മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ യേശുവിനെക്കാൾ വലുതാകുന്ന മറ്റൊരു മറിയം



യേശുവിനെക്കാൾ വലുതാകുന്ന മറ്റൊരു മറിയം

യേശുവിന്റെ തനതായ പ്രത്യേകതകളൊക്കെ ഈ മറിയത്തിനുമുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള സംഘടിതമായ ഒരു ശ്രമം വളരെ വ്യക്തമായി കാണാൻ കഴിയും. അതിന്റെ ഫലമായി യേശുവിന് മാത്രമുള്ള സവിശേഷതകൾ മറിയത്തിനും ഉള്ളതായി ജനങ്ങൾ ദൈവദൂഷണപരമായി വിശ്വസിക്കുന്നു. മറിയത്തെ യേശുവിനോടൊപ്പം എല്ലാ കാര്യത്തിലും തുല്യയാക്കണം എന്ന ദൈവദൂഷണപരമായ ദുരുദ്ദേശ്യത്തോടെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങളെല്ലാം ദൈവവചന വിരുദ്ധമാണ്. ഉദാഹരണമായി യേശു ജന്മപാപമില്ലാതെ പരിശുദ്ധാത്മാവിനാൽ കന്യകയിൽ നിന്ന് ജനിച്ചുഎന്നും, യേശു നമ്മുടെ രക്ഷകനാണ്എന്നും, യേശു മരിച്ച് ഉയിർത്തെഴുന്നേറ്റ്‌ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു സ്വർഗ്ഗത്തിൽ രാജാവായിരിക്കുന്നു എന്നും, നമ്മുടെ ഏക മദ്ധ്യസ്ഥനും, പ്രതീക്ഷയും എല്ലാം യേശു മാത്രമാണ് എന്നുള്ളതെല്ലാം ദൈവവചനത്തിൽ അധിഷ്ഠിതമായസത്യങ്ങളാണ്. എന്നാൽ യേശുവിന് മാത്രമുള്ള ഇത്തരം സവിശേഷതകൾ മറിയത്തിന് കൊടുക്കാനും അങ്ങനെ യേശുവിന് ബദലായി മറ്റൊരാളെ ക്കൂടിസംവിധാനം ചെയ്ത്യേശുവിന്റെ മഹത്വത്തെ ചോർത്താനും ചിലർ  ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പരിശ്രമഫലമായി മറിയം അമലോത്ഭവയാണെന്നും, പാപമില്ലാത്തവളാണെന്നും സഹരക്ഷകയാണെന്നും, സ്വർഗ്ഗാരോപണം ചെയ്തെന്നും, സ്വർഗ്ഗത്തിന്റെ രാജ്ഞിയായി അവരോധിക്കപ്പെട്ടു എന്നും, മറിയമാണ്  സ്വർഗ്ഗത്തിന്റെ വാതിലും, നമ്മുടെ മദ്ധ്യസ്ഥയും എന്നുമൊക്കെ അനേകം ആളുകൾ തെറ്റായി വിശ്വസിക്കുന്നു. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാൻ അധികാരികൾ അവരെ പ്രേരിപ്പിക്കുന്നു. ബെബിളിൽ യേശുവിന് മാത്രമായി എടുത്തുപറഞ്ഞിട്ടുള്ള പ്രത്യേകാവകാശങ്ങളും, അധികാരങ്ങളും, പദവികളും  റോമൻ കത്തോലിക്ക മതം മറിയത്തിന് കൊടുക്കുന്നതായി കാണുന്നു. അങ്ങനെ റോമൻ കത്തോലിക്ക മറിയം അഭിഭാഷകയും, സഹായിയും, ഉപകാരിയും, മദ്ധ്യസ്ഥയും ഒക്കെ ആയി അറിയപ്പെടുന്നു (യാക്കോ 1:17; 1യോഹ 2:1; 1തിമോ 2:5; യോഹ 14:16). റോമൻ കത്തോലിക്ക മതം ഈ മറിയത്തിന് അമലോത്ഭവ, ദെവമാതാവ്, നിത്യകന്യക, സഹരക്ഷക, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി, സ്വർഗ്ഗാരോഹിത, സകല കൃപകളുടെയും മദ്ധ്യസ്ഥ എന്നീ പദവികൾ കൊടുത്തുകൊണ്ടുള്ള പ്രബോധനങ്ങൾ വഴിയായി യേശുവിനുള്ള മഹത്വം ചോർത്തിയെടുക്കുന്നു. റോമൻ കത്തോലിക്ക മതക്കാർ തങ്ങളുടെ ആത്മീയജീവിതത്തിൽ ക്രിസതുവിന് കൊടുക്കുന്നതിനെക്കാൾ കൂടുതൽ സ്ഥാനം മറിയത്തിന് കൊടുക്കുന്നത് ഇതിനുള്ള തെളിവാണ്. ഇത് വളരെ കുടിലമായ ഒരുതരം വിഗ്രഹാരാധനയുടെ സാക്ഷാൽക്കാരമാണ്. ഈ കത്തോലിക്ക മറിയത്തിന്റെ മഹത്വത്തിനായി കത്തോലിക്ക സഭ അനേകം പ്രതിമകളും, പുണ്യസങ്കേതങ്ങളും, പള്ളികളും, കത്തീഡ്രലുകളും, ബസലിക്കകളും പണികഴിപ്പിക്കുകയും അവളോട് പ്രാർത്ഥിക്കുവാനും അവൾക്ക് സ്തുതിചെയ്യുവാനും ജനങ്ങളെ പ്രരിപ്പിക്കുകയും ചെയ്യുന്നുറോമൻ കത്തോലിക്ക മതം മറിയത്തിന് കൊടുക്കുന്ന വിശേഷണങ്ങൾ ബെബിൾ യേശുവിന് കൊടുക്കുന്ന വിശേഷണങ്ങളോട് സമാന്തരമാണ്. ഉദാഹരണമായി ഞങ്ങളുടെ സന്തോഷത്തിന്റെ കാരണം, ഉഷകാല നക്ഷത്രം, സ്വർഗ്ഗത്തിന്റെ വാതിൽ, പാപികളുടെ സങ്കേതം, നിത്യസഹായകേന്ദ്രം. അങ്ങനെ പരിശുദ്ധാത്മാവ് മഹത്വപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏക വ്യക്തിയായ യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിന് പകരം മറ്റുപലരെയും മഹത്വപ്പെടുത്തികൊണ്ടിരിക്കുന്ന ആത്മാവ് ദൈവാത്മാവല്ല എന്നത് വ്യക്തമാണ്.

ആധുനിക മറിയത്തിന്റെ വ്യക്തിത്വം യേശുവിന്റെ വ്യക്തിത്വത്തെക്കാൾ ആകർഷണീയമായി ചിത്രീകരിക്കപ്പെടുന്നു

എല്ലാത്തിലും ഏറ്റവും ഉന്നതനും ശ്രഷ്ഠനും അഭികാമ്യനുമായ യേശുക്രിസ്തുവിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷതകൾ യേശുവിന് കൊടുക്കാതെ, മറിയത്തിന് കൊടുത്ത്, മറിയത്തെ യേശുവിനൊപ്പം വലുതാക്കികാണിക്കാനുള്ള ദൈവദൂഷണപരമായ ശ്രമം നടക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. തന്റെ അനന്തമായ സ്നേഹവും കരുണയും നിമിത്തം നമുക്കായി മരിക്കുകയും, ഉയിർത്തെഴുന്നേൽക്കുകയും, സ്വർഗ്ഗസ്ഥനായ പിതാവിന്റെ വലതുഭാഗത്തിരുന്ന് നമുക്കായി മാദ്ധ്യസ്ഥം വഹിക്കുകയുംചെയ്യുന്ന യേശുവിനെ നാം വേ ണ്ടത്ര അറിയുകയും സ്നേഹിക്കുകയും ചെയ്യാതിരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം നുണനിറഞ്ഞ തന്ത്രപരമായ സാഹചര്യങ്ങൾ അന്ധകാരശക്തികൾ സംവിധാനം ചെയ്യുന്നത്. യേശുവിനെ പലപ്പോഴും നിസഹായനായ പുൽക്കൂട്ടിലെ ശിശുവായോ, കുരിശിൽ മരിച്ചുകിടക്കുന്നതായോ, കഠിനഹൃദയനായ വിധികർത്താവായോ ഒക്കെ  ചിത്രീകരിക്കുന്നു. അതിന്റെ ഫലമായി യേശുവിനെപ്പറ്റി ചിന്തിക്കുമ്പോൾ ഒന്നുകിൽ ആളുകൾക്ക് സഹതാപം തോന്നും, അല്ലെങ്കിൽ പേടിതോന്നും. അങ്ങനെ ജനങ്ങളുടെ അനുദിന ജീവിതപ്രശ്നങ്ങളെ നേരിടാൻ യേശുവിന് കാര്യമായൊന്നും ചെയ്യാൻ കഴിവില്ല എന്നുള്ള ഒരു അഭിപ്രായം ഉണ്ടാകുന്ന രീതിയിലാണ് യേശുവിനെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് ദൈവപുത്രനെ അധിക്ഷേപിക്കുന്ന പ്രവൃത്തിയാണ്. "കാരണം അവർ ദെവപുത്രനെ സ്വമനസാ അധിക്ഷേപിക്കുകയും വീണ്ടും കുരിശിൽ തറയ്ക്കുകയും ചെയ്തു' (ഹെബ്ര 6:6).

ചെയ്യേണ്ടത് ചെയ്യാതെയും, ചെയ്യേണ്ടാത്തത് ചെയ്തും യേശുവിനെ ഒതുക്കി ചെറുതാക്കുന്നു; മറിയത്തെ വളർത്തി വലുതാക്കുന്നു

ചില സഭകളിൽ ജനങ്ങളുടെ ഏറ്റവുമധികം പ്രാർത്ഥന പിടിച്ചുപറ്റുന്ന ആളായി മറിയത്തെ വളർത്തിയെടുത്തിരിക്കുന്നു. ബൈബിളിൽ മറിയത്തെപ്പറ്റി പറഞ്ഞിട്ടില്ലാത്തതും, ദൈവീകനിയമങ്ങൾക്ക് വിരുദ്ധവുമായ അനേകം കാര്യങ്ങൾ ജനങ്ങളുടെ ആരാധനാ സമ്പ്രദായത്തിന്റെ ഭാഗമാക്കിത്തീർത്താണ് ഇത് സാധിച്ചെടുത്തത്. അതേസമയംതന്നെ യേശുവിനെപ്പറ്റി ബൈബിളിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന സത്യങ്ങൾ ജനജീവിതത്തിന്റെ കേന്ദ്രബിന്ദു ആകാതിരിക്കാൻ വേണ്ടി ബദൽ സംവിധാനങ്ങൾ പലവിധ പാരമ്പര്യങ്ങൾ നിർമ്മിച്ചുകൊണ്ട് സാധിച്ചെടുക്കുന്നു. ചുരുക്കത്തിൽ യേശുവിനെ അധികം അടുപ്പിക്കാതെ മാറ്റി നിർത്തിയിരിക്കുകയാണ്. മനുഷ്യന്റെ നിത്യരക്ഷ എന്ന പരമപ്രധാനമായ കാര്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ, ഭൗതികനേട്ടങ്ങൾക്കും സ്വാർത്ഥലാഭങ്ങൾക്കും ഉദ്ദിഷ്ടകാര്യ സാദ്ധ്യങ്ങൾക്കുമായി മറിയത്തെ പ്രസിദ്ധപ്പെടുത്തുന്നു. മറിയം ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മദ്ധ്യസ്ഥം വഹിക്കാൻ കഴിയുന്ന പ്രഥമവ്യക്തിയാണെന്നും, മറിയത്തിൽകൂടിയുള്ള പ്രാർത്ഥനകൾക്കാണ് കൂടുതൽ ശക്തിയും, ഫലദായകത്വവും എന്നുമൊക്കെയുള്ള ചിന്താഗതികൾ വളരെ തന്ത്രപരമായി രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി മറിയത്തിന്റെതെന്ന് അവകാശപ്പെടുന്ന അൽഭുതങ്ങളും പ്രത്യക്ഷങ്ങളും പ്രസിദ്ധപ്പെടുത്തുക, മറിയത്തിന്റെ രൂപങ്ങളും, മറിയത്തിന്റെതെന്ന് അവകാശപ്പെടുന്ന ഭൗതികാവശിഷ്ടങ്ങളും വണങ്ങുക, തീർത്ഥാനടങ്ങൾ നടത്തുക എന്നിങ്ങനെ അനേകം ഭക്താഭ്യാസങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെ മറിയഭർക്ത യേശുവിനെപ്പോലെയായിത്തീരുന്നതിനു പകരം മറിയത്തെപ്പോലെയായിത്തീരുന്നു. യേശുവിന് പകരം മറിയം അവരുടെ ജീവിതത്തിൽ നിറഞ്ഞ് നിൽക്കുന്നു. ഒരുപക്ഷെ, അവർ യാഥാർത്ഥ്യം അംഗീകരിക്കാൻ തയ്യാറല്ലായിരിക്കാം. ഒരുപക്ഷെ, യേശുവിന് തന്നെ പ്രഥമസ്ഥാനം കൊടുക്കണമെന്നായിരിക്കാം അവരുടെ ആഗ്രഹം. എങ്കിലും അവരുടെ ജീവിതത്തിൽ ഇതിനോടകം സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്ന ഭക്താഭ്യാസക്രമങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടിരിക്കുന്നതുകൊണ്ട്, യേശുവിനെ പിന്തള്ളി മറിയം അവരുടെ ജീവിതത്തിൽ ഒന്നാംസ്ഥാനം കെയടക്കിയിരിക്കുന്നു. യാഥാർത്ഥ്യം അവർ മനസിലാക്കി അവരുടെ തെറ്റ്തിരുത്തി സത്യത്തിലേക്ക് കടന്നുവരാതിരിക്കാൻ വേണ്ടി ക്രിസ്തു വിരുദ്ധശക്തികൾ അവരുടെ മനസിനെ അന്ധമാക്കിയിരിക്കുന്നു.

തന്റെ ഭക്തരെ തന്നിലേക്കടുപ്പിച്ചു യേശുവിൽ നിന്നകറ്റി വിഗ്രഹാരാധകരാക്കുന്ന ആധുനിക മറിയം

പുതിയമറിയത്തിന് ക്രിസ്തുവിന്റെ സ്ഥാനവും മഹത്വവും അപഹരിക്കാനും, സകല അനുഗ്രഹങ്ങളുടെയും മനുഷ്യരക്ഷയുടെയും ഉറവിടമെന്ന് സ്വയം വിശേഷിപ്പിക്കാനും, അങ്ങനെ ജനതകളുടെ മുമ്പിൽ സ്വയം വലുതാക്കികാണിച്ച്, യേശുവിനെ പിന്തള്ളാനും അങ്ങനെ ജനഹൃദയങ്ങളിൽ നിന്ന്  യേശുവിനെ മാറ്റിക്കളഞ്ഞിട്ട് സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാനുമുള്ള അടക്കാനാവാത്ത ആഗ്രഹമുണ്ട്.

പുതിയമറിയത്തിന്റെ അതീവ തന്ത്രപരമായ പല നീക്കങ്ങളുടെയും ഫലമായി അനേകം ആളുകൾ തങ്ങളുടെ ആത്മീയ അഭ്യാസങ്ങളിൽ മറിയത്തിന് ദൈവത്തെക്കാൾ പ്രാധാന്യം കൊടുക്കുകയും, മറിയത്തെ സ്തുതിക്കുന്നതിനും, മറിയത്തോട് പ്രാർത്ഥിക്കുന്നതിനും കൂടുതൽ സമയം ചിലവഴിക്കുകയും ചെയ്യുന്നു. ജപമാലയിൽ മറിയത്തോടു 10 പ്രാവശ്യം പ്രാർത്ഥിക്കുമ്പോൾ ഒരു പ്രാവശ്യം മാത്രമേ ദൈവത്തോടു പ്രാർത്ഥിക്കുന്നുള്ളൂ. അങ്ങനെ ഇത്തരക്കാർ ദൈവം മാത്രമാണ് ആരാധനക്കും സ്തുതിക്കും യോഗ്യൻ എന്ന അടിസ്ഥാന സത്യം അംഗീകരിക്കാതെ, ഒരു സൃഷ്ടിയായ മറിയത്തെ ആരാധിക്കുകയും സ്തുതിക്കുകയും, മറിയത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ, അറിഞ്ഞോ, അറിയാതെയോ വിഗ്രഹാരാധകരായിത്തീരുന്നു. വിഗ്രഹാരാധനയിൽ ആരാധന സ്വീകരിക്കുന്നത് സാത്താനാണ്.

Ad Image
Ad Image
Ad Image
Ad Image