നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും?
നിന്റെ ഏത് വിശ്വാസവും എല്ലാ വിശ്വാസവും നിന്നെ രക്ഷിക്കില്ല. നിന്റെ സത്യവിശ്വാസം നിന്നെ രക്ഷിക്കും - നിന്റെ അന്ധവിശ്വാസം നിന്നെ രക്ഷിക്കില്ല.
സാത്താൻ മനുഷ്യന്റെ ചിന്തധാരയെ സ്വാധീനിക്കാൻ ശ്രമിച്ചു. സാത്താൻ മനുഷ്യന്റെ മുമ്പിൽ അവതരിപ്പിച്ച ചിന്താരീതി ഇപ്രകാര മായിരുന്നിരിക്കാം: ആ മരത്തിൽ നിന്ന് ഭക്ഷിച്ചാൽ നിങ്ങൾ മരിക്കുമെന്ന് ദെവം പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാൽ അതിന്റെ യാഥാർത്ഥ്യം ഞാൻ നിങ്ങളോട് പറയാം-നിങ്ങൾ മരിക്കുകയില്ല. ആ മരത്തിൽനിന്ന് ഭക്ഷിച്ചാൽ നിങ്ങൾ ദെവത്തെപ്പോലെയാകും. അതു ദെവത്തിനറിയാം. അതുകൊണ്ടാണ് അതിൽനിന്ന് ഭക്ഷിക്കരുതെന്ന് ദെവം നിങ്ങളോട് പറഞ്ഞത്. നിങ്ങളും ദെവത്തെപ്പോലെയായി നന്നായി വരുന്നത് ദെവത്തിന് ഇഷ്ടമല്ല. നിങ്ങളുടെ നന്മയിൽ ദെവത്തിന് വലിയ താൽപര്യമില്ല. എന്നാൽ ഞാൻ നിങ്ങളോട് പറ യുന്നു - നിങ്ങൾ അതിൽനിന്ന് ഭക്ഷിക്കണം. അത് നിങ്ങളുടെ നന്മ ക്കായിത്തീരുമെന്ന് വിശ്വസിക്കുക. ദെവം എന്തും പറയട്ടെ. അതെല്ലാം കേൾക്കേണ്ട ആവശ്യം നമുക്കില്ല. നമ്മുടെ നന്മക്കായി കാര്യങ്ങൾ ചെയ്യാൻ നമുക്കറിയാം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. ദെവം പറയുന്നതു മാത്രം വിശ്വസിച്ചിട്ട് കാര്യമില്ല. നമ്മുടെ ഭാവന കളിലും ചിന്തകളിലും കൂടി നാം വിശ്വസിക്കണം. നീ നിന്നിൽ തന്നെ വിശ്വസിച്ചാൽ നീ നിന്റെ മഹത്വം കാണും. നീ ദെവത്തെപ്പോലെയാകും. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും. മുന്നോട്ടു പോകുക. ഭയപ്പെടേണ്ട. ഞാൻ നിന്നോടുകൂടെയുണ്ട്.
ഇത്തരം ചിന്തകളിലൂടെ സാത്താൻ മനുഷ്യവർഗ്ഗത്തെ വഞ്ചിച്ചു. ആഴമായ ആത്മീയ തലങ്ങളിൽനിന്നും ഭൗതികമായ ഉപരിപ്ലവതലങ്ങളിലേക്ക് സാത്താൻ മനുഷ്യനെ അധഃപതിപ്പിച്ചു. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും (ഉൽപ 3:4-5) എന്നത് സാത്താന്റെ ചിന്തയാണ്. എന്നാൽ യേശുവിന്റെ ഉപദേശം അതിന് നേരെ വിപരീതമാണ്. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്നത് മന്ത്രവാദത്തിന്റെ ഏറ്റവും അടിസ്ഥാന അനുമാനമാണ്. ഈ വിശ്വാസത്തിലൂടെ മന്ത്രവാദി ദെവത്തിലുള്ള വിശ്വാസം അവസാനിപ്പിച്ചിട്ട് തന്നിൽതന്നെ വിശ്വസിച്ചുതുടങ്ങുന്നു. തന്റെ ഹിതം ദെവത്തിന്റെമേലും, മറ്റുള്ളരുടെമേലും സാഹചര്യങ്ങളുടെമേലും അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു. തന്റെ വിശ്വാസത്തിന്റെ ശക്തിയാൽ താൻതന്നെ ഒരു ദെവമായിത്തീരാൻ ആഗ്രഹിക്കുന്നു. വിശ്വാസത്തിന് അതിൽതന്നെ ശക്തിയു ണ്ടത്ര. (ഈ തെറ്റിനെ ചൂഷണം ചെയ്ത് സാത്താൻ ആ വ്യക്തിയിൽ പ്രവർത്തനം ആരംഭിക്കുന്നു). ഈ ചിന്താരീതിയിലൂടെ മനുഷ്യൻ വളരെ തന്ത്രപരമായി ദെവത്തിന്റെ സ്ഥാനത്ത് മനുഷ്യനെ പ്രതി ഷ്ഠിക്കുന്നു. ദെവത്തെ ഉപേക്ഷിക്കുന്നു. മനുഷ്യനെ ദെവമാക്കു ന്നു. കാര്യങ്ങളെ നടത്തുന്നതിലും സംഭവങ്ങളെ ഉണ്ടാക്കുന്നതിലും പ്രധാനഘടകം മനുഷ്യനായിത്തീരുന്നു. അങ്ങനെ പരമാധികാരിയായ ദെവത്തിന്റെ അസ്തിത്വം തന്നെ അപ്പാടെ നിഷേധിക്കുന്നു. നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്നത് എല്ലാ മതങ്ങളിലും തത്ത്വ ചിന്തകളിലുമുള്ള എല്ലാ അന്ധവിശ്വസങ്ങളുടെയും ആണിക്കല്ലും അടിസ്ഥാന ന്യായീകരണ യുക്തിയുമാണ്. ഇതിന് സത്യത്തിലോ യുക്തിയിലോ അടിസ്ഥാനമില്ല.
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്നല്ല, രക്ഷിച്ചിരിക്കുന്നു എന്നാണ് യേശു പറഞ്ഞിട്ടുള്ളത്.
മനുഷ്യൻ ഏത് വിശ്വാസം സ്വീകരിച്ചാലും അത് അവനെ രക്ഷിക്കും എന്ന രീതിയിലുള്ള യാതൊരു ധ്വനിയും യേശുവിന്റെ പ്രസ്താവനയിൽ സത്യസന്ധമായി നോക്കിയാൽ കാണാൻ കഴിയുകയില്ല. വ്യക്തവും ശക്തവുമായ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണ്. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന് യേശു പലരോടും പറഞ്ഞു (മർക്കോ 5:25-34; ലൂക്ക 17:11-19; 18:35-43). അവർക്കെല്ലാം വിശ്വാസമു ണ്ടായിരുന്നത് യേശുവിലായിരുന്നു. അതിനാൽ യേശുവിൽ അവർ ക്കുണ്ടായിരുന്ന വിശ്വാസം അവരെ രക്ഷിച്ചു എന്നാണ് ഈ പ്രസ്താവനയിൽ നിന്ന് നാം മനസിലാക്കേണ്ടത്. അവർക്കുള്ള എന്തുവിശ്വാസവും അവരെ രക്ഷിക്കുമായിരുന്നുവെങ്കിൽ അവർ യേശുവിനെ സമീപിക്കേണ്ട ആവശ്യമില്ലായിരുന്നു. അത്തരം വിശ്വാ സത്തിൽ അവർ സ്വയം സൗഖ്യമായാൽ മതിയായിരുന്നല്ലോ. എന്നാൽ അത് സാദ്ധ്യമായിരുന്നില്ല. അതുകൊണ്ട് അവർ യേശുവിനെ സമീപിച്ചു. യേശു ദെവത്തോട് ചോദിക്കുന്നതെന്തും ലഭിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നു (യോഹ 11:22). ഇത്തരം ശരിയായ വിശ്വാസ മാണ് അവരെ രക്ഷിച്ചത്.
രക്തസ്രാവമുണ്ടായിരുന്ന സ്ത്രീക്ക് വെദ്യന്മാരിൽ വിശ്വസമുണ്ടായിരുന്നു എങ്കിലും ആ വിശ്വാസം അവളെ രക്ഷിച്ചില്ല. കാരണം അത് തെറ്റായ വിശ്വാസമായിരുന്നു. എന്നാൽ അവൾ യേശുവിൽ വിശ്വസിച്ചപ്പോൾ അവൾക്ക് സൗഖ്യമായി. കാര ണം യേശുവിലുള്ള വിശ്വാസമാണ് ശരിയായ വിശ്വാസം. വിശ്വാസം ശരിയായിരിക്കണമെങ്കിൽ ആ വിശ്വാസം എന്തിലാണോ അർപ്പിക്കു ന്നത് അത് സത്യവും യഥാർത്ഥവുമായിരിക്കണം. ഇത്തരം വിശ്വാസം മാത്രമേ നമ്മെ രക്ഷിക്കൂ. ദെവത്തിൽ വിശ്വസിക്കാനാണ് യേശു പറഞ്ഞത് (മർക്കോ 11:12). നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യസ്ഥാനം ദെവമായിരിക്കണം. കാരണം ദെവത്തെ മാത്രമെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയൂ. ദെവവുമായുള്ള നമ്മുടെ ബന്ധം വളരുമ്പോൾ ദെവത്തിലുള്ള നമ്മുടെ വിശ്വാസവും വളരും. ദെവത്തെ നമ്മുടെ വിദ്യകൾകൊണ്ട് ഉപായപ്പെടുത്താൻ കഴിയില്ല. യഥാർത്ഥ ദെവവിശ്വാസം ദെവം മനുഷ്യനുവേണ്ടി പ്രവർത്തിക്കും എന്നുള്ള തിലാണ്. മനുഷ്യനുവേണ്ടി പ്രവർത്തിക്കാൻ മനുഷ്യന് കഴിയും എന്നത് വെറും ആത്മവിശ്വാസം മാത്രമാണ്. ഇന്ന് പലരുടെയും ജീവി തത്തിൽ ദെവവിശ്വാസത്തിന്റെ സ്ഥാനം ആത്മവിശ്വാസം തട്ടിയെടു ത്തിരിക്കുന്നു. അതിന്റെ കാരണം അഹങ്കാരമാണ്. അഹങ്കാരം വീ ഴ്ചയുടെ ആരംഭമാണ്.
ദെവത്തെക്കാൾ വലിയ പ്രപഞ്ചനിയമം
ദെവത്തെക്കാൾ വലിയ ഒരു പ്രപഞ്ചനിയമം ഉണ്ടെന്നും, അതിനെ തങ്ങൾക്കനുകൂലമായി വളച്ചെടുക്കാമെന്നുമുള്ള മനുഷ്യന്റെ ചിന്ത (ഉൽപ 3:4-5) എല്ലാ മന്ത്രവാദത്തിന്റെയും അടിസ്ഥാന ആശയമാണ്. ദെവം പറഞ്ഞതുപോലെ കാര്യങ്ങൾ നടക്കുകയില്ല എന്ന് സാത്താനും മനുഷ്യനും തെറ്റായി അനുമാനിച്ചു (ഉൽപ 3:4-6). ദെവം പറഞ്ഞതുപോലെ കാര്യങ്ങൾ നടക്കണമെന്ന് നിർബ്ബന്ധമില്ലെന്നും, ദെവഹിതത്തിന് അപ്പുറത്ത് ചില രഹസ്യങ്ങളുണ്ടെന്നും, ആ രഹസ്യങ്ങൾ വേണ്ടതുപോലെ മനസിലാക്കി കാര്യങ്ങൾ കെകാര്യം ചെയ്താൽ ദെവം ഉദ്ദേശിക്കുന്നതുപോലെയല്ല, തങ്ങൾ ഉദ്ദേശിക്കു ന്നതുപോലെതന്നെ കാര്യങ്ങൾ നടക്കുമെന്നും അവർ തെറ്റിദ്ധരിച്ചു.
ഇപ്രകാരം ദെവം ഉൾപ്പെടെ എല്ലാം ഒരു പ്രപഞ്ചനിയമത്തിന് കീഴിലാണ് എന്ന തത്വമാണ് മന്ത്രവാദത്തിന്റെയും എല്ലാ തെറ്റായ ആത്മീയ കർമ്മങ്ങളുടെയും അടിസ്ഥാനം. (പല പുരാതന മതങ്ങളു ടെയും അടിസ്ഥാന അനുമാനം ഇതുതന്നെയാണ്). ഇത്തരം വിശ്വാസത്തിന്റെ ഫലമായി മനുഷ്യന്റെ ആത്മീയജീവിതത്തിൽ വളരെ അപകടകരമായ ഒരു വ്യതിയാനം ഉണ്ടാകുന്നു. മനുഷ്യൻ തന്റെ വിശ്വാസം ദെവത്തിൽനിന്ന് ഈ അജ്ഞാത പ്രപഞ്ചനിയമമെന്ന ശക്തിയിലേക്ക് മാറ്റുന്നു. നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഈ അജ്ഞാത പ്രപഞ്ചനിയമ ശക്തിയെ നമ്മുടെ മനസിന്റെ ശക്തി ഉപയോഗിച്ച് നിയന്ത്രിക്കാം എന്ന് ഇക്കൂട്ടർ തെറ്റിദ്ധരിക്കുന്നു. ഈ പ്രപഞ്ചനിയമത്തെ ദെവത്തിൽ ആശ്രയിക്കാതെയും ദെവവുമായി ബന്ധപ്പെടാതെയും മനുഷ്യന്റെ വാക്കുകളുടെ ശക്തി ഉപയോഗിച്ച് സ്വാധീനിക്കാം എന്നതാണ് മന്ത്രവാദത്തിന്റെ അടിസ്ഥാന അനുമാനം. അങ്ങനെ ആത്മാക്കളുടെ ലോകത്തെ നമ്മുടെ ആവശ്യാനുസരണം പ്രീതിപ്പെടുത്താനും, സ്വാധീനിക്കാനും നിയന്ത്രിക്കാനും പല വിധങ്ങളായ മന്ത്രവാദവും, ആചാരാനുഷ്ഠാനങ്ങളും, ആഘോഷങ്ങളും, കർമ്മങ്ങളും ഒക്കെ നടത്തുന്നു. ഇത്തരം മന്ത്രവാദങ്ങളിൽ ആത്മീയനിയമങ്ങളെപ്പറ്റി പ്രതേ്യക അറിവുള്ള മന്ത്രവാദി (പുരോഹിതൻ) ജനങ്ങൾക്കും ആത്മാക്കളുടെ ലോകത്തിനും ഇടയ്ക്ക് ഒരു മദ്ധ്യവർത്തിയായി നിലകൊള്ളുന്നു. ആത്മാക്കളുടെ ലോകത്തെ പ്രീതിപ്പെടുത്താനും അവയുമായി വിലപേശാനുമുള്ള എല്ലാ പ്രവണതകളും മന്ത്രവാദത്തിന്റെ ഭാഗമാണ്.
വചനവിരുദ്ധമായ വിശ്വാസനിയമത്തെ ദെവത്തെക്കാൾ വലുതാക്കുന്നു
ഒരു പ്രപഞ്ചനിയമത്തെ ദെവത്തെക്കാൾ വലുതാക്കി ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ഉപയോഗിക്കുന്നത് മന്ത്രവാദമാണ്. യേശുവിലുള്ള ഏകാഗ്രതയെ തെറ്റിച്ചുകളയുന്ന തെറ്റായ സുവിശേഷങ്ങൾ ഉണ്ടാകുമെന്നും അവയ്ക്ക് പിന്നാലെ അനേകർ പോകുമെന്നും വചനം വ്യക്തമായി പറഞ്ഞിരിക്കുന്നു (2കൊറി 11:3-4; 2തിമോ 4:3-4).
വിശ്വാസപ്രസ്ഥാനക്കാർ ദെവത്തെക്കാൾ ഉന്നതമായ സ്ഥാനം വിശ്വാസമെന്ന പ്രപഞ്ചനിയമത്തിന് കൊടുക്കുന്നു. എല്ലാവരും, ദെവംപോലും, ചില ആത്മീയ നിയമങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കണമെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ചിന്ത. അത്തരം അടിസ്ഥാന നിയമങ്ങളുമായി ഒത്തുപോയാൽ എല്ലാവർക്കും എല്ലാം അനുകൂലമായി സംഭവിക്കും. ഈ ചിന്തയ്ക്ക് ഹിന്ദു തത്വചിന്തയിലെ റിതവുമായി സാമ്യമുണ്ട്. ദെവത്തിന് കീഴ്പ്പെട്ട് ജീവിക്കുന്നതിനെക്കാൾ പ്രാധാന്യം ഈ പ്രപഞ്ചനിയമത്തിന് കീഴ്പ്പെട്ട് ജീവിക്കുന്നതിനാണ് അവർ കൊടുക്കുന്നത്. ഈ പ്രപഞ്ചനിയമത്തെ മനസിലാക്കുകയും അതിൽ വിശ്വസിക്കുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്താൽ കാര്യസാദ്ധ്യം ഉണ്ടാകും. ഈ പ്രപഞ്ചനിയമത്തെ പ്രവർത്തനോന്മുഖമാക്കുന്നത് അതിനോടുള്ള നമ്മുടെ മനോഭാവവും വാക്കുകളുമാണ് എന്ന് ഇക്കൂട്ടർ ചിന്തിക്കുന്നു. ആശയങ്ങളും ചിന്തകളും നിഗൂഡമായ ശക്തി ഉൾക്കൊള്ളുന്നു എന്നും അവയ്ക്ക് ഭൗതീക യാഥാർത്ഥ്യങ്ങളെ രൂപപ്പെടുത്താൻ കഴിയുമെന്നും അവർ വിശ്വസിക്കുന്നു. മനോഭാവം, മനസ്സിന്റെ നിർദ്ദേശം, അവയ്ക്ക് നാം വാക്കാൽ നൽകുന്ന സമ്മതപ്രഖ്യാപനം എന്നിവയിലൂടെ ഉദ്ദിഷ്ടകാര്യം നേടിയെടുക്കാമെന്നതാണ് ഈ തത്വചിന്തയുടെ കാതൽ. ഇത്തരം ആധുനിക പ്രവണതകൾ പൗരാണിക മന്ത്രാച്ചാരണ തന്ത്രങ്ങളുടെ പുതിയ അവതാരങ്ങളല്ലേ എന്ന് ചിന്തിക്കാവുന്നതാണ്.
രാജാവിന്റെ മക്കൾ രാജകീയമായി ജീവിക്കണം എന്നും, ദരിദ്രരായി ജീവിക്കുന്നവർ ദെവത്തിന് അപമാനമാണ് എന്നും ഇത്തരക്കാർ ചിന്തിക്കുന്നു. അമിതപ്രാധാന്യത്തോടെ സമ്പൽസമൃദ്ധിയും രോഗസൗഖ്യവും അവർ വാഗ്ദാനം ചെയ്ത് ഉദ്ദിഷ്ടകാര്യസാദ്ധ്യത്തോടുള്ള ആഗ്രഹം എന്ന കുടുക്കിൽ ജനങ്ങളെ വീഴിക്കുന്നു. അതിനാൽ അനേകർ അവരോട് ചേരുന്നു. ഈ പ്രപഞ്ചത്തിൽ സമൃദ്ധിയെ സംബന്ധിച്ച ചില നിയമങ്ങളുണ്ടെന്നും, അവ അനുസരിച്ചാൽ സമൃദ്ധിയുണ്ടാകുമെന്നും അവർ വാദിക്കുന്നു.
വിശ്വാസം എന്ന പ്രപഞ്ചനിയമത്തെ ഉപയോഗിച്ച് മനുഷ്യനെന്ന ചെറുദെവത്തിന് ഉദ്ദിഷ്ടകാര്യസാദ്ധ്യ സൃഷ്ടി നടത്താം എന്ന ചിന്ത സാത്താനീയമാണ്. ഇവർ വിശ്വാസത്തെ ദെവത്തെക്കാൾ വലുതായി കാണുന്നു. വിശ്വാസത്തിലുള്ള വിശ്വാസം, ആത്മവിശ്വാസം എന്ന വിഗ്രഹാരാധനയിലേക്കും മന്ത്രവാദത്തിലേക്കും നയിക്കും. പ്രപഞ്ചത്തെ സൃഷ്ടിക്കാൻ ദെവം ഉപയോഗിച്ച അസംസ്കൃതവസ്തു വിശ്വാസമാണെന്നും, വിശ്വാസം ഒരു ആത്മീയശക്തിയാണെന്നും, ദെവം തന്റെ വചനങ്ങളിൽ വിശ്വാസം നിറച്ചതുകൊണ്ടാണ് സൃഷ്ടി സാദ്ധ്യമായത് എന്നും ഇക്കൂട്ടർ പറയുന്നു. ഇവർ വിശ്വാസത്തെ ദെവത്തിലുള്ള വിശ്വാസമായി കാണാതെ, വിശ്വാസത്തെ ഒരു വസ്തുവായി തെറ്റിദ്ധരിക്കുന്നു. അവർ ഇതിനായി ദുർവ്യാഖ്യാനം ചെയ്യുന്ന വാക്യങ്ങൾ എബ്ര 11:1; മർക്കോ 11:22 എന്നിവയാണ്.
വിശ്വാസപ്രസ്ഥാനക്കാർ ദെവത്തിന്റെ സ്ഥാനത്ത് വിശ്വാസത്തെ പ്രതിഷ്ടിക്കുന്നു. വിശ്വാസമെന്ന പ്രപഞ്ചശക്തിയുടെ നിയമങ്ങൾക്ക് ദെവത്തെ കീഴ്പ്പെടുത്തുന്നു. വിശ്വാസത്തെ ദെവത്തെക്കാൾ വലുതാക്കുന്നു. തങ്ങളുടെതന്നെ വിശ്വാസത്തിലാണ് അവരുടെ വിശ്വാസം. ഇത് വിഗ്രഹാരാധനയാണ്. അവർ അനുകൂല മനോഭാവത്തിന് (Positive thinking) വലിയ പ്രാധാന്യം കൊടുക്കുന്നു. അനുകൂല മനോഭാവത്തിന്റെ പരമോന്നത രൂപം മനുഷ്യൻ ദെവമാണ് എന്നതാണ്. കഷ്ടങ്ങൾ ഉണ്ടാകുന്നത് വിഡ്ഡികൾക്കാണ് എന്നും, ദെവമാണ് എല്ലാത്തിനെയും നിയന്ത്രിക്കുന്നത് എങ്കിൽ ദെവം എല്ലാം കുഴച്ചുമറിച്ചിട്ടിരിക്കുകയാണ് എന്നും അത്തരക്കാർ ചിന്തിക്കുന്നു. സാത്തനെന്ന മഹാസർപ്പത്തിന്റെ നുണയുമായി ഇത് അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇതിൽ നിന്നും ഇത്തരം ചിന്തയിൽ ഉൾക്കൊണ്ടിരിക്കുന്ന അപകടം വ്യക്തമാകുന്നു. ഇതെല്ലാം ക്രിസ്തീയവിശ്വാസത്തിന് വിരുദ്ധമായതാണെങ്കിലും സഭാപ്രസ്ഥാന ങ്ങളിലേക്ക് ഇവയുടെ വിഷം വ്യാപിച്ചുകൊണ്ടിരിക്കുന്നു.
വിശ്വാസത്തോടെ പറയുന്ന വാക്കുകൾക്ക് ദെവത്തിന്റെ ശക്തിയുണ്ട് എന്നതാണ് അവരുടെ സിദ്ധാന്തം. വിശ്വാസവാക്കുകളിലൂടെ ദെവപ്രവൃത്തിയെ നിർബ്ബന്ധിക്കുക എന്നതാണ് അവരുടെ തന്ത്രം. ഇല്ലാത്ത കാര്യങ്ങൾ ആഗ്രഹിച്ച് വാക്കുകളിലൂടെ അവ തനിക്കുണ്ട് എന്ന് ആവർത്തിക്കുമ്പോൾ അത് യാഥാർത്ഥ്യമായി പരിണമിക്കും എന്ന ഉപദേശമാണിത്. തങ്ങളുടെ വാക്കുകളുടെയും വിശ്വാസത്തിന്റെയും ശക്തിയിലാണ് അവർ വിശ്വസിക്കുന്നത്. ദെവത്തിലല്ല. വിശ്വാസം ഒരുതരം വസ്തുവാണെന്നും ശക്തിയാണെന്നും വിശ്വാസത്തോടെയുള്ള വാക്കുകളിലൂടെ എന്തും നേടിയെടുക്കാൻ കഴിയുമെന്നുമുള്ള ചിന്താരീതി പുരാതന മതങ്ങളിലെ മന്ത്രാച്ചാരണത്തോട് സദൃശമാണ്.
വിശ്വാസപ്രസ്ഥാനക്കാരുടെ പ്രധാന ദുരുപദേശങ്ങൾ
വിശ്വാസപ്രസ്ഥാനക്കാരുടെ പ്രധാന ദുരുപദേശങ്ങളെ ഇപ്രകാരം ചുരുക്കമായി സംഗ്രഹിക്കാം : ദെവത്തിന് ഒരു സാധാരണ മനുഷ്യന്റെ ഉയരവും ഭാരവും മാത്രമാണ് എന്ന് പറഞ്ഞ് ദെവത്തെ മനുഷ്യനെപ്പോലെയാക്കുന്നു. ദെവത്തിന്റെ ഏറ്റവും വലിയ സൃഷ്ടി തന്റെ തനി പകർപ്പായ ആദം എന്ന മറ്റൊരു ദെവമായിരുന്നു. ദെവം മാംസമായി വന്നതായിരുന്നു ആദം. വീഴ്ചയോടെ ആദത്തിന്റെ ദെവീകസ്വഭാവം നഷ്ടപ്പെടുകയും സാത്താന്റെ സ്വഭാവം ലഭിക്കുകയും ചെയ്തു. ലോകത്തിന്റെ ഭരണാധികാരം മനുഷ്യനിൽ നിന്ന് സാത്താന് ലഭിച്ചു. അങ്ങനെ ദെവത്തിന് പോലും സ്വതന്ത്രമായി ഭൂമിയിൽ ഇടപെടാൻ കഴിയാതായി. അതിനാൽ ദെവം അബ്രഹാമിലൂടെ രക്ഷാകരപദ്ധതി ആസൂത്രണം ചെയ്തു. അങ്ങനെ അബ്രഹാമിന് ധാരാളം സ്വത്തും ആരോഗ്യവും ലഭിച്ചു. അനേക നൂറ്റാണ്ടുകൾ ദെവം യേശുവിനെ ഭാവനാവൽക്കരണം നടത്തി. പ്രപഞ്ചത്തെ സൃഷ്ടിച്ചതുപോലെതന്നെ കാലത്തിന്റെ പൂർത്തീകരണത്തിൽ ദെവം വിശ്വാസം നിറഞ്ഞ വാക്കാൽ യേശുവിനും അസ്ഥിത്വം നൽകി. അതിന് ദെവത്തിന് മറിയത്തിന്റെ വിശ്വാസത്തിൽ ആശ്രയിക്കണമായിരുന്നു. മറിയം ദെവവചനം വിശ്വാസത്തോടെ സ്വീകരിച്ചപ്പോൾ അത് തന്റെ ഭൗതികശരീരത്തിൽ പ്രകടമായി. മറിയം ഗർഭിണിയായി. യേശു ധനികനായിരുന്നു. മനുഷ്യൻ എന്ന നിലയിലായിരുന്നു യേശുവിന്റെ ശുശ്രൂഷകൾ. താൻ ദെവമാണെന്ന് യേശു അവകാശപ്പെട്ടില്ല. മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കാൻ യേശു ശാരീരികവും ആത്മീയവുമായി മരിച്ചു. ആദം മരിച്ചതുപോലെതന്നെ ആത്മീയമായി യേശുവും മരിച്ചു. അതായത് യേശുവിന് തന്റെ ദെവീകസ്വഭാവം നഷ്ടമാകുകയും സാത്താന്റെ സ്വഭാവം ലഭിക്കുകയും ചെയ്തു. മനുഷ്യരുടെ പാപപരിഹാരം നടന്നത് യേശുവിന്റെ കുരിശിലുള്ള മരണത്താലല്ല, മറിച്ച് മൂന്ന് രാവും പകലും സാത്താൻ യേശുവിന്റെ ആത്മാവിനെ നരകത്തിൽ പീഡിപ്പിച്ചപ്പോഴാണ്. എന്നാൽ യേശുവിന് പാപമില്ലാതിരുന്നതിനാൽ സാത്താന്റെ ഈ നടപടി നിയമവിരുദ്ധമായിരുന്നു. അതിനാൽ ദെവത്തിന് തന്റെ വിശ്വാസത്തിന്റെ ശക്തി ഉപയോഗിച്ച് യേശുവിന്റെ ആത്മാവിനെ ദെവികസ്വഭാവത്തിലേക്ക് പുനർജ്ജീവിപ്പിക്കാനും യേശുവിന്റെ ശരീരത്തെ ഉയിർപ്പിക്കാനും കഴിഞ്ഞു. അങ്ങനെ യേശു വീണ്ടും ജനിച്ചു. വീണ്ടും ജനിക്കുന്നവർക്കെല്ലാം സംഭവിക്കുന്നത് യേശുവിന് സംഭവിക്കുന്നതാണ്. അങ്ങനെ അവരെല്ലാം ദെവത്തിന്റെ അവതാരങ്ങളും ചെറുദെവങ്ങളുമായിത്തീരുന്നു. അതിനാൽ അവർക്ക് ദെവത്തിന്റേതുപോലെയുള്ള വിശ്വാസത്തിലൂടെ എന്തും നേടിയെടുക്കാൻ കഴിയുന്നു. അതിനാൽ ദെവത്തിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കേണ്ട ആവശ്യമില്ല. ഉയർച്ചയില്ലാത്ത ക്രിസ്ത്യാനി ഒന്നുകിൽ പാപത്തിലാണ്, അല്ലെങ്കിൽ വിശ്വാസത്തിൽ കുറവാണ്. ആദം ഈ ലോകത്തിന്റെ ദെവമായിരുന്നു എന്നും, ഓരോ വിശ്വാസിയും നസ്രായനായ യേശുവിന്റെ അവതാരം പോലെയാണ് എന്നും, താനൊരു ചെറിയ ദെവമാണ് എന്നും ഇക്കൂട്ടർ പറയുന്നു.