തെറ്റായ വ്യാഖ്യാനരീതികളിലൂടെ ആധുനിക ദെവശാസ്ത്രത്തെ സാത്താൻ കീഴടക്കുന്നു
പൊതുവെ പറഞ്ഞാൽ ഇന്ന് ബെബിൾ വ്യാഖ്യാനശാസ്ത്രം യുക്തിവാദത്തിന്റെയും മാനവികതാവാദത്തിന്റെയും പ്രായോഗിക താവാദത്തിന്റെയും അസ്തിത്വവാദത്തിന്റെയും ഭാഷാ വിജ്ഞാനീയത്തിന്റെയും പ്രതിഭാസവിജ്ഞാനീയത്തിന്റെയും ഘടനാ വാദത്തിന്റെയും ശേഷാധുനികതയുടെയും എല്ലാം അടിമത്തത്തിലാണ്. വ്യാഖ്യാന ശാസ്ത്രത്തെ അവയുടെയെല്ലാം തെറ്റായ സ്വാധീനത്തിൽ നിന്ന് മോചിപ്പിച്ച് ദെവവചനത്തിന്റെ വെളിച്ചത്തിന്റെ ഒരു പുത്തൻ രൂപം നൽകേണ്ടത് ഇന്ന് അത്യാവശ്യമായിത്തീർന്നിരിക്കുന്നു. ബെബിളിലുള്ള കാര്യങ്ങൾ ചരിത്രപരവും വിശ്വാസ്യവുമാണെന്ന വസ്തുത നിഷേധിക്കാനുള്ള തന്ത്രപരമായ ശ്രമം ഇന്ന് ദെവശാസ്ത്ര മേഖലകളിൽ നടക്കുന്നതായി കാണാം. ബെബിളിന്റെ ചരിത്രപരതയെയും സന്ദേശത്തെയും അക്കാഡമിക്ക് ആയുധങ്ങൾ ഉപയോഗിച്ച് അട്ടിമറിക്കുന്ന സാത്താനീയ തന്ത്രമാണ് ആധുനികദെവശാസ്ത്രജ്ഞരിലൂടെ ഇന്ന് വെളിപ്പെടുന്നത്. അതിനാൽ വിശ്വാസികൾ വളരെയേറെ ജാഗ്രതയുള്ളവരായിരിക്കണം.
ബെബിൾ വിമർശന പഠനം
ബുദ്ധിയുടെ പ്രമാണങ്ങളെ അനേ്വഷിച്ച് കണ്ടെത്തുകയും ബെബിൾ ഭാഗങ്ങളുടെ പഠനത്തിനായി അവയെ മാത്രം ഉപയോഗിക്കുകയുംചെയ്യുന്ന രീതിയാണിത്. ആധുനികശാസ്ത്രയുഗംലോകത്തെപ്പറ്റിയുള്ള മനുഷ്യന്റെ പഴയകാഴ്ചപ്പാടുകളെ തകിടംമറിച്ചു. മനുഷ്യന്റെ പുതിയ കാഴ്ചപ്പാടുകളുടെ വെളിച്ചത്തിൽ ബെബിളിനെ കാണുവാനും പഠിക്കുവാനും പഠിപ്പിക്കുവാനും ആരംഭിച്ചു. ഇത്വളരെ ആശയക്കുഴപ്പങ്ങൾക്ക് കാരണമായി. ഒരുകാലഘട്ടത്തിലെ മനുഷ്യരുടെ കാഴ്ച്ചപ്പാടിനും മൂല്യങ്ങൾക്കും അനുയോജ്യമായരീതിയിൽ ബെബിളിനെ വളച്ചൊടിച്ച് ഒതുക്കിയെടുക്കുക എന്ന ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമം ഇൗ പ്രസ്ഥാനത്തിലൂടെ നടക്കുന്നു. തങ്ങളുടെ ബുദ്ധിക്ക് മനസിലാകുന്നതുമാത്രം വിശ്വസിക്കുക, മനസിലാകാത്തവ ഏതൊക്കെ എന്ന് പരിശോധിച്ച്അവയെ തങ്ങളുടെ വിശ്വാസ സംഹിതയിൽ നിന്ന് ഒഴിവാക്കുക എന്നതാണ് അവരുടെരീതി. അവരിൽ പലരും സഭാപാരമ്പര്യങ്ങൾക്കും ബെബിളിനും ആധികാരികത നൽകിയില്ല. സ്വന്തം താൽപര്യങ്ങളുടെ സംരക്ഷണത്തിന് ചിലർ ബെബിളിനെക്കാൾ ആധികാരികത തങ്ങളുടെ സഭാപാരമ്പര്യങ്ങൾക്ക് അനുവദിച്ചു. ബെബിളിനെ മനുഷ്യന്റെ സർവ്വബുദ്ധിയും ഉപയോഗിച്ച് വിശകലനം ചെയ്ത് പഠിച്ച് അതിന്റെ ശരിയായ അർത്ഥം കണ്ടെത്തുന്നത് നല്ല കാര്യമാണ്. ദെവം അതിന് എതിരല്ല. എന്നാൽ അവിശ്വാസം നിറഞ്ഞ ദുഷ്ടഹൃദയത്തോടെ ബെബിളിനെ സമീപിക്കുകയും ബെബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്, തെറ്റാണ്, സാത്താനീയമാണ്. ഇത്തരം സാത്താനീയ തന്ത്രജ്ഞർക്ക് പണ്ധിത പരിവേഷം നൽകി ആദരിക്കുന്ന അത്യന്തം അപകടകരമായ പ്രവണതയാണ് ഇന്ന് മിക്കവാറും എല്ലാ സഭകളിലും ബെബിൾ കോളജുകളിലും നിലനിൽക്കുന്നത്. സഭകളെ സാത്താൻ കീഴടക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് നാമിന്ന്.
യുക്തിവാദത്തിന്റെ സ്വാധീനത്തിൽ വളർന്നുവന്ന അനേകം ബെബിൾ പഠനരീതികൾ ഇന്ന് നിലവിലുണ്ട്. അവയൊക്കെ ഇന്ന്വളരെ ജനപ്രീതി നേടിയെടുത്തിട്ടുണ്ട്. എന്നാൽ അവയൊന്നും ദെവത്തെയോ ദെവവചനത്തെയോ ആദരിക്കുന്നില്ല എന്നതാണ് വാസ്തവം.
വിവിധതരം ലിബറലിസങ്ങൾ (സാത്താൻ ക്രിസ്തുമതത്തെ ക്രിസ്തുവിനും ബെബിളിനും എതിരെ തിരിക്കുന്നതിന് ഉപയോഗിക്കുന്ന ചില തന്ത്രങ്ങൾ)
ബെബിൾ ഭാഗങ്ങളുടെ ശരിയായ അർത്ഥം മനസിലാക്കാനും അതനുസരിച്ച് ജീവിക്കാനും വേണ്ടി ബെബിളിനെ ശ്രദ്ധയോടെ വിശകലനം ചെയ്യുന്നത് ആവശ്യമാണ് (എസ്ര 7:10-11; അപ്പ. പ്രവൃ. 8:26-31; 17:11; 2 തിമോ 2:15). ഇത് എല്ലാ ക്രിസ്തീയവിശ്വാസികളും ചെയ്യേണ്ടതാണ്. എന്നാൽ ബെബിളിൽ തെറ്റുകളുണ്ടെന്ന് വരുത്തിത്തീർക്കാനായി അവിശ്വാസത്തിന്റെ കഠിന ഹൃദയത്തോടെ ബെബിളിനെ സമീപിക്കുന്നവർക്ക് ബെബിൾ സത്യങ്ങെളറ്റിയുള്ള ആത്മീയ പ്രകാശനം ലഭിക്കുക എളുപ്പമല്ല. ആധുനിക ദെവശാസ്ത്ര വിദ്യാഭ്യാസ മേഖലകളിൽ ഇത്തരം സമീപനം ഇന്ന് വളരെയധികം കൂടിയിട്ടുണ്ട്. അതിനാൽ ഇത്തരം ദെവശാസ്ത്ര വിദ്യാഭ്യാസം ലഭിക്കുന്നവരിൽ അനേകർക്കും ബെബിൾ സത്യങ്ങൾ അതേപടി അംഗീകരിക്കാൻ കഴിയുന്നില്ല. ഇത്തരം നിർഭാഗ്യകരമായ ലിബറലിസ പ്രവണതകൾ സഭകൾക്കുള്ളിൽ നിലനിൽക്കുന്നത് സാത്താനീയ സ്വാധീനത്തിന്റെ വേലിയേറ്റംമൂലമാണ്.
ബെബിളിലെ ഓരോ വാക്കും ദെവവചനമാണെന്ന ബെബിളിന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ലിബറലിസത്തിലുള്ളത്. ദെവവചനത്തിന്റെ കൃത്യതയിൽ നിലനിൽക്കാതെ പലതരത്തിൽ ദെവവചനത്തോട് കൂട്ടാനും കുറയ്ക്കാനുമുള്ള വ്യാഖ്യാന പ്രവണതകൾ ലിബറലിസത്തിൽ കാണാം. ദെവത്തെ താഴ്ത്തുകയും മനുഷ്യനെ ഉയർത്തുകയും ചെയ്യുക എന്നതാണ് ലിബറലിസത്തിന്റെ അടിസ്ഥാന സ്വഭാവം. ക്രിസ്തുമതത്തിന് അകത്തും പുറത്തും ബെബിളിനെതിരെയുള്ള ലിബറലിസ പ്രവണതകൾ ഉണ്ട്. ക്രിസ്തുമതത്തിന് അകത്തുള്ള ലിബറലിസ പ്രവണതകൾ മാത്രമാണ്ഇവിടെ പ്രതിപാദിക്കുന്നത്. ബെബിളിനെ എതിർക്കുന്നവർ തങ്ങളുടെ പാപത്തെ അംഗീകരിക്കാനും ദെവത്തെ അനുസരിക്കാനും മനസില്ലാത്തവരാണ്.
സാഹിത്യരൂപ വിമർശന പഠനം
ബെബിൾ ദെവവചനമല്ലെന്ന് സ്ഥാപിക്കാൻ വേണ്ടി സാത്താൻ സഭയ്ക്കുള്ളിൽ നിന്ന് വളർത്തിയെടുത്ത ബെബിൾ പഠന-വിമർശന പ്രസ്ഥാനമാണ് Higher Criticism (Literary Criticism). ഇതിൽ പങ്കാളികളാകുന്നവർ മാരകമായ സാത്താനീയ ആശയങ്ങൾക്ക് അടിമപ്പെട്ട് സ്വയം വഞ്ചിതരാകുന്നു. അതിൽ ആന്തരീകവും ബാഹ്യവുമായ തെളിവുകളുടെ വെളിച്ചത്തിൽ ഓരോ ബെബിൾ ഭാഗത്തെയും അത് യഥാർത്ഥ ബെബിൾ ഭാഗം തന്നെയാണോ എന്ന് നിർണ്ണയിക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്നു. അവർ മാനുഷബുദ്ധിയിൽ മാത്രം ആശ്രയിക്കുന്നതിനാൽ അഭൗതികവും ദെവികമായതുമായ സത്യങ്ങളെ നിഷേധിക്കുന്നു. ബെബിൾ ഭാഗം എന്തു പറയുന്നു എന്നതിന് അവർ പ്രാധാന്യം കൊടുക്കാതെ ബെബിളിനെപ്പറ്റി ബാഹ്യശ്രാതസുകൾ പറയുന്നതിന് അവർ മുൻതൂക്കം കൊടുക്കുന്നു.
ചരിത്രാധിഷ്ടിത വിമർശന വ്യാഖ്യാനം
യാഥാർത്ഥ്യത്തെപ്പറ്റിയുള്ള വികലമായഒരു ആധുനിക അനുമാനമാണ് ഈ പ്രസ്ഥാനത്തിന്റെ താത്ത്വിക അടിസ്ഥാനം. അതായത്, യാഥാർത്ഥ്യം എന്നത് എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്നതും, ബുദ്ധിയുടെ പ്രമാണംകൊണ്ട് പഠിക്കാവുന്നതും, സകല സംഭവങ്ങളും സാദൃശ്യം ഉപയോഗിച്ച് താരതമ്യപ്പെടുത്താവുന്നതും ആണെന്ന് ഇക്കൂട്ടർ വാദിക്കുന്നു. അതിനാൽ ആധുനിക മനുഷ്യന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഭൂതകാലത്തിൽ എന്തൊക്കെ സംഭവിച്ചുഎന്നും ഭാവികാലത്ത്എന്ത് സംഭവിക്കും എന്നും വിലയിരുത്താൻ കഴിയുമെന്നുള്ളകാഴ്ചപ്പാടാണിത്. ചരിത്രത്തിൽദെവികസ്വാധീനത്തിന്റെ സ്ഥാനം അംഗീകരിക്കാത്തതും, ഒാരോചരിത്ര സംഭവത്തിന്റെയും അനന്യതയും പ്രാധാന്യവും നിഷേധിക്കുകയുംചെയ്യുന്ന വികലമായ ഇൗ കാഴ്ച്ചപ്പാട്ദെവശാസ്ത്ര ചിന്തകളിൽവിഷംകലർത്തി. Benjamin Jowett (1817-1893), Ferdinand C. Baur (1792-1860), David F. Strauss (1808-1874), Julius Wellhausen (1844-1918), Adolf von Harnack (1851-1930), NelsFerre, H.E. Fosdick, W.H. Norton, L.H. DeWolf എന്നിവരാണ് അവരിൽ പ്രമുഖർ. അവർ ബെബിളിൽ തങ്ങളുടെ ബുദ്ധിക്ക് നിരക്കാത്തതെന്ന് തോന്നിയവയെ നിരസിച്ചു; തങ്ങളുടെ ബുദ്ധിയിൽ തോന്നിയതുപോലെ ബെബിളിനെ വ്യാഖ്യാനിച്ചു. ബെബിൾ ഭാഗത്തിന്റെ രൂപീകരണപ്രക്രിയ, രൂപനിരൂപണം, മൂലരേഖാ നിരൂപണം, ബെബിൾഭാഗ നിരൂപണം, അലങ്കാര ശാസ്ത്രം, സംജ്ഞഭാഷാ ശാസ്ത്രം, ആഖ്യാനശാസ്ത്രം, എന്നീ പഠനമേഖലകളുടെ മറവിൽ ബെബിളിന്റെ യഥാർത്ഥ അർത്ഥം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നത്. ഇതെല്ലാം വാസ്തവത്തിൽ യുക്തിവാദ, ഭൗതികവാദ, അസ്ഥിത്വവാദ, മനുഷ്യ കേന്ദ്രീകൃതതത്ത്വചിന്തകളിൽ അധിഷ്ടിതമായ ബെബിൾ പഠനങ്ങളാണ്. ഇവർതെറ്റായ മുൻവിധികളുമായി ബെബിളിനെ സമീപിക്കുന്നതിനാൽ തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുന്നു. അതിനാൽ അവരുടെ നിഗമനങ്ങളിൽ വിശ്വസിക്കുന്നത് അപകടമാണ്.
പശ്ചാത്തലാധിഷ്ടിത വിമർശന വ്യാഖ്യാനം
ഓരോ സംസ്കാരത്തിനും അനുയോജ്യമായ രീതിയിൽ സുവിശേഷം അവതരിപ്പിക്കാനുള്ള ശ്രമത്തിൽ ചിലർ ബെബിൾ സത്യങ്ങളെ കോട്ടിക്കളയുന്നു. ബെബിൾ സത്യങ്ങളെക്കാൾ പ്രാധാന്യം അവർ അതതു സംസ്കാരത്തിന്റെ തത്ത്വങ്ങൾക്ക് കൊടുക്കുന്നു. അങ്ങനെ വാസ്തവത്തിൽ അവർ തങ്ങളുടെ തന്നെ തത്ത്വങ്ങളെയാണ് ബെബിൾ സത്യങ്ങളെയല്ല പ്രസംഗിക്കുന്നത്. യേശുവിന്റെ സുവിശേഷം കാലത്തിനും സംസ്കാരത്തിനും അതീതമായതിനാൽ അത് എല്ലാ കാലത്തിലും എല്ലാ സംസ്കാരത്തിലും ഒരുപോലെ പ്രസക്തമാണ്. അതിനാൽ ബെബിളിന്റെ സന്ദേശത്തെയല്ല, ആ സന്ദേശത്തെ അവതരിപ്പിക്കുന്ന രീതിയെയാണ് കാലികവും സംസ്കാരത്തിന് അനുയോജ്യവുമാക്കേണ്ടത്.
Source Criticism
ബെബിൾ ഭാഗങ്ങളുടെ അർത്ഥം മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്നതിനുപകരം, ബെബിൾ ഭാഗങ്ങൾ ചില പ്രതേ്യക ശ്രാതസുകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഊഹിച്ച് ആ ശ്രാതസുകളെ പഠിക്കാൻ ശ്രമിക്കുന്നു. മുൻപിലിരിക്കുന്ന രുചികരമായ ഭക്ഷണം കഴിക്കുന്നതിനുപകരം അത് ഭക്ഷണമല്ലെന്നും, മറ്റെന്തോ ആണെന്നും വാദിച്ച് യഥാർത്ഥമല്ലാത്ത ആ മറ്റെന്തോസാധനത്തിന്റെ ചരിത്രം പഠിക്കുന്നതുപോലെയാണിത്. കാലത്തിനതീതമായ പ്രസക്തിയുള്ള ബെബിളിന്റെ സ്വഭാവത്തെ അവർ നിഷേധിക്കുന്നു. ബെബിൾ ചരിത്രപരമായ പരിണാമത്തിന്റെ ഫലമാണെന്ന് അവർ ഉൗഹിക്കുന്നതിനാൽ യഥാർത്ഥമല്ലാത്ത ആ പരിണാമചരിത്രം കണ്ടെത്താൻ അവർ വൃഥാ ശ്രമിക്കുന്നു. Baur, Wellhausen, Harnack എന്നിവർ ഇവരിൽ പ്രമുഖരാണ്. പഴയനിയമത്തിലെ ആദ്യ 5 പുസ്തകങ്ങളെയും, പുതിയനിയമത്തിലെ ആദ്യ 3 സുവിശേഷങ്ങളെയുമാണ് അവർ ഈ വിമർശനത്തിന് പ്രധാനമായും വിധേയമാക്കിയത്.
ബെബിളിലെ പുസ്തകങ്ങളുടെ ഐക്യത്തെയും, യഥാർത്ഥ എഴുത്തുകാരെയും, എഴുതിയ സമയത്തെയും എല്ലാം നിഷേധിക്കുന്ന രീതിയാണ് പൊതുവെ ഇവരിൽ കാണുന്നത്. മോശയുടെ പുസ്തകങ്ങൾ (പഞ്ചഗ്രന്ഥങ്ങൾ-പെന്റെറ്റെക്ക്) എന്ന് അറിയപ്പെടുന്ന ഉൽപത്തി മുതൽ ആവർത്തനപുസ്തകം വരെയുള്ള പുസ്തകങ്ങൾ എഴുതിയത് മോശയല്ലെന്ന് Julius WellhausenXsâ Documentary Hypothesis (JEDP) )എന്ന തത്ത്വത്തിലൂടെ വാദിക്കുന്നു. മറ്റ് നാല് ആളുകൾ അവയെ എഴുതിയെന്നും അവയെ എല്ലാം ഒരുമിച്ചു ചേർത്ത് പെന്ററ്റെക്ക് ഉണ്ടാക്കിയെന്നും ഇക്കൂട്ടർ വാദിക്കുന്നു. ആ നാല് ആളുകളുടെ നാലു ശ്രാതസ്സുകൾ J- Jehovah source, E- Elohim source, D- Deuteronomy source, P-Priestly source എന്നിവയാണ്. ഇക്കൂട്ടരുടെ ഇത്തരം തെറ്റായ ഊഹങ്ങൾ അടിസ്ഥാനപ്പെട്ടിരിക്കുന്ന ഘടകങ്ങൾ ഇവയാണ് : ഈ പുസ്തകങ്ങളിൽ ഉണ്ട് എന്ന് അവർ വാദിക്കുന്ന വ്യത്യസ്തമായ ഭാഷാശെലികൾ, ദെവത്തിന് Elohim എന്നും, Yahweh എന്നും ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്ത വാക്കുകൾ, ഉൽപത്തി 1, 2 അദ്ധ്യായങ്ങളിൽ വ്യത്യസ്തമായ സൃഷ്ടി വിവരണങ്ങൾ ഉണ്ട് എന്ന വാദം. വാസ്തവത്തിൽ ഉൽപത്തി 1, 2 അദ്ധ്യായങ്ങളിൽ കാണുന്നത് വ്യത്യസ്തമായ രണ്ട് സൃഷ്ടി വിവരണങ്ങളല്ല. അവ പരസ്പരപൂരകങ്ങളായ സൃഷ്ടിവിവരണമാണ്. ഒന്നാം അദ്ധ്യായത്തിൽ പൊതുവായ സൃഷ്ടിയെപ്പറ്റി പറയുമ്പോൾ രണ്ടാം അദ്ധ്യായത്തിൽ ആറാം ദിവസത്തെ മനുഷ്യസൃഷ്ടിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു.
മാത്രമല്ല Elohim എന്നത് ദെവത്തിനുള്ള പൊതുവായ വാക്കും Yahweh എന്നത് സത്യദെവത്തിന്റെ വ്യക്തിപരമായ പേരുമാണ്. അതിനാൽ ആ രണ്ട് വാക്കുകൾ ഉപയോഗിക്കുന്നു എന്നതിൽ നിന്ന് രണ്ട് വ്യത്യസ്ത എഴുത്തുകാർ അവ എഴുതി എന്ന് വാദിക്കുന്നത് ബെബിളിന്റെ വിശ്വാസ്യത നശിപ്പിക്കാൻ വേണ്ടി മനഃപൂർവ്വം കെട്ടിച്ചമക്കുന്ന തന്ത്രമാണ്. അതിസ്വാഭാവിക പ്രതിഭാസങ്ങൾ അംഗീകരിക്കാനുള്ള കഴിവില്ലായ്മയാണ് അവരുടെ തെറ്റിന്റെ പ്രധാന കാരണം. ഏശയ്യായുടെ പുസ്തകം 1-39 വരെ ഒരാളും 40-66 വരെ മറ്റൊരാളും എഴുതി എന്ന വാദവും അവർ ഉന്നയിക്കുന്നു. എന്നാൽ അവരുടെ വാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് യേശു തെളിയിച്ചതാണ്. യേശു ഈ രണ്ട് ഭാഗത്തുനിന്നും ഉദ്ധരിക്കുകയും അവ ഏശയ്യാ എന്ന ഏകവ്യക്തിയാണ് എഴുതിയതെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
പുതിയനിയമ ഗ്രന്ഥങ്ങളും ദെവനിവേശിതമാണെന്ന വസ്തുതയെ അവർ നിഷേധിക്കുന്നു. പുതിയനിയമ എഴുത്തുകാർ വായ്മൊഴിയായതും എഴുതപ്പെട്ടതുമായ ചില മാനുഷിക ശ്രാതസുകളെ ഉപയോഗിച്ചാണ് പുതിയനിയമം എഴുതിയത് എന്ന് അവർ വാദിക്കുന്നു. അങ്ങനെ പുതിയനിയമ ഗ്രന്ഥങ്ങളുടെ ശ്രാതസ് ദെവികമല്ലെന്നും വെറും മാനുഷികം മാത്രമാണെന്നും ഇവർ വാദിക്കുന്നു. വാസ്തവത്തിൽ വിവിധ ശ്രാതസുകളെ ഉപയോഗിക്കുന്നത് ദെവനിവേശികത്വത്തിന് എതിരല്ല (ലൂക്കാ 1:1-4). മാനുഷികശ്രമവും ദെവം ഉപയോഗിക്കുന്നു എന്നതാണ് ശരി. എന്നാൽ ബെബിളിന്റെ ദെവനിവേശികത്വത്തെ എങ്ങനെയെങ്കിലും നിഷേധിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർക്ക് ഇൗ തത്ത്വം (Q-Source theory; Quelle is German for source) ഒരു ഉപകരണമായിത്തീരുന്നു എന്നു മാത്രം.
Form Criticism (Formgeschichte)
ബെബിൾ ഇന്നത്തെ രൂപത്തിൽ ദെവത്തിൽ നിന്ന് ലഭിച്ചതല്ലെന്നും, ബെബിൾ ഭാഗങ്ങൾ ഇന്നത്തെ രൂപത്തിൽ ആയിത്തീർന്നത് പ്രസ്തുത സമൂഹത്തിന്റെ പാരമ്പര്യങ്ങളെയും എെതീഹ്യങ്ങളെയും കഥകളെയും കോർത്തിണക്കി എഴുതിയതിന്റെ ഫലമാണെന്നും അവർ ശത്രുതാപരമായി വാദിക്കുന്നു. അതിനാൽ അത്തരം ഊഹാധിഷ്ടിതമായ പ്രാഥമിക രൂപങ്ങളെ കണ്ടെത്താനുള്ള അനാവശ്യശ്രമം നടത്തി അവർ സമയം പാഴാക്കുന്നു. സുവിശേഷങ്ങളിൽ കാണുന്നത് യഥാർത്ഥ യേശുവിനെയും സംഭവങ്ങളെയും അല്ലെന്നും, ആദിമസഭ യേശുവിനെക്കുറിച്ച് രൂപപ്പെടുത്തിയ വിശ്വാസങ്ങളും ഐതീഹ്യങ്ങളുമാണെന്ന് ഇക്കൂട്ടർ വാദിക്കുന്നു. അതിനാൽ ബെബിളിലെ കെട്ടുകഥകളും ഐതീഹ്യങ്ങളും മാറ്റിക്കളയണമെന്ന് (demythologize) ബുൾട്ടുമാനും അനുയായികളും വാദിക്കുന്നു. അത്തരം ഊഹാധിഷ്ടിതമായ പ്രാഥമിക രൂപങ്ങളെ കണ്ടെത്താനുള്ള അനാവശ്യശ്രമം നടത്തി അവർ സമയം പാഴാക്കുന്നു. ബെബിളിൽ എഴുതപ്പെട്ട കാര്യങ്ങളിൽ വിശ്വസിക്കാതെ, അവയിൽ നിന്ന് വ്യത്യസ്തമായ മറ്റെന്തെക്കൊയോ ആണ് സംഭവിച്ചത് എന്നും അതെന്താണെന്ന് ഊഹിച്ച് തീരുമാനിക്കുകയുമാണ് അവരുടെ പഠനരീതി. ദൃഷ്സാക്ഷികൾ വിവരിക്കുന്ന വസ്തുതകളെ യാതൊരു യുക്തിയുമില്ലാതെ നിഷേധിക്കാൻ വേണ്ടി അന്ധമായ ചില വാദങ്ങൾ മാത്രമാണ് ഇവർ ഉന്നയിക്കുന്നത്. ഈ വിമർശന പഠനങ്ങളുടെ പുരോഗമിച്ച രൂപമാണ് Redaction Criticism. അവർ തെറ്റായ മുൻവിധികളോടെ ബെബിളിനെ പഠിക്കുകയും തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. ബെബിൾ ദെവവചനമാണെന്ന ബോദ്ധ്യത്തോടെ ബെബിളിനെ സമീപിക്കാത്തവർക്ക് ശരിയായി ബെബിൾ മനസിലാക്കാൻ കഴിയില്ല.
Redaction Criticism (Redaktionsgeschichte)
എക്കാലത്തും സഭ അംഗീകരിച്ചു പോന്നിരുന്ന എഴുത്തുകാരല്ല ബെബിൾ ഗ്രന്ഥങ്ങൾ എഴുതിയത് എന്ന് ഇവർ വാദിക്കുന്നു. ചില എഴുത്തുകാർ തങ്ങളുടെ ദെവശാസ്ത്രപരമായ താൽപര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മാനുഷികമായ പല ശ്രാതസുകളും കൂട്ടിച്ചേർത്ത് ചില കാര്യങ്ങൾ എഴുതിയെന്നും, പിന്നീട് ഒരു എഡിറ്റർ അവയെ എല്ലാം എഡിറ്റ് ചെയ്ത് ഇന്നത്തെ ബെബിൾ ഭാഗങ്ങളെ കൃത്രിമമായി ഉണ്ടാക്കിയെടുത്തെന്നും ഇവർ വാദിക്കുന്നു. അവർ തങ്ങൾ ഇപ്രകാരം എഴുതിയതിന് അംഗീകാരം ലഭിക്കാൻ വേണ്ടി പ്രശസ്തരായ ചിലരുടെ പേരുകൾ (ഉദാ. മത്തായി, യോഹന്നാൻ.) ഉപയോഗിച്ചതാണ് എന്നാണ് ഇവരുടെ വാദം. ഈ എഡിറ്റർമാരുടെ ദെവശാസ്ത്രപരമായ കാഴ്ചപ്പാടുകളെയും ലക്ഷ്യങ്ങളെയും ഊന്നലുകളെ തിരിച്ചറിയാനുള്ള കൃത്രിമശ്രമമാണ് ഇതിൽ നടക്കുന്നത്. ബെബിൾ ഭാഗങ്ങളിൽ പ്രകടമായി നിൽക്കുന്ന സന്ദേശങ്ങളെ ചില ഊഹാധിഷ്ടിത എഡിറ്റർമാരുടെ ഊഹാധിഷ്ടിത ആശയങ്ങൾ ഉപയോഗിച്ച് അട്ടിമറിക്കാമെന്നാണ് ഇതിന്റെ പ്രണേതാക്കളുടെ വ്യാമോഹം.
ബെബിൾ ഭാഗങ്ങളുടെ മൂലരൂപ പഠനം Textual (Lower) Criticism
ശരിയായ വ്യാഖ്യാന നിയമങ്ങൾ ഉപയോഗിച്ച് ബെബിളിനെ വസ്തുനിഷ്ടമായി പഠിക്കുന്ന രീതിയാണിത്. ഓരോ ബെബിൾ ഭാഗത്തിന്റെയും മൂലരൂപം (ആദിമ രൂപം) എങ്ങനെയുള്ളതായിരുന്നു എന്ന് കണ്ടെത്താനുള്ള പഠനമാണിത് (Study of the original text of New Testament). നിലവിലുള്ള കോപ്പികൾ താരതമ്യപ്പെടുത്തി നോക്കിയിട്ട് ബെബിളിന്റെ മൂലരൂപം യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു എന്ന് നിർണ്ണയിക്കാൻ ശ്രമിക്കുന്ന പഠനമേഖലയാണ് Textual Criticism. ബെബിൾ നൂറ്റാണ്ടുകളിലൂടെ എങ്ങനെ കെമാറ്റം ചെയ്യപ്പെട്ടു എന്നും ഇതിൽ പഠനം നടത്തുന്നു. ബെബിൾ മൂലഭാഷയിൽ എഴുതപ്പെട്ടപ്പോൾ ഇന്ന് നാം കാണുന്നതുപോലെയുള്ള തലക്കെട്ടുകളോ, ഖണ്ധികകളോ, അദ്ധ്യായങ്ങളോ തിരിച്ചല്ല എഴുതിയിരുന്നത്. വാക്യങ്ങളും വാക്കുകളും തമ്മിൽ അകലം പോലും കൊടുത്തിരുന്നില്ല. സ്വരാക്ഷരങ്ങൾ എഴുതാറുമില്ലായിരുന്നു. അങ്ങനെ പല കാരണങ്ങളാലും പിൽക്കാലത്തുള്ള കെയെഴുത്തുപ്രതികളിൽ ആശയക്കുഴപ്പം കയറിപ്പറ്റാൻ സാദ്ധ്യതകൾ വളരെയായിരുന്നു. ഈ പശ്ചാത്തലത്തിൽ Textual Criticism പ്രയോജനമാണ്. എന്നാൽ ബെബിളിന്റെ ആദ്യ കെയെഴുത്തുപ്രതികൾ ഇപ്പോൾ നിലവിൽ ഇല്ലാത്തതിനാൽ അവ എന്തായിരുന്നിരിക്കാം എന്ന് കണ്ടെത്താനുള്ള ശ്രമം പ്രധാനമായും മനുഷ്യന്റെ ഊഹങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. എങ്കിലും നിലവിലുള്ള കോപ്പികൾ തമ്മിൽ താരതമ്യപ്പെടുത്തി ബെബിളിന്റെ പ്രഥമകൃതി എന്തായിരുന്നു എന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇതിൽ നടക്കുന്നത്.
Neoorthodoxy
ഇവർ യുക്തിവാദപരമായ ബെബിൾ പഠനങ്ങളെ എതിർത്തെങ്കിലും ബെബിളിന്റെ തെറ്റില്ലായ്മയെ അംഗീകരിച്ചില്ല. മനുഷ്യന്റെ സൃഷ്ടി, വീഴ്ച, യേശുവിന്റെ ഉയിർപ്പ്, രണ്ടാമത്തെ വരവ് എന്നിവ വെറും ഐതിഹ്യങ്ങളാണ് എന്ന് ഇവർ പഠിപ്പിക്കുന്നു. Karl Barth (1886-1968), Emil Bruner (1889-1966), Reinhold Neibuhr (1892-1971), Martin Heidegger (1889-1976), Rudolf Bultman (1884-1976), Paul Tillich (1886-1965) എന്നിവരാണ് അവരിൽ പ്രമുഖർ. കിർക്കെഗാർഡ് കാൾ ബാർത്തിനെയും, ഹെയ്ഡെഗർ ബുൾട്ടുമാനെയും സ്വാധീനിച്ചു. അത്തരം ഐതിഹ്യങ്ങളെയെല്ലാം നിരസിക്കണമെന്ന് അവർ വാദിച്ചു (demythologization). ഇവരെല്ലാം സ്വീകരിച്ചത് Historical Critical വ്യാഖ്യാന രീതിയായിരുന്നു.
The New Hermeneutic
ഈ പ്രസ്ഥാനത്തിൽ Heidegger ന്റെയും, Gadamar ന്റെയും സ്വാധീനം പ്രതിഫലിച്ചു നിൽക്കുന്നു. Ernst Fuchs ന്റെയും Gerhard Ebeling ന്റെയും ബെബിൾ വ്യാഖ്യാന രീതികളിൽ നിന്നാണ്. ബുദ്ധിയുടെ പ്രമാണത്തെക്കാൾ വിശ്വാസത്തിന്റെ പ്രമാണത്തിന് ഊന്നൽകൊടുക്കുന്ന വ്യാഖ്യാന രീതിയാണിത്. ബെബിളിലെ വസ്തുതകളെയും ഉപദേശങ്ങളെയും നിരസിക്കുകയും, ബെബിളിലെചില അനുഭവങ്ങളെ ആവർത്തിച്ച് അനുഭവമാക്കുകയും ചെയ്യുന്നതിൽ അവർ ഊന്നൽകൊടുത്തു. ഓരോ കാലഘട്ടത്തിലെയും വായനക്കാരുടെ അഭിരുചിയനുസരിച്ചും, അവർ സ്വീകരിക്കുന്ന വിധത്തിലും ബെബിളിനെ വ്യാഖ്യാനിച്ച് കോട്ടിക്കളയുന്ന തന്ത്രമാണിത്. വായനക്കാരനെ ബെബിളിന്റെ നിലവാരത്തിലേക്ക് ഉയർത്തുകയല്ല, മറിച്ച് ബെബിളിനെ വായനക്കാരന്റെ നിലവാരത്തിലേക്ക് താഴ്ത്തുകയാണ് ഇവർ സാധിച്ചെടുക്കുന്നത്. ബെബിളിന്റെ ഉദ്ദേശങ്ങൾക്കും തത്ത്വങ്ങൾക്കുമല്ല, വ്യാഖ്യാനക്കാരന്റെ ഉദ്ദേശങ്ങൾക്കും തത്ത്വങ്ങൾക്കുമാണ് അവർ ഊന്നൽകൊടുക്കുന്നത്. വായനക്കാരന്റെ ഇഷ്ടമനുസരിച്ച് ബെബിൾ ഭാഗങ്ങൾക്ക്അർത്ഥം കൽപിക്കാമെന്ന്അവർവാദിച്ചു. Ernst Fuchs, Gerhard Ebeling, Hans George Gadamer, WilheimDilthey, Friedrich Schleirmacher എന്നിവരുടെസ്വാധീനം ഇൗ പ്രസ്ഥാനത്തിൽ നിറഞ്ഞുനിൽക്കുന്നു. Paul Ricoeur സംശയത്തിന്റെ വ്യാഖ്യാനശാസ്ത്രം (Hermeneutics of suspecion) പ്രചരിപ്പിച്ചു. Structuralism ബെബിളിന്റെ ചരിത്ര പശ്ചാത്തലത്തെ അവഗണിച്ച് അതിനെ മറ്റ് സാങ്കൽപിക കഥകളെപ്പോലെ കാണുന്നു.
ബുൾട്ടുമാന്റെ സ്വാധീനം സാത്താനീയമോ?
ബുൾട്ടുമാൻ Form Criticism ത്തിന്റെ തത്ത്വങ്ങൾ പുതിയനിയമ സുവിശേഷ ഗ്രന്ഥങ്ങളുടെമേൽ പ്രയോഗിച്ചു. അങ്ങനെ പുതിയനിയമത്തിന്റെ ചരിത്രപരമായ വിശ്വസനീയതയെ ചോദ്യം ചെയ്തു. ചരിത്രത്തിൽ ജീവിച്ച യേശുവും ക്രിസ്ത്യാനികൾ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ക്രിസ്തുവും ഒന്നല്ല, രണ്ടാണെന്ന സാത്താനീയ വാദം പ്രചരിപ്പിക്കുന്നതിന് സഹായകമായ ചിന്തകൾ ബുൾട്ടുമാൻ മുന്നോട്ടുവച്ചു. ബെബിൾ എെതീഹ്യങ്ങളാൽ നിറയപ്പെട്ടിരിക്കുകയാണെന്നും, കാലഹരണപ്പെട്ട ഇത്തരം ഐതീഹ്യങ്ങളെ ഉപേക്ഷിച്ച്, അവയിൽ നിന്ന് വ്യാഖ്യാതാവിന് സ്വീകാര്യമായ ചിന്തകളെ മാത്രം സ്വീകരിക്കണമെന്നുമുള്ള വാദമാണ് ബുൾട്ടുമാന്റെ demythologization of the Bible അഥവാ ബെബിളിലെ ഐതീഹ്യവിപാടനം. എന്നാൽ ഏതാണ് ഐതീഹ്യം ഏതാണ് ചരിത്രം എന്ന് വേർതിരിക്കാൻ അവർക്ക് കഴിയില്ല. കാരണം അത്തരം മാനദണ്ധം അവർക്കില്ല എന്നതുതന്നെ. ഇതിൽ നിന്നും ഇവരുടെ അവകാശവാദങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്ന് തെളിയുന്നു.
ബെബിൾ സന്ദേശത്തെ ഒാരോ കാലത്തിനും ജനതക്കും അനുയോജ്യവും സ്വീകാര്യവുമായ രീതിയിൽ പാകപ്പെടുത്തി നൽകണമെന്ന Existentialist യാഖ്യാനരീതിയാണിത്. ബെബിൾ സന്ദേശത്തിന് അനുസൃതമായി ജനങ്ങളെ രൂപപ്പെടുത്തുന്നതിനുപകരം, ജനങ്ങളുടെ താൽപര്യപ്രകാരം ബെബിൾ സന്ദേശങ്ങളെ വളച്ചൊടിച്ച് കോട്ടിക്കളയുന്ന ആത്മീയ അട്ടിമറി തന്നെയാണ് ഇത്തരം തത്ത്വങ്ങളിലൂടെ ഇവർ സാധിച്ചെടുത്തത്. ബുൾട്ടുമാന്റെ അനുയായികൾ ബെബിളിനെക്കാൾ ആധികാരികത ബുൾട്ടുമാന്റെ അഭിപ്രായങ്ങൾക്ക് നൽകുന്നു. തങ്ങളുടെ യുക്തിക്കും ശാസ്ത്രത്തിനും അംഗീകരിക്കാൻ കഴിയാത്ത ബെബിൾ സത്യങ്ങളെ ഇവർ തിരസ്കരിക്കുന്നു.
സ്വായനുഭവപരവും അസ്തിത്വപരവുമായ (Subjective and Existentialist) വ്യാഖ്യാനം അവർ സ്വീകരിക്കുന്നു. അതിൻ പ്രകാരം ഓരോരുത്തരും ബെബിൾ വായിക്കുമ്പോൾ അവരവർക്ക് മുഖ്യമായി തോന്നുന്ന കാര്യങ്ങൾ വെളിപ്പാടായിത്തീരുന്നു. Barth, Emil Bruner എന്നിവരുടെ തത്ത്വപ്രകാരം ബെബിളിലെ വാക്കുകൾക്ക് ദെവത്തെപ്പറ്റിയുള്ള ശരിയായ കാര്യങ്ങൾ സംവേദിപ്പിക്കാൻ കഴിയില്ല. എന്നാൽ ഇവരുടെ വാക്കുകൾക്കും ആശയങ്ങൾക്കും അതിന് കഴിയും എന്ന് ഇവർ ചിന്തിക്കുന്നതിലെ വെരുദ്ധ്യം ഇവർ മനസിലാക്കുന്നില്ല. നിഗൂഢവും വ്യക്തിപരവുമായ കണ്ടുമുട്ടലിലൂടെ മാത്രമേ ഒരാൾക്ക് ദെവത്തെ അറിയാൻ കഴിയൂ എന്ന് അവർ വാദിക്കുന്നു. അങ്ങനെ അവർ ബെബിളിന്റെ ചരിത്രപരമായ വിശ്വസനീയതയെയും ദെവശാസ്ത്രപരമായ ഐക്യത്തെയും പ്രയോജനത്തെയും തള്ളിക്കളയുകയോ തുഛീകരിക്കുകയോ ചെയ്യുന്നു. അവർ ബെബിളിന്റെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ട് ദെവികമായ രീതിയിൽ ദെവത്തോട് ബന്ധപ്പെടുന്നതിന് പകരം തന്നിഷ്ടപ്രകാരം ദെവത്തോട് ബന്ധപ്പെടാൻ ശ്രമിച്ച് ദെവത്തിൽ നിന്ന് അകന്നു പോകുന്നു.
വിമോചന വ്യാഖ്യാനങ്ങൾ (കീഴാളവർഗ്ഗ വ്യാഖ്യാനം - Subaltern hermeneutics)
സംശയത്തിന്റെ വ്യാഖ്യാനശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവമാണ് ഇവയിൽ കാണുന്നത്. തങ്ങൾ അനുഭവിക്കുന്ന സാമൂഹിക അനീതികളിൽ നിന്ന് വിമോചനം നേടാൻ ഉതകുന്ന രീതിയിൽ അവർ ബെബിളിനെ വ്യാഖ്യാനിച്ച് കോട്ടിക്കളയുന്നു. ഇവയെല്ലാം ആധുനികകാലത്തെ മറ്റുചില തെറ്റായ വ്യാഖ്യാന രീതികളാണ്. Liberation Theology (വിമോചന ദെവശാസ്ത്രം) സാമ്പത്തികമായും രാഷ്ട്രീയമായും അടിച്ചമർത്ത പ്പെട്ടവരുടെ കാഴ്ച്ചപ്പാടിൽ നിന്ന് മാത്രം ബെബിളിനെ വ്യാഖ്യാനിക്കുന്നു. Feminist Theology (സ്ത്രീവിമോചന ദെവശാസ്ത്രം) സ്ത്രീകളുടെ താൽപര്യങ്ങളെ സംരക്ഷിക്കാനെന്ന മറവിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ബെബിളിനെ വ്യാഖ്യാനിച്ച് കോട്ടിക്കളയുന്നു. ദെവത്തെ സ്ത്രീയായി ചിത്രീകരിക്കുന്നു. സ്ത്രീവാദികൾ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബെബിളിനെ ഉപകരണമായി ഉപയോഗിക്കുക എന്ന നീചമായ രീതിയാണ് സ്വീകരിക്കുന്നത്. ബെബിൾ പുരുഷമേധാവിത്വത്തെ അംഗീകരിക്കുന്നു എന്ന് അവർ തെറ്റിദ്ധരിക്കുന്നു. യേശുവും ബെബിളും സ്ത്രീകൾക്ക് മാന്യവും അർഹവും തുല്യവുമായ സ്ഥാനം കൊടുക്കുന്നു എന്ന് വസ്തുത അവർ മറച്ചുവയ്ക്കുന്നു. അടിച്ചമർത്തപ്പെട്ട സ്ത്രീജനങ്ങളുടെ കാഴ്ചപ്പാടിൽ നിന്നുമാത്രം ബെബിളിനെ വ്യാഖ്യാനിക്കുന്നു. ദെവവിരുദ്ധമായ സ്ത്രീവാദത്തിന്റെ അടിസ്ഥാനത്തിൽ അവർ ബെബിളിനെ പുനഃസൃഷ്ടി നടത്തി സ്ത്രീകളുടെ ബെബിൾ ഉണ്ടാക്കി. അങ്ങനെ പുരുഷമേധാവിത്വ വിപാടനം (depatriarchalizing) സാദ്ധ്യമാക്കാമെന്ന് അവർ ചിന്തിക്കുന്നു. Black Theology (കറുത്ത വർഗ്ഗക്കാരുടെ വിമോചന ദെവശാസ്ത്രം) - കറുത്തവർഗ്ഗക്കാർ അനുഭവിക്കുന്ന ചൂഷണത്തിന്റെയും വർണ്ണവിവേചനത്തിന്റെയും പശ്ചാത്തലത്തിൽ അവർ ബെബിളിനെ വ്യാഖ്യാനിക്കുന്നു. ദെവത്തെ കറുത്തവനായും കറുത്തവരുടെ വിമോചകനായും ചിത്രീകരിക്കുന്നു. Dalit Theology (ദലിത് ഗോത്രവർഗ്ഗ വ്യാഖ്യാനങ്ങൾ) - ഇന്ത്യയിലെ ജാതിവ്യവസ്ഥയാൽ അടിച്ചമർത്തപ്പെട്ടവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ബെബിളിനെ വ്യാഖ്യാനിക്കുന്ന രീതിയാണിത്.
ഉയർന്ന വിമർശനം
(Higher Criticism - Literary Criticism)
ആന്തരികവും ബാഹ്യവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേദവാക്യങ്ങൾ കലർപ്പില്ലാത്തതാണോ എന്ന് തീരുമാനിക്കാനുള്ള ശ്രമമാണ് ഇതിൽ നടക്കുന്നത്. പ്രകടമായ വേദവാക്യസത്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റെല്ലാത്തിനെയും മനസിലാക്കുന്നതിനു പകരം, മാനുഷിക അഭിപ്രായങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ വേദവാക്യങ്ങളുടെ സത്യമൂല്യം തകർക്കാനുള്ള പദ്ധതിയാണിത്. ബെബിൾ ദെവനിവേശിതമാണ് എന്ന വിശ്വാസം ഇല്ലാത്തവരാണിവർ. മാനുഷിക യുക്തിക്ക് അമിതപ്രാധാന്യം കൊടുക്കുകയും ദെവിക ഇടപെടലുകളുടെ സാദ്ധ്യതകളെ തള്ളിക്കളയുകയും ചെയ്യുന്ന പ്രവണതയാണ് അവരുടെ പഠനങ്ങളിലുള്ളത്. വേദവാക്യങ്ങൾ ശരിയാണോ എന്ന് ആത്മാർത്ഥമായി പരിശോധിക്കാനുള്ള ശ്രമത്തെക്കാൾ അധികമായി, എങ്ങനെയെങ്കിലും വേദവാക്യങ്ങൾ ശരിയല്ല എന്ന് വരുത്തിത്തീർക്കാനും, വായനക്കാരിൽ അത്തരം സംശയം ഉളവാക്കാനുമുള്ള അവിശുദ്ധവും തന്ത്രപരവുമായ ശ്രമമാണ് ഇവിടെ കാണുന്നത്.
പഴയനിയമത്തെപ്പറ്റിയുള്ള ഉയർന്ന വിമർശനം
പഴയനിയമ ഗ്രന്ഥങ്ങളുടെ ഗ്രന്ഥകർത്താക്കൾ, എഴുതിയകാലം, പുസ്തകങ്ങളുടെ ഐക്യത എന്നിവയുടെ സത്യാവസ്ഥയെ സംബന്ധിച്ച് ഇവർ സംശയം ജനിപ്പിക്കാൻ ശ്രമിക്കുന്നു. ഉദാഹരണമായി ബെബിളിലെ ആദ്യ 5 പുസ്തകങ്ങൾ മോശ എഴുതിയതല്ലെന്നും, മറ്റ് നാലുപേർ എഴുതിയിട്ട് മറ്റൊരാൾ പിന്നീട് അവയെല്ലാം കൂട്ടിച്ചേർത്തതാണെന്നും ഇവർ വാദിക്കുന്നു. ഉൽപത്തി 1, 2 അദ്ധ്യായങ്ങളിലെ സൃഷ്ടിയെപ്പറ്റിയുള്ള വ്യത്യസ്തമായ പ്രതിപാദനം, ദെവത്തിന് എലോഹിം, യാഹ് വ എന്ന രണ്ട് തരം പേരുകൾ എന്നിവയെതെറ്റായി മനസിലക്കിയതുകൊണ്ടാണ് ഇത്തരം തെറ്റ് അവർക്ക് പറ്റിയത്. വാസ്തവത്തിൽ സൃഷ്ടിയെപ്പറ്റിയുള്ള വ്യത്യസ്ത പ്രതിപാദനങ്ങൾ പരസ്പര പൂരകങ്ങളാണ്. ഉൽപത്തി ഒന്നാം അദ്ധ്യായത്തിൽ സൃഷ്ടിയെപ്പറ്റി പൊതുവായി പറയുമ്പോൾ, രണ്ടാം അദ്ധ്യായത്തിൽ ആറാം ദിവസത്തിലെ മനുഷ്യസൃഷ്ടിയെ കൂടുതൽ വിശദമായി പ്രതിപാദിക്കുന്നു. മാത്രമല്ല എലോഹിം എന്നത് ദെവത്തിനുള്ള ഗണപരമായവാക്കും (Generic term), യാഹ് വ എന്നത് ദെവത്തിന്റെ വ്യക്തിപരമായ പേരുമാണ്. ഏശയ്യായുടെ പുസ്തകം രണ്ട് പേരാൽ എഴുതപ്പെട്ടതാണ് എന്ന ഇവരുടെ വാദം തെറ്റാണെന്ന് ചാവു കടൽ ചുരുളുകൾ (Dead Sea Scrolls) തെളിയിച്ചു.
പുതിയ നിയമത്തെപ്പറ്റിയുള്ള ഉയർന്ന വിമർശനം
1. ശ്രാതസ് വിമർശനം (Source Criticism)
ഇവർ പുതിയനിയമ എഴുത്തുകാർ ഉപയോഗിച്ച വസ്തുതകളോട് ബന്ധമുള്ള മറ്റുചില എഴുതപ്പെട്ടതും വായ്മൊഴിയായും ഉള്ള ശ്രാതസ്സുകൾക്ക് ബെബിളിനെക്കാൾ പ്രാധാന്യം കൊടുക്കുന്നു. അത്തരം ശ്രാതസ്സുകളിൽ നിന്ന് കടമെടുത്താണ് പുതിയനിയമ എഴുത്തുകാർ ബെബിൾ എഴുതിയതെന്ന് വാദിച്ച് ബെബിളിന്റെ ദെവനിവേശിതയെയും ആധികാരികതയെയും ഇവർ നിഷേധിക്കുന്നു.
എഴുത്തുകാരെ മാറ്റരുത്
മത്തായി മർക്കോസ് ലൂക്കാ സുവിശേഷങ്ങൾ തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എങ്ങനെ ഉണ്ടായി എന്നതാണ് Synoptic problem. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന പഠന മേഖലയാണ് Source criticism. മർക്കോസിന്റെ സുവിശേഷമാണ് ആദ്യത്തേതെന്നും മത്തായിയും ലൂക്കോസും മർക്കോസിന്റെ സുവിശേഷത്തെയും മറ്റൊരു സ്രാതസിനെയും (Q source) അടിസ്ഥാനമാക്കിയാണ് രചന നടത്തിയതെന്നുമുള്ള ചില ആധുനിക ദെവശാസ്ത്രജ്ഞരുടെ വാദം അടിസ്ഥാനരഹിതമാണ്. യേശുവിന്റെ ശിഷ്യനായിരുന്ന മത്തായിക്ക് യേശുവിന്റെ ശിഷ്യനല്ലായിരുന്ന മർക്കോസിന്റെ രചനയെ ആശ്രയിക്കേണ്ടി വന്നു എന്ന വാദം സദുദ്ദേശപരമല്ല. ബെബിളിന്റെ ദെവനിവേശികത്വത്തിൽ വിശ്വസിക്കാനുള്ള മടി കൊണ്ടാണ് ഇത്തരം തെറ്റായ പഠനങ്ങളിലും ദെവവചനത്തിലുള്ള അവിശ്വാസത്തിലും എത്തിച്ചേരുന്നത്. ആത്യന്തികമായി ഇതെല്ലാം ബെബിളിന്റെ അടിസ്ഥാനസത്യങ്ങളെ മനസിലാക്കുന്നതിൽ നിന്ന് വ്യക്തികളെ തടയുന്നു.
2. രൂപവിമർശനം (Form Criticism)
ബെബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന വേദവാക്യങ്ങളെ അതേപടി അംഗീകരിക്കുന്നതിനു പകരം, അതിൽ നിന്ന് വ്യത്യസ്തമായി മറ്റെന്തോ ആണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നും എഴുപ്പെടേണ്ടിയിരുന്നത് എന്നും, ബെബിളിന്റെ യഥാർത്ഥ രൂപം മറ്റൊന്നായിരിക്കേണ്ടതായിരുന്നു എന്നും, അതിനാൽ ബെബിളിന്റെ നിലവിലുള്ള രൂപം ദെവനിവേശിതമല്ലെന്നും വാദിക്കുന്നു. അങ്ങനെ അവർ ബെബിളിന്റെ മൂല്യം കുറച്ചുകാണിക്കാൻ ശ്രമിക്കുന്നു. അതിനായി അവർ ചില സംഭവങ്ങളെയും വായ്മൊഴി പാരമ്പര്യങ്ങളെയും ഉപയോഗിക്കുന്നു.
3. സംശോധന വിമർശനം (Redaction Criticism)
പുതിയനിയമ എഴുത്തുകാർ തങ്ങളുടെ ദെവശാസ്ത്രപരമായ ചില പ്രതേ്യക ഉദ്ദേശ സാദ്ധ്യത്തിനുവേണ്ടി ചില പ്രതേ്യക ശ്രാതസ്സുകളെ ഉപയോഗിച്ചു എന്നും, അതിനുശേഷം അവർ എഴുതിയതിനെ മറ്റുചിലർ തങ്ങളുടെ ഇഷ്ടപ്രകാരം ശോധന ചെയ്തെടുത്ത് പ്രസിദ്ധീകരണ യോഗ്യമക്കി എന്നുമുള്ള വാദമാണിത്. അതായത് പുതിയനിയമ ഗ്രന്ഥങ്ങൾ ചില പ്രസാധകർ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും, ദെവനിവേകിതമല്ലെന്നും ഇവർ വാദിക്കുന്നു.
പുതിയ നിയമത്തെപ്പറ്റിയുള്ള താഴ്ന്ന വിമർശനം (Lower Criticism – Textual Criticism)
ചില വ്യാഖ്യാന നിയമങ്ങളും രീതികളും ഉപയോഗിച്ച് ബെബിളിന്റെ ലഭ്യമായ കോപ്പികളെല്ലാം പരിശോധിക്കുകയും, ബെബിൾ എഴുതപ്പെട്ട മതപരവും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവും ഭാഷാപരവും ചരിത്രപരവുമായ സാഹചര്യങ്ങളെ വിലയിരുത്തുകയും ചെയ്തിട്ട് ഗ്രന്ഥകർത്താവ് ഉദ്ദേശിച്ച യഥാർത്ഥ അർത്ഥം ഇന്നതാണ് എന്ന് നിരൂപിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ബെബിളിലെ അടിസ്ഥാനസത്യങ്ങളിൽ വിശ്വസിച്ചുകൊണ്ട് ചെയ്താൽ പ്രയോജനപ്പെടുന്ന ഒരു പഠനരീതിയാണ് ഇത്. എന്നാൽ ബെബിളിലെ അടിസ്ഥാനസത്യങ്ങൾക്ക് വേണ്ടത്ര ഉൗന്നൽ കൊടുക്കാതെ സാഹചര്യങ്ങൾക്ക് അനർഹമായ സ്ഥാനം കൊടുത്ത് വ്യാഖ്യാനിച്ചാൽ അത് ബെബിൾ സത്യങ്ങളെ തന്ത്രപരമായി കോട്ടിക്കളയുന്നതിനോട് തുല്യമായിത്തീരുന്നതാണ്. ഇത്തരം അപകടകരമായ വ്യാഖ്യാനങ്ങൾ ഇന്ന് കൂടിവരുകയാണ്. അതിനാൽ വിശ്വാസികൾ ജാഗ്രതയോടിരിക്കണം.
ലിബറലിസവും തെറ്റായ വ്യാഖ്യാന തന്ത്രങ്ങളും
ബെബിൾ ബെബിളിനെ വാച്യാർത്ഥത്തിൽ തന്നെ വ്യാഖ്യാനിക്കുന്നു. വാച്യാർത്ഥം വ്യക്തമായിരിക്കുമ്പോൾ നിഗൂഢ അർത്ഥം തേടേണ്ടതില്ല. എന്നാൽ മനപൂർവ്വം ബെബിളിനെ വളച്ചൊടിക്കാൻ ആഗ്രഹിക്കുന്നവർ അതിനായി പല തന്ത്രങ്ങളും മെനയുന്നു.
എഴുത്തുകാരനില്ലാത്ത ലക്ഷ്യം ഉണ്ടെന്ന് ആരോപിച്ച് വചനസത്യം വളച്ചൊടിക്കുന്നു
വചനഭാഗത്തുള്ള വാക്കുകളാണ്, അവിടെ പ്രകടമായി പറഞ്ഞിരിക്കുന്ന കാര്യമാണ് ദെവനിവേശിതം. അല്ലാതെ എഴുത്തുകാരന്റെ ലക്ഷ്യമോ, എഴുത്തുകാരന്റെ ലക്ഷ്യമെന്ന മറവിൽ വ്യാഖ്യാനക്കാരൻ മുന്നോട്ടുവയ്ക്കുന്ന ന്യായീകരണമോ അല്ല. വചനഭാഗത്ത് പറഞ്ഞിരിക്കുന്ന കാര്യത്തിനാണ് നാം മുൻഗണന കൊടുക്കേണ്ടത്. അല്ലതെ അത് മറ്റ് ചില കാരണങ്ങളാണ് എഴുത്തുകാരൻ പറഞ്ഞത് എന്ന് വരുത്തിത്തീർക്കാനല്ല. എഴുത്തുകാരന്റെ ഉദ്ദേശം കണ്ടെത്തി വചനത്തെ വളച്ചൊടിക്കാനുള്ള പ്രവണതയെ സൂക്ഷിക്കുക. എഴുത്തുകാരന്റെ ലക്ഷ്യമല്ല അർത്ഥത്തെ നിർണ്ണയിക്കുന്നത്. മറിച്ച് എഴുതപ്പെട്ടിരിക്കുന്നത് എന്തോ അതാണ് അർത്ഥത്തെ നിർണ്ണയിക്കുന്നത്. വചനഭാഗത്ത് വ്യക്തമായി നൽകപ്പെട്ടിരിക്കുന്ന വാക്കുകളുടെ പ്രകടമായ അർത്ഥത്തിൽ നിന്ന് വ്യത്യസ്തമായ അർത്ഥം എഴുത്തുകാരന്റെ ലക്ഷ്യത്തിന്റെ മറവിൽ ആരോപിക്കുന്നത് വലിയ അട്ടിമറിയാണ്. എഴുത്തുകാരന്റെ ലക്ഷ്യം ഏറ്റവും കൃത്യമായി പ്രകടമാകുന്നത് എഴുത്തുകാരന്റെ അതതു വാക്കുകളിലൂടെയാണ്. അല്ലാതെ എഴുത്തുകാരന്റെ ലക്ഷ്യത്തെപ്പറ്റിയുള്ള വ്യാഖ്യാനക്കാരന്റെ ഉൗഹത്തിൽ നിന്നല്ല.
മുഖ്യകാര്യങ്ങൾക്ക് മുഖ്യത്വം കൊടുക്കാതിരിക്കുന്നു
ഇന്ന് ലഭ്യമല്ലാതിരിക്കുന്ന മൂലകൃതിയിലെ കൃത്യമായ വാക്കുകൾ ഇന്നതായിരുന്നു എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്ന പണ്ധിതർ ആശയക്കുഴപ്പത്തിലാകും. കാരണം മൂലകൃതിയിലെ വാക്കുകൾ ഇന്നതായിരുന്ന എന്ന് പരിപൂർണ്ണകൃത്യതയിൽ ഇന്ന് ലഭ്യമായ കോപ്പികളിൽ നിന്ന് സ്ഥാപിക്കാൻ കഴിയില്ല. അപ്രധാന കാര്യങ്ങൾക്ക് ക്രമാതീതമായ പ്രധാന്യം കൊടുക്കുന്ന "പണ്ധിതർ' തെറ്റിൽ കുടുങ്ങിപ്പോകുന്നു. ദെവം ഈലോകത്തിന്റെ ജ്ഞാനികളെ അവരുടെ കൗശലത്തിൽ തന്നെ കുടുക്കുന്നു എന്നതിന് ഉദാഹരണമാണിത് (1കൊറി 3:18-21). എന്നാൽ ദെവികസത്യവും ഉപദേശങ്ങളും ഇന്നതാണ് എന്ന് പരിപൂർണ്ണകൃത്യതയിൽ ഇന്ന് ലഭ്യമായ കോപ്പികളിൽ നിന്ന് സ്ഥാപിക്കാൻ കഴിയും. അതിനാൽ ദെവികസത്യം അനേ്വഷിക്കുന്ന സത്യവിശ്വാസിക്ക് സത്യം കൃത്യമായി ലഭിക്കുന്നതായി ഉറപ്പ് ലഭിക്കുന്നു. അതിന്റെയൊക്കെ അർത്ഥം ചെറിയ ചില തെറ്റുകൾക്കല്ല, മറിച്ച് ഏറ്റവും വ്യക്തവും പ്രകടവും പ്രധാനവുമായ സന്ദേശങ്ങൾക്കും ഉപദേശങ്ങൾക്കുമാണ് നാം സഭാജീവിതത്തിൽ മുൻതൂക്കം കൊടുക്കേണ്ടത് എന്നാണ്. ബെബിളിൽ നിന്ന് വ്യക്തമായി ഉരുത്തിരിയുന്ന ഉപദേശങ്ങളാണ് ദെവം അംഗീകരിക്കുന്നവ. അവയ്ക്ക് വിരുദ്ധമായി അവ്യക്തമായ ചില ബെബിൾ ഭാഗങ്ങളെ അടിസ്ഥാനമാക്കി മനുഷ്യൻ നിർമ്മിച്ചെടുക്കുന്ന ഉപദേശങ്ങൾ ദുരുപദേശങ്ങളായിത്തീരും. അവ ദെവവചനത്തിന്റെ അഖണ്ധതയെ ലംഘിക്കുന്നു (യോഹ 10:34-35).
സംഭവവും ഉപദേശവും കൂട്ടിക്കുന്നത് തെറ്റാണ്
ദെവത്തിന്റെ മുൻഗണനയായിരിക്കണം നമ്മുടെയും മുൻഗണന. ദെവം മുൻഗണന കൊടുത്ത് വെളിപ്പടുത്തുന്ന സത്യങ്ങളുടെ അടിസ്ഥാനത്തിലാണ് നാം ഉപദേശങ്ങൾ രൂപപ്പെടുത്തേണ്ടത്. ബെബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഭവങ്ങളെ വ്യാഖ്യാനിച്ച് ഉപദേശം രൂപപ്പെടുത്തുന്നത് തെറ്റിലേക്ക് നയിക്കും. ഉദാഹരണമായി ദാവിദിന്റെ പാപത്തിൽ നിന്ന് (2 സാമു 11:4) അധാർമ്മികതയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് തെറ്റാണ്.
എഴുതപ്പെട്ട സമയത്തിൽ മായം ചേർക്കരുത്
പുതിയനിയമ ഗ്രന്ഥങ്ങളിൽ ഒന്നിനെയും എ.ഡി. 80 ന് ശേഷം എഴുതപ്പെട്ടു എന്ന് കണക്കാക്കേണ്ടതില്ല. അതിനാൽ അവയെ എ.ഡി. 130 ന് ശേഷം എഴുതപ്പെട്ടു എന്ന് വരുത്തിത്തീർക്കാൻ ചില ദെവശാസ്ത്രജ്ഞർ നടത്തുന്ന ശ്രമം തികച്ചും സാത്താനീയമാണ്. താമസിച്ചാണ് എഴുതപ്പെട്ടത് എന്ന് സ്ഥാപിച്ചിട്ട്, കാലതാമസം മൂലം ബെബിളിൽ കെട്ടുകഥകൾ കടന്നു കൂടി എന്ന് ആരോപിച്ച് ബെബിളിന്റെ ആധികാരികത കുറച്ച് കാണിക്കാനുമുള്ള പഴുത് കണ്ടെത്തുന്നു. അത് ബെബിളിന്റെ എഴുത്തുകാരെ മാറ്റിക്കളയാനുള്ള തന്ത്രമായും ഉപയോഗിക്കുന്നു.