മലയാളം/ദൈവം ദൈവദൂതന്മാർ സാത്താൻ/ ദൈവം ദൈവദൂതന്മാർ സാത്താൻ



ദൈവം ദൈവദൂതന്മാർ സാത്താൻ

ക്രിസ്തീയ വിശ്വാസത്തിന്റെ അർത്ഥവും പ്രസക്തിയും ജാതി-മതഭേദമെന്യേ എല്ലാ സത്യാന്വേഷികളും ഗ്രഹിച്ചിരിക്കേണ്ടതാണ്.

 

ലോകത്തിലെ പ്രത്യയശാസ്ത്രങ്ങളിൽ വച്ച് ഏറ്റവും അതുല്യമായ സ്ഥാനമാണ് ക്രിസ്തീയ വിശ്വാസ സംഹിതയ്ക്കുള്ളത്. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളെ ഇത്രയും ക്രമീകൃതവും സമീകൃതവുമായി അവതരിപ്പിക്കാൻ മറ്റേതെങ്കിലും വിശ്വാസ സംഹിതയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ബൈബിൾ സത്യങ്ങളെ മനസ്സിലാക്കുന്നതും ജീവിതത്തിൽ ഉൾക്കൊള്ളുന്നതും വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്. ‘ക്രിസ്ത്യാനികൾ’ എന്ന് അറിയപ്പെടുന്ന അനേകർ ക്രിസ്തുവിനെ ദൈവമായോ രക്ഷകനായോ അംഗീകരിക്കാത്തവരാണ് എന്ന അവസ്ഥയാണ് ഇന്നുള്ളത്. അവരിൽ പലരും ബൈബിൾ വായിക്കാത്തവരോ ബൈബിളിനെ അംഗീകരിക്കാത്തവരോ ആണ്. ബൈബിൾ പണ്ഡിതരെന്ന് അറിയപ്പെടുന്നവരിൽ ചിലരെങ്കിലും ബൈബിൾ സത്യങ്ങളിൽ വിശ്വസിക്കാത്തവരാണ്. ബൈബിൾ വായിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരിൽ അനേകർ ബൈബിൾ സത്യങ്ങളെ കോട്ടിക്കളയുകയും ചെയ്യുന്നു. മാത്രമല്ല, വാസ്തവമായും ക്രിസ്തുവിൽ വിശ്വസിക്കുന്ന സാക്ഷാൽ ക്രിസ്ത്യാനികളിൽ അനേകർക്കും ക്രിസ്തീയ വിശ്വാസത്തിന്റെ ഉള്ളടക്കം എന്താണെന്ന് അറിയുകയുമില്ല. ഇത്തരമൊരു ദുരവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്.

 

ഏകസത്യ ദൈവം എങ്ങനെയുള്ളവൻ

 

ഏകസത്യ ദൈവം നിത്യനും അനന്തനുമായ രാജാവും, പരിശുദ്ധിയിലും ജ്ഞാനത്തിലും നന്മയിലും നീതിയിലും ശക്തിയിലും സ്നേഹത്തിലും പരിപൂർണ്ണതയുള്ളവനും, മാറ്റമില്ലാത്ത ആത്മാവുമാകുന്നു. സർവ്വസൃഷ്ടലോകവും തന്റെ സാന്നിദ്ധ്യത്തിലായതുകൊണ്ടും തന്റെ ഹിതം പോലെ എവിടെ വേണമെങ്കിലും സന്നിഹിതനാകാൻ കഴിയുമെന്നതുകൊണ്ടും ഈ ദൈവം സർവ്വവ്യാപിയാണ്.  ഈ ഏകസത്യദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യത്യസ്ത വ്യക്തികളായി വെളിപ്പെട്ടു നിൽക്കുന്നു. അവർ സാരാംശത്തിൽ ഒന്നും, പൂർണ്ണമായും സമമായും ദൈവവും, ശക്തിയിലും മഹത്വത്തിലും തുല്യരും ആകുന്നു (ആവർത്ത 6:4; മത്താ 28:19; യോഹ 4:23-24;10:30; 2 കൊറി 13:14). പിതാവായ ദൈവം ത്രീയേക ദൈവത്തിലെ ഒന്നാമതായി വെളിപ്പെട്ട വ്യക്തിത്വമാണ്. പിതാവായ ദൈവം മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ പിതാവും, യേശുവിലുള്ള വിശ്വാസത്താൽ വീണ്ടും ജനിച്ചവരുടെ പിതാവും ആകുന്നു. ദൈവം തന്റെ പുത്രൻ മുഖാന്തിരം സർവ്വത്തെയും സൃഷ്ടിച്ചു. ദൈവം സൃഷ്ടിച്ചപ്പോൾ അവയെല്ലാം നല്ലവയായിരുന്നു. തന്റെ ഏക പുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ എല്ലാവരും രക്ഷ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവിധം പിതാവ് ലോകത്തെ സ്നേഹിച്ചു (ഉൽപ 1:1; ഏശ 40:28; 43: 10-14; 46:8-11; യോഹ 1:3, 12-14; 3:16; 5:19-30; 17:1-12; റോമ 8:14-16; 1കൊറി 8:6; എഫേ 4:6; കൊലോ 1:15-17; എബ്രാ 1:1-3). പുത്രനായ ദൈവം ത്രീയേക ദൈവത്തിലെ രണ്ടാമതായി വെളിപ്പെട്ട വ്യക്തിത്വമാണ്. പുത്രനായ ദൈവം പിതാവായ ദൈവത്തിൽ നിന്ന് വന്ന നിത്യനായ ദൈവപുത്രനാണ്. ത്രീയേക ദൈവത്തിലെ രണ്ടാമത്തെ ആളായ പുത്രനായ ദൈവം മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കായി മനുഷ്യനായി വന്നതാണ് യേശുക്രിസ്തു. യേശുക്രിസ്തു എന്നേക്കും പൂർണ്ണമായും മനുഷ്യനും പൂർണ്ണമായും ദൈവവുമായി ജീവിക്കുന്നു. യേശുക്രിസ്തുവിൽ ദൈവത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാന സവിശേഷതകൾ അഭേദ്യമായ രീതിയിൽ സംയോജിതമായിരിക്കുന്നു. യേശുക്രിസ്തു അതിസ്വാഭാവികമായ രീതിയിൽ പരിശുദ്ധാത്മാവിനാൽ രൂപം കൊണ്ട് പാപമില്ലാത്തവനായി കന്യകാ മറിയത്തിൽ നിന്ന് പിറന്നു; പാപമില്ലാതെ ജീവിച്ചു; എല്ലാക്കാലത്തുമുള്ള എല്ലാ മനുഷ്യരുടെയും എല്ലാ പാപങ്ങൾക്കുമുള്ള പരിപൂർണ്ണ പരിഹാരബലിയായി കുരിശിൽ മരിച്ച് എല്ലാ മനുഷ്യർക്കും പകരമായി മരണശിക്ഷ സ്വയം അനുഭവിച്ചു; ഭൂമിയിൽ അടക്കപ്പെട്ടു; മൂന്നാം നാൾ ശരീരത്തോടെ ഉയിർത്തെഴുന്നേറ്റു; അനേകർക്ക് പ്രത്യക്ഷപ്പെട്ടു; ഉയിർത്തെഴുന്നേറ്റ് മഹത്വീകരിക്കപ്പെട്ട തന്റെ ശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് കരേറി പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്ന് തന്നിൽ വിശ്വസിക്കുന്നവർക്കായി മാദ്ധ്യസ്ഥം വഹിക്കുന്നു; യേശുവിൽ വിശ്വസിക്കുന്നവരും ഉയിർപ്പിക്കപ്പെടും എന്ന് യേശുവിന്റെ ഉയിർപ്പ് തെളിയിക്കുന്നു. തന്നിൽ വിശ്വസിക്കുന്നവരുടെ കൂട്ടമായ മണവാട്ടി സഭയെ തന്നോട് ചേർക്കാനായി യേശു മദ്ധ്യാകാശത്ത് വരുവാനിരിക്കുന്നു. അതിനുശേഷം തന്റെ ശരീരത്തോടെ വ്യക്തിപരമായും പ്രത്യക്ഷമായും ഭൂമിയിലേക്ക് വന്ന് മനുഷ്യവർഗ്ഗത്തെ ന്യായം വിധിക്കുകയും ആയിരം വർഷം ഭരണം നടത്തുകയും ചെയ്യും. ദൈവം യേശുക്രിസ്തുവിലൂടെ സകല മനുഷ്യരെയും ന്യായം വിധിക്കും. യേശുക്രിസ്തു നടത്തുന്ന അന്ത്യന്യായവിധിയോടെ മനുഷ്യ ചരിത്രം അവസാനിക്കുകയും നിത്യത ആരംഭിക്കുകയും ചെയ്യും. (മത്താ 24:44; മർക്കോ 10:45; ലൂക്ക 1:30-35; യോഹ 1:1-3, 14, 18; 3:16; അപ്പൊ. പ്രവൃ. 2:22-24; 1:11; റോമ 3:25-26; 8:34; ഫിലി 2:6-11; 3:20-21; കൊലോ 2:3, 9: 1തെസ്സെ 4:13-18; 2തെസ്സെ 2:1-12; എബ്രാ 1:3; 9:28; 10:5-14; 1പത്രോ 2:24; 3:18; 1യോഹ 2:1; വെളി 19:11-21; 21-22). പരിശുദ്ധാത്മാവായ ദൈവം ത്രീയേക ദൈവത്തിലെ മൂന്നാമതായി വെളിപ്പെടുത്തപ്പെട്ട വ്യക്തിത്വമാണ്. പരിശുദ്ധാത്മാവ് പ്രത്യേകമായ വിധത്തിൽ പെന്തെക്കോസ്തുനാളിൽ ഭൂമിയിലേക്ക് വന്നു. അന്ന് യേശുക്രിസ്തു തന്നിൽ വിശ്വസിക്കുന്ന എല്ലാവരെയും പരിശുദ്ധാത്മാവിൽ സ്നാനപ്പെടുത്തി തന്റെ ശരീരമായ സഭയോട് ചേർത്തു.  അന്നുമുതൽ പരിശുദ്ധാത്മാവ് എല്ലാ വിശ്വാസികളിലും സ്ഥിരമായി അധിവസിച്ച് സഹായിക്കുന്നു. യേശുവിനെ മഹത്വപ്പെടുത്തുക, വ്യക്തികളിൽ പാപബോധവും വീണ്ടും ജനനവും ഉളവാക്കുക എന്നിവ പരിശുദ്ധാത്മാവിന്റെ ദൗത്യമാണ്. യേശുവിലുള്ള വിശ്വാസത്താൽ വീണ്ടുംജനനം പ്രാപിക്കുന്ന സത്യവിശ്വാസിക്ക് യേശുക്രിസ്തു അപ്പോൾതന്നെ പരിശുദ്ധാത്മാവിൽ പുതുജീവനും സ്നാനവും നൽകി തന്റെ ശരീരമായ അദൃശ്യ സഭയോട് ചേർക്കുന്നു. പ്രകടമല്ലാത്ത ഈ പരിശുദ്ധാത്മസ്നാന അനുഭവത്തിലൂടെ അദൃശ്യമായ യേശുവിന്റെ ശരീരമായ സാർവ്വത്രികസഭയുടെ ഭാഗമായിത്തീർന്ന് യേശുക്രിസ്തുവിനോട് ചേർന്നവർ തങ്ങളുടെ ഈ ആത്മീയ അനുഭവം പ്രത്യക്ഷമായ രീതിയിൽ ആഘോഷിക്കുന്നു. അങ്ങനെ അവർ പ്രകടവും പ്രത്യക്ഷവുമായ വെള്ളത്തിലുള്ള മുഴുകൽ സ്നാനത്തിലൂടെ തങ്ങളിൽ നടന്ന ആത്മീക സംഭവങ്ങളെ പ്രതീകാത്മകമായ രീതിയിൽ പ്രഖ്യാപിച്ച് ദൃശ്യമായ പ്രാദേശികസഭയുടെ ഭാഗമായിത്തീരുന്നു. ക്രിസ്തുവിനെ അനുസരിക്കുന്ന വിശ്വാസികളിൽ പരിശുദ്ധാത്മാവ് തന്റെ ഫലം പുറപ്പെടുവിക്കുകയും അവരെ തന്റെ ശക്തിയാൽ നിറക്കുകയും ചെയ്യുന്നു. വിശ്വാസികളിലുള്ള പരിശുദ്ധാത്മ നിറവിന്റെ അടയാളം അവരിൽ പ്രകടമാകുന്ന ആത്മാവിന്റെ ഫലവും ക്രിസ്തുവിന്റെ സ്വഭാവവുമാണ്. ഇങ്ങനെ പരിശുദ്ധാത്മനിറവുള്ള സത്യ വിശ്വാസികൾക്ക് സുവിശേഷീകരണത്തിനും, പരസ്പര ശുശ്രൂഷക്കും, സഭയുടെ ആത്മീകവർദ്ധനവിനും വേണ്ടി യേശുക്രിസ്തു പരിശുദ്ധാത്മവരങ്ങൾ നൽകുന്നു. (ലൂക്ക 6:19; 11:20; 24:49; യോഹ 14:12-17, 26; 16:7-15; അപ്പൊ.പ്രവൃ. 1:8; 2:1-4; 4:31; 1കൊറി 2:4-5; 4:20; 6:19; 12:4-11, 13; 2കൊറി 4:7; റോമ 8; 12:3-8; 15:18-19; എഫേ 1:13-14; 4:30; 5:18-20; 6:10-20; ഗലാ 5:16-23; 1തെസ്സ 5:19-23; 1പത്രോ 4:10-11; 1യോഹ 3:8).

 

ദൈവദൂതന്മാർ (മാലാഖമാർ)

 

ദൈവത്തെ സേവിക്കുന്നതിനും ആരാധിക്കുന്നതിനും വേണ്ടി ദൈവം സൃഷ്ടിച്ച ശക്തരായ ആത്മീയ വ്യക്തികളാണ് മാലാഖമാർ. എന്നാൽ അവരിൽ പ്രധാനിയായ ലൂസിഫർ പാപം ചെയ്ത് സാത്താനായി. സാത്താൻ മറ്റ് അനേകം മാലാഖമാരെയും പാപം ചെയ്യൻ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ പാപം ചെയ്ത മാലാഖമാരെല്ലാം പിശാചുക്കളായി. അവർ ദൈവത്തിനും മനുഷ്യർക്കും എതിരായി യുദ്ധം ചെയ് തുകൊണ്ടിരിക്കുന്നു. പാപം ചെയ്യാത്ത ദൈവദൂതന്മാർ ഇന്നും ദൈവത്തെ സേവിക്കുകയും ആരാധിക്കുകയും, മനുഷ്യരെ സഹായിക്കുകയും, സാത്താനും പിശാചുക്കൾക്കും എതിരായി പോരാടുകയും ചെയ്യുന്നു.

 

സാത്താൻ

 

സാത്താൻ എന്നത് തിന്മയുടെ ശക്തികൾക്കെല്ലാംകൂടി മനുഷ്യൻ വിളിക്കുന്ന പേരോ വെറും മനുഷ്യഭാവനയുടെ സൃഷ്ടിയോ അല്ല. സാത്താൻ ഒരു യഥാർത്ഥ വ്യക്തിയും സകല തിന്മകളുടെയും പ്രേരകനുമാണ്. സാത്താൻ ആരംഭത്തിൽ വലിയവനും നല്ലവനുമായ ലൂസിഫർ എന്ന ദൈവദൂതനായിരുന്നു. ലൂസിഫർ സ്വർഗ്ഗത്തിലെ മൂന്നിൽ ഒന്ന് ഭാഗം ദൈവദൂതന്മാരുടെ സഹകരണത്തോടെ ദൈവത്തെ അട്ടിമറിക്കാൻ ശ്രമിച്ചു. അതിനാൽ ദൈവം അവരെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി. അതേ തുടർന്ന് അവർ തിന്മനിറഞ്ഞതും ദൈവവിരുദ്ധവുമായ ഒരു അന്ധകാര സാമ്രാജ്യം ഭൂമിയിൽ പടുത്തുയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭൂലോകം മുഴുവൻ സാത്താന്റെ ആധിപത്യത്തിൻ കീഴിലാണ്. തന്റെ കുരിശുമരണത്തിലൂടെയും ഉയിർത്തെഴുന്നേൽപിലൂടെയും യേശുക്രിസ്തു സാത്താനെ പൂർണ്ണമായി പരാജയപ്പെടുത്തി. എന്നാൽ മനുഷ്യൻ പാപം തുടരുന്നതിനാൽ സാത്താൻ മനുഷ്യന്റെമേൽ ഇന്നും ആധിപത്യം പുലർത്തിപ്പോരുന്നു. ഇന്നും സാത്താൻ വെളിച്ചദൂതന്റെ വേഷം കെട്ടി ആൾമാറാട്ടം നടത്തി വിശ്വാസികളെയും അവിശ്വാസികളെയും വഞ്ചിച്ചുകൊണ്ടിരിക്കുന്നു. സാത്താന്റെ അന്ത്യവിധി യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ ആയിരമാണ്ട് ഭരണത്തിനുശേഷം സാത്താൻ തീതടാകത്തിലേക്ക് എറിയപ്പെടുന്നതുവരെ നടപ്പിലാക്കുകയില്ല. അതുവരെ സാത്താൻ ദൈവത്തിനും മനുഷ്യനും എതിരായ ഗൂഢാലോചനയും പ്രവർത്തനങ്ങളും തുടരും. അങ്ങനെ ദൈവവിരുദ്ധമായ ഒരു സാമ്രാജ്യം സാത്താൻ ഈ ഭൂമിയിൽ പടുത്തുയർത്തി ദൈവത്തെ ദുഷിക്കുകയും അനേകം മനുഷ്യരെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പരിശുദ്ധാത്മശക്തിയിൽ സാത്താനെ ചെറുത്തു നിൽക്കാനും ജയിക്കാനും സാധിക്കും. (ഉൽപ 3:1-5; ജോബ് 1-2; ഏശ 14:12-17; എസെ 28:11-19; 2കൊറി 11:14; എഫേ 2:1-3; 6:12; 1തിമോ 3:6; യാക്കോ 4:7; 1പത്രോ 5:8-9; 1യോഹ 5:19; വെളി 12:7-9; 20:1-3, 7-10).

 

Ad Image
Ad Image
Ad Image
Ad Image