മറിയമല്ലാത്ത മറിയങ്ങളിലൂടെ യേശുവിനെ നിഷ്പ്രഭമാക്കുന്ന സാത്താന്റെ തന്ത്രം
മനുഷ്യപാരമ്പര്യത്തിലൂടെ ദെവത്തെപ്പോലെയാക്കിയ മറിയമല്ലാത്ത മറിയങ്ങൾ യേശുവിനെ നിഷ്പ്രഭമാക്കുന്നു
ക്രിസ്തുവിനെ ഒതുക്കിക്കളയുന്ന ദെവവചനവിരുദ്ധമായ സ്വഭാവമുള്ള മറിയമല്ലാത്ത മറിയങ്ങളുടെ ആൾമാറാട്ടവും വഞ്ചനയും സൂക്ഷിക്കുക. ഉത്തമമാതൃകയായ യഥാർത്ഥ മറിയത്തിന്റെ മറവിൽ ദെവത്തെപ്പോലെയാകാൻ വേണ്ടി ആൾമാറാട്ടവും ആത്മീയഅട്ടിമറിയും നടക്കുന്നു. ക്രിസ്തുവിനു ബദലായിവളരുന്ന ഈ പുതിയമറിയത്തെ വളർത്തുന്നതു ക്രിസ്തുവിരുദ്ധ ആത്മീയശക്തികളാണ്. അവസാന കാലങ്ങളിൽ കള്ളക്രിസ്തുമാരും, കള്ളപ്രവാചകൻമാരും പ്രത്യക്ഷപ്പെടും. അവർ കഴിയുമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കത്തക്ക വിധത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കും (മത്താ. 24:24). അപ്പോസ്തലൻമാരുടെ വേഷം കെട്ടിവരുന്ന കപട അപ്പോസ്തലൻമാരെപ്പറ്റി ദെവവചനം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: ഇതിൽ അത്ഭുതമില്ല. സാത്താൻപോലും പ്രകാശത്തിന്റെ ദൂതന്റെ വേഷം കെട്ടാറുണ്ട്. അതുകൊണ്ട് സാത്താന്റെ ദാസർ നീതിയുടെ ദാസരായി വേഷം കെട്ടുന്നതിലും അത്ഭുതമില്ല (2 കൊരി. 11: 13-15). ഇപ്രകാരം ക്രിസ്തുവിരുദ്ധ ആത്മീയശക്തികൾ ക്രിസ്തീയതയുടെ വേഷം കെട്ടി ജനങ്ങളെ വഞ്ചിക്കുന്നു. കർത്താവിന്റെ ദാസിയായ, യേശുവിന്റെ അമ്മയായ ബെബിളിലെ യഥാർത്ഥ മറിയത്തിന്റെ മറവിൽ ഇന്ന്സ്വർഗ്ഗരാജ്ഞിയെന്നും, ദെവമാതാവ് എന്നും മറ്റും അവകാശപ്പെടുന്ന മറ്റൊരുമറിയം ജന ഹൃദയങ്ങളെ കീഴടക്കി, ജനങ്ങളെ യേശുക്രിസ്തുവിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ഈ പുതിയമറിയം പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഫാത്തിമമാതാവ്, ലൂർദ്ദ്മാതാവ്, വേളാങ്കണ്ണി മാതാവ്, അമലോത്ഭവമാതാവ്, വരപ്രസാദമാതാവ്, കർമ്മല മാതാവ്, വ്യാകുലമാതാവ്, കാശുരൂപ മാതാവ്, കൊന്തമാതാവ്, പുത്തിരിമാതാവ്, കറുത്തമാതാവ്, മഞ്ഞുമാതാവ്, കൊരട്ടിമുത്തി, വല്ലാർപാടത്തമ്മ...... എന്നിങ്ങനെ അനേകം പരിവേഷങ്ങളിൽ അരങ്ങുതകർക്കുന്നു. ഓസ്തിയിലുംമറിയത്തെ കണ്ടു എന്ന് അവകാശപ്പെടുന്നവരുമുണ്ട്. ഈ മറിയങ്ങളെല്ലാവരും ജനങ്ങളുടെ ഇടയിൽ ഒരുപോലെ പ്രസിദ്ധരല്ല. ഇവർക്കെല്ലാം ജനഹൃദയങ്ങളിൽ പല സ്ഥാനങ്ങളാണ്. ചിലർക്ക്കൂടുതൽ അംഗീകാരവും ജനപ്രീതിയും ഉണ്ട്. അതുകൊണ്ട് അത്തരം ചില തീർത്ഥാടന കേന്ദ്രങ്ങളിൽ ജനപ്രവാഹം കൂടുതലാണ്. അതുകൊണ്ട് ഈ മറിയങ്ങളെല്ലാം യഥാർത്ഥത്തിൽ ഒരു വ്യക്തിതന്നെയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മനുഷ്യനെ ദെവത്തെപ്പോലെയാക്കുന്ന തന്ത്രങ്ങൾക്ക് പിന്നിൽ മനുഷ്യവർഗ്ഗത്തിന്റെ ശത്രുവായ സാത്താൻ
ഇതിന്റെയെല്ലാം സത്യാവസ്ഥ മനസിലാക്കണമെങ്കിൽ നമ്മുടെ ആദിമാതാപിതാക്കളെ വഞ്ചിച്ച സാത്താന്റെ നുണച്ചതികളെയും തന്ത്രങ്ങളെയും ദെവാത്മാവിന്റെ സഹായത്തോടെ തിരിച്ചറിയണം. സാത്താൻ വലിയ ആൾമാറാട്ടക്കാരനാണ്. അവൻ സർപ്പത്തിലൂടെ വന്ന് ഹവ്വായെ നുണ പറഞ്ഞ് വഞ്ചിച്ചു. ദെവിക സത്യങ്ങളെ അവിശ്വസിക്കാനും, സാത്താന്റെ നുണകളിൽ വിശ്വസിക്കാനും പ്രരിപ്പിച്ചു. അങ്ങനെ സാത്താൻ മനുഷ്യവർഗ്ഗത്തെ മുഴുവൻ വഞ്ചിച്ചു. അവന്റെ വഞ്ചന ഇന്നും വിവിധ രീതികളിൽ തുടർന്നുകൊണ്ടിരിക്കുന്നു. ആ സാത്താൻ ഇന്നും തന്റെ ഏജന്റുമാരിൽ കൂടി ബെബിൾ സത്യങ്ങളെ തെറ്റായരീതിയിൽ വ്യാഖ്യാനിച്ചു, സത്യത്തെ വളച്ചൊടിച്ചു തിരിച്ചറിവില്ലാത്ത അനേകരെ വിഗ്രഹാരാധനയിലേക്ക് നയിക്കുന്നു.
യേശുവിന്റെ മഹത്വം പ്രഥമമായി ലക്ഷ്യമാക്കാത്ത യാതൊരു ആത്മീയശക്തിയും ദെവീകമല്ല, മറിച്ച് പെശാചികമാണ്
കാരണം യേശുവിന്റെ മഹത്വത്തിലാണ് ദൈവം മഹത്വപ്പെടുന്നത് (യോഹ. 13:31-32). പരിശുദ്ധാത്മാവ് യേശുവിനെ മാത്രമേ മഹത്വപ്പെടുത്തൂ (യോഹ. 16:14). യേശു പറഞ്ഞു; ഞാൻഎന്റെ അടുക്കലേക്ക് എല്ലാ മനുഷ്യരെയും ആകർഷിക്കും (യോഹ. 12:32). ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത് യേശുവിലേക്ക് മനുഷ്യരെ നയിക്കാതെ തന്നിലേക്ക് തന്നെയോ, മറ്റുള്ളവരിലേക്കോ മനുഷ്യരെ ആകർഷിക്കുന്നവരാരും ദെവാത്മാവിനാൽ നയിക്കപ്പെടുന്നവരല്ല എന്നാണ്. മറിച്ച് അവയെല്ലാം ദെവത്തിനെതിരായി പ്രവർത്തിക്കുന്ന ദുഷ്ടാത്മശക്തികളുടെ കൗശലപൂർവ്വമായ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ്. അതുകൊണ്ട് ബെബിളിലെ യേശുവിന്റെ അമ്മയായ, കർത്താവിന്റെ ദാസിയായ മറിയവും, സ്വയം പുകഴ്ത്തുകയും, തന്നിലേക്ക് ആരാധകരെ ആകർഷിച്ചുകൊണട് ദെവമാതാവായി ചമയുന്ന ഇന്നത്തെ പുതിയ മറിയവും ഒരേ വ്യക്തിയാണെന്ന വാദം സത്യസന്ധമായി ചിന്തിക്കുന്നവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്നത്തെ ഈ ദെവമാതാവ് യഥാർത്ഥത്തിൽ ആരാണ് എന്ന്തിരിച്ചറിയാനുള്ള ആത്മീയ ശക്തിക്കായി പിതാവായ ദെവത്തോട് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കൂ.
മറിയത്തോടുള്ള ഭക്തി സ്വീകരിക്കുന്നതാര്? വിശുദ്ധരോടുള്ള ഭക്തിപ്രകടനത്തിൽ സാത്താന്റെ ആൾമാറാട്ടവും ആത്മീയഅട്ടിമറിയും
യേശു മാത്രം അർഹിക്കുന്ന പദവികൾ അവ അർഹിക്കാത്തവർക്ക് കൊടുത്ത് യേശുക്രിസ്തുവിന്റെ അതുല്യത നശിപ്പിക്കുക എന്നതാണ് സാത്താന്റെ റോമൻ കത്തോലിക്ക തന്ത്രം. റോമൻ കത്തോലിക്ക മതം എന്ന പ്രസ്ഥാനത്തിലുടനീളം കാണുന്ന തന്ത്രം യേശുക്രിസ്തു മാത്രം അർഹിക്കുന്ന മാനവും മഹത്വവും കവർന്നെടുത്ത്, മറ്റ് പലർക്കും, മറ്റ് പലതിനുമായി വീതിച്ച് കൊടുക്കുക എന്നുള്ളതാണ്. വിശ്വാസികളുടെ പ്രായോഗികജീവിതത്തിൽ യേശുക്രിസ്തുവിനുള്ള അതുല്യത മറ്റ് പലരോടുമുള്ള (വിശുദ്ധരോടുള്ള) അതിരുകവിഞ്ഞ ഭക്തിപ്രകടനങ്ങളിലൂടെയും, ബെബിൾ വിരുദ്ധമായ അനേകം പാരമ്പര്യ വിശ്വാസങ്ങളിലൂടെയും നഷ്ടമാക്കുന്നു. ഇത് സാധാരണക്കാർക്ക് പോലും സത്യസന്ധമായി തുറന്നമനസോടെ സൂക്ഷിച്ച് നിരീക്ഷിച്ചാൽ മനസിലാക്കാവുന്ന കാര്യമാണ്.
കൃത്രിമ മറിയത്തെ നിർമ്മിച്ച് ആത്മീയ അട്ടിമറി നടത്തുന്നു
വേഷംകെട്ടലും കപടനാട്യവും വഴിയായി ഒരുകൃത്രിമ മറിയത്തെ നിർമ്മിച്ചെടുത്തിരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയെയും, ചിന്താരീതികളെയും, പാരമ്പര്യങ്ങളെയും ദെവവചനമായ ബെബിളിനെക്കാൾ ഉന്നതവും പ്രസക്തവുമാക്കുക എന്ന റോമൻ കത്തോലിക്ക മതത്തിന്റെ തന്ത്രത്തിലൂടെ കന്യകയായ മറിയത്തെ നിത്യ കന്യകയായും, യേശുവിന്റെ അമ്മയെ ദെവത്തിന്റെ അമ്മയായും രൂപാന്തരപ്പെടുത്താൻ കഴിഞ്ഞു. അങ്ങനെ അനേക വർഷങ്ങളിലൂടെയുള്ള കൗശലപൂർവ്വമായ കൃത്രിമപ്പണികളിലൂടെ ഇല്ലാത്ത സ്വഭാവ-ഗുണവിശേഷങ്ങൾ കെട്ടിച്ചമച്ചുാക്കി ഒരു പുതിയ മറിയത്തെ ഉപായപൂർവ്വം രൂപീകരിച്ചെടുത്തിരിക്കുന്നു. യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തിന് ഇല്ലാതിരുന്ന ഗുണവിശേഷങ്ങൾ പാരമ്പര്യങ്ങളിലൂടെ മന:പൂർവ്വം വാർത്തെടുത്ത്, യഥാർത്ഥ മറിയത്തിൽ നിന്നും തികച്ചും വ്യത്യസ്ഥയായ മറ്റൊരു മറിയത്തെ നിർമ്മിച്ചിരിക്കുന്നു. യഥാർത്ഥമറിയവും, ഇന്നത്തെ പുതിയമറിയവും പ്രഥമദൃഷ്ട്യാ ഒരേ വ്യക്തിയാണെന്ന് പലർക്കും തോന്നിയേക്കാമെങ്കിലും വാസ്തവത്തിൽ ഇവർ പരസ്പര വിരുദ്ധങ്ങളായ വ്യക്തിത്വ വിശേഷതകളുള്ള വ്യക്തികളാണ്. ഒരു ചരിത്ര വ്യക്തിയായ യഥാർത്ഥ മറിയത്തെ അടിസ്ഥാനപ്പെടുത്തി, യഥാർത്ഥ മറിയത്തിനില്ലാത്ത ഗുണവിശേഷങ്ങൾ കൃത്രിമ മറിയത്തിന് നൽകി, യേശുവിനുള്ള ഗുണവിശേഷങ്ങളെല്ലാം കൃത്രിമ മറിയത്തിനുമുണ്ടെന്ന് പറഞ്ഞ് പരസ്യപ്പെടുത്തി, കൃത്രിമ മറിയത്തെ യേശുവിനെപ്പോലെയാക്കി യേശുവിന്റെ അതുല്യത നശിപ്പിക്കുക. അങ്ങനെ യഥാർത്ഥ മറിയത്തിന്റെ പേരിൽ യഥാർത്ഥ മറിയത്തിൽ നിന്ന് വ്യത്യസ്തമായ വേറൊരു വ്യക്തിയെ മെനഞ്ഞെടുക്കുന്നു. അങ്ങനെ കൃത്രിമമായി രൂപപ്പെടുത്തിയെടുത്ത ഈ പുതിയ വ്യക്തിയിലേക്ക് ജനങ്ങളുടെ ശ്രദ്ധയും ഭക്തിയും തിരിച്ചു വിടുക. അതിന്റെ പിന്നിൽ ക്രിസ്തുവിരുദ്ധ ആത്മീയശക്തികൾ പ്രവർത്തിക്കുന്നു. ഇതാണ് റോമ മത അധികാരികൾ പോലും മനസിലാക്കിയിട്ടില്ലാത്ത അതിരഹസ്യമായ റോമൻ കത്തോലിക്ക മത തന്ത്രം.
യേശുഭക്തിയിൽ നിന്ന് മറിയ ഭക്തിയിലേക്കുള്ള ആത്മീയ അട്ടിമറി
യേശുവിന്റെ പ്രധാന പ്രതിയോഗിയായി റോമൻ കത്തോലിക്ക മതത്തിലെ മറിയത്തെ വളർത്തുന്നതിലൂടെ അനേകം യേശുഭക്തരെ തന്ത്രപൂർവം മറിയഭക്തരാക്കി മാറ്റിയെടുക്കാൻ തിൻമയുടെ ശക്തികൾക്ക് കഴിഞ്ഞു. മറിയം എന്ന പേരിൽവിലസുന്ന ഈ കപടാത്മാവ് ആരംഭത്തിൽ യേശുവിന് സമാന്തരമായും, പിന്നീട് യേശുവിനെക്കാൾ വലുതായും ജനങ്ങളുടെ ഇടയിൽ വിലസും. നമ്മോടുള്ള അനന്തമായ സ്നേഹവും കരുണയും നിമിത്തം നമുക്കുവേണ്ടി മരിക്കുക പോലും ചെയ്ത യേശുക്രിസ്തുവിന് ഇപ്പോൾ നമ്മോട് മറിയത്തിനും വിശുദ്ധർക്കും ഉള്ള അത്രപോലും സ്നേഹവും കരുണയും ഇല്ല എന്ന് ഊഹിക്കുകയും, അതിന്റെ ഫലമായി നമ്മോടു കരുണ കാണിക്കാനായി യേശുവിനെ പ്രരിപ്പിക്കുന്നതിന് വേണ്ടി മറിയത്തോടും വിശുദ്ധരോടും പ്രാർത്ഥിക്കുന്നതും യേശുവിനോടു കാണിക്കുന്ന വളരെ ഹീനമായ ബഹുമാനക്കേടും നന്ദികേടുമാണ്.