മനുഷ്യവർഗ്ഗത്തിന്റെ അമ്മയായ മറിയം?
യേശുവിന്റെ അമ്മയായ മറിയം മനുഷ്യവർഗ്ഗത്തിന്റെ അമ്മയാണ് എന്ന വാദത്തിന് ദൈവവചനപരമായ യാതൊരു ന്യായീകരണവുമില്ല. കത്തോലിക്ക സഭയുടെ അഭിപ്രായത്തിൽ "രക്ഷാകർമ്മത്തിലെ എല്ലാസംഭവങ്ങളിലും മറിയം പങ്കുകൊണ്ടു. ഇങ്ങനെ ലോകരക്ഷകന്റെ വത്സലമാതാവും, രക്ഷാകർമ്മത്തിൽ അവിടുത്തെ സഹകാരിണിയും എന്ന നിലയിലാണ് മറിയം രക്ഷിക്കപ്പെട്ട എല്ലാവരുടെയും മാതാവായിരിക്കുന്നത്. കുരിശിൽവച്ച് "ഇതാ നിന്റെ അമ്മ' എന്ന് യോഹന്നാനോടും, "ഇതാ നിന്റെ മകൻ' എന്ന് മറിയത്തോടും പറഞ്ഞുകൊണ്ട് ഈ സത്യം ക്രിസ്തു പ്രഖ്യാപിക്കുകയും ചെയ്തു. കുരിശിൻ ചുവട്ടിൽ നിന്ന യോഹന്നാൻ യേശു നൽകുന്ന ജീവൻ സ്വീകരിക്കുന്ന എല്ലാവരുടെയും പ്രതിനിധിയാണ്' (ക്രിസ്തുവിന്റെ സഭ, സ്റ്റാൻഡേർഡ് 9, കെ.സി.ബി.സി. മതബോധന കമ്മീഷൻ, പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ, കൊച്ചി, പേജ് 110).
ചിലരുടെ വാദം ഇപ്രകാരമാണ്. യേശു കുരിശിൽകിടന്നു കൊണ്ട് യോഹന്നാനോട്, ഇതാ നിന്റെ അമ്മഎന്നും, മറിയത്തോട് ഇതാ നിന്റെ മകൻ എന്നും പറഞ്ഞല്ലോ (യോഹ. 19: 25-27). യോഹന്നാനോട് ഇതാ നിന്റെ അമ്മ എന്ന് പറഞ്ഞതിലൂടെ യേശു മറിയത്തെ മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ അമ്മയാക്കിത്തീർക്കുകയായിരുന്നില്ലേ? ഈ ചിന്താഗതിയിലുള്ള പിശക് അൽപം ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. യേശു യോഹന്നാനോടും മറിയത്തോടും മേൽപറഞ്ഞ വാക്കുകൾ പറഞ്ഞ ആ അവസരത്തിൽ യോഹന്നാൻ മാത്രമായിരുന്നില്ല മറിയത്തോടുകൂടെ ഉണ്ടായിരുന്നത്. എങ്കിലും ഇതാ നിന്റെ അമ്മ എന്ന് യോഹന്നാനോട് മാത്രമാണ് യേശു പറഞ്ഞത്. അല്ലാതെ എന്റെയും നിങ്ങളുടെയും എല്ലാം അമ്മഎന്നോ, മനുഷ്യവർഗ്ഗത്തിന്റെ അമ്മ എന്നോ യേശു മറിയത്തെപ്പറ്റി പറഞ്ഞിട്ടില്ല. അതുമാത്രമല്ല യേശു മറിയത്തെ മനുഷ്യവർഗ്ഗത്തിന്റെ അമ്മയായിട്ടാണ് യോഹന്നാനെ ഏൽപ്പിച്ചിരുന്നതെങ്കിൽ യോഹന്നാൻ ആ കാര്യം തന്റെ സുവിശേഷത്തിലോ, ലേഖനങ്ങളിലോ വളരെ വ്യക്തമായി പ്രസ്താവിക്കുമായിരുന്നു. എന്നാൽ മറിയം ദൈവമാതാവാണെന്നോ, മനുഷ്യവർഗ്ഗത്തിന്റെ അമ്മയാണെന്നോ, മദ്ധ്യസ്ഥയാണെന്നോ, മറിയത്തോട് പ്രാർത്ഥിക്കണമെന്നോ ഒക്കെ ഉള്ള യാതൊരു സൂചനയും യോഹന്നാൻ നൽകുന്നില്ല. അതുമാത്രമല്ല, മറ്റ് അപ്പസ്തോലൻമാരും, ആദിമ ക്രിസ്ത്യാനികളും മറിയത്തെ ദൈവത്തിന്റെ അമ്മയായോ, തങ്ങളുടെ അമ്മയായോ, മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ അമ്മയായോ ഒന്നും കരുതിയതായിട്ടുള്ള എന്തെങ്കിലും തെളിവോ, സൂചന പോലുമോ ബൈബിളിലില്ല. അങ്ങനെ ദൈവവചന പ്രകാരം ദൈവം മറിയത്തെ മനുഷ്യ വർഗ്ഗത്തിന്റെ അമ്മയായി കരുതുന്നില്ലെന്നും അതുകൊണ്ടുതന്നെ മറിയം മനുഷ്യവർഗ്ഗത്തിന്റെയോ വിശ്വാസികളുടെയോ അമ്മ അല്ലെന്നും തെളിയുന്നു. അതിനാൽ മറിയത്തെ മനുഷ്യവർഗ്ഗത്തിന്റെ അമ്മയായോ, വിശ്വാസികളുടെ അമ്മയായോ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നത് ദൈവവചന വിരുദ്ധവും, അസത്യവാദവും, സ്വാർത്ഥ ലാഭങ്ങളെ ലാക്കാക്കിയുള്ള കപട ഭക്തിയുമാണ് എന്നത് സംശയരഹിതമായ വസ്തുതയാണ്. മറിയത്തെ യോഹന്നാന്റെ സംരക്ഷണത്തിൽ ഏൽപ്പിക്കുക മാത്രമാണ് യേശു ചെയ്തത്. യേശു അങ്ങനെ ചെയ്തതിന്റെ ഉദ്ദേശം യോഹന്നാൻ മറിയത്തെ അമ്മയെപ്പോലെ കരുതി സംരക്ഷിക്കണം എന്നതായിരുന്നു. അതുകൊണ്ടാണ് അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു (യോഹ. 19:27) എന്ന് ദെവവചനം സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ യേശു മറിയത്തെ യോഹന്നാന്റെ സംരക്ഷണത്തിനേൽപ്പിക്കുകയാണ് ചെയ്തത്; അല്ലാതെ യോഹന്നാനെ മറിയത്തിന്റെ സംരക്ഷണത്തിനേൽപ്പിക്കുകയല്ല ചെയ്തത് എന്നുള്ള യാഥാർത്ഥ്യം അതീവ ശ്രദ്ധയോടുകൂടി മനസ്സിലാക്കണം. ഇത്തരം ഒരു ക്രമീകരണം ആവശ്യമായി വന്നത് യേശു മറിയത്തിന്റെ ആദ്യ ജാതനായിരുന്നതിനാലും, മറിയം കൂടുതൽ സമയം യേശുവിനോടു കൂടിയായിരുന്നതിനാലും, യേശുവിന്റെ സഹോദരന്മാരായ മറിയത്തിന്റെ മറ്റ്മക്കൾ യേശുവിൽ വിശ്വസിച്ചിട്ടില്ലായി രുന്നതിനാലുമായിരുന്നു (യോഹ. 7:5). മാത്രവുമല്ല ഈ സംഭവ സമയത്ത് അവരാരും കുരിശിന് സമീപം ഉണ്ടായിരുന്നുമില്ല.
ദൈവം പോലും മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ പിതാവാണ് എന്ന് അവകാശപ്പെടുന്നില്ല
ലോകത്തിലുള്ള എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളല്ല എന്നു ബൈബിൾ വ്യക്തമാക്കുന്നു (യോഹ 8:44; റോമ 8:14). യാഥാർത്ഥ്യം ഇങ്ങനെയിരിക്കെ മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ അമ്മ എന്ന അവകാശവാദം ഉന്നയിക്കുന്ന ഈ പുതിയമറിയം ദൈവത്തിന്റെയും സത്യത്തിന്റെയും ഭാഗത്തു നിന്നുള്ളതല്ല എന്ന് വ്യക്തമാകുന്നു. മാത്രമല്ല വിശ്വാസികളുടെ അമ്മ മറിയമല്ല, സ്വർഗ്ഗീയ ജെറുസലേമാണ് എന്ന് ബൈബിൾ വ്യക്തമാക്കുന്നുമുണ്ട്. ക്രിസ്തീയ വിശ്വാസികളുടെ അമ്മ എന്ന് ബൈബിബിളിൽ വിശേഷിപ്പിക്കുന്നത് സ്വർഗ്ഗീയജെറുസലേമിനെ മാത്രമാണ്. എന്നാൽ സ്വർഗ്ഗീയജറുസലേം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ മാതാവ് (ഗലാ. 4:26).