മലയാളം/ക്രിസ്ത്യൻ സുവിശേഷം/ മനുഷ്യന്റെ പാപപരിഹാരത്തിനും രക്ഷക്കും, ദൈവം മനുഷ്യനായി വന്ന് മരിക്കേണ്ട ആവശ്യമുണ്ടോ?



മനുഷ്യന്റെ പാപപരിഹാരത്തിനും രക്ഷക്കും, ദൈവം മനുഷ്യനായി വന്ന് മരിക്കേണ്ട ആവശ്യമുണ്ടോ?

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ കാതൽ. അതായത്, പാപപരിഹാര ബലിമരണമില്ലാതെ, വെറുതെ ദൈവത്തിന്, മനുഷ്യന്റെ പാപം ക്ഷമിച്ചുകൂടെ. പാപം മൂലം മനുഷ്യസ്വഭാവത്തിൽ വന്ന വീഴ്ച്ചയും, ദൈവവും മനുഷ്യനും തമ്മിലുണ്ടായ അകൽച്ചയും, അത്ര ഗൗരവമായി കാണാതെ വെറുതെയങ്ങ് അഡ്ജസ്റ്റ് ചെയ്ത് ക്ഷമിച്ചുകളഞ്ഞാൽ പോരേ. അനേക ചിന്തകരും മതക്കാരും തെറ്റിപ്പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് നാം ചിന്തിക്കുന്നത്.  മഹാദൈവത്തിന്റെ ദിവ്യസ്വഭാവമാണ്, നാം ഇവിടെ മനസിലാക്കേണ്ട കാര്യം. ആത്യന്തികമായി കാര്യങ്ങൾ നടക്കുന്നത് ദൈവസ്വഭാവപ്രകാരമാണ്, മനുഷ്യന്റെ ചിന്തപ്രകാരമല്ല. ദൈവം അനന്തപരിശുദ്ധനാണെങ്കിൽ, ദൈവദൃഷ്ടിയിൽ മനുഷ്യപാപം അനന്ത ഗൗരവമുള്ളതാണ്. അങ്ങനെയെങ്കിൽ, പാപത്തിനുള്ള പരിഹാരവും അനന്തപരിശുദ്ധിയുള്ളതായിരിക്കണം. ദൈവത്തിന്റെ പരിശുദ്ധിയും, പാപത്തിന്റെ ഗൗരവവും, ഒരുപോലെ കണക്കിലെടുക്കാൻ കഴിയുമ്പോഴാണ്, യേശുക്രിസ്തുവിന്റെ ബലിമരണത്തിന്റെയും, സുവിശേഷത്തിന്റെയും അമൂല്യത വെളിപ്പെട്ടുവരുന്നത്. യേശുക്രിസ്തുവിന്റെ സുവിശേഷം, ലോകത്തിലെ ഏറ്റവും ഉന്നതമായ തത്വസംഹിതയാണ്. തക്ക പരിഹാരമില്ലാതെ പാപം ക്ഷമിക്കാൻ പറ്റാത്തിടത്ത്, ദൈവം തന്നെ നമുക്ക് വേണ്ടി പരിഹാരം ചെയ്ത്,  നമ്മെ രക്ഷിച്ചതിന്റെ ചരിത്രവുമാണത്.

 

യേശുവിന്റെ സുവിശേഷം, മനുഷ്യചരിത്രത്തിലെ തന്നെ, ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളായ, ദൈവത്തിന്റെ മനുഷ്യാവതാരം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെ ആധാരമാക്കി നിലകൊള്ളുന്നു. നാം മനുഷ്യരായതുകൊണ്ട്, നമുക്കുവേവേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും പരിപൂർണ്ണമായ വെളിപ്പാട്, മനുഷ്യരൂപത്തിൽ തന്നെയായിരിക്കണം. യേശുവിലുള്ള ദൈവത്തിന്റെ വെളിപ്പാടിലുടെ, നമുക്ക് ദൈവവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമുണ്ടായി. ഈ സത്യം, എല്ലാ തത്ത്വചിന്തകളെക്കാളും ദൈവശാസ്ത്രങ്ങളെക്കാളും, ശാസ്ത്ര സാങ്കേതിക വിദ്യകളെക്കാളും, ഉന്നതവും കൃപയും ജീവനും, നിറഞ്ഞ് നിൽക്കുന്നതുമായ യാഥാർത്ഥ്യമാണ്. ദൈവം ഉണ്ട് എന്നുള്ളത്, എല്ലാവർക്കും തെളിവായ വസ്തുതയാണ്. സ്രഷ്ടാവായ ഈ ദൈവം, ബൈബിളിലൂടെ സ്വയം വ്യക്തമായി വെളിപ്പെടുത്തുന്നു. ബൈബിളിലെ ദൈവത്തെപ്പോലെ, ലോകചരിത്രത്തിൽ സ്വയം വെളിപ്പെട്ട് ശക്തിയോടെ പ്രവർത്തിച്ച, വേറൊരു ദൈവവുമില്ല. ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച, താൻ മാത്രമാണ് ഏകസത്യദൈവമെന്നും, താനല്ലാതെ മറ്റൊരു ദൈവം ഇല്ലായെന്നും, മറ്റ് ദൈവങ്ങളെ ആരാധിക്കുന്നതും, വിഗ്രഹാരാധനയും ആഭിചാരവും എല്ലാം, വലിയ പാപമാണെന്നും, തന്നെ അനുസരിക്കാത്തവരെ താൻ ന്യായം വിധിക്കുമെന്നും, വേറൊരു ദൈവവും പറയാത്തവിധം പറഞ്ഞ്,  ബൈബിളിലെ ദൈവം, മനുഷ്യവർഗ്ഗത്തിന് ശക്തമായ മുന്നറിയിപ്പ് നൽകുന്നു. ദൈവത്തെ നിഷേധിക്കുന്നവരും, യേശുവിന്റെ സുവിശേഷത്തെ അനുസരിക്കാത്തവരും, യേശുവിന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കപ്പെടും. ഇൗ ന്യായവിധിയുടെ കാരണം ബൈബിൾ വ്യക്തമാക്കുന്നു.

 

മനുഷ്യന്റെ ഒന്നാമത്തെ ശത്രു

 

മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും അടിസ്ഥാനപ്രശ്നമാണ് പാപം. എന്നാൽ പാപം മൂലം ആത്മീയ അന്ധത ബാധിച്ച മനുഷ്യന് തന്റെ യഥാർത്ഥ പ്രശ്നം പാപമാണെന്ന് സമ്മതിക്കാൻ കഴിയുന്നില്ല. ദൈവസ്വഭാവത്തിന്റെയും ദൈവകൽപനയുടെയും ലംഘനമാണ് പാപം. പാപം മൂലം എല്ലാ മനുഷ്യരും ദൈവകോപത്തിൽ ജീവിക്കുന്ന അത്യന്തം അപകടകരമായ ഈ അവസ്ഥക്ക് ഒരു പരിഹാരമുണ്ട്. പാപത്തിന്റെ ചരിത്രപശ്ചാത്തലം. ദൈവം സകല പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും സ്രഷ്ടാവാണ്. ദൈവം സൃഷ്ടിച്ചിട്ടുള്ളവരിൽ ഉന്നതനായിരുന്നു ലൂസിഫർ. ലൂസിഫർ സ്വർഗ്ഗത്തിലായിരുന്ന കാലത്ത് തന്റെ ഹൃദയത്തിൽ അഹങ്കരിക്കുകയും ദൈവത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി ലൂസിഫറും തന്നോട് കൂട്ടുചേർന്ന സ്വർഗ്ഗത്തിലെ മൂന്നിലൊന്ന് ദൈവദൂതൻമാരും സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കപ്പെട്ടു. അവരാണ് ഇന്നത്തെ സാത്താനും ചിശാചുക്കളും. അഹങ്കാരം നിറഞ്ഞ് ദൈവത്തിനെതിരെ തിരിഞ്ഞപ്പോൾ ദൈവദൂതനായിരുന്ന ലൂസിഫർ സാത്താനായി രൂപാന്തരപ്പെട്ടു. ദൈവത്തിനെതിരായി പ്രവർത്തിക്കുക എന്നതാണ് സാത്താന്റെ സ്വഭാവം. അങ്ങനെ ഇന്നും ദൈവത്തിന്റെ സൃഷ്ടികളെയെല്ലാം നശിപ്പിക്കുക എന്ന ലക്ഷ്യവുമായി സാത്താൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് സാത്താന് അടക്കാനാവാത്ത വിദ്വേഷമാണ്. ദൈവം സാത്താനുവേണ്ടി ഒരുക്കിയ നരകത്തിൽ മനുഷ്യരെയും എത്തിച്ച് നശിപ്പിക്കുക എന്നതാണ് സാത്താന്റെ ലക്ഷ്യം. പാപം മനുഷ്യനെ നിത്യമരണത്തിനും നിത്യനരകത്തിനും അർഹനാക്കി. ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു (ഉൽപ 1: 26-27). ദൈവം ഭൂമിയിലെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി. അങ്ങനെ മനുഷ്യൻ ജീവനുള്ള ആത്മാവായിത്തീർന്നു (ഉൽപ 2:7). ദൈവം മനുഷ്യനെ പാപമില്ലാതെ കളങ്കമറ്റവനായും, പൂർണ്ണതയുള്ള സ്വതന്ത്രമനസോടുകൂടിയുമാണ് സൃഷ്ടിച്ചത്. മനുഷ്യനും ദൈവവുമായി പരസ്പര സ്നേഹബന്ധവും കൂട്ടായ്മയും നിലനിർത്തുന്നതിനും ദൈവത്തെ മഹത്വപ്പെടുത്താനും വേണ്ടിയാണ് ആത്മാവായ ദൈവം മനുഷ്യനെ ആത്മാവുള്ളവനായി ഭൂമിയിൽ സൃഷ്ടിച്ചത്. പാപം ചെയ്യുന്ന ആത്മാവ് മരിക്കും (എസെ 18: 4,20). അതിനാൽ ദുഷ്ടനായ സാത്താൻ ദൈവകൽപന ലംഘിച്ച് പാപം ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിച്ചു. സാത്താൻ സർപ്പരൂപത്തിൽ വന്ന് നുണ പറഞ്ഞ് മനുഷ്യനെ വഞ്ചിച്ചു. മനുഷ്യൻ സാത്താൻ പറഞ്ഞ നുണ വിശ്വസിച്ച് സാത്താനെ അനുസരിച്ചു. അങ്ങനെ മനുഷ്യൻ ദൈവത്തെ അവിശ്വസിച്ച് ദൈവത്തോട് അനുസരണക്കേട് കാണിച്ച് പാപം ചെയ്തു. പാപം മൂലം മനുഷ്യന്റെ ആത്മാവ് മരിച്ചു (ഉൽപ. 2:17). ഇപ്രകാരം മനുഷ്യന് ദൈവത്തോടുണ്ടായിരുന്ന തന്റെ ബന്ധം നഷ്ടമായി. അങ്ങനെ മനുഷ്യൻ സാത്താന്റെ അടിമത്തം അനുഭവിക്കുക മാത്രമല്ല ആസ്വദിക്കുകയും ചെയ്യുന്ന ശോചനീയമായ അവസ്ഥയിലേക്ക് അധഃപതിച്ചു. പാപം ദൈവത്തിന്റെ സൃഷ്ടിയല്ല. ദൈവഹിതത്തിനെതിരായി പ്രവർത്തിക്കുന്ന മനുഷ്യഹിതമാണ് പാപം. അങ്ങനെ മനുഷ്യൻ ദൈവഹിതത്തിന് വിരുദ്ധമായി സ്വന്തം ഹിതം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നുപോയി. അതാണ് മരണം. പാപം മൂലം ആദത്തിന്റെ ആത്മാവ് മരിച്ചപ്പോൾ, ആദത്തിൽ എല്ലാ മനുഷ്യരുടെയും ആത്മാക്കൾ മരിച്ചു (1കോറി. 15:22). കാരണം പാപത്തിന്റെ കൂലി മരണമാകുന്നു (റോമ. 6:23). ആദത്തിന്റെ പാപത്തിനുശേഷം മനുഷ്യസ്വഭാവം പാപപ്രകൃതമുള്ളതായിത്തീർന്നു ആദത്തിന്റെ സന്തതികൾ എല്ലാവരും പാപത്തിൽ മരിച്ച ആത്മാവോടുകൂടി ജനിക്കുകയും, അങ്ങനെ അവർ ആത്മീയമായി സാത്താന്റെ മക്കളായിത്തീരുകയും ചെയ്തു (യോഹ 8:44; മത്താ 13:38; അപ്പൊ. 13:10; എഫേ 2:1-3; യോഹ. 3:8-10). എല്ലവരും പാപം ചെയ്തു (റോമ 3:23). അങ്ങനെ എല്ലാവരും പാപത്തിനും സാത്താനും അടിമപ്പെട്ടു. മനുഷ്യപാപത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്നാമതായി എല്ലാ മനുഷ്യരിലും ജന്മനാ ആരോപിക്കപ്പെട്ടിരിക്കുന്ന പാപമുണ്ട്. ഇത് ആദാമിൽ നിന്ന് ജനിച്ച എല്ലാവർക്കും പൈതൃകമായി വന്ന് ഭവിച്ചിരിക്കുന്ന ജന്മപാപത്തെയാണ് സൂചിപ്പിക്കുന്നത്. ജന്മപാപം ഭൗമിക പിതാവുള്ള എല്ലാ മനുഷ്യരിലും വ്യാപിച്ചിരിക്കുന്നു (റോമ 5:12, 18, 19). മരണം വരെ പാപത്തിന്റെ പ്രകൃതം മനുഷ്യനിൽ അവശേഷിക്കുന്നു (റോമ 6:6; 7:16-18; 8:1; എഫേ 4:20-22). രണ്ടാമതായി എല്ലാവർക്കും വ്യക്തിപരമായ പാപവുമുണ്ട്. മനുഷ്യന് ജന്മനാ പാപപ്രകൃതമുള്ളതിനാൽ അവൻ പാപം ചെയ്യുന്നു. അവൻ പാപിയായതുകൊണ്ടാണ് പാപം ചെയ്യുന്നത്. വ്യക്തിപരമായ പാപത്തിൽ ജഡത്തിന്റെ പ്രവർത്തികൾ (ഗലാ 5:19-21), മാനസിക പാപങ്ങൾ (മത്താ 5:28; പുറ 20:17; യാക്കോ 2:8-9), നാവിന്റെ പാപങ്ങൾ (യാക്കോ 3:1-10; പുറ 20:16), കൊലപാതകം, വ്യഭിചാരം, മോഷണം മുതലായ പരസ്യമായ പാപങ്ങൾ (മത്താ 5:21-23) എന്നിവയെല്ലാം ഉൾപ്പെടുന്നു. പാപം ചെയ്തതുമൂലം മനുഷ്യർ മരണത്തിനും, നരകത്തിലുള്ള നിത്യശിക്ഷക്കും അർഹരായിത്തീർന്നു. അങ്ങനെ ദൈവത്തോടുകൂടി വസിക്കുക എന്ന നിത്യസൗഭാഗ്യം നഷ്ടമാകുകയും നരകത്തിലെ നിത്യശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്ന ഏറ്റവും പരിതാപകരമായ അവസ്ഥയാണ് മനുഷ്യനുള്ളത്. പാപത്തിൽ അകപ്പെട്ട് സാത്താന്റെ അടിമത്തം അനുഭവിച്ച് നിത്യനരകത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന നിസ്സഹായനായ മനുഷ്യന് ഒരേ ഒരു രക്ഷാമാർഗം മാത്രമേയുള്ളൂ.

 

അതായത്, ദൈവം മനുഷ്യനായി വന്ന് മനുഷ്യർക്ക് വേണ്ടി  മരിക്കാതെ, മനുഷ്യന് രക്ഷപ്രാപിക്കാൻ കഴിയാത്തവിധം നാശകരമായ അനുഭവത്തിലാണ് മനുഷ്യൻ ആയിരിക്കുന്നത്. സാത്താനാൽ വഞ്ചിക്കപ്പെട്ട മനുഷ്യവർഗ്ഗം, സാത്താന്റെയും, പാപത്തിന്റെയും ലോകത്തിന്റെയും മരണത്തിന്റെയും കടുത്ത അടിമത്തത്തിലും ബന്ധനത്തിലുമാണ് ആയിരിക്കുന്നത്. മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റിനിർത്താനുള്ള ആയുധങ്ങളായി, പാപത്തെയും ലോകത്തെയും മരണത്തെയും സാത്താൻ ഉപയോഗിച്ചുകൊൺിരിക്കുന്നു. സാത്താൻ മനുഷ്യനെ ലോകമോഹത്തിന്റെയും പാപസുഖത്തിന്റെയും, ആഴത്തിലേക്ക് മുക്കി കൊന്നുകൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യരും പാപം ചെയ്ത് പാപത്തിന് അടിമകളായിത്തീർന്നു. ഏകസത്യ ദൈവത്തിന്റെ സ്വഭാവത്തെ, മനുഷ്യൻ ലംഘിക്കുന്നതാണ് പാപം. പാപം മുഖാന്തിരമായി, മനുഷ്യന്റെ അകം ഒരു യുദ്ധക്കളമായി മാറി. അങ്ങനെ, മനുഷ്യന്റെ ആത്മാവും മനസും ശരീരവും, പര്സ്പരം യോജിപ്പില്ലാതെ, ഒന്ന് മറ്റൊന്നിന് വിരോധമായി പ്രവർത്തിച്ചുതുടങ്ങി. മാത്രമല്ലാ, മനുഷ്യർ പര്സ്പരമുള്ള ബന്ധവും, പാപം മൂലം തകരാറിലായി. പാപം സാത്താന്റെ സ്വത്താണ്. പാപം ചെയ്യുന്നവർ സാത്താന്റെ അവകാശമായിത്തീരുന്നു. സ്വാർത്ഥത, അത്യാഗ്രഹം, അഹങ്കാരം, അസൂയ, വിഗ്രഹാരാധന, ആഭിചാരം, മദ്യപാനം മുതലായ ജഡത്തിന്റെ പ്രവർത്തികളെല്ലാം പാപത്തിന്റെ പ്രതിഫലനങ്ങളാണ്. മനുഷ്യന്റെ അകത്തെ പാപത്തെ, സമൂഹത്തിലേക്ക് വ്യാപിപ്പിച്ച് പാപപങ്കിലമായ ഒരു ലോകവ്യവസ്ഥിതിക്ക്  സാത്താൻ രൂപം കൊടുക്കുന്നു. മനുഷ്യനെ പാപച്ചങ്ങലകൊണ്ട് ബന്ധിച്ച്, ലോകമോഹങ്ങളിൽ അന്ധനാക്കി, ദൈവത്തിൽ നിന്ന് അകറ്റി നിർത്തുന്ന ഈ ലോകസംവിധാനത്തെ, മഹതിയാം ബാബിലോൺ, വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവ്, എന്നാണ് ബൈബിൾ വിളിക്കുന്നത്. 

 

അനന്തജ്ഞാനിയായ ദൈവത്തിന്റെ പദ്ധതിയിൽ മനുഷ്യരക്ഷക്കുള്ള ഏകമാർഗം യേശുക്രിസ്തുവിന്റെ രക്തബലിയിലുള്ള സുവിശേഷമാണ്.

 

അതായത്, ദൈവം മനുഷ്യനായി വന്ന്, മനുഷ്യർക്ക് വേൺണ്ടി മരിക്കാതെ, മനുഷ്യന് രക്ഷപ്രാപിക്കാൻ കഴിയാത്തവിധം, നാശകരമായ അവസ്ഥയിലാണ് മനുഷ്യൻ ആയിരിക്കുന്നത്. സാത്താനാൽ വഞ്ചിക്കപ്പെട്ട മനുഷ്യവർഗ്ഗം, സാത്താന്റെയും, പാപത്തിന്റെയും ലോകത്തിന്റെയും മരണത്തിന്റെയും കടുത്ത അടിമത്തത്തിലും ബന്ധനത്തിലുമാണ് ആയിരിക്കുന്നത്.

 

മനുഷ്യന് പാപത്തിൽ നിന്നും നിത്യനരകത്തിൽ നിന്നും രക്ഷപെടാനുള്ള ഏകമാർഗ്ഗം യേശുക്രിസ്തുവിന്റെ രക്തബലിയാണ്

 

മനുഷ്യന്റെ നിസ്സഹായാവസ്ഥ. പാപം മൂലം മനുഷ്യന്റെ ആത്മാവ് മരിച്ചു. അതോടെ മനുഷ്യന് ദൈവവുമായി ബന്ധപ്പെടാൻ കഴിയാതെയായി. അങ്ങനെ മനുഷ്യഹൃദയത്തിൽ വലിയ ശൂന്യതയും നഷ്ടബോധവും ഉണ്ടായി. തന്റെ ഹൃദയത്തിലെ ആത്മീയശൂന്യത നികത്താൻ മനുഷ്യൻ സമ്പത്തിലും സുഖഭോഗത്തിലും ആശ്രയിച്ച് പരാജയപ്പെട്ടു. ലോകം മുഴുവൻ സ്വന്തമാക്കിയാലും ആത്മസംതൃപ്തി ലഭിക്കാത്ത അവസ്ഥയാണ് മനുഷ്യനുള്ളത്. ദൈവത്തിൽനിന്ന് ആത്മീയമായി അകന്നുപോയ മനുഷ്യൻ ദൈവവുമായി അടുക്കാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ മനുഷ്യൻ അനേകം ദൈവങ്ങളെയും മതങ്ങളെയും തത്വചിന്തകളെയും സൃഷ്ടിച്ചു. സൽപ്രവർത്തികളും പരിഹാരക്രീയകളും ഒക്കെ ചെയ്തു. എന്നാൽ അവയ്ക്കൊന്നും മനുഷ്യന്റെ പാപത്തിന് തക്ക പരിഹാരം ചെയ്യാനോ ദൈവത്തെയും മനുഷ്യനെയും തമ്മിൽ അടുപ്പിക്കാനോ, മനുഷ്യന്റെ മരിച്ച ആത്മാവിന് ജീവൻ കൊടുക്കാനോ, മനുഷ്യന് ശാശ്വതമായ രക്ഷയും ഹൃദയസമാധാനവും കൊടുക്കാനോ കഴിഞ്ഞില്ല. മനുഷ്യന് സ്വയം രക്ഷ പ്രാപിക്കുവാനോ, രക്ഷാമാർഗ്ഗം കണ്ടെത്തുവാനോ കഴിയില്ല. മനുഷ്യന് ഒരിക്കലും തന്റെ പാപപരിഹാരവില ദൈവത്തിന് കൊടുത്തുതീർത്ത് നഷ്ടപ്പെട്ടുപോയ ദൈവപ്രീതിയെ വീണ്ടെടുക്കാൻ കഴിയില്ല. കാരണം മനുഷ്യന്റെ സൽപ്രവൃത്തികൾക്ക് സത്യദൈവത്തിന്റെ അനന്തമായ പരിശുദ്ധിയെയും നീതിയെയും ന്യായത്തെയും ഒരിക്കലും തൃപ്തിപ്പെടുത്താൻ കഴിയില്ല. പാപം മൂലം ദൈവ-മനുഷ്യബന്ധത്തിൽ വന്ന തകർച്ചക്ക് പരിഹാരം ചെയ്യുവാനോ, മരിച്ച മനുഷ്യാത്മാവിന് മറുവിലകൊടുത്ത് അതിനെ ജീവിപ്പിക്കുവാനോ തക്ക മൂല്യമുള്ളതൊന്നും പ്രപഞ്ചത്തിലുണ്ടായിരുന്നില്ല. പാപം മൂലം ഉണ്ടായ നരകശിക്ഷയിൽനിന്നും മനുഷ്യരെ രക്ഷിക്കാൻ കരുണാസമ്പന്നനായ ദൈവത്തിനല്ലാതെ മറ്റാർക്കും കഴിയുമായിരുന്നില്ല.

 

മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്റെ ശിക്ഷ ദൈവം യേശുക്രിസ്തുവിൽ സ്വയം ഏറ്റെടുത്ത് മനുഷ്യനെ രക്ഷിച്ചു

 

പാപം ചെയ്ത മനുഷ്യന് അർഹമായ ശിക്ഷ കൊടുക്കുക എന്നത് ദൈവനീതിയാണ്. ദൈവം നീതിമാനും പരിശുദ്ധനുമായതുകൊണ്ട് മനുഷ്യപാപത്തിന് തക്ക പരിഹാരം ലഭിക്കാതെ ദൈവത്തിന് മനുഷ്യനെ സഹായിക്കുക സാദ്ധ്യമല്ലായിരുന്നു. അതേസമയംതന്നെ മനുഷ്യപാപത്തിന് പരിഹാരമൊന്നും ലഭിക്കാതെ മനുഷ്യവർഗ്ഗം മുഴുവൻ നശിച്ചുപോകുന്നത് സ്നേഹസമ്പന്നനായ ദൈവത്തിന് അനുവദിക്കാനും കഴിഞ്ഞില്ല. തന്റെ പാപത്തിന് സ്വയമായി പരിഹാരം കണ്ടെത്താൻ കഴിവില്ലാത്ത മനുഷ്യനെ സഹായിക്കാൻ ദൈവത്തിന്റെ സ്നേഹം ദൈവത്തെ നിർബ്ബന്ധിച്ചു. അതിനാൽ മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്ത് മനുഷ്യപാപത്തിന് പരിഹാരം ചെയ്ത് മനുഷ്യവർഗ്ഗത്തിന് രക്ഷാമാർഗ്ഗം തുറക്കാൻ ദൈവം തീരുമാനിച്ചു. തന്റെ നീതിയും സ്നേഹവും പ്രകടമാകുന്നതിനും, അങ്ങനെ മനുഷ്യന് നിത്യരക്ഷയും നിത്യജീവനും നൽകുന്നതിനുമായി കാലത്തിന്റെ പൂർത്തീകരണത്തിൽ ദൈവം തന്റെ ഏകപുത്രനെ മനുഷ്യപാപത്തിന് പരിഹാരബലിയായി ഭൂമിയിലേക്കയച്ചു (റോമ. 3:24-26; 5:8; 1 യോഹ. 4:10). ദൈവം യേശുക്രിസ്തുവിൽ മനുഷ്യനായി വന്ന് സ്വന്തം ജീവൻ ബലിയർപ്പിച്ച് മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരവില മനുഷ്യർക്ക് വേണ്ടി ദൈവത്തിന് കൊടുത്ത് പാപത്തോടുള്ള ദൈവകോപത്തെ അകറ്റി ദൈവത്തിന്റെ നീതിയെയും ന്യായത്തെയും പരിശുദ്ധിയെയും സംതൃപ്തമാക്കി. അങ്ങനെ ദൈവവുമായുള്ള മനുഷ്യന്റെ അനുരജ്ഞനത്തിനുള്ള ഏകവഴി ഒരുങ്ങുകയും മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പ് സാദ്ധ്യമാകുകയും ചെയ്തു.

 

മനുഷ്യന്റെ രണ്ടാമത്തെ ശത്രുവായ മരണത്തെ യേശു തന്റെ ഉയിർപ്പിനാൽ കീഴടക്കി

 

മരണം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ്. മരണം, സകല ഭയാനതകളുടെയും രാജാവും, പറഞ്ഞറിയിക്കാനാവാത്ത ദുരന്തവും, ഒഴിവാക്കാനാവാത്ത കുടുക്കുമാണ്. മരണത്തിന്റെ മുമ്പിൽ മനുഷ്യൻ നിസ്സഹായനാണ്. മരണം മനുഷ്യന് തൊട്ടറിയാവുന്ന യാഥാർത്ഥ്യമാണ്. പാപത്തിന്റെ ശമ്പളമാണ് മരണം. മനുഷ്യന് പാപമുൺെന്നും, മനുഷ്യൻ പാപിയാണെന്നുമുള്ള വസ്തുതയുടെ തെളിവാണ് മരണം. തങ്ങൾ ആയിരിക്കുന്ന നാശകരമായ ഈ ബന്ധനത്തിന്റെ അവസ്ഥയിൽ നിന്ന്, സ്വയം വിടുവിക്കപ്പെട്ട് രക്ഷപ്രാപിക്കുക എന്നത്, മനുഷ്യന് അസാദ്ധ്യമായ കാര്യമാണ്. മനുഷ്യന് രക്ഷപ്രാപിക്കാൻ സർവ്വശക്തനായ ഒരു രക്ഷകനെ ആവശ്യമുണ്ട്. സ്നേഹസമ്പന്നനായ ദൈവത്തിന്, മനുഷ്യരൂപമെടുത്ത് മനുഷ്യനെ രക്ഷിക്കുന്നതിന് ഒരു തടസ്സവുമില്ല. കാരണം ദൈവം സർവ്വശക്തനാണ്. പഴയനിയമം മുഴുവനും, ദൈവം മനുഷ്യരൂപമെടുക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ രേഖാചിത്രമാണ്. കാലത്തിന്റെ പൂർത്തീകരണത്തിൽ, ദൈവം യേശുക്രിസ്തുവിൽ മനുഷ്യരൂപമെടുത്തു. മനുഷ്യവർഗ്ഗം പരാജയപ്പെട്ട മേഖലകളിലെല്ലാം, യേശു മനുഷ്യന് പകരമായി ജയമെടുത്തു. യേശു തന്റെ, പാപരഹിതമായ ജീവിതവും മരണവും ഉയിർത്തെഴുന്നേൽപും കൊൺ്, ലോകവ്യവസ്ഥിതിയുടെ മേൽ ജയമെടുത്തു. യേശു തന്റെ ശുശ്രൂഷയിൽ, ദൈവവിരുദ്ധമായ ലോകവ്യവസ്ഥിതിയെ ആശ്രയിച്ചില്ല. സാത്താന്റെ പരീക്ഷണങ്ങളുടെമേൽ യേശു ജയമെടുത്തതും, ഇതിന്റെ തെളിവാണ്. ലോകസുഖങ്ങളെ ഉപേക്ഷിച്ച് യേശുവിലുള്ള നിത്യമഹത്വത്തിന്റെ പ്രത്യാശയിൽ ജീവിച്ചാൽ, ലോകവ്യവസ്ഥിതിയുടെ മേൽ നമുക്കും ജയമെടുക്കാം.

 

യേശു തന്റെ, പാപരഹിതമായ ജീവിതവും, ശുശ്രൂഷയും, മരണവും, ഉയിർത്തെഴുന്നേൽപും കൊണ്ട്, സാത്താന്റെ മേൽ ജയമെടുത്തു. മരുഭൂമിയിൽ വച്ചുണ്ടായ സാത്താന്റെ കഠിന പരീക്ഷണങ്ങളുടെമേൽ യേശു ജയമെടുത്തു. സാത്താൻ ബന്ധിച്ച് രോഗികളാക്കിയിരുന്ന, അനേകരെ യേശു സൗഖ്യമാക്കുകയും, പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. ഇന്നും യേശു, അനേകരെ സൗഖ്യമാക്കുകയും, പിശാചുക്കളെ പുറത്താക്കുകയും ചെയ്യുന്നു. തന്റെ മരണം കൊണ്ടും, ഉയിർത്തെഴുന്നേൽപ് കൊണ്ടും, യേശു മരണാധികാരിയായിരുന്ന സാത്താന്റെ മേൽ പൂർണ്ണ ജയമെടുത്തു. സാത്താന്റെ പ്രവർത്തികളെ അഴിപ്പാൻ തന്നെ, ദൈവപുത്രൻ പ്രത്യക്ഷനായി. യേശു തന്റെ മരണം കൊണ്ട് പാപത്തിന്റെ മേൽ ജയമെടുത്തു. തന്റെ കുരിശുമരണത്താൽ, യേശു പാപത്തിന് എന്നേക്കുമായി പരിഹാരം വരുത്തി. നാം പാപം സംബന്ധിച്ച് മരിച്ച് നീതിക്ക് ജീവിക്കേൺതിന്, യേശു തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട്, ക്രൂശിന്മേൽ കയറി. അവന്റെ അടിപ്പിണരാൽ, നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു. പാപമില്ലാത്തവൻ നമുക്കുവേണ്ടി ശാപവും പാപവുമായിത്തീർന്നു. നമ്മുടെ പാപത്തിന്റെ ശിക്ഷയായ മരണം അനുഭവിച്ച്, യേശു കുരിശിൽ മരിച്ചു. പാപത്തോടുള്ള ദൈവകോപത്തിന്റെ ശിക്ഷ നമ്മുടെ മേൽ ആകാതെ, യേശുവിന്റെ മേൽ ആയി. അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും, നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു. നമ്മുടെ സാമാധാനത്തിനായുള്ള ശിക്ഷ, അവന്റെമേൽ ആയി. അവന്റെ അടിപ്പിണരുകളാൽ, നമുക്ക് സൗഖ്യം വന്നിരിക്കുന്നു. അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നു.

 

യേശുവിന്റെ കുരിശു മരണത്തിൽ പാപമില്ലാത്തവനെ കൊന്നതുകൊണ്ട് മനുഷ്യൻ പാപിയാണെന്നും, പാപികൾക്ക് വേണ്ടി ജീവൻ കൊടുത്തതുകൊണ്ട് ദൈവം സ്നേഹമാണെന്നും തെളിഞ്ഞു. യേശുവിന്റെ കുരിശു മരണത്തിൽ, പാപികളായ നമ്മോടുള്ള ദൈവത്തിന്റെ കരുണയും, പാപത്തെ ശിക്ഷിക്കുക എന്ന ദൈവത്തിന്റെ നീതിയും തമ്മിൽ, പരസ്പരം ചുംബിച്ചു സമാധാനം സ്ഥാപിച്ചു. അങ്ങനെ പാപം എന്ന പ്രശ്നത്തിന് എന്നേക്കുമായി പരിഹാരം വരുത്തുകയും, ദൈവവും മനുഷ്യനുമായുള്ള സാമാധാനത്തിന്റെ വാതിൽ തുറക്കുകയും ചെയ്തു. ലോകചരിത്രത്തിലെയും ദൈവചരിത്രത്തിലെയും ഏറ്റവും മൂല്യമേറിയ നിമിഷമാണ് യേശുവിന്റെ കുരിശു മരണം. അവിടെ ദൈവത്തിന്റെ അനന്തമായ കരുണയും അനന്തമായ നീതിയും അനന്ത മൂല്യമുള്ള പരിഹാരയാഗത്തിൽ കണ്ടുമുട്ടി. അങ്ങനെ ദൈവസ്നേഹത്തിന്റെ ഏറ്റവും പ്രകടമായ തെളിവാണ് യേശുവിന്റെ കുരിശു മരണം. യേശു പ്രാണനെ വിട്ടപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി. ഭൂമി കുലുങ്ങി പാറകൾ പിളർന്നു കല്ലറകൾ തുറന്നു.

 

യേശു തന്റെ ഉയിർത്തെഴുന്നേൽപിനാൽ മരണത്തിന്റെ മേലും, മരണാധികാരിയായിരുന്ന സാത്താന്റെ മേലും ജയമെടുത്തു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തെ തോൽപിക്കാൻ യേശു മരണത്തിന്റെ ഏറ്റവും ഭീകരമായ അനുഭവത്തിലേക്ക് ഇറങ്ങി മരണത്തോട് ഏറ്റുമുട്ടി. മരണത്തെ യേശു തന്റെ ഉയിർപ്പിനാൽ കീഴടക്കി. ഉയിർത്തെഴുന്നേൽപ്പ്, മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും വലിയ ആവശ്യവും ആഗ്രഹവുമായിരുന്നു. മരണത്തിന്റെ മഹാശക്തിയെ, യേശു തന്റെ ഉയിർപ്പിന്റെ ശക്തിയാൽ കീഴടക്കി. യേശുവിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ, മനുഷ്യന്റെ ഏറ്റവും ഭയങ്കര ശത്രുവായ മരണത്തെ തോൽപിച്ചുകൊണ്ടുള്ള യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്, മനുഷ്യവർഗ്ഗത്തെ മുഴുവൻ അടിമയാക്കിവച്ചിരുന്ന ലോകം പാപം മരണം പിശാച് എന്നിവയെ യേശു തോൽപിച്ചതിന്റെ തെളിവാണ്. ഇങ്ങനെ യേശുവിൽ, പാപത്തിന്റെയും മരണത്തിന്റെയും അതിഭയങ്കരനിയമങ്ങൾ തകർന്നടിയുകയും, ജീവന്റെയും ആത്മാവിന്റെയും ആശ്വാസനിയമങ്ങൾ വാഴുകയും ചെയ്യുന്നു.

 

ഇങ്ങനെ സമ്പൂർണ ജയാളിയായ യേശുവിലുള്ള വിശ്വാസത്താൽ, നമുക്ക് മനുഷ്യവർഗ്ഗത്തിന്റെ ഈ ശത്രു സംഘത്തിൻമേൽ സമ്പൂർണ ജയമെടുക്കാൻ കഴിയും.  മനുഷ്യനോടുള്ള അഗാധമായ സ്നേഹം നിമിത്തം, ദൈവം യേശുവിൽ മനുഷ്യരൂപമെടുത്ത്, മനുഷ്യപാപത്തിന്റെ ശിക്ഷയായ മരണം കാൽവരി കുരിശിൽ അനുഭവിച്ചു. മനുഷ്യന്റെ പാപപങ്കിലമായ ഹൃദയത്തെ കഴുകി ശുദ്ധീകരിക്കാൻ, മഹാപരിശുദ്ധനായ ദൈവം സ്വന്തം ചങ്കിലെ രക്തം ക്രൂശിലൂടെ നമുക്ക് നൽകി. അങ്ങനെ യേശു കുരിശിൽ മരിച്ച്, അടക്കപ്പെട്ട്, മൂന്നാം നാൾ മനുഷ്യന്റെ ഏറ്റവും ഭയങ്കര ശത്രുവായ മരണത്തെ തോൽപിച്ച് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അങ്ങനെ മനുഷ്യവർഗ്ഗത്തെ മുഴുവനും അടിമയാക്കിവച്ചിരുന്ന ലോകം പാപം മരണം പിശാച് എന്നീ ശത്രു സംഘത്തെ തോൽപിച്ചു.  ഈ യേശുവിലുള്ള വിശ്വാസത്താൽ മാത്രമേ നമുക്ക് ഈ ശത്രു സംഘത്തിൻമേൽ ജയമെടുക്കാൻ കഴിയുകയുള്ളൂ.  തന്റെ പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുന്ന ഒരു വ്യക്തിയോട് ദൈവം ക്ഷമിക്കുന്നത്, യേശുക്രിസ്തുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും അടിസ്ഥാനത്തിലാണ്. മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ പരസ്പര കൈമാറ്റത്തിന്റെ വാഗ്ദാനം യേശുവിന്റെ കുരിശിലാണ് നാം കാണുന്നത്. താങ്കളുടെ പാപത്തെക്കുറിച്ച് താങ്കൾ പശ്ചാത്തപിക്കുന്നു എങ്കിൽ, യേശുക്രിസ്തുവിന്റെ അടുക്കലേക്ക് വന്ന്, ദൈവത്തിന്റെ നീതി വിശ്വാസത്താൽ ദാനമായി സ്വീകരിക്കുക.

 

യേശുവിൽ ദൈവം മനുഷ്യനായി വന്ന് മനുഷ്യനെ രക്ഷിച്ചു

 

ഇതിൽനിന്നെല്ലാം യേശുക്രിസ്തു ദൈവമാണ് എന്ന സത്യം വെളിപ്പെട്ടുവരുന്നു. മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും ഉന്നതമായ വെളിപ്പാടാണ് യേശു. നാം മനുഷ്യരായതുകൊണ്ട്, നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും പരിപൂർണ്ണമായ വെളിപ്പാട്, മനുഷ്യരൂപത്തിൽ തന്നെയായിരിക്കണം. യേശുവിലുള്ള ദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പാടിലുടെ, നമുക്ക് ദൈവവുമായി നേരിട്ട് ബന്ധപ്പെടാം. യേശുവിനെ കാണുന്നവർ ദൈവത്തെ കാണുന്നു. യേശുവിനെ വിശ്വസിക്കുന്നവർ ദൈവത്തെ വിശ്വസിക്കുന്നു. യേശുവിനെ നിരസിക്കുന്നവർ ദൈവത്തെ നിരസിക്കുന്നു. ഈ സത്യം, എല്ലാ തത്ത്വചിന്തകളെക്കാളും, ദൈവശാസ്ത്രങ്ങളെക്കാളും, ശാസ്ത്ര സാങ്കേതിക വിദ്യകളെക്കാളും ഉന്നതവും, കൃപയും ജീവനും നിറഞ്ഞ് നിൽക്കുന്നതുമായ യാഥാർത്ഥ്യമാണ്. മനുഷ്യഹൃദയത്തിന്റെ ഏറ്റവും ഉന്നതമായ ആഗ്രഹങ്ങളുടെയും, ആശയങ്ങളുടെയും മനുഷ്യരൂപമാണ് യേശു. മനുഷ്യചരിത്രത്തിൽ ദൈവം മനുഷ്യനായി വന്നിട്ടുണ്ടെങ്കിൽ, ആ സ്ഥാനത്തിന് യേശുവിനെക്കാൾ യോഗ്യൻ വേറാരുമില്ല.

 

മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വ്യക്തി യേശുവാണ്. തന്റെ ജീവിതത്തിന്റെ പ്രധാനസംഭവങ്ങളുടെ സകലവിശദാംശങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പേ വ്യക്തമായി പ്രവചിക്കപ്പെട്ട വേറൊരു വ്യക്തിയും മനുഷ്യചരിത്രത്തിൽ ഉൺായിട്ടില്ല. യേശുവിന്റെ ജനനം ജീവിതം മരണം ഉയിർപ്പ് സംഭവങ്ങളും, മറ്റ് അനേകം സംഭവങ്ങളും, ഇനിയും സംഭവിക്കാനിരിക്കുന്നവയും, അവ സംഭവിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുപോലും, ബൈബിളിൽ എഴുതിയിരിക്കുന്നു. ഇത്തരം കൃത്യവും വിശദവുമായ പ്രവചനനിവൃത്തി ബൈബിളിലല്ലാതെ ലോകത്തിൽ മറ്റൊരു ഗ്രന്ഥത്തിലുമില്ല.

 

മനുഷ്യചരിത്രത്തിൽ ഏറ്റവും വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയും യേശുവാണ്. ഞാൻ ജീവന്റെ അപ്പമാണ്, ഞാൻ ലോകത്തിന്റെ പ്രകാശമാണ്, ഞാൻ വഴിയും സത്യവും പുനരുത്ഥാനവും ജീവനുമാണ്, എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും, എന്നിൽ വിശ്വസിക്കാത്തവർ അവരുടെ പാപങ്ങളിൽ മരിക്കും, തുടങ്ങി അനേക പ്രസ്താവനകൾ നടത്താൻ ദൈവം മനുഷ്യനായി വന്ന യേശുവിന് മാത്രമേ കഴിയൂ.  സ്രഷ്ടാവായ ദൈവത്തെ ഏറ്റവും പൂർണ്ണമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. നല്ലവനായ ദൈവത്തിന്റെ ഗുണവിശേഷങ്ങൾ അതിന്റെ പൂർണ്ണതയിൽ മനുഷ്യചരിത്രത്തിലൂടെ വെളിപ്പെടുത്തുന്ന വേറൊരു ഗ്രന്ഥവും ലോകത്തിലില്ല. ബൈബിൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന ദൈവത്തെക്കാൾ മെച്ചമായ ഒരു ദൈവത്തെപ്പറ്റി മനുഷ്യന് ചിന്തിക്കാൻ പോലും സാദ്ധ്യമല്ല. സ്വഭാവവൈശിഷ്ട്യത്തിൽ യേശുവിനെക്കാൾ ഉത്തമനായ വ്യക്തിയെ മനുഷ്യചരിത്രത്തിൽ കണ്ടൺുപിടിക്കുക അസാദ്ധ്യമാണ്. മനുഷ്യചരിത്രത്തിലെ പൂർണ്ണതയുള്ള ഏകമനുഷ്യനായ യേശുവിനെ ബൈബിൾ മാത്രമാണ് ലോകത്തിന് അവതരിപ്പിക്കുന്നത്. യേശുവിനെപ്പോലെ പരിപൂർണ്ണനും ഉത്തമനുമായ മറ്റൊരു വ്യക്തിയും ലോകചരിത്രത്തിലില്ല. മനുഷ്യഭാവനക്കുപോലും യേശുവിനെപ്പോലെ പരിപൂർണ്ണനായ ഒരു വ്യക്തിയെ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ലോകചരിത്രത്തിൽ ഇന്നും, ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയും യേശു തന്നെ. യേശു ഇന്നും ജീവിക്കുന്നു. യേശു ഇന്നും അനേകരെ സൗഖ്യമാക്കുന്നു, പിശാചുക്കളെ പുറത്താക്കുന്നു. യേശു മുഖാന്തിരം അനേകർ പാപജീവിതം ഉപേക്ഷിക്കുന്നു. യേശു ദൈവമാകുന്നു എന്നതിന് അത്യാവശ്യമായ തെളിവുകൾ എല്ലാവർക്കും വ്യക്തമാണ്. അതിനാൽ അനേകർ യേശുവിൽ വിശ്വസിച്ചു കൊണ്ടേയിരിക്കുന്നു.

 

മനുഷ്യരക്ഷയുടെ ഏക അടിസ്ഥാനം യേശുക്രിസ്തുവിന്റെ രക്തബലിയാണ്

 

യേശുക്രിസ്തു ഓരോ മനുഷ്യനും പകരമായി പാപത്തിന്റെ ശിക്ഷയായ മരണം അനുഭവിച്ചു. അതിനാൽ പാപപരിഹാരത്തിനായി യേശുവിൽ ആശ്രയിക്കുന്നവർക്ക് പാപക്ഷമ ലഭിക്കുന്നു. കുരിശിലുള്ള തന്റെ മരണം വഴിയായി യേശുക്രിസ്തു തന്റെ ശരീരത്തിൽ മനുഷ്യരുടെ പാപങ്ങൾ വഹിച്ചു; മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളെല്ലാം കുരുശിൽ തറച്ചു; നമുക്ക് ലഭിക്കുമായിരുന്ന ശിക്ഷ കടംവീട്ടി ഒഴിവാക്കി; പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമ്മെ വില കൊടുത്ത് വാങ്ങി. നമ്മുടെ സ്ഥാനത്ത് പാപവും അപമാനവുമായിത്തീർന്നു; എന്നന്നേക്കുമായി സാത്താനെ പരാജയപ്പെടുത്തി; എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക് മോചനം നേടിയെടുത്തു; അങ്ങനെ നമ്മെ എല്ലാവരെയും ദൈവവുമായി ശരിയായ ഒരു ബന്ധത്തിലേക്ക് വീണ്ടെടുത്ത് കൊണ്ടുവന്നു (റോമ 5:8; 1കൊറി. 15:3-8; 24-28; എഫേ. 1:10; ഹെബ്ര. 10:13; 1പത്രോ. 2:24; യോഹ. 1:29). സ്വന്തം മരണത്തിലുടെയും, ഉയിർത്തേഴുന്നേൽപിലൂടെയും യേശുക്രിസ്തു മരണാധികാരിയായിരുന്ന സാത്താനെ പൂർണ്ണമായി പരാജയപ്പെടുത്തി. അതിനാൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മരണത്തെയും സാത്താനെയും ഭയപ്പെടേണ്ട ആവശ്യമില്ല. യേശുക്രിസ്തു മനുഷ്യനെ പാപത്തിന്റെയും, മരണത്തിന്റെയും, സാത്താന്റെയും, നരകത്തിന്റെയും ഏറ്റവും ഭയാനകമായ അടിമത്വങ്ങളിൽ നിന്നും രക്ഷിച്ചു.  യേശുക്രിസ്തു അങ്ങനെ മനുഷ്യവർഗ്ഗത്തിന് ഏറ്റവും വലിയ സംഭാവന നൽകി.

 

രക്ഷ എന്നു പറയുന്നത് പാപത്തിന്റെയും സാത്താന്റെയും അടിമത്തത്തിൽ നിന്നും ദൈവം മനുഷ്യനെ മോചിപ്പിക്കുന്നതാണ്. മനുഷ്യൻ രക്ഷ പ്രാപിക്കണമെങ്കിൽ പാപക്ഷമ ലഭിക്കേണ്ടത് ആവശ്യമാണ്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം പാപക്ഷമ ലഭിക്കുക എന്നതാണ്. മതങ്ങൾക്കൊന്നും മനുഷ്യന്റെ പാപക്കറകളെ കഴുകിക്കളയാൻ കഴിയില്ല. ദൈവപുത്രനായ യേശുവിന്റെ രക്തത്തിന് മാത്രമേ നമ്മുടെ പാപക്കറകൾ കഴുകിക്കളഞ്ഞ് നമ്മെ ശുദ്ധീകരിക്കാൻ കഴിയൂ. യേശുക്രിസ്തുവിന്റെ രക്തം തന്നിൽ വിശ്വസിക്കുന്നവരുടെ പാപങ്ങളെ കഴുകിക്കളയുകയും, അവരെ ദൈവത്തിന്റെ മക്കളാക്കിത്തീർക്കുകയും അങ്ങനെ നിത്യജിവന് അവകാശികളാക്കിത്തീർക്കുകയും ചെയ്യുന്നു (റോമ. 8:14-17; ഗലാ. 4:5). യേശുക്രിസ്തുവിന്റെ ചിന്തപ്പെട്ട രക്തമാണ് മനുഷ്യന്റെ പാപപരിഹാരത്തിനും നിത്യജീവനുമുള്ള ഏക അടിസ്ഥാനം.  ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം പുനഃസ്ഥാപിക്കാൻ ദൈവം നൽകിയ ഏകമാർഗ്ഗം യേശുക്രിസ്തുവാണ്. "യേശു പറഞ്ഞു : വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല' (യോഹ 14:6). മനുഷ്യന്റെ പാപപരിഹാരത്തിനായുള്ള ക്രിസ്തുവിന്റെ സഹനത്തിന്റെയും, മരണത്തിന്റെയും അടിസ്ഥാനത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നതിന് ദൈവത്തിന് ന്യായീകരണമുണ്ട്.

Ad Image
Ad Image
Ad Image
Ad Image