പക്ഷവാദം ചെയ്യും (റോമ 8:16, 26).
ആരാധനയിൽ നാം ദെവത്തെയും നമ്മെയും ആയിരിക്കുന്ന അവസ്ഥയിൽ അംഗീകരിക്കുന്നു. പ്രാർത്ഥനയിൽ നാം ദെവത്തോട് ചോദിക്കുന്നു. ആരാധനയിൽ നാം ദെവത്തിന് കൊടുക്കുന്നു. നമ്മുടെ ഭാഗത്തുനിന്ന് ദെവത്തിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ആരാധന. ജീവനുള്ള യാഗമായി ദെവത്തിനുവേണ്ടി ജീവിക്കുന്ന ദെവമക്കളുടെ ജീവിതമാണ് ആരാധനയായിത്തീരുന്നത്. നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദെവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ (റോമ 12:1). ലേവ്യാ യാഗത്തിലെ യാഗമൃഗത്തെപ്പോലെ സ്വയം വെന്തു വെണ്ണീറാകാൻ സ്വയം സമർപ്പിക്കുന്ന വ്യക്തിജീവിതങ്ങളാണ് ആരാധനയായിത്തീരുന്നത്. ആരാധനയിൽ നാം സമ്പൂർണ്ണമായി നമ്മെത്തന്നെ ദെവസന്നിധിയിൽ സമർപ്പിക്കുന്നു. നമ്മെത്തന്നെ ദെവസന്നിധിയിൽ താഴ്ത്തി തകർന്ന ഹൃദയത്തോടെ സമർപ്പിച്ച് പ്രണമിക്കുന്നു. ദെവസന്നിധിയിൽ നാം കീഴടങ്ങുന്നു. ദെവത്തോട് വിധേയത്വം പ്രകടിപ്പിക്കുന്നു. ആദ്യം നാം കുനിക്കേണ്ടത് ശരീരത്തെയല്ല, നമ്മുടെ ആത്മാവിനെയാണ്. നാം ദെവത്തിന്റെ മുമ്പിൽ തന്നെത്തന്നെ താഴ്ത്തണം (മീഖാ 6:6-9). ദേഹം ദേഹി എന്നിവയുടെ അവസ്ഥയെക്കാൾ ആത്മാവിന്റെ അവസ്ഥയാണ് പ്രധാനം. യേശുവിൽ വിശ്വസിച്ച്, ആത്മാവിന്റെ ഫലങ്ങളിൽ നിലനിന്ന് പിതാവിന് സമർപ്പിക്കുന്ന സമ്പൂർണ്ണ ജീവിതയാഗമാണ് ആരാധന. ആരാധനയുടെ ഭാഷ സ്നേഹത്തിന്റെ ഭാഷയാണ്. അതില്ലാത്ത ആത്മനിറവ് ദെവാത്മാവിന്റേതല്ല. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന കൽപനയും, ദേഹം, ദേഹി, ആത്മാവിന്റെ പൂർണ്ണതയിൽ ദെവത്തെ സ്നേഹിക്കുക എന്ന കൽപനയും ജീവിതത്തിലുടനീളമുള്ള ആരാധനയുടെ ഭാഗമാണ്. വാക്കുകൾ മാത്രം പോരാ. നാം സമ്പൂർണ്ണമായി ദെവത്തിന് സമർപ്പിക്കേണ്ടതാണ്. അങ്ങനെ ജീവനുള്ള യാഗമായി ജീവിക്കുന്ന ദെവപെതലിന്റെ ജീവിതമാണ് ആരാധന. ആരാധകൻ ദെവത്തിന്റെ മുമ്പിൽ യാഗമായി അർപ്പിക്കപ്പെടുന്നു. ആരാധകൻ തന്നെത്താൻ യാഗമായി അർപ്പിക്കുന്നതാണ് ക്രിസ്തീയ ആരാധന. യാഗത്തിൽ ഉടലിനെക്കാൾ പ്രധാനം ജീവനാണ്.
ആരാധനയെ ഏതെങ്കിലും സമയപരിധിയിലോ, ചടങ്ങിലോ ഒതുക്കുന്നത് വലിയ തെറ്റാണ്. സ്്തുതിയും, വചനധ്യാനവും, കൂട്ടായ്മയും, സുവിശേഷഘോഷണ സേവനവും (റോമ 1:10) എല്ലാം ആരാധനയിൽ ഉൾക്കൊള്ളുന്നു. ദെവം സൗജന്യമായി നൽകിയ ആത്മരക്ഷയ്ക്കും, ദാനങ്ങൾക്കും നന്ദി പറയുക, സ്തുതിസ്തോത്ര യാഗങ്ങളർപ്പിക്കുക, ജീവിതത്തെ സമ്പൂർണ്ണയാഗമായി അർപ്പിക്കുക, നിത്യജീവന്റെ പ്രത്യാശ പ്രകടിപ്പിക്കുക എന്നിവ ആരാധനയിൽ ഉൾക്കൊള്ളുന്നു. ആരാധന നിത്യമായ കൃതജ്ഞതയാണ്. ദെവം ചെയ്ത ഉപകാരങ്ങളെ ഒാർക്കുമ്പോൾ ഹൃദയത്തിൽ നിന്ന് സ്തുതി ഉയരും. ദെവകല്പന കൊണ്ടല്ല, മനുഷ്യന്റെ നിർബന്ധം കൊണ്ടല്ല, മറിച്ച് ആരാധകന്റെ ഹൃദയത്തിൽ നിന്നുള്ള നെസർഗ്ഗികമായ ഒഴുക്കായിരിക്കണം അത്. ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രധാനമല്ല.
പുതിയനിയമ സഭയിൽ ആരാധകരുടെ യോഗമാണ് നടക്കേണ്ടത്. യോഗം ചേരുമ്പോൾ മാത്രമല്ല നമ്മുടെ ആരാധന. സ്ഥലമല്ല പ്രധാനം. മറിച്ച് ആര് ആരുടെ നാമത്തിൽ കൂടിവന്ന് എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. നാം ഒരുമിച്ച് ചേരുന്നത് ആരാധനയ്ക്കായി മാത്രമല്ല. ഒരുമിച്ച് ചേരുമ്പോൾ മാത്രമല്ല ആരാധന. ആരാധകർ ഒരുമിച്ച് ചേരുന്നത് കൂട്ടായ്മ ആചരിക്കാനാണ്. യോഗങ്ങൾ നടന്നതുകൊണ്ട് സഭയുണ്ടാകുന്നില്ല. സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവനില്ലാതെ എരിക്കപ്പെടുന്ന വിറക് യാഗമാകുന്നില്ല. ആഴ്ചയിലൊരിക്കൽ കുറെ ആരവമുണ്ടാക്കി അതിലേക്ക് ആരാധനയെ ചുരുക്കി ഒതുക്കി അധഃപതിപ്പിക്കരുത്. യോഗമല്ല, യാഗമാണ് ആവശ്യം.
ദൂതന്മാർ ആരാധിക്കുന്നത് സ്രഷ്ടാവിനെയാണ്, പിതാവിനെയല്ല എന്ന് നാം ഒാർക്കണം (ഏശ 6). ദൂതന്മാർക്ക് പുത്രത്വ പദവിയില്ല. അതിനാൽ അവർക്ക് ദെവത്തെ ആരാധിക്കാൻ യോഗ്യതയില്ല. അവർ ദെവത്തിന്റെ മഹത്വത്തെപ്പറ്റി പരസ്പരം പറഞ്ഞ് സന്തോഷിക്കുന്നതല്ലാതെ ദെവത്തോട് നേരിട്ട് ഉള്ളിൽനിന്ന് ബന്ധപ്പെടുന്നില്ല. അവർ ദെവത്തെ സ്തുതിക്കുന്നു, ആരാധിക്കുന്നില്ല. നേരിട്ടുള്ള ബന്ധമില്ല. കാരണം അവർ യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട് ദെവമക്കളായിത്തീർന്നവരല്ല. ദെവം അവരുടെ പിതാവല്ല, സ്രഷ്ടാവ് മാത്രമാണ്. ദെവത്തിന്റെ രക്ഷ രുചിച്ചറിഞ്ഞവർ ദെവത്തെ ആരാധിക്കുന്നു. ദെവത്തിന്റെ നന്മയെപ്പറ്റി അറിയുക മാത്രം ചെയ്യുന്നവർ സ്തുതിക്കുന്നു. നാം ദെവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ ഭാഗ്യം ലഭിച്ചവരാണ് എന്നത് എത്രയോ വലിയ കാര്യമാണ്.