മറിയത്തിനില്ലാത്ത ഗുണങ്ങൾ കെട്ടിച്ചമച്ച് കൊടുത്ത് ദെവതുല്യമാക്കി ആരാധിക്കപ്പെടുന്ന മറ്റൊരു മറിയം
മറിയത്തിനില്ലാത്ത ഗുണങ്ങൾ കെട്ടിച്ചമച്ച് കൊടുത്ത് ദെവതുല്യമാക്കി ആരാധിക്കപ്പെടുന്ന മറ്റൊരു മറിയം
എന്നാൽ സർപ്പം കൗശലത്താൽ ഹവ്വായെ വഞ്ചിച്ചതുപോലെ, ക്രിസ്തുവിനോടുള്ള ആത്മാർത്ഥവും സംശുദ്ധവുമായ ഭക്തിയിൽനിന്ന് നിങ്ങളുടെ ചിന്തകൾ വഴിപിഴപ്പിക്കപ്പെടുമോ എന്നു ഞാൻ സംശയിക്കുന്നു. മറ്റൊരാൾ വന്ന് ഞങ്ങൾ പ്രസംഗിച്ചതിൽ നിന്ന് വ്യത്യസ്തനായ ഒരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു ആത്മാവിനെ നിങ്ങൾ സ്വീകരിക്കയോ, നിങ്ങൾ സ്വീകരിച്ച സുവിശേഷത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം നിങ്ങൾ സ്വീകരിക്കയോ ചെയ്താൽ നിങ്ങൾ വേഗം അതിനെല്ലാം വഴങ്ങിക്കഴിഞ്ഞു (2കോറി 11:3-4). ജനങ്ങളെ ഏറ്റവുമധികം മനസിലാക്കാൻ കഴിയുന്ന, ഏറ്റവും കരുണയും സ്നേഹവും നിറഞ്ഞ അമ്മയായിട്ടാണ് മറിയത്തെ ചിത്രീകരിക്കുന്നത്. അതുകൊണ്ട് നമുക്ക് മറിയത്തെ എന്തിനു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും സമീപിക്കാമെന്നു മാത്രമല്ല, മറിയത്തിന് എപ്പോൾ വേണമെങ്കിലും യേശുവിനെ സമീപിക്കാമെന്നും, മറിയം യേശുവിനെ സമീപിച്ചാൽ യേശുവിന് മറിയം പറയുന്നത് അനുസരിക്കാതിരിക്കാൻ സാദ്ധ്യമല്ല എന്നും, അതുകൊണ്ട് എന്ത് ഉദ്ദിഷ്ടകാര്യം സാധിക്കണമെങ്കിലും മറിയത്തോട് പറയുന്നതാണ് ഏറ്റവും എളുപ്പം എന്നുമൊക്കെയാണ് പലരുടേയും മുടന്തൻ വാദങ്ങൾ.
യേശുവിന് ബദലായി, പകരമായി, പ്രതിയോഗിയായി ഈ മറിയം വളർന്നു കൊണ്ടിരിക്കുന്നു
ക്രിസ്തുവിനു ബദലായിവളരുന്ന ഈ പുതിയമറിയത്തെ വളർത്തുന്നതു ക്രിസ്തുവിരുദ്ധ ആത്മീയശക്തികളാണ്. അവസാന കാലങ്ങളിൽ കള്ള ക്രിസ്തുമാരും, കള്ള പ്രവാചകന്മാരും പ്രത്യക്ഷപ്പെടും. ബെബിളിലെ യേശുവിന്റെ അമ്മയായ മറിയം ജനശ്രദ്ധ തന്നിൽ നിന്ന് യേശുവിലേക്ക് തിരിച്ചുവിട്ട അനുകരണീയയും അനുഹഗ്രഹീതയുമായ ഒരു സ്ത്രീയാണ്. യേശുവിന്റെ അമ്മയായ മറിയത്തിന് അനുഗ്രഹീത എന്ന നിലയിലും, വിശ്വാസികൾക്ക് ഒരു ഉത്തമമാതൃക എന്ന നിലയിലും അർഹിക്കുന്ന ആദരവ് കൊടുക്കണം. എന്നാൽ ആ ആദരവ് ആരാധനയായി മാറാൻ പാടില്ല. എന്നാൽ യേശു മാത്രം അർഹിക്കുന്ന ജനങ്ങളുടെ ഭക്തി തന്നിലേക്കു തന്നെ തിരിച്ചു വിട്ട് യേശുവിനെ ജനഹൃദയങ്ങളിൽ ചെറുതാക്കാൻ ശ്രമിക്കുന്ന ആധുനിക മറിയങ്ങൾക്ക് ബൈബിളിലെ യഥാർത്ഥ മറിയവുമായി ബന്ധമില്ല എന്നു മാത്രമല്ല, അവർ തമ്മിൽ പരസ്പരവിരുദ്ധങ്ങളായ സ്വഭാവവിശേഷതകളാണുള്ളത്. സാത്താൻ പ്രഭാപൂർണ്ണനായ ദൂതന്റെ പോലും വേഷംകെട്ടി ജനങ്ങളെ വഞ്ചിക്കും എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതുകൊണ്ട് (2 കൊറി. 11:14) നാം ജാഗ്രതയോടിരിക്കണം. യേശുവിന്റെ തനതായ പ്രതേ്യകതകളൊക്കെ ഈ മറിയത്തിനുമുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള സംഘടിതമായ ഒരു ശ്രമം വളരെ വ്യക്തമായി കാണാൻ കഴിയും. അതിന്റെ ഫലമായി യേശുവിന് മാത്രമുള്ള സവിശേഷതകൾ ഈ മറിയത്തിനും ഉള്ളതായി ജനങ്ങൾ ദെവദൂഷണപരമായി വിശ്വസിക്കുന്നു. മറിയത്തെ യേശുവിനോടൊപ്പം എല്ലാകാര്യത്തിലും തുല്യയാക്കണം എന്ന ദെവദൂഷണപരമായ ദുരുദ്ദേശ്യത്തോടെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങളെല്ലാം ദെവവചന വിരുദ്ധമാണ്. ഉദാഹരണമായി യേശു ജന്മപാപമില്ലാതെ പരിശുദ്ധാത്മാവിനാൽ കന്യകയിൽ നിന്ന് ജനിച്ചു എന്നും, യേശു നമ്മുടെ രക്ഷകനാണ് എന്നും, യേശു മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു സ്വർഗ്ഗത്തിൽ രാജാവായിരിക്കുന്നു എന്നും, നമ്മുടെ ഏക മദ്ധ്യസ്ഥനും, പ്രതീക്ഷയും എല്ലാം യേശു മാത്രമാണ്എന്നുള്ളതെല്ലാം ദെവവചനത്തിൽ അധിഷ്ഠിതമായ സത്യങ്ങളാണ്. എന്നാൽ യേശുവിന് മാത്രമുള്ള ഇത്തരം സവിശേഷതകൾ മറിയത്തിന് കൊടുക്കാനും അങ്ങനെ യേശുവിന് ബദലായി മറ്റൊരാളെക്കൂടി സംവിധാനം ചെയ്ത് യേശുവിന്റെ മഹത്വത്തെ ചോർത്താനും ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പരിശ്രമഫലമായി മറിയം അമലോത്ഭവയാണെന്നും, പാപമില്ലാത്തവളാണെന്നും സഹരക്ഷകയാണെന്നും, സ്വർഗ്ഗാരോപണം ചെയ്തെന്നും, സ്വർഗ്ഗത്തിൽ രാജ്ഞിയായി അവരോധിക്കപ്പെട്ടു എന്നും, മറിയമാണ് സ്വർഗ്ഗത്തിന്റെ വാതിലും, നമ്മുടെ മദ്ധ്യസ്ഥയും എന്നുമൊക്കെ അനേകം ആളുകൾ തെറ്റായി വിശ്വസിക്കുന്നു. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാൻ അധികാരികൾ അവരെ പ്രരിപ്പിക്കുന്നു.
ബെബിളിൽ യേശുവിന് മാത്രമായി എടുത്തു പറഞ്ഞിട്ടുള്ള പ്രതേ്യക അവകാശങ്ങളും, അധികാരങ്ങളും, പദവികളും റോമൻ കത്തോലിക്ക മതം ഈ മറിയത്തിന് കൊടുക്കുന്നതായികാണുന്നു. അങ്ങനെ ഈ റോമൻ കത്തോലിക്ക മറിയം അഭിഭാഷകയും, സഹായിയും, ഉപകാരിയും, മദ്ധ്യസ്ഥയും ഒക്കെ ആയി അറിയപ്പെടുന്നു (യാക്കോ 1:17; 1യോഹ 2:1; 1തിമോ 2:5; യോഹ 14:16). റോമൻ കത്തോലിക്ക മതം ഇൗ മറിയത്തിന് അമലോത്ഭവ, ദെവമാതാവ്, നിത്യകന്യക, സഹരക്ഷക, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി, സ്വർഗ്ഗാരോഹിത, സകല കൃപകളുടെയും മദ്ധ്യസ്ഥ എന്നീ പദവികൾ കൊടുത്തുകൊണ്ടുള്ള പ്രബോധനങ്ങൾ വഴിയായി യേശുവിനുള്ള മഹത്വം ചോർത്തിയെടുക്കുന്നു. റോമൻ കത്തോലിക്ക മതക്കാർ തങ്ങളുടെആത്മീയ ജീവിതത്തിൽ ക്രിസതുവിന് കൊടുക്കുന്നതിനെക്കാൾ കൂടുതൽ സ്ഥാനം മറിയത്തിന് കൊടുക്കുന്നത് ഇതിനുള്ള തെളിവാണ്. ഇത് വളരെ കുടിലമായ ഒരുതരം വിഗ്രഹാരാധനയുടെ സാക്ഷാൽക്കാരമാണ്. ഈ കത്തോലിക്ക മറിയത്തിന്റെ മഹത്വത്തിനായി കത്തോലിക്ക സഭ അനേകം പ്രതിമകളും, പുണ്യസങ്കേതങ്ങളും, പള്ളികളും, കത്തീഡ്രലുകളും, ബസലിക്കകളും പണികഴിപ്പിക്കുകയും അവളോട് പ്രാർത്ഥിക്കുവാനും അവൾക്കു സ്തുതി ചെയ്യുവാനും ജനങ്ങളെ പ്രരിപ്പിക്കുകയുംചെയ്യുന്നു. റോമൻ കത്തോലിക്ക മതം ഈ മറിയത്തിന് കൊടുക്കുന്ന വിശേഷണങ്ങൾ ബെബിൾ യേശുവിന് കൊടുക്കുന്ന വിശേഷണങ്ങളോട് സമാന്തരമാണ്. ഉദാ: ഞങ്ങളുടെ സന്തോഷത്തിന്റെ കാരണം, ഉഷകാല നക്ഷത്രം, സ്വർഗ്ഗത്തിന്റെ വാതിൽ, പാപികളുടെ സങ്കേതം, നിത്യസഹായ കേന്ദ്രം. അങ്ങനെ പരിശുദ്ധാത്മാവ് മഹത്വപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏക വ്യക്തിയായ യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിന് പകരം മറ്റു പലരെയും മഹത്വപ്പെടുത്തികൊണ്ടിരിക്കുന്ന ഈ ആത്മാവ് ദൈവാത്മാവല്ല എന്നത് വ്യക്തമാണ്.