സ്വർഗ്ഗാരോഹിതയായ മറിയം
മറിയം തന്റെ മരണശേഷം അധികം താമസിയാതെ ഉയർപ്പിക്കപ്പെട്ടെന്നും, ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടെന്നും സ്വർഗ്ഗത്തിൽ രാജ്ഞിയായി കിരീടം ധരിപ്പിക്കപ്പെട്ടെന്നും 1950, നവംബർ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ്മാർപ്പാപ്പാ പ്രഖ്യാപിച്ചു. (കാറ്റക്കിസം 966). മറിയത്തിന്റെ സ്വർഗ്ഗാരോഹണം അഥവാ മറിയം ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് 1950-ൽ, അതായത്, മറിയത്തിന്റെ ഭൂമിയിലെ ജീവിതകാലത്തിന് ഏതാണ്ട് 1900 വർഷങ്ങൾക്ക് ശേഷം കത്തോലിക്കാ സഭ നടത്തിയ ഒരു പ്രഖ്യാപനമാണ്. ഈ പ്രസ്താവന സത്യമാണെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ റോമൻ കത്തോലിക്ക വിശ്വാസിയായിരിക്കാൻ സാധിക്കയുള്ളൂ.
മാതാവിന്റെ സ്വർഗ്ഗാരോഹണവും സ്വർഗ്ഗരാജ്ഞി പദവിയും - വെരുദ്ധ്യങ്ങൾ
കന്യകമറിയം മരിച്ചശേഷം ദ്രവത്വം കാണാതെ ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്തിട്ടു ഇപ്പോൾ സ്വർഗ്ഗത്തിലേയും ഭൂമിയിലെയും സകല അധികാരങ്ങളും പ്രാപിച്ചിരിക്കുന്നതായിട്ടുള്ള പ്രബോധനങ്ങൾ ധാരാളമായി കേൾക്കുന്നു. മാതാവിന്റെ സ്വർഗ്ഗാരോഹണത്തിനു അവർ തെളിവായി ഹാജരാക്കുന്നത്: അന്തഃപുരത്തിലെ രാജകുമാരി ശോഭാ പരിപൂർണ്ണയാകുന്നു. അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും. അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും' (സങ്കീ. 45:13,14) എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. റോമാസഭയുടെ ചിന്തപ്രകാരം ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന രാജകുമാരി മറിയമാണെന്നും, ദൈവം അവളെ ഉയർപ്പിച്ചു രാജസന്നിധിയിൽ അഥവാ ദൈവസിംഹാസനത്തിങ്കൽ കൊണ്ടു വന്നുവെന്നും തെറ്റായി വിദൂരനിരൂപണം നടത്തുന്നു. അങ്ങനെ മറിയം സ്വർഗ്ഗാരോഹിതയായി. പക്ഷെ ഈ രാജകുമാരി മറിയമാണെങ്കിൽ "അവളുടെ തോഴിമാരായി കൂടെ നടന്ന കന്യകമാരെയും കൊണ്ടുവരും' എന്നു പറഞ്ഞിരിക്കുന്നതിനാൽ മറിയത്തിന്റെ സ്നേഹിതരായിരുന്ന വിശുദ്ധസ്ത്രീകളും മറിയത്തോടൊപ്പം സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടു എന്നും വിദൂരനിരൂപണം കൂടാതെതന്നെ വ്യാഖ്യാനിക്കേണ്ടിവരും. അതുമാത്രവുമല്ല ഈ സങ്കീർത്തിനഭാഗത്തിലുള്ളത് രാജാവ് രാജകുമാരിയെ വിവാഹം കഴിക്കുന്ന വർണ്ണനയാണ്. ആയതിനാൽ ഇവിടെ പറയപ്പെട്ടിരിക്കുന്ന രാജാവ് ദെവപുത്രനായ ക്രിസ്തു ആണെന്നു സങ്കീ 45:6,7 വാക്യങ്ങളോടു എബ്രാ. 1:8,9 വാക്യങ്ങൾ ചേർത്തുനോക്കിയാൽ മനസ്സിലാകും. യേശു മഹാരാജാവ് മണവാട്ടിയായ രാജകുമാരിയാം സഭയുമായുള്ള സ്വർഗ്ഗത്തിലെ സമാഗമനവിവാഹമാണ് ഇവിടുത്തെ വിഷയം. ഈ പശ്ചാത്തലസാഹചര്യത്തിൽ രാജ്ഞി കർത്താവിന്റെ അമ്മ മറിയമാണെന്നു വ്യാഖ്യാനിച്ച് അപക്വമായി ധ്വനിപ്പിക്കുന്നത് എത്രയോ അപക്വവും അപകടവും മാനുഷിക മര്യാദകൾക്കുപോലും ചേരാത്തതും ദെവദൂഷണമാണ്. മാത്രവുമല്ല യഥാർത്ഥമായ സ്ത്രീ അസ്തിത്വം സ്വർഗ്ഗത്തിൽ ഇല്ല എന്ന് ബൈബിളിൽ നിന്ന് വ്യക്തവുമാണ്.
യഥാർത്ഥ മറിയം സ്വർഗ്ഗാരോഹിതയല്ല
എന്നാൽ ഈ വിശ്വാസപ്രഖ്യാപനം സത്യമാണ് എന്നതിന് ആധാരമായി യാതൊന്നും ബൈബിളിൽ നിന്ന് എടുത്തുകാണിക്കുവാൻ ഈ വിശ്വാസപ്രഖ്യാപനം നടത്തിയ റോമൻ കത്തോലിക്ക സഭാധികാരികൾക്കോ, അത് സത്യമാണ് എന്ന വിശ്വസിക്കുന്ന റോമൻ കത്തോലിക്ക വിശ്വസികൾക്കോ കഴിയില്ല. ബൈബിളും ഒന്നാം നൂറ്റാണ്ടിലെ പാരമ്പര്യങ്ങളും മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെപ്പറ്റി ഒന്നും പറയുന്നില്ല. അപ്പസ്തോലൻമാരോ, ആദിമ ക്രിസ്ത്യാനികളോ മറിയം ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് കരുതിയതായി ബൈബിളിലോ, ചരിത്രത്തിലോ, യാതൊരു തെളിവുമില്ല. ആദിമസഭയിൽ ഉണ്ടായ എത്രയോ ചെറിയ ചെറിയ സംഭവങ്ങൾ പോലും പുതിയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെപ്പറ്റി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണം യഥാർത്ഥത്തിൽ സംഭവിച്ചതായിരുന്നെങ്കിൽ തീർച്ചയായും യോഹന്നാനോ മറ്റാരെങ്കിലുമോ അത് ബൈബിളിൽ രേഖപ്പെടുത്തുമായിരുന്നു. അതിനാൽ ഇത്തരം കെട്ടിച്ചമച്ച വിശ്വാസ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനം സത്യമോ, ചരിത്ര യാഥാർത്ഥ്യങ്ങളോ അല്ല, മറിച്ചു ചില അധികാരികളുടെ ആത്മീയ അഹങ്കാരവും കപടനാട്യവും മാത്രമാണ്. രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ അനുസരിക്കാതെ രേഖപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയാണ് തെറ്റിലേക്കു വീഴാനുള്ള പ്രധാന കാരണം.
യഥാർത്ഥ മറിയം ഇതുവരെ ഉയിർത്തിട്ടില്ല
""എന്നാൽ നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടു. ഒരു മനുഷ്യൻ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യൻ വഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജ്ജീവിക്കും. എന്നാൽ ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു. പിന്നെ ക്രിസ്തുവിന്റെ ആഗമനത്തിൽ അവനുള്ളവരും'' (1 കോറി. 15:20-23). ഇപ്രകാരം ക്രിസ്തുവിലുള്ള എല്ലാവരുടെയും ഉയിർപ്പ് ക്രിസ്തുവിന്റെ ആഗമനത്തിൽ മാത്രമാണ് എന്നാണ്ദെവവചനം ഊന്നിപ്പറയുന്നത്. അതിനാൽ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പ് മറിയം മാത്രം ഉയിർത്തെഴുന്നേറ്റ്സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുഎന്ന് പറയുന്നതും, വിശ്വസിക്കുന്നതും ബെബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവിക സത്യങ്ങൾക്കും പദ്ധതിക്കും എതിരാണ്. അതിനാൽ ഇത്തരം തെറ്റായ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നവരെല്ലാം വഞ്ചിക്കപ്പെടുന്നു.
മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും, സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്ത ഏകവ്യക്തി യേശുക്രിസ്തുവാണ്. ""സഹോദരരേ, ശരീരത്തിനോ, രക്തത്തിനോ ദെവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശ പ്പെടുത്തുകയില്ലെന്നും ഞാൻ പറയുന്നു'' (1 കൊറി 15:50). യേശു മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി തന്റെ അവസാന തുള്ളി രക്തം പോലും കുരിശിൽ ചിന്തി. അതുകൊണ്ടാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തു തന്റെ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ ഇപ്രകാരം പറഞ്ഞത്: ""എന്നെ സ്പർശിച്ചു നോക്കുവിൻ. എനിക്കുള്ളതുപോലെ മാംസവും, അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ'' (ലൂക്ക. 24:40). ഉയിർത്തെഴുന്നേറ്റ യേശു തനിക്ക്മാംസവും, അസ്ഥികളും ഉണ്ട് എന്നു പറയുന്നു. എന്നാൽ രക്തം ഉണ്ട് എന്നു പറയുന്നില്ല. ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരത്തിൽ രക്തമില്ലായിരുന്നു എന്നു കരുതുന്നതിൽ തെറ്റില്ല. കാരണം യേശു തന്റെ അവസാന തുള്ളിരക്തം പോലും മനുഷ്യവർഗ്ഗത്തിനായി നൽകി. എന്നാൽ ഇത്തരം യോഗ്യതകളൊന്നും മറിയത്തിനില്ല. അതുകൊണ്ട്
മറിയത്തിന്റെ സ്വർഗ്ഗാരോപണം ദെവവചനവിരുദ്ധമായ വെറും ഒരു മാനുഷികചിന്ത മാത്രമാണ്.
യഥാർത്ഥ മറിയം മറിയത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം തർക്കങ്ങളെപ്പറ്റിയും പ്രശ്നങ്ങളെപ്പറ്റിയും ഒന്നും അറിയുന്നതേയില്ല. കർത്താവിൽ നിദ്രപ്രാപിച്ച എല്ലാ വിശുദ്ധരും ഇപ്പോൾ വിശ്രമിക്കുകയാണ്. അവരിൽ മറിയവും, പത്രാസും, പൗലോസും ഒക്കെ ഉൾപ്പെടുന്നു. അവർക്കെല്ലാം പ്രതിഫലം ലഭിക്കാനിരിക്കുന്നതേയുള്ളൂ (1 തെസ. 4:13-17; 2 കൊറി. 5:10; 1 കൊറി. 4:5; 15:52; 2 തിമോ. 4:7-8; ദാനി. 12:13). സത്യം ഇങ്ങനെയിരിക്കെ മറിയം ആരും കാണാതെ ഉയിർത്തെഴുന്നേറ്റ സ്വർഗ്ഗാരോഹണം ചെയ്തു എന്ന് പറയുന്നത് എത്രയോ സത്യസന്ധതയില്ലാത്ത നിലപാടാണ്. വാസ്തവത്തൽ മറിയം ഇതുവരെ ഉയിർത്തിട്ടില്ല. ദെവം അവളെ ഇതിനോടകം ഉയിർപ്പിച്ചു എന്ന്ചിന്തിക്കുന്നതിന് ആധാരമായി എടുക്കാനുള്ള ഏതെങ്കിലും വാക്യമോ സൂചനപോലുമോ ബെബിളിലില്ല. അതിനാൽ മറിയം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തു എന്ന് പറഞ്ഞ് ബൈബിൾ
വിരുദ്ധമായ പ്രചരണം നടത്തുന്നവരെ സൂക്ഷിക്കുക. കാരണം അത്തരക്കാർ തങ്ങളുടെ താൽപര്യങ്ങൾ നേടിയെടുക്കുന്നതിനായി മറിയത്തെ ജനഹൃദയങ്ങളിൽ ഉയിർപ്പിക്കുകയായിരുന്നു. ചിന്തിക്കാൻ മറന്നുപോകുന്ന ജനങ്ങൾ തങ്ങളുടെ നേതാക്കളാൽ വഞ്ചിതരാകുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്.