മലയാളം/ശരിയായ ക്രിസ്ത്യൻ ജീവിതം/



ക്രിസ്തീയ ജീവിതശൈലിയും വേർപാടും

വീണ്ടുംജനനം പ്രാപിച്ച് ദൈവമക്കളായിത്തീർന്നവർ തങ്ങൾക്ക് ലഭിച്ച രക്ഷയിൽ സന്തോഷിച്ച് വിശ്വാസത്തിലും അനുസരണത്തിലും നിലനിന്ന് പ്രാണത്യാഗത്തോളം പാപത്തോട് എതിർത്ത് നിന്നാൽ ദൈവശക്തിയാൽ നിത്യമായി രക്ഷപ്രാപിക്കും (യോഹ 5:24; 6:37-40; 10:27-30; റോമ 5:9-10; 8:1, 31-39; 1കൊറി 1:4-9; എഫേ 4:30; എബ്രാ 3:14; 7:25; 12:4; 13:5; 1പത്രോ 1:4-5; യൂദാ 1:24). അവർ ഒരിക്കലും തങ്ങളുടെ ദൈവമക്കൾ എന്ന സ്ഥാനവും ക്രിസ്തീയ സ്വാതന്ത്ര്യവും ഒരുതരത്തിലും പാപം ചെയ്യാനുള്ള ന്യായീകരണമാക്കില്ലമരണം വരെ പാപപ്രകൃതി ഇല്ലാതാകുന്നില്ലെങ്കിലും പാപത്തിന്റെമേൽ പൂർണ്ണജയം നേടാൻ വിശ്വാസിക്ക് കഴിയും (റോമ 6:15-23; 12:1-2; 13:13-14; 1കൊറി 5:9-13; ഗലാ 5; തീത്തോ 2:11-14; 1യോഹ 1:7-2:6; 3:1-10). അവർ ദൈവത്തോട് നന്ദിയും സ്നേഹവും നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധജീവിതം നയിച്ച് ദൈവത്തെ മഹത്വപ്പെടുത്തും. (എബ്രാ 12:14). യഥാർത്ഥത്തിൽ ഹൃദയംകൊണ്ട് വിശ്വസിച്ച് വീണ്ടും ജനനം പ്രാപിച്ചവർ അവസാനംവരെ സത്യവിശ്വാസത്തിലും അനുസരണത്തിലും നിലനിൽക്കാനും ആത്മാവിന്റെ ഫലം പുറപ്പെടുവിക്കാനും ഉത്സാഹിക്കും. അവസാനം വരെ സത്യവിശ്വാസത്തിലും അനുസരണത്തിലും നിലനിൽക്കുകയും ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുകയും ചെയ്യുക എന്നത് വീണ്ടുംജനനം പ്രാപിച്ച് രക്ഷിക്കപ്പെട്ടതിന്റെ തെളിവാണ് (എബ്രാ 3:14; 1യോഹ 2:15-19; 2യോഹ 9-11). അനുസരണമില്ലാത്ത വിശ്വാസം വിശ്വാസമല്ല (യാക്കോ 2:26). നാം ദൈവത്തെ അറിഞ്ഞിരിക്കുന്നു എന്നും, നാം ദൈവത്തിൽ വസിക്കുന്നു എന്നും നാം മനസിലാക്കുന്നത് ദൈവത്തിന്റെ കൽപനകൾ പ്രമാണിക്കുന്നതിൽ നിന്നാണ് (1യോഹ 2:3-6). ദൈവകൽപനകളെ പ്രമാണിക്കുന്നതാണ് ദൈവത്തോടുള്ള സ്നേഹം (1യോഹ 5:3). അതിനാൽ നാം ഏകാഗ്രചിത്തതയോടെ ദൈവത്തോട് പറ്റിനിൽക്കുകയും ദൈവത്തെ അനുസരിക്കുകയും വേണം (1കൊറി 11:3; 2ദിന 16:9; സംഖ്യ 14:24; 32:9-13; സങ്കീ 91:14). ദൈവവുമായുള്ള ഉടമ്പടി ലംഘിക്കുന്നവരെല്ലാം രക്ഷിക്കപ്പെടാത്തവരാണെന്ന് ബൈബിൾ പറയുന്നില്ല. ഉടമ്പടി ലംഘിക്കുന്നവരെല്ലാം രക്ഷിക്കപ്പെടാത്തവരാണെങ്കിൽ രക്ഷിക്കപ്പെട്ടവർ ആരെന്ന് ആർക്കും ആരെക്കുറിച്ചും പറയാൻ  കഴിയാത്ത അവസ്ഥയുണ്ടാകും; അപ്പോൾ ദൈവമക്കളുടെ കൂട്ടായ്മയും അസാദ്ധ്യമാകും. അതിനാൽ അത്തരം വാദം ശരിയല്ല.

 

യേശുക്രിസ്തുവിന്റെ ഭൂമിയിലെ അംബാസഡർ അഥവാ സ്ഥാനാപതി, സ്വർഗ്ഗരാജ്യത്തിന്റെ പ്രതിനിധി, യേശുവിന്റെ ശിഷ്യൻ  എന്നീ നിലകളിൽ ക്രിസ്തീയ വിശ്വാസിയിൽ നിന്ന് ഒരു പ്രത്യേക ജീവിതശൈലിയാണ് ബൈബിൾ ആവശ്യപ്പെടുന്നത്. ബൈബിളിൽ നൽകിയിരിക്കുന്ന ദൈവകൽപനകൾ അനുസരിച്ച്, എളിമയോടും സ്നേഹത്തോടും ദൈവഭയത്തോടും കൂടി, ലോകത്തിന്റെ ആർഭാടങ്ങളും സുഖലോലുപതയും, തന്ത്രങ്ങളും ഉപേക്ഷിച്ച് സ്വയം ത്യജിച്ച് യേശുവിനെപ്പോലെ ജീവിക്കണം. അങ്ങനെ ജീവിക്കുവാൻ ശ്രമിച്ചുകൊണ്ടാണ് ബൈബിൾ സത്യങ്ങളെ പ്രബോധിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യേണ്ടത്. ഉപദേശശുദ്ധിയും ജീവിതവിശുദ്ധിയും ഉദ്ദേശശുദ്ധിയും ത്യാഗമനോഭാവവും ലാളിത്യവും ഒന്നിച്ചുപോകുന്നതാണ് ക്രിസ്തീയ ജീവിതശൈലി. ഇത്തരം ജീവിതശൈലി സാധാരണ വിശ്വാസികളും നേതാക്കളും ഒരുപോലെ ഉൾക്കൊള്ളേണ്ടതാണ്. ദൈവത്തിൽ നിന്ന് വേർപെട്ട് വീണുപോയ മനുഷ്യൻ ലോകത്തിൽ വച്ചുതന്നെ വീണ്ടുംജനനം വഴി ലോകത്തിൽ നിന്ന് വേർപെട്ട് ദൈവത്തോട് ചേർന്ന് വിശുദ്ധജീവിതം നയിക്കുന്നതാണ് വേർപാട്. നമ്മുടെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും ലോകത്തിൽ ദൈവീകവിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്നതാണ് വേർപാട്. ഒരു സഭാപ്രസ്ഥാനത്തിൽ നിന്ന് വേറൊരു സഭാപ്രസ്ഥാനത്തിലേക്ക് മാറുന്നതുകൊണ്ടുമാത്രം വേർപാട് സംഭവിക്കുന്നില്ല. പൂർണ്ണമായി വേർപെടാൻ ഒരുവൻ ആത്മാവുകൊണ്ടും, മനസുകൊണ്ടും ശരീരം കൊണ്ടും വേർപെടണം (റോമ 12:1-2).

 

ദൈവവിരുദ്ധമായ ബന്ധങ്ങളിൽ നിന്നുള്ള ബന്ധനത്തിൽ നിന്ന് നാം വേർപെടേണ്ടതുണ്ട്.

 

കാരണം ദൈവത്തിന്റെ പദ്ധതിക്കും ഉദ്ദേശങ്ങൾക്കും പുറത്തുള്ള ബന്ധങ്ങൾ നമ്മെ ദുരാത്മ ബന്ധനത്തിലേക്ക് നയിക്കും. ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകിയിരിക്കുന്ന അതേ രീതിയിൽ തന്നെ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലും സ്വാതന്ത്ര്യം അനുവദിക്കേണ്ടതാകുന്നു. മറ്റുള്ളവരെ നിയന്ത്രിക്കുകയും അവരുടെ മേൽ ആധിപത്യം പുലർത്തുകയും ചെയ്യുന്നത് പരസ്പരം നാശകരമാണ്. അത് മന്ത്രവാദത്തിന്റെ പ്രത്യേകതയും സാത്താനീയവുമാണ്. പരസ്പരബഹുമാനത്തിന്റെ അന്തരീക്ഷത്തിലാണ് ആത്മീയവളർച്ച ഏറ്റവും നന്നായി സാദ്ധ്യമാകുന്നത്. മനുഷ്യന്റെ സ്വതന്ത്ര മനസിനെ വളച്ചൊടിക്കുന്ന തരത്തിലുള്ള എല്ലാ ബന്ധങ്ങളും ദൈവത്തിന്റെ പദ്ധതിക്കും ഉദ്ദേശങ്ങൾക്കും പുറത്താണ്. അത്തരത്തിലുള്ള ബന്ധത്തിൽ അകപ്പെടുന്നവരെ ദുരാത്മാക്കൾ കീഴടക്കാൻ സാദ്ധ്യതയുണ്ട്.ദാവീദും ജോനാഥനും തമ്മിലുണ്ടായിരുന്ന ആത്മബന്ധം നല്ലതായിരുന്നു (1 സാമു 18:1).എന്നാൽ ദാവീദും സാവൂളും തമ്മിലുണ്ടായിരുന്ന ബന്ധം നല്ലതായിരുന്നില്ല. അത്തരം ബന്ധങ്ങൾ അടിമത്തത്തിനും ദൈവികമല്ലാത്ത ആത്മബന്ധത്തിനും കാരണമാക്കുന്നതാണ്. തെറ്റായ വ്യക്തികളും കൂട്ടങ്ങളുമായി ബന്ധപ്പെടുന്നതു വഴിയായി ദുരാത്മാക്കൾ അത്തരക്കാരിലേക്ക് വ്യാപിക്കാവുന്നതാണ്.

 

സ്വാർത്ഥരും അഹങ്കാരികളും അധികാര ദുർമോഹികളുമായ നേതാക്കളുടെ അടിമത്വം.

 

ഏതെങ്കിലും വ്യക്തികളോടൊ, സ്ഥലത്തോടൊ, വസ്തുക്കളോടൊ, ആശയങ്ങളോടൊ ഉള്ള അതിർകവിഞ്ഞ സ്നേഹവും അടുപ്പവും സാത്താനീയ ബന്ധനത്തിലേക്ക് നയിക്കും. അതിനാൽ അവയോടുള്ള അടുപ്പത്തെ ക്രമീകരിക്കേണ്ടതുണ്ട്.“ എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകയ്ക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല... അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (ലൂക്കാ 14:26, 33).

 

അടിമനുകത്തിൽ നിന്ന് വേർപെട്ട് യേശു ക്രിസ്തുവിനോട് ചേരുക.

 

സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനിൽപിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത് (ഗലാ 5:1). രണ്ട് യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും കഴികയില്ല (ലൂക്ക 16:13). മനുഷ്യരുടെ ഇടയിൽ ഉന്നതമായത് ദൈവത്തിന്റെ മുമ്പാകെ അറപ്പത്രേ (ലൂക്ക 16:15). എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹ 8:31-32). വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുക (1തിമോ 6:12). ലോകസ്നേഹം ദൈവത്തോടുള്ള ശത്രുത്വം ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു (യാക്കോ. 4:4). ആകയാൽ ദൈവത്തിന് വിധേയരാകുവിൻ; പിശാചിനെ ചെറുത്തുനിൽക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഒാടിയകന്നുകൊള്ളും (യാക്കോ 4:6-7). നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ (1പത്രോ 5:8-9).

 

 

നാം അറിയാത്ത ബന്ധനങ്ങളിൽ നിന്നും വർണ്ണനാതീതമായ സ്വാതന്ത്ര്യം യേശുവിൽ നമുക്ക് അനുഭവിക്കാം.

 

ഒരു സർക്കസ് കമ്പനിക്കാർ ഒരു ആനയെ വർഷങ്ങളോളം കാലുകൾ ചങ്ങലയിൽ ബന്ധിച്ചു കൊണ്ടുപോകുന്നിടത്തെല്ലാം ഒരു തൂണിൽ കെട്ടിയിടും. അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് തന്റെ യഥാർത്ഥ അവസ്ഥ എന്ന് ആന തെറ്റിദ്ധരിച്ചുതുടങ്ങി. ബന്ധനമില്ലാത്ത അവസ്ഥയെപ്പറ്റി ആനക്ക് ചിന്തിക്കാൻ പറ്റാതായി. അതുകൊണ്ട് ചങ്ങല മാറ്റിക്കളഞ്ഞപ്പോഴും താൻ ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും തൂണിന്റെ അടുത്തുനിന്ന് തനിക്ക് മാറാൻ സാധിക്കില്ല എന്നുമായിരുന്നു ആനയുടെ വിചാരം. അങ്ങനെയിരിക്കെ ഒരുദിവസം സർക്കസ് കൂടാരത്തിന് തീപിടിച്ചു. വാസ്തവത്തിൽ അപ്പോൾ ആനയെ കെട്ടിയിട്ടിരിക്കുകയല്ലായിരുന്നു. എങ്കിലും താൻ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ ഓടി രക്ഷപെടാൻ കഴിയില്ല എന്നാണ് ആന വിചാരിച്ചത്. അങ്ങനെ ആനക്ക് യഥാർത്ഥത്തിൽ ഒാടി രക്ഷപെടാമായിരുന്നുവെങ്കിലും തന്റെ  തെറ്റായ ബന്ധനചിന്തയുടെ അടിമത്വത്തിൽ നിന്നും രക്ഷപെടാൻ കഴിയാതിരുന്നതുകൊണ്ട് ആന തീയിൽ വെന്തു ചത്തു. ഇന്ന് പലർക്കും ഇതാണ് സംഭവിക്കുന്നത്. തങ്ങൾക്ക് യഥാർത്ഥത്തിൽ ക്രിസ്തുവിനാൽ സ്വതന്ത്രരാക്കപ്പെടാമായിരുന്നിട്ടും പാരമ്പര്യങ്ങളുടെ ബന്ധനത്തിലും അടിമത്വത്തിലും അകപ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്നു. ആത്മീയവും മാനസീകവുമായി നം ഉണർന്ന് ക്രിസ്തുവിൽ നമുക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും ബോധവാന്മാരാകണം. “സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്’ (ഗലാ 5:1).

 

ലോകത്തിൽ ക്രിസ്തുവിനോട് ചേർന്നുള്ള ജീവിതം സാഹസീകമാണ്

 

സാത്താൻ വേർപാട് തടയാൻ ശ്രമിക്കും. മനുഷ്യൻ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നത് തടയാൻ സാത്താൻ പല തന്ത്രങ്ങളും ഉപയോഗിക്കുന്നു. ആദ്യതലത്തിൽ സാത്താൻ ദൈവമില്ല എന്ന വാദം ഉയർത്തും. അടുത്ത തട്ടിൽ തെറ്റായ ആരാധനാരീതികളിലൂടെ ആരാധന തന്നിലേക്കുതന്നെ തിരിച്ചുവിടാൻ സാത്താൻ ശ്രമിക്കുന്നു. എന്നാൽ തന്ത്രത്തിലും വീഴാതെ ശരിയായി ദൈവത്തെ ആരാധിക്കുവാൻ ആഗ്രഹിക്കുന്നവരെ അതിന് അനുയോജ്യമല്ലാത്ത സാഹചര്യങ്ങളിലും സഭാ പ്രസ്ഥാനങ്ങളിലും തളച്ചിടാൻ സാത്താൻ ശ്രമിക്കുന്നു. നാം ദൈവഹിതപ്രകാരമുള്ള കൂട്ടായ്മകളിലും സഭാപ്രസ്ഥാനങ്ങളിലുമാണ് ആയിരിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിച്ച് സാത്താൻ നമ്മെ വഞ്ചിക്കും. വേർപെട്ട് ജീവിക്കുന്ന സത്യവിശ്വാസികളെ ലോകം ദ്വേഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യും. ഞാൻ ലോകത്തിനുള്ളവൻ അല്ലാത്തതുപോലെ അവരും ലോകത്തിനുള്ളവർ അല്ലാത്തതുകൊണ്ട് ലോകം അവരെ ദ്വേഷിച്ചു(യോഹ. 17:14).  ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കിൽ, അത് നിങ്ങളെ ദ്വേഷിക്കും മുമ്പ് എന്നെ ദ്വേഷിച്ചു എന്ന് മനസ്സിലാക്കുക. നിങ്ങൾ ലോകത്തിനുള്ളവർ ആയിരുന്നു എങ്കിൽ, ലോകം സ്വന്തം എന്നപോലെ നിങ്ങളെ സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ലോകത്തിനുള്ളവർ അല്ലാത്തതുകൊണ്ട് ഞാൻ ലോകത്തിൽ നിന്ന് നിങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ഞാൻ നിങ്ങളോട്  പറഞ്ഞ വചനം ഓർമ്മിക്കുക: ദാസൻ യജമാനനെക്കാൾ വലിയവനല്ല. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും (യോഹ. 15:18-20).

 

വേർപെടാൻ ദൈവം നമ്മോട് ആഹ്വാനം ചെയ്യുന്നു

 

വക്രതയുള്ള ഇൗ തലമുറയിൽ നിന്ന് വേർപെടണം (പ്രവൃ 2:40). നിങ്ങൾ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത നിങ്ങളുടെ മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും, പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും (റോമ 12:2). സഹോദരരേ, നിങ്ങൾ പഠിച്ച തത്വങ്ങൾക്ക് വിരുദ്ധമായി പിളർപ്പുകളും ദുർമ്മാതൃകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണം എന്നു ഞാൻ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണ് ശുശ്രൂഷിക്കുന്നത് (റോമ 16.17-18). പ്രത്യുത സഹോദരൻ എന്നു വിളിക്കപ്പെടുന്നവൻ അസൻമാർഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാൽ അവനുമായി സംസർഗ്ഗം പാടില്ലെന്നാണ് ഞാൻ എഴുതിയത്. അവനുമൊരുമിച്ച് ഭക്ഷണം കഴിക്കുകപോലുമരുത്’ (1കൊറി 5:11-12). നിങ്ങൾ അവിശ്വാസികളുമായി കൂട്ടുചേരരുത്....വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണ് പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മൾ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാൽ ദൈവം അരുളിച്ചെയ്തിരിക്കുന്നു : ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ വ്യാപരിക്കുകയും ചെയ്യും; ഞാൻ അവരുടെ ദൈവമായിരിക്കും; അവർ എന്റെ ജനവുമായിരിക്കും. ആകയാൽ നിങ്ങൾ അവരെ വിട്ട് ഇറങ്ങിവരുകയും അവരിൽനിന്ന് വേർപിരിയുകയും ചെയ്യുവിൻ എന്ന് കർത്താവു അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങൾ തൊടുകയുമരുത്; അപ്പോൾ ഞാൻ നിങ്ങളെ സ്വീകരിക്കും; ഞാൻ നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് പുത്രൻമാരും പുത്രികളും ആയിരിക്കും എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു (2കോറി 6:14-18). പ്രീയമുള്ളവരേ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ട് നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക (2കൊറി 7:1). നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിൻ; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിൻ (2കോറി 13:5).

 

ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ (1 തെസ്സ4:3). സകലവിധദോഷവും വിട്ടകലുവിൻ... നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ (1തെസ്സ 5:22-23). അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരിൽനിന്ന് അകന്ന് നിൽക്കുക (2 തിമോ 3:5). സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ട് വട്ടം ബുദ്ധി പറഞ്ഞ ശേഷം അവനെ ഒഴിവാക്കുക (തീത്തോ 3:10). എല്ലാവരോടും സമാധാനം ആചരിച്ച് ശുദ്ധീകരണം പ്രാപിക്കാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല (എബ്രാ 12:14). പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ, നിങ്ങളെ വിളിച്ച വിശുദ്ധന്ന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ’’ എന്ന് എഴുതിയിരിക്കുന്നല്ലോ. മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവ് എന്ന് വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ (1പത്രോ1:14-17). ലോകത്തെയും, ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കൺമോഹം, ജീവിതത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നാകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” (1 യോഹ. 2:15-17). ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഒരുത്തൻ ഉപദേശവും കൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്; അവന് കുശലം പറകയും അരുത്. അവന് കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തിൾക്ക് കൂട്ടാളിയല്ലോ (2യോഹ 7-11). അവളിൽനിന്നും പുറത്തുവരുക (വെളി 18:4-5).

 

എന്താണ് വേർപാട്

 

ദൈവത്തിൽ നിന്ന് വേർപെട്ട് വീണുപോയ മനുഷ്യൻ ലോകത്തിൽ വച്ചുതന്നെ വീണ്ടുംജനനം വഴി ലോകത്തിൽ നിന്ന് വേർപെട്ട് ദൈവത്തോട് ചേർന്ന് വിശുദ്ധജീവിതം നയിക്കുന്നതാണ് വേർപാട്. നമ്മുടെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും ലോകത്തിൽ ദൈവീകവിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്നതാണ് വേർപാട്. ഒരു സഭാപ്രസ്ഥാനത്തിൽ നിന്ന് വേറൊരു സഭാപ്രസ്ഥാനത്തിലേക്ക് മാറുന്നതുകൊണ്ടുമാത്രം വേർപാട് സംഭവിക്കുന്നില്ല. പൂർണ്ണമായി വേർപെടാൻ ഒരുവൻ ആത്മാവുകൊണ്ടും, മനസുകൊണ്ടും ശരീരം കൊണ്ടും വേർപെടണം (റോമ 12:1-2). അങ്ങനെ വേർപാടിന് മൂന്ന് തലങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാം. ഒന്നാമതായി ആത്മീയം (ആത്മാവ്). ദൈവപ്രമാണത്തിന് വിരുദ്ധമായ ആത്മീയ ഉപദേശങ്ങളിൽ വിശ്വസിക്കുന്നത് ആത്മീയ വ്യഭിചാരമാണ്. അതിനാൽ അത്തരം ഉപദേശങ്ങൾ ഉപേക്ഷിക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യണം. രണ്ടാമതായി മാനസീകം (ദേഹി). ദൈവപ്രമാണത്തിന് വിരുദ്ധമായ ബൗദ്ധിക ഉപദേശങ്ങൾ, തത്ത്വങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ആചാരരീതികൾ എന്നിവയിൽ വിശ്വസിക്കുന്നത് ഒരുതരം ബൗദ്ധിക വ്യഭിചാരമാണ്. അതിനാൽ അത്തരം ഉപദേശങ്ങൾ ഉപേക്ഷിക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യണം. മൂന്നാമതായി ശാരീരികം (ദേഹം). ദൈവത്തിന് പ്രസാദകരമാകുന്ന പ്രവൃത്തികൾ ചെയ്യാൻ മാത്രമാണ് ശരീരം ഉപയോഗിക്കേണ്ടത്. അതിനാൽ ജീവിതരീതികൾ, ആചാരരീതികൾ, ജീവിതനിലവാരം, സാമ്പത്തികവിനിയോഗം, സാമൂഹികമായ ഇടപെടൽ എല്ലാം ദൈവഹിതപ്രകാരമായിരിക്കണം. ദൈവഹിതപ്രകാരമല്ലാത്ത പ്രവൃത്തികളിൽനിന്ന് വേർപെടണം.

 

എവിടെനിന്ന് വേർപെടണം?

 

വേർപെടേണ്ടത് ദൈവത്തിനിഷ്ടമില്ലാത്ത ജീവിതരീതികളിൽ (വിശ്വാസങ്ങൾ, ചിന്താരീതികൾ, ജീവിതശൈലികൾ, പ്രസ്ഥാനങ്ങൾ എന്നിവയിൽ) നിന്നാണ്. അതായത് നാം അടിസ്ഥാനപരമായി വേർപെടേണ്ടത് ഇൗ ലോകത്തിന്റേതായ ബന്ധനങ്ങളിൽനിന്നാണ്. ആന്തരീകവും ബാഹ്യവുമായ വേർപാട് വിശ്വാസികൾക്ക് ആവശ്യമാണ്. ഹൃദയത്തിലുള്ള തെറ്റായ ആഗ്രഹങ്ങളിൽനിന്നും, സമൂഹത്തിലെ തെറ്റായ ചട്ടക്കൂടുകളിൽനിന്നും നാം മോചനം നേടണം. ഈ ലോകം നമ്മെ ബന്ധനത്തിലാക്കാൻ തുടർച്ചയായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ട് നാം തുടർച്ചയായി വേർപെട്ടുകൊണ്ടേയിരിക്കണം. ഇങ്ങനെ തുടർച്ചയായി വേർപെട്ടുകൊണ്ടേയിരിക്കാത്തതിന്റെ ഫലമായി ഇന്ന് വേർപെട്ട സഭകളിലെ അനേകർ ലോകത്തിന്റെ കനത്ത ബന്ധനത്തിൽ കിടക്കുന്നു. പാരമ്പര്യത്തിന്റെ ബന്ധനങ്ങളിൽനിന്നും കുറെയൊക്കെ വേർപെടാൻ പലർക്കും കഴിഞ്ഞിട്ടുണ്ടെങ്കിലും പണത്തിന്റെയും പദവിയുടെയും ബന്ധനങ്ങളിൽനിന്ന് വേർപെടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. വേർപെട്ട സഭകൾ കാലത്തിന്റെ പ്രയാണത്തിൽ തങ്ങളുടേതായ വചനവിരുദ്ധ പാരമ്പര്യങ്ങൾ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. വൃക്ഷത്തെ അതിന്റെ ഫലത്തിൽനിന്നാണ് തിരിച്ചറിയേണ്ടത്. ഒരാൾ ദൈവത്തിന്റെ പക്ഷത്താണോ എന്നു നിർണ്ണയിക്കേണ്ടത് അയാൾ ദൈവാത്മാവിനെ അനുസരിച്ചുനടക്കുമ്പോൾ അയാളിൽ പ്രകടമാകുന്ന ആത്മാവിന്റെ ഫലത്തിൽ നിന്നാണ്. ആത്മാവിന്റെ ഫലം സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം (ഗലാ 5:22) എന്നിവയാണ്. അല്ലാതെ അയാൾ സമ്പാദിച്ച സ്വത്തോ, പ്രസ്ഥാനങ്ങളോ, പ്രശസ്തിയോ, ജനപിന്തുണയോ ഒന്നുമല്ല. ദൈവത്തിനായി അനേക കാര്യങ്ങൾ ചെയ്തു എന്നു അവകാശപ്പെട്ടാലും ആത്മാവിന്റെ ഫലം ജീവിതത്തിൽ പ്രകടമല്ലെങ്കിൽ ദൈവത്തിന്റെ അംഗീകാരം ലഭിക്കുകയില്ല. നാം ബൈബിൾ വിരുദ്ധമായ സഭാകൂട്ടായ്മകളിൽനിന്ന് വേർപെടണം. ചില കൂട്ടായ്മകളിൽ ഭാഗമായിരിക്കയും ദൈവഹിതപ്രകാരം ജീവിക്കുകയും ചെയ്യുക എന്നത് സാദ്ധ്യമല്ലാതെ വന്നേക്കാം. അപ്പോൾ അത്തരം കൂട്ടായ്മകളിൽനിന്ന് നാം വേർപെടേണ്ടിയിരിക്കുന്നു. ദൈവവചനത്തിന് വിരുദ്ധമായി പഠിപ്പിക്കുന്നതും, ദൈവകൽപനകൾ അനുസരിക്കാത്തതുമായ മതത്തിൽനിന്നും സഭാപ്രസ്ഥാനങ്ങളിൽ നിന്നും വേർപെടണം. ഉദാഹരണമായി റോമൻ കത്തോലക്ക മത ചിന്തപ്രകാരം, അവർ പഠിപ്പിക്കുന്നത് വിശ്വസിക്കാത്തവർ അതിലെ അംഗമല്ല. അംഗമല്ലാത്തവർ അതിൽ നിൽക്കുന്നത് നിയമവിരുദ്ധമാണ്.അങ്ങനെ നിയമവിരുദ്ധമായി അകത്തുനിൽക്കുന്നത് സത്യവിരുദ്ധമാണ്. സത്യവിരുദ്ധമായി അകത്തുനിൽക്കുന്നത് തെറ്റാണ്. തെറ്റ് ശരിയിലേക്ക് നയിക്കുന്നില്ല (റോമ 3:7-8). അതിനാൽ റോമൻ കത്തോലക്ക മത പ്രബോധനങ്ങൾ എല്ലാം അംഗീകരിക്കാത്തവർ റോമ മതം വിട്ടുപോകണം. ഒരു നല്ല ക്രിസ്ത്യാനിയാകാൻ ഒരു റോമൻ കത്തോലിക്കനാകണമെന്നില്ല. യേശുവും, പത്രോസും, പൗലോസും ഒന്നും റോമൻ കത്തോലിക്കരായിരുന്നില്ലല്ലോ. റോമ മതക്കാരല്ലാത്തവരെല്ലാം ക്രിസ്ത്യാനികളല്ല എന്ന ചിന്താഗതി തികച്ചും അകൈ്രസ്തവവും, ബുദ്ധിഹീനവും എന്നുമാത്രമല്ല, സത്യവിരുദ്ധവും ധിക്കാരപരവുമാണ്. എന്നാൽ ഒരു റോമ മതക്കാരന് ഒരേ സമയം ഒരു യഥാർത്ഥ ക്രിസ്ത്യാനിയും, യഥാർത്ഥ റോമ മതക്കാരനും ആയിരിക്കാൻ സാദ്ധ്യമല്ല എന്ന ബൈബിൾ പഠിച്ചാൽ മനസിലാകും. കാരണം റോമ മതത്തിന്റെ വിശ്വാസസംഹിതയും, ബൈബിൾ പ്രബോധനങ്ങളും തമ്മിൽ ഒട്ടേറെ വൈരുദ്ധ്യങ്ങൾ ഉണ്ട്. റോമ മതവും ബൈബിളും തമ്മിൽ വൈരുദ്ധ്യങ്ങൾ ഉള്ളതുകൊണ്ട് ഒരു വ്യക്തിക്ക് ഒരേസമയം അവ രണ്ടിനോടും വിശ്വസ്തത പുലർത്തുക സാദ്ധ്യമല്ല.  പെന്തെക്കോസ്തലിസത്തെയും മറ്റു ചില സഭാ പ്രസ്ഥാനങ്ങളെയും സംബന്ധിച്ചും ഇത്തരം നിഗമനങ്ങൾ തെറ്റല്ല. ഒരു വസ്തുവിനും ഒരേസമയം കറപ്പും വെളുപ്പുമായിരിക്കാൻ കഴിയില്ല.ദൈവത്തേയും മാമോനെയും ഒരേസമയം സേവിക്കുക സാദ്ധ്യമല്ലബൈബിളിലെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഇത്തരം പ്രസ്ഥാനങ്ങളുടെ തെറ്റായ പ്രബോധനങ്ങളിൽ വിശ്വസിക്കാൻ കഴിയില്ല. തെറ്റായ ഒരു ആശയസംഹിതയിൽ വിശ്വസിക്കുന്ന ആൾ തെറ്റിൽ പങ്കുകാരനാകുന്നു. പെന്തെക്കോസ്തലിസത്തിലെ പ്രശ്നവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. അതിനാൽ സത്യം മനസിലാക്കിയ ആൾ ഒന്നാമതായി ചെയ്യേണ്ടത് സത്യവിരുദ്ധമായ കൂട്ടായ്മയിൽ നിന്ന് പുറത്ത് വരുക എന്നതാണ്. മുങ്ങുന്ന കപ്പലിനെ പുറത്തുനിന്നേ രക്ഷിക്കാൻ സാധിക്കൂ. തീപിടിച്ച വീടിന് പുറത്തുചാടിയാലെ വീടിനെ രക്ഷിക്കാൻ കഴിയൂ. തിന്മയുള്ള ഒരു പ്രസ്ഥാനത്തിനകത്തായിരിക്കുമ്പോൾ ബന്ധനത്തിന്റെ ഭാരം നമുക്ക് മനസിലാവില്ല. മത പ്രസ്ഥാനങ്ങളുടെ ബന്ധനത്തിന്റെ ഭാരം മനസിലാകണമെങ്കിൽ അതിന് പുറത്ത് വരണം. ഉദാഹരണമായി നാം വെള്ളത്തിനടിയിൽ ആയിരിക്കുമ്പോൾ നമുക്ക് മുകളിലുള്ള അനേക ടൺ വെള്ളത്തിന്റെ ഭാരം നമുക്ക് അനുഭവപ്പെടുന്നില്ല.എന്നാൽ പുറത്ത് വന്ന് ഒരു ബക്കറ്റ് വെള്ളമെടുക്കുമ്പോൾ നമുക്ക് അതിന്റെ ഭാരം വലുതായി അനുഭവപ്പെടുന്നു. അതുപോലെതന്നെ ക്രിസ്തീയ ജീവിതത്തിന്റെ യഥാർത്ഥ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിക്കണമെങ്കിൽ ബന്ധനം നിറഞ്ഞ സഭാപ്രസ്ഥാനങ്ങളുടെ അടിമനുകത്തിൽ നിന്ന് നാം പുറത്തുവരണം.

 

എന്തുകൊണ്ട് വേർപെടണം?

 

ദൈവത്തിന് എതിരായവരും ദൈവമക്കളും തമ്മിൽ നിത്യമായ ഒരു വലിയ വേർപാട് വരുവാൻ പോകുന്നു. ദൈവനിഷേധികളും ദൈവസ്നേഹികളും തമ്മിൽ ഒരേസമയം പൂർണ്ണമായ താദാത്മ്യം സാദ്ധ്യമല്ല. വെള്ളത്തെയും തീയെയും സംയോജിപ്പിക്കാൻ ശ്രമിച്ചാൽ ഒന്നുകിൽ തീ കെട്ടുപോകും, അല്ലെങ്കിൽ വെള്ളം വറ്റിപ്പോകും. അവയ്ക്ക് പരസ്പരം ക്ഷേമകരമായി സഹവസിക്കാൻ കഴിയില്ല. സാത്താനെ മാനസാന്തരപ്പെടുത്താൻ ആർക്കും കഴിയില്ല. സാത്താന്റെ പ്രസ്ഥാനങ്ങളെ നവീകരിക്കാനും സാദ്ധ്യമല്ല. ഇത്തരം സാഹചര്യങ്ങളിൽ സത്യത്തോട് കൂറ് പുലർത്താൻ നമ്മെ സഹായിക്കുന്നത് അവയിൽനിന്ന് വേർപെട്ട് നിൽക്കുന്നത് മാത്രമാണ്. ചില ഉദാഹരണങ്ങളിൽ കൂടി ഇത് വ്യക്തമാക്കാം.യാത്രചെയ്തുകൊണ്ടിരുന്ന ബസ് കേടായാൽ പിന്നാലെ വരുന്ന മറ്റൊരു ബസിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തുക എന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആവ ശ്യവും സാമാന്യബുദ്ധിയും മാത്രമാണ്. നന്നാക്കാൻ പറ്റാത്തവിധം കേടായ വണ്ടി നന്നാക്കാൻ ശ്രമിക്കുന്നത് മൗഡ്യമാണ്. ഇത്രയും സമയം യാത്രചെയ്തതല്ലേ, ഞാൻ ബസ് വിട്ട് മറ്റൊരു വണ്ടിയിലും കയറില്ല എന്നും, വണ്ടിക്ക് എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുമെങ്കിൽ ഞാൻ അവിടെ എത്തിയാൽ മതി എന്നും, അല്ലെങ്കിൽ ഞാൻ ഇവിടെത്തന്നെ കിടന്നോളാം എന്നുമൊക്കെ ചിന്തിക്കുന്നത് ബുദ്ധിഹീനതയാണ്, ലക്ഷ്യബോധമില്ലാത്തതുകൊണ്ടാണ്. യാത്രക്കാരന് താൻ യാത്രചെയ്യുന്ന വണ്ടിയോട് വൈകാരികമായ അത്തരം ബന്ധം ആവശ്യമില്ലെന്ന് മാത്രമല്ല, അത് അപകടകരവുമാണ്. യാത്രക്കാരന്റെ ലക്ഷ്യം താൻ കയറിയ വണ്ടിയിൽതന്നെ ഇരിക്കുക എന്നതോ, വണ്ടി എങ്ങനെയും നന്നാക്കിയെടുക്കുക എന്നതോ ആയിരിക്കരുത്. മറിച്ച്, ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതായിരിക്കണം. നിയമലംഘനം നടത്താതെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ അതിന് സഹായിക്കുന്ന വണ്ടികളിൽ യാത്രചെയ്യാൻ യാത്രക്കാരൻ തയ്യാറാകണം. റോമൻ കത്തോലിസിസത്തിൽ അടിസ്ഥാനപരമായ മാറ്റം വന്നാൽ അത് റോമൻ കത്തോലിസിസമല്ലാതായിത്തീരും. അതുപോലെ തന്നെ പെന്തെക്കോസ്തലിസത്തിൽ അടിസ്ഥാനപരമായ മാറ്റം വന്നാൽ അത് പെന്തെക്കോസ്തലിസമല്ലാതായിത്തീരും. മാങ്ങായുടെ ചില സ്വഭാവസവിശേഷതകളാണ് അതിനെ മാങ്ങായാക്കുന്നത്. സവിശേഷതകൾ അതിന് നഷ്ടമായാൽ അത് മാങ്ങയല്ലാതായിത്തീരും. സഭാപ്രസ്ഥാനങ്ങളുടെ ചട്ടക്കൂടുകളുടെ ഉദ്ദേശം അതിലുള്ള വ്യക്തികൾ പ്രസ്ഥാനത്തിന്റെ വിശ്വാസപ്രമാണങ്ങളും തത്ത്വങ്ങളും അനുസരിച്ച് ജീവിക്കുക എന്നതാണ്. അതിനാൽ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് അവയ്ക്കെതിരെ പോരാടുന്നത് പ്രസ്ഥാനങ്ങളുടെ നിയമങ്ങൾക്ക് മാത്രമല്ല, ദൈവികവ്യവസ്ഥയ്ക്കും വിരുദ്ധമാണ്. അതിനാൽ ഇത്തരം പ്രസ്ഥാനങ്ങളോട് വിയോജിക്കുന്നവർക്കുള്ള ഏകവഴി അവയിൽ നിന്ന് പുറത്തുവരിക എന്നതാണ്.

 

ദൈവവചനം പഠിക്കാനും എല്ലാം ശോധന ചെയ്യാനും എല്ലാവർക്കും ദൈവികമായ ഉത്തരവാദിത്വമുണ്ട്

 

എല്ലാവരും ദൈവവചനം പഠിക്കണമെന്നും, കുട്ടികളെപ്പോലും പഠിപ്പിക്കണമെന്നും, എല്ലായ്പ്പോഴും അവ ചർച്ചാവിഷയമാക്കണമെന്നും ദൈവം നമ്മോട് കൽപിക്കുന്നു. മാതാപിതാക്കൾതന്നെ മക്കളെ ദൈവവചനം പഠിപ്പിക്കുന്നതാണ് ഉചിതമെന്ന് ബൈബിൾ വ്യക്തമാക്കുന്നു. നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്. നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കണം. ഞാനിന്ന് കൽപിക്കുന്ന ഇൗ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം. ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പക്കണം; വീട്ടിലായിരിക്കുമ്പോഴും, യാത്രചെയ്യുമ്പോഴും, കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം (നിയമാ 6:4-7). ആര് എന്ത് പറഞ്ഞാലും അത് സത്യമാണോ എന്ന് ഒാരോരുത്തരും പരിശോധിക്കണം. തങ്ങളെ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് നിർണ്ണയിച്ച് നോക്കാൻ താൽപര്യം കാണിച്ച് സത്യത്തെ സ്നേഹിക്കുന്ന ആളുകളെ ദൈവം അനുമോദിക്കുന്നതായി ബൈബിളിൽ കാണുന്നു. രാത്രിയായപ്പോൾ സഹോദരൻമാർ പെട്ടെന്ന് പൗലോസിനെയും സീലാസിനെയും ബെറോയായിലേക്ക് അയച്ചു. അവർ അവിടെ എത്തി യഹൂദരുടെ സിനഗോഗിലേക്ക് പോയി. ഇൗ സ്ഥലത്തെ യഹൂദർ തെസലോനിക്കായിലുള്ളവരെക്കാൾ മാന്യൻമാരായിരുന്നു. ഇവർ അതീവതാൽപര്യത്തോടെ വചനം സ്വീകരിച്ചു. അവർ പറഞ്ഞതു സത്യമാണോ എന്ന് അറിയുവാൻ വിശുദ്ധഗ്രന്ഥങ്ങൾ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു. അവരിൽ പലരും വിശ്വാസം സ്വീകരിച്ചു (അപ്പോ 17:10-11). പൗലോസ് പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് നിർണ്ണയിക്കേണ്ടത് ആവശ്യമായിരുന്നു എങ്കിൽ, ഇന്ന് ലോകത്തിൽ ഏത് ആത്മീയനേതാവ് പറയുന്ന കാര്യവും ശരിയാണോ എന്ന് നിർണ്ണയിക്കേണ്ടത് ആവശ്യമാണ്. പൗലോസിന്റെ പ്രബോധനങ്ങൾ ശരിയാണോ എന്ന് അവർ പരിശോധിച്ചതിനെ ദൈവവചനം അഭിനന്ദിക്കുന്നു. അതിനാൽ ഒാരോ വ്യക്തിയും താൻ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണോ എന്ന് ഉറപ്പുവരുത്താൻ ബൈബിൾ പഠിക്കുകയും ബൈബിളിന്റെ വെളിച്ചത്തിൽ അവയെ പരിശോധിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ദൈവവചനത്തിലൂടെ വ്യക്തമാകുന്നു.

 

പൂർവ്വികരുടെ പാരമ്പര്യം എന്തായാലും അത് പിന്തുടരണമെന്ന വിശ്വാസം സത്യസന്ധമല്ല

 

മാറ്റങ്ങൾ പലപ്പോഴും ഉചിതമാണ്. മനുഷ്യജീവിതം മാറ്റങ്ങൾ നിറഞ്ഞതാണ്. ലോകചരിത്രം മാറ്റങ്ങൾ നിറഞ്ഞതാണ്. ലോകമതങ്ങൾ മാറ്റങ്ങൾക്ക് വിധേയമാണ്. ഇൗ മാറ്റങ്ങൾക്കെല്ലാം അടിസ്ഥാനകാരണം സ്വയം മാറാനും മാറ്റാനുമുള്ള മനുഷ്യമനസ്സിന്റെ പ്രവണതയാണ്. വെറും പുതുമക്കുവേണ്ടിയോ, അതോ മോശമായതിൽ നിന്നും അതിനേക്കാൾ മെച്ചമായതിലേക്ക് പുരോഗമിക്കുവാനുള്ള ആഗ്രഹം കൊണ്ടോ, എന്തോ മനുഷ്യൻ സാമ്രാജ്യങ്ങൾക്കും രാഷ്ട്രങ്ങൾക്കും ഭരണഘടനകൾക്കും തത്വചിന്തകൾക്കും വേഷവിധാനങ്ങൾക്കും ഭക്ഷണക്രമങ്ങൾക്കും ജീവിതരീതികൾക്കും മാറ്റം വരുത്തുന്നു. പഴയതിനെ വിട്ട് പുതിയതിനെ സ്വീകരിക്കുവാൻ മോശമായതിനെ വിട്ടു നല്ലതിനെ ഉൾക്കൊള്ളുവാനുള്ള മനുഷ്യന്റെ പ്രവണത അവന്റെ മനുഷ്യത്വത്തിന്റെ ഒരു അടിസ്ഥാനഘടകമാണ്.

 

ചരിത്രത്തിലും ശാസ്ത്രത്തിലും വിശ്വാസങ്ങൾ മാറുന്നു

 

ലോകചരിത്രത്തിൽ മനുഷ്യൻ ശരി എന്നു കരുതി വിശ്വസിച്ച അനേകം കാര്യങ്ങൾ തെറ്റാണെന്ന് പിൽക്കാലത്ത് തെളിയുകയും അങ്ങനെ മനുഷ്യൻ തന്റെ വിശ്വാസം മാറ്റുകയും ചെയ്തു. ഉദാഹരണമായി ഭൂമി പരന്നതാണെന്നും, സൂര്യൻ ഭൂമിയെ ചുറ്റുന്നുവെന്നും ഒക്കെ അനേകം നൂറ്റാണ്ടുകളായി വിശ്വസിച്ചുവെങ്കിലും, പിന്നീട് അവയെല്ലാം തെറ്റാണെന്നു തെളിഞ്ഞപ്പോൾ മനുഷ്യൻ തന്റെ വിശ്വാസം മാറ്റി. നമ്മുടെ പൂർവ്വികൻമാർ ഭൂമി പരന്നതാണെന്നു വിശ്വസിച്ചതുകൊണ്ട് ഞാനും അങ്ങനെതന്നെ വിശ്വസിക്കണമെന്നു പറയുന്നത് ശരിയാണോ? ഇന്നത്തെ ശാസ്ത്ര സാങ്കേതിക അറിവുകളുടെ അടിസ്ഥാനത്തിൽ ഭൂമി പരന്നതല്ല മറിച്ച് ഉരുണ്ടതാണെന്ന യാഥാർത്ഥ്യം വളരെ വ്യക്തമായതുകൊണ്ട് ഭൂമി ഉരുണ്ടതാണെന്നുതന്നെ നാം വിശ്വസിക്കണം. അതാണ് ആത്മാർത്ഥതയും ബുദ്ധിയും സത്യസന്ധതയും. ഭൂമി യഥാർത്ഥത്തിൽ ഉരുണ്ടതായിരിക്കെ അത് പരന്നതാണെന്ന് നാം വിശ്വസിക്കുന്നതുകൊണ്ട് ഭൂമിയെ പരന്നതാക്കാൻ നമുക്ക് കഴിയില്ല. മാത്രമല്ല അങ്ങനെ തെറ്റായി വിശ്വസിക്കുന്നതുകൊണ്ട് നാം സ്വയം വഞ്ചിതരാകുന്നു. അതുകൊണ്ട് പുതിയ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിൽ ഭൗതീക യാഥാർത്ഥ്യങ്ങളിലുള്ള തങ്ങളുടെ പഴയ വിശ്വാസത്തെ ഉപേക്ഷിച്ച് പുതിയ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ വിജ്ഞാനികളെന്നും ബുദ്ധിമാൻമാരെന്നും ലോകം വിളിക്കുന്നു. അത്തരം ശാസ്ത്രീയ വിജ്ഞാനത്തെ അംഗീകരിക്കാത്തവർ വിഡ്ഢികളായി കണക്കാക്കപ്പെടുന്നു.

 

ആത്മീയ ലോകത്തും തെറ്റായ വിശ്വാസങ്ങൾ മാറണം

 

അനേകം തെറ്റായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും മിക്കവാറും എല്ലാ സഭകളിലും നിലനിൽക്കുന്നു. അവയുടെ ബന്ധനങ്ങളിൽനിന്നെല്ലാം നാം സ്വാതന്ത്ര്യം പ്രാപിക്കണം. അതിനായി നാം ഒരു പുതിയ ജീവിതം ആരംഭിക്കണം. ഒാരോ മനുഷ്യനും ഒരു പുതിയ സൃഷ്ടിയായി ഒരു പുതിയ മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹമുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ നിലവിലിരിക്കുന്ന ക്രമങ്ങളിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ നന്നായി എല്ലാകാര്യങ്ങളും ചെയ്യുവാൻ എല്ലാ സാധാരണ മനുഷ്യർക്കും ആഗ്രഹമുണ്ട്. പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് ഒരു പുതിയ മനുഷ്യനായി ജീവിക്കുവാൻ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി തെറ്റായ പഴയ വിശ്വാസങ്ങളെല്ലാം ഉപേക്ഷിച്ച് യേശുവിലുള്ള പുതിയ വിശ്വാസം സ്വീകരിച്ച് ഒരു പുതിയ സൃഷ്ടിയായി ജീവിക്കണം. ക്രിസ്തീയ ജീവിതം എന്നത് പരമ്പര്യങ്ങളെയോ, പിതാക്കൻമാരെയോ അവരുടെ വിശ്വാസങ്ങളേയോ അനുസരിക്കുന്നതല്ല. മറിച്ച് യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതും യേശുക്രിസ്തുവിന്റെ കല്പനകൾ അനുസരിക്കുന്നതും, യേശുക്രിസ്തുവിനെപ്പോലെ ആയിത്തീരുന്നതുമാണ്. നാം എന്തൊക്കെ ചെയ്യുന്നു, നമുക്ക് എന്തൊക്കെയുണ്ട് എന്നതിനെക്കാൾ പ്രധാനം നാം എന്തായിരിക്കുന്നു എന്നതാണ്. അതായത് യേശുവുമായുള്ള ബന്ധത്തിൽ നാം എത്രത്തോളം വളർന്നിരിക്കുന്നു എന്നതാണ് പ്രധാനം. നാം യേശുവിനെപ്പോലെ ആയിത്തീരാൻവേണ്ടി നമ്മെത്തന്നെ രൂപാന്തരപ്പെടുത്താൻ നാം ദൈവവചനത്തെ അനുവദിക്കണം. നാം യേശുവിനെപ്പോലെ ആയിത്തീരുമ്പോൾ നമ്മിലൂടെ ലോകം യേശുവിനെ അറിയും.

 

നിൽക്കുന്നു എന്ന് വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിക്കണം

 

ഒരേ പ്രസ്ഥാനത്തിൽ തന്നെ പ്രസ്ഥാനഭക്തിയോടെ നിലകൊള്ളുന്നവർ വഞ്ചിക്കപ്പെടും. കാരണം പ്രസ്ഥാനങ്ങൾ അട്ടിമറിക്കപ്പെടുകയും അവയുടെ വിശ്വാസങ്ങൾ ക്രമേണ മാറിപ്പോകുകയും ചെയ്യുന്നു. അങ്ങനെ പ്രസ്ഥാനങ്ങൾ തെറ്റായ വിശ്വാസങ്ങൾ ജനങ്ങളുടെ മേൽ തന്ത്രപൂർവ്വം അടിച്ചേൽപ്പിക്കും. അതിനാൽ വീഴുന്നില്ല എന്ന് ചിന്തിച്ച് നിൽക്കുന്നിടത്തുതന്നെ നിൽക്കുന്നവർക്കും അവരറിയാതെതന്നെ വിശ്വാസത്യാഗവും വീഴ്ചയും സംഭവിക്കാനുള്ള സാദ്ധ്യതകൾ ഈ കാലഘട്ടത്തിൽ വളരെയധികമാണ്. വേർപെട്ട് യേശുവിന്റെ സഭയിലെ അംഗത്വം കൊണ്ട് സംതൃപ്തരാകുക രക്ഷയുടെ സ്രോതസ് യേശുക്രിസ്തു മാത്രമാകുന്നു. വേറൊരു വ്യക്തിക്കോ, സഭക്കോ, മതത്തിനോ മനുഷ്യന് രക്ഷ നൽകുവാൻ കഴിയുകയില്ല (അപ്പൊ 4:12). ആത്മരക്ഷയ്ക്കായി യേശുവിൽ മാത്രം വിശ്വാസമർപ്പിക്കുന്നവർക്കാണ് നിത്യരക്ഷയും, നിത്യജീവനും ലഭിക്കുന്നതെന്ന് ബൈബിൾ വളരെ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു (റോമ 1:16; 5:9; 6:23; 3:24; അപ്പൊ 4:10-12; 10:43; 15:11; യോഹ 3:17; 3:36; 6:47; 5:24; 20:31; 1യോഹ 4:9). അതിനാൽ യേശുവിന്റെ സ്ഥാനം സഭാപ്രസ്ഥാനങ്ങൾക്ക് കൊടുക്കരുത്. യേശുവിന്റെ സഭയിൽ അംഗത്വം യേശുവിലൂടെ മാത്രമേ ലഭിക്കൂ. പ്രാദേശിക സഭയിൽ പേര് റജിസ്റ്റർ ചെയ്ത് അംഗത്വം ലഭിക്കുന്നതുകൊണ്ടുമാത്രം യേശുവിന്റെ സഭയിൽ അംഗത്വം ലഭിക്കുന്നില്ല.തങ്ങളുടെ രക്ഷക്ക്വേണ്ടി യേശുക്രിസ്തുവിൽ മാത്രം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ കൂട്ടമാണ് യേശുവിന്റെ സഭ. സഭാപ്രസ്ഥാനങ്ങളല്ല യേശുക്രസ്തുവിന്റെ സഭ എന്ന് ബൈബിൾ വ്യക്തമാക്കുന്നു (1കൊറി 1:2). ഇന്നത്തെ പല സഭകളും യഥാർത്ഥ യേശുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നില്ല. ഇന്നത്തെ സഭകളിൽ പലതും കള്ളനാണയങ്ങളാണ്. അവ യഥാർത്ഥമായതിന്റെ അനുകരണങ്ങൾ മാത്രമാണ്. അതിനാൽ ഒരു സഭയിൽനിന്ന് മറ്റൊരു സഭയിലേക്ക് മാറുന്നവർ ഒരു ബന്ധനത്തിൽ നിന്ന് രക്ഷപെട്ട് മറ്റൊരു ബന്ധത്തിൽ അകപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകാതെ സൂക്ഷിക്കണം. രക്ഷ യേശുവിൽകൂടി മാത്രമാണെന്ന് ബൈബിൾ പറയുന്നു. എന്നാൽ തങ്ങളുടെ സഭാപ്രസ്ഥാനത്തിൽ അംഗമാകുന്നവർക്കേ രക്ഷയുള്ളൂ എന്ന് ചില സഭക്കാർ ചിന്തിക്കുന്നു. പരസ്പരവിരുദ്ധങ്ങളായ രണ്ട് ചിന്തഗതികൾക്ക് ഒരേ സമയം ശരിയായിരിക്കാൻ സാദ്ധ്യമല്ല. രക്ഷ ഏതെങ്കിലും ഒരു സഭയിൽ കൂടിമാത്രമായിരുന്നെങ്കിൽ യേശുവിൽ കൂടിമാത്രമാണ് രക്ഷ എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുമായിരുന്നില്ല (അപ്പൊ 15:11). തങ്ങളിൽകൂടി മാത്രമേ രക്ഷയുള്ളൂ എന്ന് പഠിപ്പിക്കുന്ന സഭാപ്രസ്ഥാനങ്ങളെ സൂക്ഷിക്കുക. അത്തരം ചിന്താഗതി ബൈബിൾ വിരുദ്ധവും, ധിക്കാരപരവും ആകുന്നു. അത്തരം പ്രസ്ഥാനങ്ങൾ വിഗ്രഹങ്ങളാണ്. മനുഷ്യനിർമ്മിതമായ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കാൻവേണ്ടി പലരും ദൈവകൽപനകളെ ലംഘിക്കുകയും അങ്ങനെ നിത്യശിക്ഷയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു (മർക്കോ 7:8). യേശുവിനെ അനുസരിക്കുക, യേശുവിനെ മാത്രം ആരാധിക്കുക എന്നത് പ്രഥമ നടപടിയാണ്. നമ്മുടെ സ്നേഹവും കൂറും ഒന്നാമതായി യേശുവിനോടായിരിക്കണം, സഭാപ്രസ്ഥനങ്ങളോടല്ല. സഭാപ്രസ്ഥാനങ്ങൾ ജീർണ്ണതക്ക് വിധേയമാണ്. അതിനാൽ കാലക്രമത്തിൽ അവ ക്രിസ്തുവിനെതിരെപോലും നീങ്ങും. യേശുവിനോടുള്ളതിനെക്കാൾ സ്നേഹം സഭാപ്രസ്ഥാങ്ങളോടും, വിശുദ്ധരോടും, മറ്റ് വ്യക്തികളോടുമൊക്കെ കാണിക്കുന്നവർ അവരറിയാതെതന്നെ യേശുവിനെതിരെ തിരിയും.

 

നിങ്ങൾക്ക് പ്രസ്ഥാനപരമായ വേർപാട് ആവശ്യമുണ്ടോ എന്ന്  തീരുമാനിക്കാൻ സഹായകരമാകുന്ന ചില ചോദ്യങ്ങൾ

 

1.         നിങ്ങളുടെ സഭ യേശുക്രിസ്തുവിനെ ഏകസത്യദൈവവും രക്ഷകനുമായി അംഗീകരിക്കുന്നുണ്ടോ? 2.       നിങ്ങളുടെ ജീവിതം യേശുവിനെ കേന്ദ്രീകരിച്ചാണോ അതോ ഏതെങ്കിലും സഭയെ കേന്ദ്രീകരച്ചാണോ നീങ്ങുന്നത്? 3.     ദൈവത്തിന് മനുഷ്യർക്കായുള്ള പദ്ധതിയെപ്പറ്റിയും യേശുവിലുള്ള രക്ഷയെപ്പറ്റിയും സഭയിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നുണ്ടോ? 4.      നിങ്ങൾക്ക് കൂടുതൽ യഥാർത്ഥമായി തോന്നുന്നത് യേശുവാണോ സഭയാണോ? 5. യേശുവിലുള്ള രക്ഷ നിങ്ങൾക്ക് അനുഭവമാണോ? അതിൽ നിങ്ങൾ സന്തോഷിക്കുന്നുണ്ടോ? അതിനായി നിങ്ങൾ ദൈവത്തോട് നന്ദി പറയാറുണ്ടോ? 6.   ദൈവവചനമായ ബൈബിളിന് ദൈവീകമായ ആധികാരികത കൊടുക്കുന്നുണ്ടോ? 7. യേശു മാത്രം അർഹിക്കുന്ന സ്ഥാനവും സ്ഥാനപ്പേരുകളും പദവിയും നിങ്ങളുടെ അധികാരികൾ അവകാശപ്പെടാറുണ്ടോ? 8.     നിങ്ങളുടെ നേതാക്കൾ വിശുദ്ധിയും മിതത്വും ഉള്ള ജീവിതം നയിക്കുന്നവരാണോ? 9.    ദൈവവചനമായ ബൈബിളിന്റെ ആധികാരികതയും സ്ഥാനവും മറ്റേതെങ്കിലും ഗ്രന്ഥത്തിനോ ആശയസംഹിതകൾക്കോ ദൈവശാസ്ത്രത്തിനോ കൊടുക്കുന്നുണ്ടോ? 10. പരിശുദ്ധാത്മാവ് മാത്രം അർഹിക്കുന്ന പ്രബോധനാധികാരവും നിയന്ത്രണശക്തിയും മറ്റാരെങ്കിലും നിങ്ങളുടെമേൽ പ്രയോഗിക്കുന്നുണ്ടോ? 11.       സഭയുടെ ലക്ഷ്യങ്ങൾ ദൈവവചനാനുസൃതമുള്ളവയാണോ? അവ നേടിയെടുക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ദൈവവചനാനുസൃതമുള്ളവയാണോ? 12.          സഭയിലെ മേലധികാരി സഭയിലെ മറ്റ് മൂപ്പന്മാരുടെ സമിതിക്ക് യഥാർത്ഥമായി കണക്കുബോധിപ്പിക്കേണ്ട രീതിയിൽ വിധേയപ്പെട്ടിരിക്കുന്നുവോ? 13. നിങ്ങളുടെ അധികാരികൾ സഭാംഗങ്ങളുമായി അധികാരം പങ്കിടുന്നുണ്ടോ? അതോ അവർ സഭാംഗങ്ങളെ തങ്ങളുടെ പദ്ധതികൾക്കായി ഉപയോഗിക്കുകയാണോ ചെയ്യുന്നത്? 14.           സഭക്ക് മൊത്തമായി തിരുത്തലുകളും നവീകരണവും ആവശ്യമായിവരുന്ന അവസരങ്ങളിൽ സഭാധികാരി തന്നെയും തന്റെ കുടുംബത്തെയും അതിൽ ഉൾക്കൊള്ളിക്കാറുണ്ടോ? 15. നിങ്ങൾക്ക് യേശുവിനോടും യേശു നിങ്ങൾക്ക് നൽകിയ ദർശനത്തോടും ഉള്ളതിനെക്കാൾ കൂടുതൽ കൂറും വിശ്വസ്തതയും നിങ്ങളുടെ മേലധികരികളോടും സഭാപ്രസ്ഥാനത്തോടും ഉണ്ടോ? 16. നിങ്ങളുടെ സഭയിൽ യേശുവിനെക്കുറിച്ചാണോ സഭാ പരിപാടികളെക്കുറിച്ചാണോ കൂടുതൽ ചിന്തിക്കാറുള്ളത്? 17.സഭാ പ്രസസ്ഥാനത്തിന്റെ വളർച്ചയും ഭരണപരമായ മികവും ദൈവത്തിന്റെ അംഗീകാരത്തിന്റെ അളവുകോലായി കണക്കാക്കാറുണ്ടോ? അന്യോന്യം സ്നേഹിക്കുന്നതിലൂടെയാണ് നാം യേശുവിന്റെ ശിഷ്യരാണ് എന്ന് ലോകം അറിയുന്നത് എന്ന തത്വത്തിന് വേണ്ടത്ര അംഗീകാരം കൊടുക്കാറുണ്ടോ? 18. സുവിശേഷത്തെ പ്രസ്ഥാനവൽക്കരിച്ച് അധികാരതാവളങ്ങളാക്കാനുള്ള പ്രവണതയുണ്ടോ? 19. യേശുവിനെക്കാൾ കൂടുതലായി ഏതെങ്കിലും വ്യക്തികളോ സാഹചര്യങ്ങളോ നിങ്ങളെ സ്വാധീനിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? 20.       യേശുവിന്റെ ശിഷ്യന്മാർ യേശുവിനെ സമീപിച്ച രീതിയിൽ സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും കൂടി നിങ്ങളുടെ സഭാധികാരികളെ സമീപിക്കാനും സംസാരിക്കാനും നിങ്ങൾക്ക് കഴിയുന്നുണ്ടോ? 21. നിങ്ങളുടെ നേതാക്കൾ ലോകത്തിന്റെ അധികാരശൈലിയാണോ അതോ യേശു കാണിച്ചുതന്ന യഥാർത്ഥ ദാസ്യത്തിന്റെ അധികാരശൈലിയാണോ പ്രയോഗിക്കുന്നത്? 22. നിങ്ങളുടെ സഭാധികാരികളോട് നിങ്ങൾക്കുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾ അനുഭവിക്കുന്നുണ്ടോ? അവർ അതിനായി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? 23.           നിങ്ങളുടെ നേതാക്കളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അവർ സന്തോഷത്തോടെ അവയെ അംഗീകരിച്ച് സ്വീകരിക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ടോ? 24.         നിങ്ങളുടെ നേതാക്കൾ രഹസ്യമായ നീക്കങ്ങൾ നടത്തുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ നിങ്ങളുടെ നേതാക്കൾ നിങ്ങളുടെ അറിവും സമ്മതവും കൂടാതെ തീരുമാനങ്ങൾ എടുക്കുന്നുണ്ടോ? നിങ്ങളോട് തുറന്നു പറയാൻ കഴിയാത്ത കാര്യങ്ങൾ അവർക്കുണ്ടോ? അത്തരം രഹസ്യങ്ങൾ നിങ്ങൾ അറിയാതിരിക്കാൻ അവർ പ്രത്യേകമായ ശ്രമം നടത്തുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? അവരുടെ നടപടികളും ആശയങ്ങളും തുറന്ന ചർച്ചകൾക്ക് വിധേയമാകാറുണ്ടോ? 25.            പ്രബോധനങ്ങൾ വ്യക്തമായ ദൈവവചനസത്യങ്ങളെ അടിസ്ഥാനമാക്കിയാണോ അതോ നേതാക്കൾക്ക് ലഭിച്ചു എന്ന് അവകാശപ്പെടുന്ന ദൈവീകവെളിപ്പാടുകളെ അടിസ്ഥാന മാക്കിയാണോ? 26.        നിങ്ങളുടെ സഭയ്ക്കും അധികാരികൾക്കും മറ്റു സഭകളോട് ബന്ധമുണ്ടാ? ഉണ്ടെങ്കിൽ ഏതുതരം സഭകളോടും വ്യക്തിളോടും? 27.            നിങ്ങളുടെ സഭ യേശുവിന്റെ സഭയിലെ ഒരു ഭാഗമായിട്ടാണോ അതോ ഏറ്റവും പ്രധാന ഭാഗമായിട്ടാണോ നിങ്ങൾ കരുതുന്നത്? 28.      നിങ്ങളുടെ നേതാവ് തനിക്കും തന്റെ കുടുഃബത്തിനും പ്രത്യേകമായ പശ്ചാത്തലവും, ദൈവവിളിയും, കൃപാവരവും അഭിഷേകവും ഒക്കെ ഉണ്ട് എന്ന് സൂചിപ്പിക്കുകയോ അഹങ്കരിക്കുകയോ ചെയ്യുന്നുണ്ടോ? അവർ നിങ്ങളെക്കാൾ നല്ലവരും ആത്മീയമായി ഉന്നതരുമാണ് എന്ന് ചിത്രീകരിക്കാൻ വേണ്ടി നുണ പറയുകയും പെരുപ്പിച്ചു പറയുകയും ചെയ്യുന്നില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? 29. നേതാക്കൾ പക്ഷപാതപരമായി പെരുമാറുന്നുവോ? 30.      സഭാംഗങ്ങൾ അധികാരികളെക്കാൾ താഴ്ന്നവരാണ് എന്ന ചിന്തയുണ്ടോ? സഭാധികാരികൾ സഭാംഗങ്ങളെക്കാൾ കൂടുതലായി ദൈവത്തോട് അടുത്തുനിൽക്കുന്നവരാണ് എന്ന ചിന്തക്ക് വലിയ പ്രാധാന്യം കൊടുക്കാറുണ്ടോ? 31.   എല്ലാക്കാര്യങ്ങളും അധികാരികൾ ചെയ്യുന്നതുപോലെ ചെയ്യണം എന്ന സമ്മർദ്ദം നിങ്ങൾ അനുഭവിക്കുന്നുണ്ടോ? 32.            സാധാരണ വ്യക്തികളിൽ നിന്നും വ്യത്യസ്തമായി വസ്ത്രധാരണം ചെയ്യാനുള്ള ക്രിസ്തുവിരുദ്ധമായ പ്രവണത നേതാക്കൾ കാണിക്കാറുണ്ടോ? 33.        നിങ്ങളുടെ സഭയിൽ സമൂഹത്തിലെ എല്ലാത്തരങ്ങളിലുമുള്ള ആളുകളുണ്ടോ? അവർ തമ്മിൽ തമ്മിൽ സ്നേഹപൂർവ്വമായ ബന്ധമാണോ നിലനിൽക്കുന്നത്? 34. എല്ലാവർക്കും ഒരേ ചട്ടങ്ങളും നിയമങ്ങളുമാണോ സഭയിലുള്ളത്? 35.നിങ്ങളുടെ നേതാക്കൾ സഭയിലുള്ള എല്ലാത്തരങ്ങളിലുമുള്ള ആളുകൾക്ക് തുല്യമായ പരിഗണനയും സ്നേഹവും കൊടുക്കുന്നുണ്ടോ? അതോ അവർ പക്ഷപാതപരമായി പെരുമാറുന്നുവോ? 36.അധികാര വിനിയോഗത്തിലും സാമ്പത്തികസൗകര്യങ്ങളിലും നിങ്ങളുടെ സഭാധികാരികളും അവരുടെ ബന്ധുക്കളും സഭയിലുള്ള മറ്റുള്ളവരെക്കാൾ മുന്നിലാണോ?  37.            നിങ്ങളുടെ സഭയുടെ പൂർണ്ണനിയന്ത്രണം നേതാവിന്റെയും കുടുഃബത്തിന്റെയും കരങ്ങളിലാണോ? 38. നിങ്ങളുടെ സഭാധികാരിയുടെയും മറ്റു അംഗങ്ങളുടെയും സാന്നിദ്ധ്യം നിങ്ങൾക്ക് യഥാർത്ഥമായ ആത്മീയസന്തോഷവും വളർച്ചയും നൽകുന്നുണ്ടോ? അവർ നിങ്ങളോട് യഥാർത്ഥ സൗഹൃദത്തിലാണോ?അതോ അവരുടെ സാന്നിദ്ധ്യം നിങ്ങൾക്ക് അരോചകവും ഭയമുളവാക്കുന്നതുമാണോ? 39. നിങ്ങളുടെ സഭയുടെ ഉൗന്നൽ വ്യക്തികളുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിലാണോ അതോ ആഘോഷ പരിപാടികൾ നടത്തുന്നതിലാണോ? 40. പ്രത്യേക സഹായം ആവശ്യമുള്ള വ്യക്തികൾക്ക് സഹായവും പരിഗണനയും നൽകുന്നതിൽ സഭയുടെ മനോഭാവം എന്താണ്? 41.     അധികാരികളോടു വിയോജിക്കുകയോ, സഭ വിട്ടുപോകുകയോ ചെയ്യുന്ന വ്യക്തികളോട് ഏത് തരത്തിലുള്ള പ്രതികരണമാണ് അധികാരികൾ കാണിക്കുന്നത്? അവർക്ക് പ്രോത്സാഹനവും സ്നേഹവും കൊടുക്കാറുണ്ടോ? അവരെപ്പറ്റി അവരുടെ അസാന്നിദ്ധ്യത്തിൽ അവർക്ക് അപവാദകരമായ കാര്യങ്ങൾ പറയാറുണ്ടോ? 42.            സഭാംഗങ്ങൾ വ്യാജവാർത്തകളും കേട്ടുകേൾവികളും പരത്താറുണ്ടോ? 43. സഭയിൽ പാപസാഹചര്യങ്ങളിൽ ജീവിക്കുന്നവരോടു സ്നേഹവും കരുണയും കാണിക്കാറുണ്ടോ? 44.  സഭാംഗങ്ങളുടെ കുടുംബജീവിതത്തിന്റെ കെട്ടുറപ്പിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ അധികാരികൾ ശ്രദ്ധിക്കാറുണ്ടോ? 45.       നിങ്ങളുടെ സഭാപ്രസ്ഥാനത്തിനു വേണ്ടി ക്രമാതീതമായ രീതിയിൽ സമയം ചിലവഴിക്കുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ നിങ്ങൾക്ക് കഴിയാതെ വരുന്നുണ്ടോ? 46.  നിങ്ങളുടെ കുടുംബാംഗ ങ്ങളോടൊപ്പം നിങ്ങളുടെ അധികാരികളെ കാണാനും സംസാരിക്കാനും നിങ്ങൾക്ക് സന്തോഷം തോന്നാറുണ്ടോ? അധികാരികളുടെ സാന്നിദ്ധ്യം നിങ്ങൾക്ക് ഭയജനകമാകാറുണ്ടോ? 47.     നിങ്ങളുടെ സുഹൃത്തുക്കളെ സഭയിലേക്ക് സ്വാഗതം ചെയ്യാൻ നിങ്ങൾക്ക് സന്തോഷമുണ്ടോ? 48. ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്ന ദർശനമനുസരിച്ച് പ്രവർത്തിക്കാൻ അധികാരികൾ നിങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടോ? 49.      നിങ്ങളുടെ പണം അവരുടെ അധികാരപരിധിക്കുള്ളിൽ കൊണ്ടുവരാൻ അധികാരികൾ ശ്രമിക്കാറുണ്ടോ?  50.            അധികാരികളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് മറ്റുള്ളവരുടെ സാമ്പത്തിക ആവശ്യങ്ങളെക്കാൾ പ്രധാന്യം കൊടുക്കാറുണ്ടോ?  51.         യേശുവിനെ അനുസരിക്കുന്നതിനാണോ സഭയെ അനുസരിക്കുന്നതിനാണോ അധികാരികൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്? 52. യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെട്ട് വളരുവാൻ നിങ്ങളും അധികാരികളും സഹകരിച്ച് ശ്രമം നടത്താറുണ്ടോ?

Ad Image
Ad Image
Ad Image
Ad Image