മലയാളം/ക്രിസ്ത്യൻ ആത്മീയത/ ലഭിച്ച രക്ഷ നഷ്ടപ്പെടുത്താൻ കഴിയുമോ?



ലഭിച്ച രക്ഷ നഷ്ടപ്പെടുത്താൻ കഴിയുമോ?

രക്ഷയുടെ ഭദ്രത അടിസ്ഥാനപ്പെട്ടിരിക്കുന്നത് വിശ്വാസത്തിലും അനുസരണത്തിലുമുള്ള നിലനിൽപിലാണ്

 

തിരഞ്ഞെടുക്കപ്പെട്ടവർക്ക് തങ്ങൾക്ക് ലഭിച്ച രക്ഷ അനുസരണക്കേടിലൂടെയും വിശ്വാസത്യാഗത്തിലൂടെയുംനഷ്ടമാക്കാം. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം തങ്ങൾക്ക് ലഭിച്ച വാഗ്ദാനം പ്രാപിക്കുന്നില്ല. ഉദാഹരണമായി: ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത ഇസ്രായേൽ ജനത്തെ ദൈവം ജിപ്തിൽ നിന്ന് രക്ഷിച്ച് വാഗ്ദത്ത നാട്ടിലേക്ക് നയിച്ചു. എന്നാൽ അനുസരണക്കേട് കാണിച്ചവരും വിശ്വാസത്യാഗികളും വീണുപോയി. ഈജിപ്തിൽ നിന്ന് പുറപ്പെട്ട രണ്ടുപേർക്ക് മാത്രമാണ് വാഗ്ദത്തനാട്ടിൽ കടക്കാൻ കഴിഞ്ഞത്. അതുമാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ടവരായ യഹൂദർ സുവിശേഷത്തെ തള്ളിക്കളയുകയും യേശുവിനെ വധിക്കുകയും ചെയ്തു. എന്നാൽ ഇസ്രായേലിനെപ്പോലെ തിരഞ്ഞെടുക്കപ്പെടാതിരുന്ന വിജാതീയരിൽ അനേകർ യേശുവിലുള്ള വിശ്വാസത്താൽ രക്ഷിക്കപ്പെട്ടു. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കിൽ പോലും സുവിശേഷത്തിൽ വിശ്വസിക്കാതിരുന്നാൽ നശിച്ചുപോകും. എന്നാൽ വിശ്വസിക്കുന്നവർ ആരായാലും നിത്യജീവനിലേക്ക് കടക്കുംദൈവത്തിന്റെ പദ്ധതിയോട് സഹകരിക്കാത്തവർ ആരായാലും ശിക്ഷിക്കപ്പെടും (പ്രവൃ 13:45-49; റോമ 9:1-24). ദൈവം തിരഞ്ഞെടുത്ത പദ്ധതിയോട് അന്ത്യംവരെ വിശ്വാസത്താൽ സഹകരിക്കുന്നവർ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ പെടുന്നു. രക്ഷ ഒരു ഉടമ്പടിയുടെ ഫലമാണ്. ഉടമ്പടിപ്രകാരം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്കാണ് രക്ഷ ലഭിക്കുന്നത്. ഉടമ്പടി ലംഘിക്കുന്നവർക്കും വാഗ്ദാനം ലഭിക്കുമെന്ന് വാഗ്ദാനമില്ല. അതിനാൽ മരണം വരെയുള്ള അനുസരണം രക്ഷക്ക് ആവശ്യമാണ്. വിശ്വാസത്തിലും അനുസരണത്തിലും നിലനിൽക്കുമ്പോഴാണ് ദൈവവചനപ്രകാരമുള്ള രക്ഷയുടെ ഉറപ്പ് ലഭിക്കുന്നത്. രക്ഷയുടെ ഉറപ്പ് രക്ഷ നഷ്ടമാകുകയില്ല എന്ന മനുഷ്യതത്ത്വത്തിൽ അല്ല ന്നേണ്ടത്. രക്ഷയുടെ ഉറപ്പ് ഒാരോരുത്തരുടെയും തോന്നലല്ല. സ്വർഗ്ഗം ലഭിക്കും എന്ന ഉറപ്പ് അനേകം അവിശ്വാസികൾക്കുമുണ്ട്. അത്തരം ഉറപ്പ് അവർക്ക് രക്ഷ നൽകുന്നില്ല.അതുപോലെതന്നെ യഥാർത്ഥമായ രക്ഷയുടെ ഉറപ്പ് ദൈവവചനത്തിന്റെ വ്യവസ്ഥപ്രകാരം യേശുവിലുള്ള വിശ്വാസത്തിലും അനുസരണത്തിലും അടിസ്ഥാനപ്പെട്ടിരിക്കുന്നു. തങ്ങളുടെ ജീവിതാവസാനം വരെ വിശ്വാസത്തിലും അനുസരണത്തിലും നിലനിൽനിൽക്കുന്ന സത്യവിശ്വാസികൾ മാത്രം യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് പ്രവേശിക്കും (2 പത്രോ 1:4 -10).

 

വിശ്വാസി തുടർച്ചയായി പാപം ഏറ്റുപറഞ്ഞ് പാപക്ഷമ പ്രാപിക്കണം

 

രക്ഷിക്കപ്പെട്ട സമയത്ത് വിശ്വാസിക്ക് ക്ഷമിച്ചുകിട്ടിയത് സമയം വരെയുള്ള പാപമാണ് (റോമ 3:25). വിശ്വാസികൾക്കും പാപം ഉണ്ട്, ഏറ്റുപറഞ്ഞാൽ ദൈവം ക്ഷമിക്കും. പാപക്ഷമയ്ക്കായി പാപം ഏറ്റു പറയണമെന്ന നിയമം കൃപ ഇല്ലാതാക്കുന്നില്ല (1യോഹ 1:8-10; 2:1-6: സങ്കീ 32:5; സദൃശ 28:13). കൃപ പാപം ചെയ്യാൻ ന്യായീകരണമല്ല. കൃപയുണ്ടെങ്കിലും ഭാവികാല പാപങ്ങൾക്കുള്ള ബാദ്ധ്യത ഇല്ലാതാകുന്നില്ല (റോമ 6:1-23). കൃപ അനുസരണമില്ലാത്തവർക്ക് നിത്യജീവൻ ഉറപ്പു നൽകുന്നില്ല (1കൊറി 3:16-17; 9:27).

 

ശരിയായ വിശ്വാസം നിലനിൽക്കുന്ന വിശ്വാസമാണ്

 

വിശ്വസിക്കുക എന്നത് ജീവിതത്തിൽ ഒരിക്കൽ സംഭവിച്ചിട്ട് പിന്നീട് ഇഷ്ടം പോലെ ജീവിക്കുന്നതല്ല. മറിച്ച് മരണം വരെ തുടരേണ്ട ഒന്നാണ് വിശ്വാസം (എബ്രാ 3:14; യോഹ 3:15; 2തിമോ 4:7-8). ഇൗ വസ്തുത വ്യക്തമാക്കുന്ന അനേകം ബൈബിൾ വാക്യങ്ങളുണ്ട്. ജീവിച്ചിരുന്ന് വിശ്വസിക്കുക (യോഹ 11:25-26). നീതിമാൻ വിശ്വാസത്താൽ ജീവിക്കും, പിന്മാറുന്നവനിൽ ദൈവപ്രസാദമില്ല; വാഗ്ദത്തം പ്രാപിക്കാൻ സഹിഷ്ണത ആവശ്യം; പിന്മാറുന്നവർ നാശത്തിലേക്കാണ് നീങ്ങുന്നത് (ഗലാ 3:11; എബ്രാ 10:36-39). വിശ്വാസത്തിൽ നിലനിൽക്കണം (പ്രവൃ 14:22). വിശ്വാസത്തിൽ നിലനിൽക്കുന്നവർ അവന്റെ മുമ്പിൽ നിൽക്കും (കൊലോ 1:23). വചനത്തിൽ നിലനിൽക്കുന്നവർ മാത്രമാണ് യഥാർത്ഥശിഷ്യർ (യോഹ 8:31-32). അവസാനത്തോളം സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും (മത്ത 10:22).യേശുവിനെ നാൾതോറും അനുഗമിക്കണം (ലൂക്കാ 9:23). അവസാനത്തോളം മുറുകെപ്പിടിക്കുന്നവർ ക്രിസ്തുവിൽ പങ്കാളികൾ (എബ്രാ. 3:6, 12-14). യേശുവിൽ വിശ്വസിക്കുന്നവനാണ് ലോകത്തെ ജയിക്കുന്നവൻ (1യോഹ 5:4-5). ജയിച്ചിട്ട് അവസാനം വരെ അനുസരിക്കുന്നവന് പ്രതിഫലം ലഭിക്കും (വെളി 2:25-26). മരണപര്യന്തം വിശ്വസ്തരായിരിക്കുന്നവർക്ക് ജീവകിരീടം ലഭിക്കും (വെളി 2:10).

 

അവസാനം വരെ അനുസരണത്തിലും വിശ്വാസത്തിലും നിലനിൽക്കുന്നവർ മാത്രമാണ് നിത്യശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്

 

വിശ്വാസിക്ക് അനുസരണക്കേട് കാണിക്കാൻ സാധിക്കില്ലെന്ന് ബൈബിൾ പറയുന്നില്ല. വിശ്വാസി അനുസരണക്കേടിലൂടെ അവിശ്വാസത്തിലേക്ക് അധഃപതിച്ചാലും രക്ഷ ഉറപ്പാണെന്ന് ബൈബിൾ പറയുന്നില്ല. എന്നാൽ വിശ്വാസികളുടെ വിശ്വാസത്യാഗത്തിനും നിത്യനാശത്തിനും എതിരെ ധാരാളം മുന്നറിയിപ്പുകൾ ബൈബിളിലുണ്ട്. അനുസരണക്കേട് കാണിക്കുന്നവർക്ക് നരകശിക്ഷയുണ്ട്; എന്നാൽ അനുസരണക്കേട് കാണിക്കുന്നത് അവിശ്വാസികൾ മാത്രല്ല. അതിനാൽ ഒരിക്കൽ വിശ്വാസികളായിരുന്നിട്ടും അനുസരണക്കേടിൽ നിലനിന്നവർക്ക് നരകശിക്ഷ ലഭിക്കാം എന്നതിന് വചനാധിഷ്ടിതമായ തടസവാദമൊന്നുമില്ല. ഭീരുക്കൾ, അവിശ്വാസികൾ, അറയ്ക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ, ഭോഷ്ക് പറയുന്നവർ, അശുദ്ധി ദുഷ്കാമം പക പിണക്കം ജാരശങ്ക ക്രോധം ശാഠ്യം ദ്വന്ദപക്ഷം ഭിന്നത അസൂയ മദ്യപാനം വെറിക്കൂത്ത് എന്നിവ പ്രവർത്തിക്കുന്നവർ, കള്ളന്മാർ അത്യാഗ്രഹികൾ ദൂഷകന്മാർ പിടിച്ചുപറിക്കാർ എന്നിവരെല്ലാം എന്നേക്കും നരകത്തിലായിരിക്കും (വെളി 21:7-8, 27; 22:14-15; എഫേ 5:5-6; ഗലാ 5:19-21; 1കൊറി 6:9-12). ഇക്കൂട്ടരിൽ ഒരിക്കൽ വിശ്വാസികളായിരുന്നവരിൽ അനേകരും ഉൾപ്പെടാനുള്ള സാദ്ധ്യത ബൈബിൾ അംഗീകരിക്കുന്നു.

 

അനുസരണവും വിശ്വാസവും ഒന്നിച്ചു പോകണം

 

വചനം കേട്ടിട്ട് അനുസരിക്കാത്തവർ സ്വയം ചതിക്കുന്നു (യാക്കോ 1:22-25). ദുഷ്പ്രവർത്തികളാൽ ദൈവത്തെയും വിശ്വാസത്തെയും നിഷേധിക്കാം (തീത്തോ 1:16; 1തിമോ 5:8). അനുസരണമില്ലാത്ത വിശ്വാസം ചത്തതാകുന്നു (യാക്കോ 2:14-26). കൽപന അനുസരിക്കുന്നവർ ദൈവത്തെ അറിഞ്ഞിരിക്കുന്നു എന്ന് അറിയുന്നു (1 യോഹ 2:3). പിതാവിന്റെ കൽപന അനുസരിക്കുന്നതാണ് നിത്യജീവൻ (യോഹ 12:50). ആത്മീയജീവൻ നിലനിർത്താൻ ദൈവഹിതം ചെയ്യുക എന്ന ആഹാരം കഴിക്കണം (യോഹ 4:34; 6:27, 47-63). പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ല (യോഹ 3:36). വിശ്വസിക്കുന്നത് ആത്മീയ പ്രവർത്തിയാണ്, വിശ്വാസത്തിൽ നിലനിൽക്കുന്നത് പ്രവർത്തിയാലുള്ള രക്ഷയല്ല. വിശ്വസത്തിൽ നിലനിൽക്കുക എന്ന പ്രവർത്തി ചെയ്യാൻ ദൈവകൽപനയുണ്ട്. വിശ്വാസി ഭയത്തോടും വിറയലോടും കൂടെ രക്ഷ പ്രാവർത്തികമാക്കണം (ഫിലി 2:12-14). ആത്മാവിന് ലഭിച്ച ദൈവത്തിന്റെ രക്ഷയെ ബാഹ്യമായി അനുസരണജീവിതത്തിലൂടെ പ്രതിഫലിപ്പിച്ച് പ്രാവർത്തികമാക്കണം എന്നാണ് അതിന്റെ അർത്ഥം. അനുസരണക്കേടിനാൽ വീണുപോകാതെ സ്വസ്ഥതയിൽ പ്രവേശിക്കാൻ ഉത്സാഹിക്കണം (എബ്രാ 4:11). അനുസരണവും സൽപ്രവർത്തിയും തമ്മിൽ വ്യത്യാസമുണ്ട്. രക്ഷിക്കപ്പെട്ടത് വിശ്വാസത്താലാണ്. രക്ഷിക്കപ്പെട്ടവർ സൽപ്രവർത്തികൾ ചെയ്യേണ്ടവരാണ് (എഫേ 2:8-10). സൽപ്രവർത്തി കൊണ്ട് ആരും രക്ഷിക്കപ്പെടുന്നില്ല. എന്നാൽ ദുഷ്പ്രവർത്തികൾ രക്ഷിക്കപ്പെടാത്തതിന്റെയോ പിന്മാറ്റത്തിന്റെയോ തെളിവായിരിക്കാം.

 

വിശ്വസിക്കുന്നവർക്ക് രക്ഷ ഭദ്രമാണ്, നഷ്ടമാകുകയില്ല

 

യേശുവിൽ വിശ്വസിക്കുന്നവർ ദൈവമക്കളാണ് (യോഹ 1:12-13). വിശ്വസിക്കുന്നവൻ മരണത്തിൽ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു (യോഹ 5:24). എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരു നാളും തള്ളിക്കളയുകയില്ല (യോഹ 6:37).വിശ്വസിക്കുന്നവന് നിത്യജീവനുണ്ട് (യോഹ 6:47). യേശുവിനെ അനുസരിക്കുന്നവർ ഒരുനാളും നശിച്ചുപോകയില്ല (യോഹ 10:27-28). “വിശ്വസിക്കുന്നവന്എന്നതുകൊണ്ട് ജീവിതകാലം മുഴുവൻ, അതായത് വിശ്വസിക്കുന്ന നിമിഷം മുതൽ മരണം വരെ, വിശ്വസിക്കുക എന്നാണ് അർത്ഥം. ഒരിക്കൽ വിശ്വസിച്ചിട്ട് പിന്നീട് വിശ്വസിച്ചില്ലെങ്കിൽ കുഴപ്പമില്ല എന്ന ചിന്തക്കിവിടെ സ്ഥാനമില്ല (എബ്രാ 3:6, 14). വിശ്വാസിക്ക് പാപം ഇല്ലെന്നും, വിശ്വാസിയുടെ ഭാവികാല പാപം പോലും ക്ഷമിക്കപ്പെട്ടു കഴിഞ്ഞെന്നും, വിശ്വാസി പാപം ചെയ്തിട്ട് പശ്ചാത്തപിച്ച് പാപം ഏറ്റുപറഞ്ഞില്ലെങ്കിലും ദൈവം അതെല്ലാം അപ്പപ്പോൾ ക്ഷമിച്ചുകൊണ്ടേയിരിക്കുമെന്നും ഒക്കെയുള്ള തത്ത്വങ്ങൾക്ക് ബൈബിളിൽ അടിസ്ഥാനമില്ല. തനിക്ക് പാപമില്ലെന്ന് അവകാശപ്പെടുന്ന ഏവനും, വിശ്വാസി പോലും കള്ളനാണ് (1യോഹ 1:6-2:6). അതിനാൽ വിശ്വാസിക്ക് തുടർച്ചയായ അനുതാപവും പാപസമ്മതവും പാപക്ഷമയും ആവശ്യമാണ്. അതില്ലാത്തവർ പിന്മാറിപ്പോകും (കൂടുതൽ വിശദാംശങ്ങൾക്ക് ഗ്രന്ഥകാരന്റെ വെളുത്ത ഇരുട്ട് എന്ന ഗ്രന്ഥത്തിലെ 627-646 പേജുകൾ കാണുക). യേശുക്രിസ്തുവിൽ വിശ്വസിച്ചവനല്ല, വിശ്വസിക്കുന്നവനാണ് നിത്യജീവനുള്ളത് (മത്താ 10:22; യോഹ 8:31-32; 11:25-26; 10:27-28; ലൂക്കാ 9:23). ഭൂതകാലപ്രയോഗമല്ല, വർത്തമാനകാല പ്രയോഗമാണ് ഇവിടെയെല്ലാം കാണുന്നത്. അതായത് ഒരിക്കൽ വിശ്വസിക്കുക എന്നല്ല, തുടർച്ചയായി വിശ്വസിക്കുക എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയുള്ള ക്രിസ്തീയ വിശ്വാസിക്ക് രക്ഷ ഒരിക്കലും നഷ്ടമാകുകയില്ല.

 

വിശ്വാസിക്ക് വിശ്വാസം നഷ്ടമാക്കി വിശ്വാസത്യാഗിയായിത്തീർന്ന് നശിച്ചുപോകാൻ സാധിക്കും

 

ഒരിക്കൽ വിശ്വാസിയായിത്തീർന്നിട്ട് പിന്നീട് അനുസരണക്കേടിലൂടെ അവിശ്വാസിയാകാനും നിത്യനരകത്തിൽ അകപ്പെടാനും കഴിയും എന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു (എബ്രാ 2:1-3; 3:6; 12-14; 6:4-9; 10:26-29). അതിനാൽ രക്ഷ നഷ്ടപ്പെടുന്നത് സമയത്ത് അനുസരണക്കേടിനാൽ അവിശ്വാസിയായിത്തീരുന്ന വിശ്വാസത്യാഗിക്കാണ്.മരണസമയത്ത് അവിശ്വാസിയോ വിശ്വാസത്യാഗിയോ ആയവരാണ് നരകത്തിന് അർഹരാകുന്നത്. വിശ്വാസിക്ക് പിന്മാറ്റവും വിശ്വാസത്യാഗവും സാദ്ധ്യമാണ്1കൊറി 5:1-5, 2 കൊറി 2:5-11 എന്നീ ഭാഗങ്ങളിൽ പരാമർശിച്ചിരിക്കുന്നത് പശ്ചാത്തപിച്ച പിന്മാറ്റക്കാരന്റെ കാര്യമാണ്. വിശ്വാസത്യാഗത്തിന്റെ കാര്യമല്ല. മത്താ 26:69-75 പത്രോസ് യേശുവിനെ തള്ളിപ്പറയുന്നത് പിന്മാറ്റത്തിന്റെ അനുഭവമാണ്, വിശ്വാസത്യാഗമല്ല. രണ്ട് സംഭവങ്ങളിലും പിന്മാറ്റക്കാരന് പശ്ചാത്തപിച്ച് തിരിച്ചുവരാൻ കഴിഞ്ഞു. ആദ്യവിശ്വാസത്തെ ഉപേക്ഷിച്ച് തുടർച്ചയായി അനുസരണക്കേടിൽ ജീവിച്ചതിനാൽ പശ്ചാത്തപിച്ച് വീണ്ടും വിശ്വാസത്തിലേക്ക് തിരച്ചുവരാൻ കഴിയാത്ത ആത്മീയ അവസ്ഥയിൽ എത്തിച്ചേരുന്ന സംഭവമാണ് വിശ്വാസത്യാഗം. യൂദാസിനുണ്ടായത് വിശ്വാസത്യാഗത്തിന്റെ ഇത്തരം അനുഭവമാണ്. മത്താ 7:21-23 പരാമർശിച്ചിരിക്കുന്നവരും ദ്രവ്യാഗ്രഹിയായ ബാലാമും ഒക്കെ വാസ്തവത്തിൽ വിശ്വാസികളായിരുന്നില്ല. ഒരിക്കൽ വിശ്വാസിയായിരുന്നതിനു ശേഷം വിശ്വാസത്തെ ഉപേക്ഷിക്കുന്ന വിശ്വാസത്യാഗമെന്ന സംഭവമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം. പിന്മാറ്റത്തിന് രോഗം, ശാരീരികമരണം എന്നിങ്ങനെയുള്ള ബാലശിക്ഷകൾ ലഭിക്കും (1 കൊറി 11:30-32). എന്നാൽ വിശ്വാസത്യാഗത്തിന് നിത്യമായ ആത്മീയമരണം എന്ന ശിക്ഷ ലഭിക്കും (എബ്രാ 10:26-31). വിശ്വാസികൾക്ക് നാശത്തിലേക്ക് പിന്മാറിപ്പോകാൻ കഴിയുമെന്നും, ചിലർ അങ്ങനെ ചെയ്യുമെന്നും, നാം അങ്ങനെ ചെയ്യരുതെന്നും എബ്രാ 10:38-39 വ്യക്തമാക്കുന്നു. ദൈവത്തെ ഉപേക്ഷിച്ചാൽ ദൈവവും ഉപേക്ഷിക്കും (1ദിന 28:9; 2ദിന 15:2). വിശ്വാസികൾ യേശുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം പ്രാപിക്കുന്നതിൽ ഇടറിപ്പോകാതിരിക്കാനായി തങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ അധികമായി ശ്രമിക്കണം (2 പത്രോ 1:5-11). രക്ഷയെ അഗണ്യമാക്കുന്ന വിശ്വാസികൾ ശിക്ഷിക്കപ്പെടും (എബ്ര 2:1-4). വിശ്വാസി സത്യം വിട്ട് തെറ്റിപ്പോയി ആത്മമരണത്തിൽ അകപ്പെടാം (യാക്കോ 5:19-20). ജഡത്തെ അനുസരിച്ച് ജീവിക്കുന്നവർ മരിക്കും (റോമ 8:13). വിശ്വാസി മനഃപൂർവ്വം ചെയ്യുന്ന പാപത്തിന് പരിഹാരമില്ല, ശിക്ഷയേയുള്ളൂ (എബ്രാ 10:26-31). നീതിമാൻ നീതി വിട്ടുമാറിയാൽ അവൻ മരിക്കും (എസെ 3:18-21; 33:11-16; 18:21-32). രക്ഷയുടെ മാർഗ്ഗം അറിഞ്ഞിട്ട് വിട്ടുകളയുന്നതിനെക്കാൾ നല്ലത് അറിയാതിരിക്കുന്നതാണ് (2 പത്രോ 2:20-22). യേശുവിൽ വസിക്കാത്ത വിശ്വാസികളെ പിതാവ് നീക്കിക്കളയുകയും തീയിൽ വെന്തുപോകുകയും ചെയ്യും (യോഹ 15:5-6; മത്താ 5:13). നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നുവെങ്കിൽ പാപിയുടെ ഗതി എന്താകും (1 പത്രോ 4:18). നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ (1പത്രോ 1:15-17). പിന്മാറുന്ന വിശ്വാസിക്ക്, വിശ്വാസത്യാഗിക്ക് മാനസാന്തരപ്പെടാൻ കഴിയില്ല (എബ്രാ 6:4-8). നിൽക്കുന്നു എന്ന് വിചാരിക്കുന്നവൻ വീഴാതിരിക്കാൻ നോക്കട്ടെ (1 കൊറി 10:12).വിശ്വാസത്തിൽ ഇരിക്കുന്നോ എന്ന് നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ (2 കൊറി 13:5).

 

ക്രിസ്തു എന്ന പ്രതിഫലം നഷ്ടമാകാതിരിക്കാൻ വിശ്വാസി സൂക്ഷിക്കണം.

 

വീണ്ടും ജനനത്തിലൂടെ രക്ഷിക്കപ്പെട്ടവർ അനുസരണക്കേടിലൂടെ ദൈവത്തിൽ നിന്ന് അകന്നുപോകുന്നത് അപകടമാണെന്ന മുന്നറിയിപ്പ് ബൈബിൾ നൽകുന്നു. അങ്ങനെ അകന്നുപോകുന്നവർക്ക് പ്രതിഫലം നഷ്ടമാകും. വിശ്വാസത്യാഗികൾക്ക് രക്ഷയെന്ന പ്രതിഫലമില്ലാ തിരിക്കുകയും നിത്യശിക്ഷ ലഭിക്കുകയും ചെയ്യും എന്നാണ് മുന്നറിയിപ്പിന്റെ അർത്ഥം. രക്ഷ ഉൾപ്പെടാത്ത മറ്റ് പ്രതിഫലം മാത്രമേ ഇത്തരക്കാർക്ക് നഷ്ടമാകൂ എന്ന് ബൈബിൾ പറയുന്നില്ല. ഒരു ക്രിസ്തുവിശ്വാസിക്കുള്ള ഏറ്റവും ഉന്നതമായ പ്രതിഫലം ക്രിസ്തുവാണ് (ഉൽപ 15:1).എന്നാൽ അനുസരണത്തോടെ വിശ്വാസത്തിൽ നിലനിൽക്കുന്നവർക്ക് നിത്യരക്ഷയെന്ന പ്രതിഫലം ലഭിക്കും. യേശുവിലുള്ള നിത്യജീവനെക്കാൾ വലിയ പ്രതിഫലമില്ല. അത് മറ്റെന്ത് പ്രതിഫലത്തെക്കാളും അനന്തമായി ഉന്നതവും മറ്റെല്ലാറ്റിനെയും നിഷ്പ്രഭമാക്കുന്നതുമാണ്. അതിനാൽ നാം ക്രിസ്തുവിലുള്ള രക്ഷ എന്ന പ്രതിഫലമാണ് മുഖ്യമായി കണക്കാക്കേണ്ടത്. പിന്മാറിപ്പോയാലും രക്ഷയെന്ന പ്രതിഫലം നഷ്ടപ്പെടില്ല  എന്ന് വരുത്തിത്തീർക്കാൻ മറ്റ് പ്രതിഫലങ്ങൾക്ക് ബൈബിൾ കൊടുക്കാത്ത ഊന്നൽ കൊടുക്കുന്നതും തെറ്റാണ്. ദൈവത്തിന്റെ രക്ഷ അനുഭവിച്ചിട്ട് പിന്മാറിപ്പോകുന്നവർക്ക് പ്രതിഫലം മാത്രം നഷ്ടപ്പെടുമെന്നോ, രക്ഷ നഷ്ടപ്പെടുകയില്ലെന്നോ അല്ല, മറിച്ച് അത്തരക്കാർക്ക് അവിശ്വാസികൾക്ക് ലഭിക്കുന്നതിനെക്കാൾ വലിയ ശിക്ഷ ലഭിക്കുമെന്നാണ് ബൈബിൾ വ്യക്തമാക്കുന്നത് (യോഹ 15:1-10; എബ്രാ 2:1-3; 3:6; 12-14; 6:4-9; 10:26-29; 1ദിന 28:9; 2ദിന 15:2; എസെ 3:18-21; 18:21-32; 33:11-16; 2പത്രോ 2:4-10; 20-22). ബൈബിളിൽ പ്രതിഫലത്തെക്കാൾ കൂടുതൽ ഊന്നൽ കൊടുക്കുന്നത് രക്ഷയ്ക്കാണ്. അതിനാൽ രക്ഷയെക്കാൾ പ്രതിഫലത്തിന് ഊന്നൽ കൊടുക്കുന്ന തത്ത്വം ശരിയല്ല. പ്രതിഫലത്തിന് ഊന്നൽ കൊടുക്കുന്നവർ സൽപ്രവർത്തികൾക്ക് അനുസരണത്തെക്കാൾ ഊന്നൽ കൊടുത്ത് സൽപ്രവർത്തികളിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കും.

 

പിന്മാറ്റത്താൽ ബന്ധം തകരും - വിശ്വാസത്യാഗം ക്രിസ്തുവുമായുള്ള വിവാഹമോചനം

 

ദൈവവുമായുള്ള കൂട്ടായ്മ നഷ്ടമായാൽ ക്രമേണ ബന്ധവും നഷ്ടമാകും. പാപത്തിലൂടെ ബന്ധമല്ല, കൂട്ടായ്മ മാത്രമാണ് നഷ്ടമാകുന്നതെന്നതിന് യാതൊരു തെളിവും ബൈബിളിലില്ല. ഭൂമിയിൽ വച്ച് ദൈവവുമായി കൂട്ടായ്മ പുലർത്താതിരുന്നവരെ ദൈവം സ്വർഗ്ഗത്തിൽ തന്നോട് നിത്യമായി കൂട്ടായ്മ പുലർത്താൻ അനുവദിക്കും എന്നതിനും യാതൊരു തെളിവും ബൈബിളിലില്ല. പിന്മാറ്റം ദൈവവുമായുള്ള കൂട്ടായ്മയെ തകർക്കും. കൂട്ടായ്മ ഇല്ലാതാകുമ്പോൾ ദൈവവുമായുള്ള ബന്ധവും തകരും. പിന്മാറ്റം വിശ്വാസത്യാഗത്തിലേക്ക് നയിക്കും. വിശ്വാസത്യാഗം ബന്ധത്തെ തകർക്കും. ദൈവവും വിശ്വാസിയും തമ്മിലുള്ള ബന്ധത്തെ ബൈബിളിൽ മണവാളനും മണവാട്ടിയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കപ്പെട്ടിരിക്കുന്നു. അനുസരണക്കേടിനെയും അവിശ്വസ്തതയെയും ആത്മീയ വ്യഭിചാരമായി കണക്കാക്കിയിരിക്കുന്നു. വ്യഭിചാരക്കുറ്റത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദനീയമാണെന്ന് യേശു വ്യക്തമാക്കി (മത്താ 5:32). ഇതിൽ നിന്ന് അവിശ്വസ്തതയിലൂടെയും വിശ്വാസത്യാഗത്തിലൂടെയും ഏതു ബന്ധവും തകരാവുന്നതാണെന്ന് വ്യക്തമാകുന്നു. ചിലർ മനുഷ്യപിതാവിനെയും ദൈവപിതാവിനെയും തമ്മിൽ താരതമ്യപ്പെടുത്താറുണ്ട്. എന്നാൽ മനുഷ്യപിതാവും ദൈവപിതാവും തമ്മിൽ സാമ്യത്തെക്കാളേറെ വ്യത്യസങ്ങളാണുള്ളത്. പുത്രനെ പുത്രനല്ലാതാക്കാൻ മനുഷ്യപിതാവിന് കഴിയില്ല, എന്നാൽ ദൈവപിതാവിന് കഴിയും, അങ്ങനെ ചെയ്യും എന്ന് ദൈവം പറഞ്ഞിരിക്കുന്നു. നരകം ഉറപ്പുള്ള സാത്താൻ ഇപ്പോഴും ദൈവപുത്രന്മാരിലൊരാളായി എണ്ണപ്പെട്ടിരിക്കുന്നു (ജോബ് 1:6-8) എന്നതും ശ്രദ്ധേയമാണ്.

 

വിശ്വാസത്യാഗിക്ക് രക്ഷ നഷ്ടമാകും

 

വിശ്വാസത്യാഗി തന്റെ രക്ഷയെ ത്യജിക്കുന്നതിനാൽ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വാസത്യാഗിക്ക് വീണ്ടും മാനസാന്തരപ്പെടാൻ കഴിയാത്തതിനാൽ ജീവിതകാലത്തും മരണശേഷവും അവിശ്വാസിയുടേതിനെക്കാൾ കഷ്ടമായ അവസ്ഥയായിരിക്കും അയാളുടേത്. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാത്തവന് ദൈവമില്ല (2യോഹ 9). അനുസരണക്കേട് കാണിച്ചാൽ താൻ നിത്യമായി നൽകിയ വാഗ്ദാനം ദൈവം നിഷേധിക്കും എന്ന് ബൈബിൾ വ്യക്തമാക്കുന്നു (1 സാമു 2:29-30).

 

നിത്യജീവൻ, രക്ഷ എന്നത് എല്ലാം യേശുക്രിസ്തു എന്ന വ്യക്തിയാണ്

 

നിത്യജീവൻ നഷ്ടപ്പെടുകയില്ലെന്ന് വാദിക്കുന്നവർ നിത്യജീവന് ബൈബിളിലെ ശരിയായ നിവ്വചനം കൊടുക്കുന്നില്ല.മനുഷ്യരക്ഷയോടുള്ള ബന്ധത്തിൽ അത് നിത്യമായ നിലനിൽപിന്റെ സ്വതന്ത്രമായ ഒരു അവസ്ഥയല്ല. നിത്യജീവൻ എന്നത് എന്നേക്കും ജീവിക്കുന്ന ഒരു അവസ്ഥയല്ല. അങ്ങനെയായിരുന്നെങ്കിൽ അതിന് നിത്യനായ ദൈവത്തെപ്പോലെതന്നെ ആരംഭവും അവസാനവും ഉണ്ടാകാൻ പാടില്ലായിരുന്നു. വാസ്തവത്തിൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം നിത്യജീവൻ വീണ്ടും ജനനത്തോടെ ആരംഭിക്കുന്നു. അതായത് മനുഷ്യൻ നിത്യമായ ഒന്നിനോട് (യേശുവിനോട്) സംയോജിക്കുകയാണ് ചെയ്യുന്നത്. നിത്യജീവൻ യേശുവായതിനാൽ യേശുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്. യേശുവുമായുള്ള ബന്ധത്തിലുള്ള നിലനിൽപാണ് നിത്യജീവിതം. യേശു ഉള്ളിൽ വസിക്കുമ്പോൾ, നാം യേശുവിൽ വസിക്കുമ്പോൾ നമുക്ക് നിത്യജീവനുണ്ട്. യേശുവുമായുള്ള ബന്ധം നഷ്ടമാകുമ്പോൾ എല്ലാ അർത്ഥത്തിലും നിത്യജീവനും നഷ്ടമാകുന്നു. വഴിയും സത്യവും ജീവനും യേശുക്രിസ്തുവാണ് (യോഹ 14:6). പിതാവായ ദൈവത്തെയും യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ (യോഹ 17:3). സത്യദൈവവും നിത്യജീവനും യേശുക്രിസ്തു ആകുന്നു (1യോഹ 5:20). പിതാവിന്റെ കൽപന നിത്യജീവനാണ് (യോഹ 12:50).യേശുവുള്ളവന് ജീവനുണ്ട്, യേശുവില്ലാത്തവന് ജീവനില്ല (1 യോഹ. 1:1-2, 4:15; 5:11-12). വിശ്വാസിയുടെ പാപപരിഹാരവും വീണ്ടെടുപ്പും നീതിയും രക്ഷയും ജ്ഞാനവും ശക്തിയും സത്യവും ഉയിർപ്പും ദൈവവും നിത്യജീവനും പ്രതിഫലവും എല്ലാം ക്രിസ്തുവാണ് (ഏശ 8:1-4; 12; യോഹ 11:25; റോമ 6:23; 1കൊറി 1:24, 30; 1 യോഹ. 2:2) അതിനാൽ ക്രിസ്തുവിൽ നിലനിൽക്കുന്നവന് ദൈവമുണ്ട്, രക്ഷയുണ്ട്, പ്രതിഫലമുണ്ട്, നിത്യജീവനുണ്ട്. ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്കും വിശ്വാസത്തിൽ നിലനിൽക്കാത്തവർക്കും രക്ഷയില്ല, നിത്യജീവനില്ല, പ്രതിഫലമില്ല (1യോഹ 5:11-12; 2യോഹ 9).

 

വിശ്വാസി പിന്മാറിയാൽ ജീവപുസ്തകത്തിൽ നിന്ന് പേര് മായിച്ചുകളയും

 

ജയിക്കുന്നവന്റെ പേര് ജീവപുസ്തകത്തിൽ നിന്ന് മായിച്ചുകളയില്ല (വെളി 3:5). എന്നോട് പാപം ചെയ്യുന്നവന്റെ പേര് ഞാൻ എന്റെ പുസ്തകത്തിൽ നിന്ന് മായിച്ചുകളയും (പുറ 32:33; സങ്കീ 69:28). ഇതിൽ നിന്നും ജീവപുസ്തകത്തിൽ നിന്ന് പേര് മായിച്ചുകളയുക എന്ന കാര്യം ദൈവത്തിന്റെ പദ്ധതിയിലുള്ള കാര്യമാണ് എന്ന് വ്യക്തമാകുന്നു.

 

പൊതുവായ ചില നിഗമനങ്ങൾ

 

1.         വീണ്ടുംജനനം പ്രാപിച്ചവർക്ക് വിശ്വാസത്തിലും അനുസരണത്തിലും നിലനിന്ന് സ്വർഗ്ഗത്തിൽ എത്താനോ, പിന്മാറിപ്പോയി നരകത്തിൽ എത്താനോ കഴിയും. അല്ലെങ്കിൽ മനുഷ്യന്റെ സ്വതന്ത്ര മനസിന് പ്രസക്തിയില്ലാതെ പോകും. 2.       രക്ഷയുടെ ഉറപ്പ് വേണ്ടവർ വിശ്വാസത്തിലും അനുസരണത്തിലും നിലനിൽക്കണം. രക്ഷയുടെ ഉറപ്പ് മനുഷ്യന്റെ തത്ത്വങ്ങളിൽ അടിസ്ഥാനപ്പെടുത്തരുത്. 3.         രക്ഷ നഷ്ടപ്പെടില്ല, പ്രതിഫലം മാത്രം നഷ്ടപ്പെടും എന്ന തത്ത്വത്തിൽ വിശ്വസിക്കുന്നവർ ചിലപ്പോൾ പിന്നീടുള്ള പ്രതിഫലത്തെക്കാൾ ഇപ്പോഴത്തെ പാപസുഖത്തിന് കീഴ്പ്പെട്ടേക്കാം. രക്ഷ നഷ്ടപ്പെടും എന്ന് ചിന്തിക്കുന്നതുകൊണ്ട് നഷ്ടപ്പെടാൻ ഒന്നുമില്ല. എന്നാൽ രക്ഷ നഷ്ടപ്പെടുകയില്ല എന്ന തത്ത്വം ചിലപ്പോൾ രക്ഷ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ഒരാളെ നയിച്ചേക്കാം.രക്ഷ നഷ്ടപ്പെടുകയില്ല എന്ന തത്ത്വം രക്ഷ പ്രാപിക്കാൻ ആവശ്യവുമില്ല. 4.      രക്ഷ നഷ്ടപ്പെടില്ല എന്ന തത്ത്വം നിത്യജീവന്റെ തെറ്റായ നിർവ്വചനത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. യേശുവാണ് നിത്യജീവൻ എന്ന വസ്തുത ഇവരിൽ പലരും ഗ്രഹിച്ചിട്ടില്ല. യേശുവിൽ വിശ്വസിക്കുന്നിടത്തോളം കാലം നിത്യജീവനായ യേശു നമുക്കുണ്ട്. വിശ്വാസിയുടെ സ്വതന്ത്രതീരുമാനത്തിലൂടെ മാത്രമേ നിത്യജീവൻ നഷ്ടമാകൂ. 5.        രക്ഷയുടെ സന്തോഷം രക്ഷ നഷ്ടപ്പെടില്ല എന്ന മനുഷ്യതത്ത്വത്തിൽ ഊന്നാൻ പാടില്ല. ക്രിസ്തുവിലുള്ള വിശ്വാസമാണ്, മനുഷ്യതത്ത്വങ്ങളല്ല നമ്മുടെ ആത്മസംതൃപ്തിയുടെ അടിസ്ഥാനം. 6.     രക്ഷ നഷ്ടപ്പെടില്ല എന്ന തത്ത്വത്തിൽ വിശ്വസിക്കുന്നവർ മറ്റുള്ളവരെക്കാൾ ശുശ്രൂഷയിൽ കൂടുതൽ ശക്തരായിരിക്കും എന്നതിന് ബൈബിളിന് അകത്തോ പുറത്തോ തെളിവുകളില്ല. തത്ത്വം കൊണ്ട് ഒരാളുടെ വിശ്വാസജീവിതത്തിന് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. നേരെമറിച്ച് തത്ത്വം പലപ്പോഴും പാപത്തിനും ആത്മീയ അഹങ്കാരത്തിനും കാരണമാകുകയും ചെയ്യുന്നു. 7.       രക്ഷയിലേക്ക് പ്രവേശിക്കാൻ പാപത്തെക്കുറിച്ചുള്ള അനുതാപവും വിശ്വാസവും വേണ്ടിയിരുന്നു. രക്ഷയിൽ നിലനിൽക്കാനും പാപത്തെക്കുറിച്ചുള്ള അനുതാപവും വിശ്വാസവും നിലനിർത്തണം. വിശ്വസിക്കുന്നവന് നിത്യജീവൻ നൽകാമെങ്കിൽ വിശ്വസിക്കാത്തവനും വിശ്വാസത്യാഗിക്കും നിത്യമരണവും അനുവദിക്കാം. 8.             ദൈവത്തിന് പ്രീതിയില്ലാത്ത അനുസരണമില്ലാത്തവർക്കും വിശ്വാസത്യാഗിക്കും രക്ഷ കൊടുക്കാൻ ദൈവം ആർക്കും കടക്കാരനല്ല. ദൈവത്തിന്റെ സ്നേഹവും കോപവും, നീതിയും പരിശുദ്ധിയും ബാലൻസ് ചെയ്ത് വേണം ചിന്തിക്കാൻ. 9.     യേശുക്രിസ്തുവിനോടുള്ള ബന്ധത്തിലായിരുന്ന വ്യക്തികളിലും സാത്താന് സ്വാധീനവും നിയന്ത്രണവും സാദ്ധ്യമാണ് (ഉദാ. യൂദാ, പത്രോസ്).

 

അനുസരണക്കേട് കാണിച്ചാലും രക്ഷ നഷ്ടമാകില്ലെന്ന് സാത്താൻ പറയുന്നു (ഉൽപ 3:4-5)

 

ദൈവം വ്യവസ്ഥകളില്ലാത്ത രക്ഷാഭദ്രത വാഗ്ദാനം ചെയ്തിട്ടില്ല. പാപം ചെയ്യുന്ന ആത്മാവ് മരിക്കും എന്ന കാര്യമാണ് ആദിമുതൽ ദൈവം എന്നും പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ സാത്താൻ നിരുപാധികമായ രക്ഷാഭദ്രത പഠിപ്പിച്ചു. ദൈവത്തോട് അനുസരണക്കേട് കാണിച്ചാലും നിങ്ങൾ മരിക്കില്ല എന്ന് സാത്താൻ ആദിമാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. പാപത്തിലൂടെ തനിക്കും നിത്യജീവൻ നഷ്ടപ്പെട്ടതാണെന്ന വസ്തുത സാത്താൻ തന്ത്രപൂർവ്വം മറച്ചുവയ്ക്കുന്നു. അന്ത്യത്തോളം വിശ്വാസത്തിൽ നിലനിൽക്കുന്നവരാണ് യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടവർ. അവരാണ് മുൻനിയമിക്കപ്പെട്ടവർ. രക്ഷ എന്നത് വീഴ്ചക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് മനുഷ്യനെ വീണ്ടും തിരിച്ചുകൊണ്ടുവരുന്നതാണ്. ആദാമിന് ആത്മീയമായി മരിക്കാമെങ്കിൽ വീണ്ടുംജനനം പ്രാപിച്ചവർക്കും ആത്മീയമായി മരിക്കാം. രക്ഷിക്കപ്പെട്ടവർക്ക് ഒരുതരത്തിലും രക്ഷ നഷ്ടമാകയില്ല എന്ന തെറ്റായ വാഗ്ദാനം നൽകി സാത്താൻ ഇന്നും അനേകരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.

 

ജാഗ്രത ആവശ്യമാണ്

 

ഇത്ര വ്യക്തമായി പറയുന്ന ഒരു കാര്യത്തെ നിഷേധിക്കുന്നത് സ്വയം വഞ്ചനയും, മാനുഷികവും ദൈവവിരുദ്ധവുമായ യുക്തിവാദവുമാണ്. പ്രകടമായി പറയുന്നതിന്റെ പ്രഥമ അർത്ഥം നിഷേധിക്കാൻ പ്രകടമല്ലാത്ത ആശയങ്ങളുടെ നിഗൂഢ അർത്ഥം എടുത്ത് ഉപയോഗിക്കുന്ന തെറ്റ് ഇവർ ചെയ്യുന്നു. രക്ഷയുടെ ഉറപ്പ് കൃത്രിമമായി മാനുഷിക വാദത്തിലൂടെ ഉണ്ടാക്കിയെടുക്കുന്നതിനാൽ യഥാർത്ഥമായ ആത്മീയ വളർച്ചയും ആത്മീയ സന്തോഷവും ഇത്തരക്കാർക്ക് എന്നും അന്യമായിരിക്കും. തങ്ങൾക്ക് രക്ഷ ഉണ്ടെന്നും അത് ഒരിക്കലും നഷ്ടമാകയില്ല എന്നും അഹങ്കരിക്കുന്ന ചിലർ പാപത്തിൽ അകപ്പെട്ട് പിന്മാറിപ്പോയി വിശ്വാസത്യാഗം സംഭവിച്ച് നശിച്ചുപോകാൻ സാദ്ധ്യത കൂടുതലാണ്രക്ഷ നഷ്ടപ്പെടുകയില്ല എന്ന് ചിന്തിക്കുന്നവർക്ക് അതിനാൽതന്നെ സംഭവിക്കാവുന്ന അപകടമാണിത്. എന്നാൽ ലഭിച്ച രക്ഷയിൽ അനുസരണത്തിലൂടെ നിലനിൽക്കണമെന്നും അല്ലെങ്കിൽ പിന്മാറിപ്പോയി രക്ഷ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട് എന്നും ചിന്തിച്ചാൽ ഇത്തരത്തിലുള്ള അപകടമില്ല. വിശ്വാസിക്ക് പിന്മാറിപ്പോയി വിശ്വാസത്യാഗത്തിലൂടെ രക്ഷ നഷ്ടമാക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നത് രക്ഷപ്രാപിക്കുന്നതിന് തടസമല്ല. അതിനാൽ രക്ഷ നഷ്ടപ്പെടുകയില്ല എന്ന വാദം ബൈബിൾ വിരുദ്ധവും, അനാവശ്യവും, അപകടകരവുമാണ്. വിശ്വാസി തന്റെ വിശ്വാ സത്തിലും അനുസരണത്തിലും നിലനിൽക്കണമെന്ന ബൈബിളിന്റെ വ്യക്തമായ ഉപദേശം പ്രസംഗിക്കുന്നതിനുപകരം വിശ്വാസത്തിലും അനുസരണത്തിലുമുള്ള നിലനിൽപ്പിനെ അപ്രസക്തമാക്കുന്ന രീതിയിൽ ഒരിക്കൽ ക്രിസ്തുവിൽ വിശ്വസിച്ചവന് എത്രമാത്രം പിന്മാറിപ്പോയാലും ഒരിക്കലും രക്ഷ നഷ്ടപ്പെടുകയില്ല എന്ന് പഠിപ്പിക്കുന്നത് ബൈ ബിൾ സത്യവുമായി ഒത്തുപോകുന്നില്ല. ബൈബിളിൽ ഉള്ളത് പ്രസംഗിക്കാതെ ഉള്ളതിന് വിരുദ്ധമായി ഇല്ലാത്തത് പ്രസംഗിക്കുന്ന തെറ്റാണ് ഇവിടെ സംഭവിക്കുന്നത്.

Ad Image
Ad Image
Ad Image
Ad Image