സഭയും ദൗത്യവും
യേശുവിന്റെ സഭ പ്രതീകാത്മകമായി യേശുവിന്റെ ശരീരമാണ്. ഈ സഭ ഏകവും വിശുദ്ധവും സാർവ്വത്രികവുമാണ്. സഭയുടെ കാലഘട്ടം പെന്തെക്കോസ്ത് നാൾ തുടങ്ങി ഉൽപ്രാപണം (യേശുവിന്റെ രണ്ടാം വരവിൽ സഭ എടുക്കപ്പെടുന്നത്) വരെയാണ്. ഇൗ കാലഘട്ടത്തിലുള്ള സകല ക്രിസ്തീയ വിശ്വാസികളും സഭാശരീരത്തിന്റെ ഭാഗമാണ്. പരിശുദ്ധാത്മസ്നാനത്തോടെയാണ് സഭയുടെ ആരംഭം. പരിശുദ്ധാത്മസ്നാനം കൂടാതെ ആർക്കും സഭയുടെ അംഗമാകാൻ കഴിയില്ല. യേശുവിൽ വിശ്വസിക്കുമ്പോഴാണ് സത്യവിശ്വാസിക്ക് പരിശുദ്ധാത്മസ്നാനം ലഭിക്കുന്നതും സഭയുടെ അംഗമാകുന്നതും. ഈ സഭയുടെ തല യേശുവും, യേശുവിൽ വിശ്വസിക്കുന്നവർ സഭാശരീരത്തിലെ വിവിധ അവയവങ്ങളുമാണ്. സഭയുടെ പരമാധികാരി യേശു മാത്രമാണ്. സഭയുടെ മാർഗ്ഗദർശി പരിശുദ്ധാത്മനിവേശിതമായ ദൈവവചനമായ ബൈബിൾ മാത്രമാണ്. എല്ലാ അംഗങ്ങളും പരസ്പരം കീഴ്പ്പെട്ടിരിക്കണം. സഭയിൽ വിവിധ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർ ശുശ്രൂഷകർ ലൗകിക അധികാരകേന്ദ്രങ്ങൾ ആകാനുള്ളവരല്ല. വിശ്വാസികളെ ശിഷ്യപ്പെടുത്തി കൂടുതൽ കൂടുതലായി യേശുവിനെപ്പോലെയാക്കുക എന്നതാണ് അവരുടെ ദൗത്യം. പാപത്തെക്കുറിച്ച് പശ്ചാത്തപിച്ച് മാനസാന്തരപ്പെട്ട് യേശുവിൽ വിശ്വസിച്ച് യേശുവിന്റെ പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിച്ചവരെ യേശു പരിശുത്മസ്നാനത്തിലൂടെ യേശുവിനോട് ചേർത്ത് യേശുവിന്റെ ശരീരമായ സഭയുടെ അവയവമാക്കിത്തീർത്ത് സഭയോട് ഐക്യപ്പെടുത്തുന്നു. ഇങ്ങനെ ഒരേ ആത്മാവിനാൽ ഒരേ ശരീരത്തിലെ വിവിധ അവയവങ്ങളായി രൂപാന്തരപ്പെട്ട വിശ്വാസികൾ അനുസരണത്തിലും സ്നേഹത്തിലും എെക്യത്തിലും ജീവിക്കണം. യേശുവിനെ അറിഞ്ഞിട്ടില്ലാത്തവർക്ക് യേശുവിനെ പരിചയപ്പെടുത്തുകയും അവരെ യേശുവിന്റെ ശിഷ്യരാക്കുകയും അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതാണ് സഭയുടെ ദൗത്യം. ദൈവവചനമായ ബൈബിളിലെ അടിസ്ഥാന ഉപദേശങ്ങൾ അംഗീകരിക്കാത്തവരും ബൈബിൾ വിരുദ്ധമായ ഉപദേശങ്ങൾക്ക് ഊന്നൽ കൊടുക്കുന്നവരും സ്വന്തം ജീവിതത്തിൽ ആത്മാവിന്റെ ഫലം പുറപ്പെടുവിച്ച് യേശുവിന്റെ സ്വഭാവം പ്രകടിപ്പിക്കാത്തവരും യേശുവിന്റെ സഭയുടെ അംഗങ്ങളല്ല. അതിനാൽ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞ് യേശുവിന്റെ സഭയുടെ ഭാഗമാണ് എന്ന് അവകാശപ്പെടുന്നവരെല്ലാം യഥാർത്ഥത്തിൽ അങ്ങനെ ആയിരിക്കണമെന്നില്ല. വിശ്വാസികളിലുള്ള പരിശുദ്ധാത്മനിറവിന്റെ അടയാളം അവരിൽ പ്രകടമാകുന്ന ആത്മാവിന്റെ ഫലവും ക്രിസ്തുവിന്റെ സ്വഭാവവുമാണ്. ഇങ്ങനെ പരിശുദ്ധാത്മനിറവുള്ള വിശ്വാസികൾക്ക് സുവിശേഷീകരണത്തിനും സഭയുടെ ആത്മീകവർദ്ധനവിനും വേണ്ടി യേശുക്രിസ്തു പരിശുദ്ധാത്മാവിന്റെ വരങ്ങൾ നൽകുന്നു (മത്താ 28:18-20; യോഹ 17; 1കൊറി 12:12-27; എഫേ 4:12-16; കൊലോ 1:24-29).
പ്രാദേശിക സഭകൾ
ഓരോ പ്രദേശങ്ങളിലുമുള്ള പ്രാദേശിക സഭകൾ യേശുവിന്റെ ശരീരമായ സാർവ്വത്രികസഭയുടെ ദൃശ്യമായ ഭാഗങ്ങളാണ്. വിശ്വാസികൾ ഒരുമിച്ചുകൂടുകയും പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എല്ലാവരുടെയും ആത്മീയ വളർച്ചക്ക് ആവശ്യമാണ്. ഒരുമിച്ച് വചനം പഠിക്കുകയും പ്രാർത്ഥിക്കുകയും ആരാധിക്കുകയും സഭയുടെ അനുഷ്ഠാനങ്ങൾ അനുസരിക്കുകയും വേണം. പരസ്പരം തിരുത്തുകയും അവരവരുടെ കൃപാവരങ്ങൾ മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കുകയും വേണം. സുവിശേഷീകരണം നടത്തണം. ശിരസായ യേശുക്രിസ്തുവിന്റെ അധികാരത്തിന് വചനപ്രകാരം വിധേയപ്പെട്ടുകൊണ്ട് പ്രാദേശികസഭക്ക് അവരുടെ വിഷയങ്ങളിൽ തീരുമാനം എടുക്കാനും തീർപ്പുകൽപ്പിക്കാനും അവകാശമുണ്ട്. പ്രാദേശിക സഭയുടെ ഇത്തരം അവകാശങ്ങൾ ഹനിക്കുന്നത് അവയുടെ വളർച്ചക്ക് തടസവും ദൈവവചനവിരുദ്ധവും ആകുന്നു. സ്ത്രീകൾ സഭയിൽ പുരുഷന്മാരെ പ്രബോധിപ്പിക്കരുത് എന്നത് സ്വർണ്ണം ഉപയോഗിക്കരുത് എന്നതിനെക്കാൾ വ്യക്തമായി പറഞ്ഞിരിക്കുന്ന ഉപദേശമാണ് (1തിമോ 2:9-15). കൂട്ടായ്മയും അംഗത്വവും യേശുവിലുള്ള വിശ്വാസത്തിന്റെയും അടിസ്ഥാന ഉപദേശങ്ങളോടുള്ള യോജിപ്പിന്റെയും അടിസ്ഥാനത്തിലാണ്. അടിസ്ഥാനപരമല്ലാത്ത ഉപദേശവിഷയങ്ങളിലുള്ള വിയോജിപ്പ് വിശ്വാസികളു സഭകളും തമ്മിലുള്ള കൂട്ടായ്മക്കും സഹകരണത്തിനും തടസമാകാൻ പാടില്ല. പ്രാദേശിക സഭകളിൽ അവിശ്വാസികളും കണ്ടേക്കാം (1കൊറി 14:23). എന്നാൽ സാർവ്വത്രിക സഭയിൽ വിശ്വാസികൾ മാത്രമാണുള്ളത്. ക്രിസ്തീയ സ്വാതന്ത്ര്യം ഉത്തരവാദിത്വപൂർവ്വമായ സഹകരണത്തിനും എല്ലാവരുടെയും ആത്മീയവളർച്ചക്കും പ്രയോജനകരമാകുന്ന രീതിയിൽ ഉപയോഗിക്കണം. ദൈവവചനത്തിൽ അധിഷ്ടിതമായ ഉപദേശത്തിനും, ദൈവവുമായുള്ള ആഴമായ വ്യക്തിബന്ധത്തിനും ആത്മനിറവിലുള്ള വിശുദ്ധജീവിതത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കേണ്ടതാണ്.
സഭയുടെ അനുഷ്ഠാനങ്ങൾ
തന്നിൽ വിശ്വസിക്കുന്നവരെല്ലാം കൂട്ടമായി ആചരിക്കാൻ വേണ്ടി യേശു ആചരിച്ചുകാണിച്ചതും കൽപ്പിച്ചതുമായ ആചാരങ്ങൾ രണ്ടെണ്ണമാണ്. അവ രണ്ടും പ്രതീകങ്ങളാണ്. ഈ പ്രതീകങ്ങളുടെ ആചരണവും അനുസരണവും വിശ്വാസികൾ അവയുടെ ശരിയായ അർത്ഥം തങ്ങളുടെ ജീവിതത്തിൽ പ്രായോഗികമാക്കി ജീവിക്കുന്നതിനും ക്രിസ് തീയ സത്യങ്ങളുടെ സാക്ഷ്യപ്രഖ്യാപനത്തിനും ആവശ്യമാണെന്ന് ദൈവം നിശ്ചയിച്ചിരിക്കുന്നു.
വെള്ളത്തിലുള്ള മുഴുകൽ സ്നാനം
യേശുവുമായുള്ള ബന്ധം ആരംഭിച്ചു എന്നതിന്റെ പ്രതീകാത്മക പ്രകടനമാണിത്. വീണ്ടും ജനിച്ചവർ തങ്ങളുടെ രക്ഷകനോടുള്ള അനുസരണത്തിന്റെ ഭാഗമായി വെള്ളത്തിലുള്ള മുഴുകൽ സ്നാനം ആചരിക്കുന്നു. വിശ്വാസത്താൽ തങ്ങളും ക്രിസ്തുവിന്റെ മരണത്തോടും അടക്കത്തോടും ഉയിർപ്പിനോടും ഏകീഭവിച്ച് ക്രിസ്തുവിനോടുകൂടെ പാപസംബന്ധമായി മരിക്കുകയും അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റിരിക്കുകയും ചെയ്തിരിക്കുന്നു എന്ന വസ്തുതയുടെ പ്രതീകാത്മകമായ പ്രഖ്യാപനമാണിത്. തങ്ങൾക്ക് പകരമായി ക്രിസ്തു അനുഭവിച്ച ശിക്ഷ തങ്ങൾക്ക് വേണ്ടിയാണ് എന്ന് അംഗീകരിച്ച് ക്രിസ്തുവിനോട് ചേർന്ന രക്ഷാകരമായ വിശ്വാസത്തിന്റെ പ്രകടമായ ആചരണമാണിത്. പാപത്തിന്റെയും ലോകത്തിന്റെയും സാത്താന്റെയും അടിമത്തത്തിൽ നിന്ന് ക്രിസ്തുവിൽ ലഭിച്ച സ്വാതന്ത്ര്യത്തിന്റെയും വിജയത്തിന്റെയും പ്രതീകാത്മകമായ ആഘോഷമാണിത് (മത്താ 28:19; അപ്പൊ. പ്രവൃ. 10:47-48; റോമ 6:3-11).
കർത്തൃമേശ
യേശുവുമായുള്ള ബന്ധം തുടരുന്നു എന്നതിന്റെ പ്രതീകാത്മക പ്രകടനമാണിത്. ക്രിസ്തുവിന്റെ മരണത്തെയും വിശ്വാസികൾക്ക് ക്രിസ്തുവിനോടുള്ള ബന്ധത്തെയും അനുസ്മരിപ്പിക്കുകയും, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ പ്രതീക്ഷിക്കുകയും ചെയ്യുന്ന ആഘോഷമാണിത്. ഇതിലൂടെ കർത്താവിന്റെ രണ്ടാമത്തെ വരവുവരെ മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള കർത്താവിന്റെ ബലിമരണത്തെ പ്രസ്താവിക്കുന്നു. അപ്പവും വീഞ്ഞും കർത്താവിന്റെ ശരീരത്തെയും രക്തത്തെയും പ്രതിനിധീകരിക്കുന്നു (ഏശ 53; സങ്കീ 22:1-21; മത്താ 26:26-30; ലൂക്കാ 2:7-20; 1കൊറി 10:16-17; 11:23-28). എന്നാൽ വസ്തുമാറ്റം സംഭവിക്കുന്നില്ല. അതായത് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ മാംസവും രക്തവുമായി മാറ്റപ്പെടുന്നില്ല.
ആധുനിക ദെവശാസ്ത്രത്തിൽ നിന്നും ആധുനിക ദെവശാസ്ത്രജ്ഞരിൽ നിന്നും സഭയെ മോചിപ്പിക്കണം
ഈ പ്രവണതയെ നേരിടാൻ, സാത്താനെ ചെറുത്തുനിൽക്കാൻ സത്യത്തെ സ്നേഹിക്കുന്ന വിശ്വാസികൾ മുന്നോട്ടുവരണം. ഇങ്ങനെ സത്യത്തിനുവേണ്ടി ജീവിക്കാൻ തയ്യാറുള്ള വിശ്വാസികൾക്ക് ബെബിളിന്റെയും ദെവശാസ്ത്രത്തിന്റെയും സാരസംഗ്രഹം ഏറ്റവും ലളിതമായ രീതിയിൽ എത്തിച്ചു കൊടുക്കണം. ശുദ്ധമായ ദെവവചനത്തിന്റെഅടിസ്ഥാനത്തിൽചിന്തിക്കാനും, ശരിയായ ക്രിസ്തീയ ആത്മീയത എന്താണെന്നു മനസിലാക്കാനും, അങ്ങനെ കപട ആത്മീയതകളെതിരിച്ചറിഞ്ഞ് ഉപേക്ഷിക്കാനും വിശ്വാസികളെ പ്രാപ്തരാക്കണം. സഭയ്ക്ക്അകത്തും പുറത്തും പടർന്നുകൊണ്ടിരിക്കുന്ന ദുരുപദേശങ്ങളെക്കുറിച്ച് അവബോധവും മുന്നറിയിപ്പും നൽകി ദുരുപദേശങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം. സഭയിലേക്ക് നുഞ്ഞുകയറിക്കൊണ്ടിരിക്കുന്ന ആധുനിക ദെവശാസ്ത്രത്തിന്റെ ദുരുപദേശങ്ങൾക്കെതിരെ പ്രതികരിക്കാൻ വിശ്വാസികളെ ആത്മീയവും ബൗദ്ധികവുമായി പ്രാപ്തരാക്കണം. സഭകളിലും ലോകത്തിലുമുള്ള തെറ്റായ ആനുകാലിക ആത്മീയ പ്രവണതകളെ യഥാസമയത്ത് തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് ആവശ്യമാണ്. ക്രിസ്തുവിരുദ്ധവും ദെവവചന വിരുദ്ധവുമായ അനേകം പ്രവണതകൾ ഇന്ന്എല്ലാ സഭകളിലും വളർന്നുകൊണ്ടിരിക്കുന്നു. അവയെ തിരിച്ചറിയാനും, അവയ്ക്കെതിരെ നിലകൊള്ളാനും യേശുക്രിസ്തുവിന്റെ സത്യത്തെ സ്നേഹിക്കുന്ന വ്യക്തികൾ സഭാവ്യത്യാസമില്ലാതെ മുന്നോട്ടുവരേണ്ടത് ഇന്ന് വളരെ ആവശ്യമായിത്തീർന്നിരിക്കുന്നു. യേശുക്രിസ്തുവിന്റെയും ദെവവചനത്തിന്റെയും അടിസ്ഥാനത്തിൽ സത്യത്തിനുവേണ്ടിയും ദുരുപദേശങ്ങൾക്കെതിരെയും നാം നിലകൊള്ളണം.
ഇൗ പശ്ചാത്തലത്തിൽ സഭകളിലെ ഇപ്പോഴത്തെ എെക്യശ്രമങ്ങളെയും ദെവശാസ്ത്ര പ്രവണതകളെയും ദെവവചനത്തിന്റെ വെളിച്ചത്തിൽ വിലയിരുത്താൻ സത്യത്തെ സ്നേഹിക്കുന്ന ഓരോ വിശ്വാസിയും മുന്നോട്ട് വരേണ്ടതാണ്.