മനുഷ്യന്റെ രക്ഷ ദൈവവും മനുഷ്യനും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ്
മനുഷ്യന് സ്വയമായി രക്ഷ പ്രാപിക്കാൻ കഴിയില്ല. എന്നാൽ ദൈവം ദാനമായി നൽകിയിരിക്കുന്ന രക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വതന്ത്രമനസിന്റെ കഴിവ് മനുഷ്യനുണ്ട്. രക്ഷിക്കപ്പെടണമോ വേണ്ടയോ എന്ന് ഓരോരുത്തരും തീരുമാനിക്കണം. ദൈവം മനുഷ്യനുവേണ്ടി മുൻനിർണ്ണയിച്ചിരിക്കുന്ന രക്ഷാകരപദ്ധതിയെ നിരസിക്കുന്നവർ ശിക്ഷിക്കപ്പെടും. മനുഷ്യന്റെ രക്ഷ ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൊണ്ട് മാത്രമാണെന്നോ മനുഷ്യന് അതിൽ പങ്കൊന്നുമില്ലെന്നോ ബൈബിൾ പറയുന്നില്ല, സൂചിപ്പിക്കുന്നുമില്ല. മനുഷ്യരക്ഷയ്ക്കുള്ള ആദ്യപടിയായ രക്ഷാകരപദ്ധതി തയ്യാറാക്കിയത് ദൈവമാണ്. ആ പദ്ധതി ഒരു ഉടമ്പടിയാണ്. ഈ ഉടമ്പടിയുടെ വിജയത്തിന് ഇരുകൂട്ടരുടെയും സഹകരണം വേണം. ദൈവത്തിന്റെ ഭാഗത്തുനിന്ന് ദൈവം മനുഷ്യന്റെ പാപത്തിന് പരിഹാരം ചെയ്ത് രക്ഷാകരമാർഗ്ഗം തുറന്നുകൊടുത്തു. മനുഷ്യന്റെ ഭാഗത്തുനിന്ന്, മനുഷ്യൻ ആ പദ്ധതി സ്വീകരിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യണം. വിശ്വാസത്തിന്റെ അടിസ്ഥാനമിട്ടത് ദൈവമാണ്. എന്നാൽ വിശ്വസിക്കുക എന്ന ആത്മീയപ്രവർത്തി ഉണ്ടാകേണ്ടത് മനുഷ്യന്റെ ഭാഗത്തുനിന്നാണ്. ദൈവം മനുഷ്യനുവേണ്ടി മുൻനിർണ്ണയിച്ചിരിക്കുന്ന രക്ഷാകരപദ്ധതിയെ അംഗീകരിച്ച് വിശ്വസിച്ച് അനുസരിച്ച് സഹകരിക്കുന്നവർ രക്ഷിക്കപ്പെട്ട് ദൈവമക്കളായിത്തീർന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീരുന്നു. എന്നാൽ എല്ലാ മനുഷ്യരും മനുഷ്യരക്ഷയ്ക്കായുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതിയെ തിരഞ്ഞെടുക്കുന്നില്ല, അംഗീകരിക്കുന്നില്ല, സ്വീകരിക്കുന്നില്ല. അതിനാൽ എല്ലാവരും രക്ഷിക്കപ്പെടുന്നില്ല.രക്ഷാകര പദ്ധതിയുമായി ദൈവഹിതപ്രകാരം സഹകരിക്കുന്നവരെല്ലാം തിരഞ്ഞെടുക്കപ്പെ ട്ടവരാകുന്നു എന്നതാണ് ദൈവത്തിന്റെ മുൻനിർണ്ണയം. ദൈവത്തെ സ്നേഹിക്കുന്നവർ ദൈവത്തിന്റെ പദ്ധതിപ്രകാരം വിളിക്കപ്പെട്ടവരാണ്.
ദൈവം ഒരുക്കിയ രക്ഷാകരപദ്ധതിയെ അംഗീകരിച്ച് ദൈവത്തിൽ വിശ്വസിക്കുന്നവരെ രക്ഷിക്കാനും വിശ്വസിക്കാത്തവരെ അവരുടെ ഹിതപ്രകാരംതന്നെ ദൈവത്തിൽ നിന്ന് അകന്ന് വസിക്കാൻ അനുവദിക്കുകയുമാണ് ദൈവം ചെയ്തത്. ദൈവം ഒരിക്കലും ആരെയും തന്നിൽ വിശ്വസിക്കുന്നതും രക്ഷ പ്രാപിക്കുന്നതും ഒരുതരത്തിലും തടഞ്ഞിട്ടില്ല. തന്റെ പദ്ധതിയെ അംഗീകരിച്ച് രക്ഷപ്രാപിക്കാനോ, പദ്ധതിയെ നിരസിച്ച് ശിക്ഷ സ്വീകരിക്കാനോ ഉള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നൽകി. ദൈവം തന്റെ പദ്ധതിയിൽ ആരെയും അവഗണിച്ചിട്ടില്ല. മറിച്ച് എല്ലാവർക്കും ദൈവമക്കൾ എന്ന ഉന്നതമായ സ്ഥാനമാണ് ദൈവം വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ചിലർ മാത്രം അത് സ്വീകരിക്കുന്നു. രക്ഷയിലേക്കുള്ള മനുഷ്യന്റെ മുന്നേറ്റത്തിൽ ദൈവഹിതത്തോടുള്ള മനുഷ്യന്റെ മനോഭാവം അനുസരിച്ചാണ് ദൈവം സഹകരിക്കുന്നത്. നാം ദൈവത്തോട് അടുക്കുമ്പോൾ ദൈവം നമ്മോട് അടുത്തുവരും. ദൈവം ഓരോ വ്യക്തിയെയും ഉപയോഗിക്കുന്നതും അനുഗ്രഹിക്കുന്നതും അവരുടെ മനോഭാവം ദൈവഹിതപ്രകാരം ആയിത്തീരുന്നതിന് അനുസരിച്ചാണ്.
ക്രിസ്തുവിന്റെ മരണവും, സുവിശേഷവും, മാനസാന്തരത്തിനും രക്ഷയ്ക്കുമുള്ള ആഹ്വാനവും എല്ലാം സകല മനുഷ്യർക്കും വേണ്ടിയുള്ളതാണ്. അല്ലാതെ ചില തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയ്ക്കുവേണ്ടി മാത്രമല്ല. ക്രിസ്തുവിലുള്ള രക്ഷ എല്ലാ മനുഷ്യർക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം അത് സ്വീകരിക്കാൻ എല്ലാവർക്കും കഴിയും എന്നാണ്. നൽകിയ ദൈവകൃപയോട് സഹകരിക്കാൻ മനുഷ്യന് കഴിയും എന്ന് ദൈവത്തിന് അറിയാമായിരുന്നതുകൊണ്ടാണ് ദൈവം മനുഷ്യന് കൃപ നൽകിയത്. സ്വീകരിക്കാൻ കഴിയാത്തത് കൊടുക്കുന്നത് സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതാണ്. മനുഷ്യന് രക്ഷാമാർഗ്ഗം ഉണ്ടാക്കാൻ പറ്റില്ലെങ്കിലും ദൈവം കൃപയാൽ യേശുവിൽ നൽകിയ രക്ഷയോട് വിശ്വാസത്താൽ സഹകരിക്കാനും അവിശ്വാസത്താൽ നിസ്സഹകരിക്കാനും മനുഷ്യന് കഴിയും. നരകത്തിൽ ഓരോരുത്തർക്കും അവരവരുടെ പ്രവർത്തിക്കൊത്ത ശിക്ഷ ലഭിക്കുന്നതിന്റെ കാരണം അവർ തങ്ങളുടെ സ്വതന്ത്രമനസിനെ വ്യത്യസ്ത അളവിൽ ഉപയോഗിച്ചതാണ്. മനുഷ്യന് സ്വതന്ത്രമനസിനെ ഉപയോഗിക്കാൻ കഴിയില്ലെന്ന് വാദിക്കുന്നത് മനുഷ്യന്റെ തിന്മയുടെ ഉത്തരവാദിത്വം ദൈവത്തിന്റെമേൽ ആരോപിക്കുന്നതിന് തുല്യമാണ്. രക്ഷയിൽ ദൈവകൃപക്കും മനുഷ്യന്റെ സ്വതന്ത്ര തീരുമാനത്തിനും പ്രസക്തിയുണ്ട്. ദൈവത്തിന്റെ കൃപ അടങ്ങിയിരിക്കുന്നത് യേശുവിന്റെ പരിഹാരബലിയിലൂടെ മനുഷ്യരക്ഷയ്ക്ക് ഏകമാർഗ്ഗം ഉണ്ടാക്കി കൊടുത്തതിലാണ്. അതിനാലാണ് കൃപയും സത്യവും യേശു മുഖാന്തിരം വന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നത് (യോഹ 1:17). മനുഷ്യൻ പാപത്താൽ വീണുപോയെങ്കിലും നന്മ ചെയ്യാനുള്ള കഴിവ് പൂർണ്ണമായും നശിച്ചിട്ടില്ല. എന്നാൽ രക്ഷ പ്രാപിക്കാൻ മാത്രം നന്മ അവന്റെ നന്മപ്രവർത്തികൾക്കില്ല. അതിനാൽ രക്ഷ നന്മപ്രവർത്തികളാലല്ല.മറിച്ച് വിശ്വാസത്താലാണ്. കാരണം രക്ഷയ്ക്കായി വിശ്വസിക്കാൻ എല്ലാ മനുഷ്യർക്കും ഒരുപോലെ കഴിയും (റോമ 3:21-28). അതിനാൽ രക്ഷയ്ക്കുള്ള വ്യവസ്ഥയായി വിശ്വാസത്തെ നിയമിച്ചതിൽ ദൈവനീതിയുണ്ട്. വീഴ്ചയ്ക്ക് കാരണമായത് അവിശ്വാസമാണ്. ആ വീഴ്ചയിൽ നിന്ന് രക്ഷിക്കാൻ ദൈവം മനുഷ്യനിൽ നിന്ന് വിശ്വാസത്തെ പ്രതീക്ഷിക്കുന്നു. വിശ്വാസത്താൽ ദൈവകൃപയോട് സഹകരിക്കുന്നവർ രക്ഷപ്രാപിച്ച് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിൽ പെടുന്നു. വിശ്വാസി യേശുവിനെയല്ല, യേശു വിശ്വാസിയെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് ക്രിസ്തുവിൽ കേന്ദ്രീകൃതമാണ് (എഫേ 1:3-12).
എല്ലാ മനുഷ്യരും പാപത്തിൽ മരിച്ച് ദൈവത്തിൽ നിന്ന് അകന്ന് പോയി. അതിനാൽ മനുഷ്യന് അറിവുകൊണ്ടോ, കഴിവുകൊണ്ടോ, സൽപ്രവൃത്തികൾ കൊണ്ടോ, നന്മകൊണ്ടോ രക്ഷ പ്രാപിക്കാൻ കഴിയില്ല (ഏശ 64:6; മത്താ 16:17; 1കൊറി 1:21). ദൈവത്തിന്റെ ഇടപെടൽ കൂടാതെ മനുഷ്യന് രക്ഷ പ്രാപിക്കാൻ സാദ്ധ്യമല്ലായിരുന്നു (ലൂക്ക 18:26-27). അവർക്ക് പാപമോചനവും ദൈവവുമായുള്ള രമ്യതയും സാദ്ധ്യമാക്കാൻ രക്തബലി ആവശ്യമായിരുന്നു. ദൈവം കൃപയാൽ ഭൂമിയിലെ തന്റെ ഭരണം ഉപേക്ഷിച്ചില്ല. മനുഷ്യന്റെ വീണ്ടെടുപ്പ് സാദ്ധ്യമാക്കാൻ ദൈവം മനുഷ്യനുമായി ഉടമ്പടികൾ സ്ഥാപിക്കുകയും തന്റെ സ്നേഹവും കൃപയും പാപികളായ മനുഷ്യർക്ക് വെളിപ്പെടുത്തുകയും ചെയ്തു. അബ്രഹാമിനോടുള്ള ഉടമ്പടിയിൽ ദൈവം തന്റെ ജനമായ ഇസ്രായേലിനെ പാപത്തിന്റെയും സാത്താന്റെയും അടിമത്തത്തിൽ നിന്ന് രക്ഷിക്കാമെന്നും, അവരിലൂടെ ലോകത്തിലെ എല്ലാ ജനതകളെയും അനുഗ്രഹിക്കാമെന്നും വാഗ്ദാനം ചെയ്തു. പിന്നീട് ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിനെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് അനേകം അത്ഭുത പ്രവർത്തനങ്ങളിലൂടെ വീണ്ടെടുത്തു. അതിനുശേഷം ദൈവം മോശയിലൂടെ ഇസ്രായേൽ ജനവുമായി ഉടമ്പടിയുണ്ടാക്കി ന്യായപ്രമാണം നൽകി. തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാനും പാപബോധം വരുത്താനുമുള്ള മാനദണ്ഡമായും, രക്ഷക്കുള്ള ഏകമാർഗ്ഗമായ ക്രിസ്തുവിലേക്കുള്ള വഴികാട്ടിയായും ന്യായപ്രമാണം പ്രയോജനപ്പെട്ടു.
ഇസ്രായേൽ ദൈവത്തിന്റെ ഭരണം ഉപേക്ഷിച്ച് ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോൾ ദൈവം ഇസ്രായേലിൽ രാജഭരണം ഏർപ്പെടുത്തി. തന്റെ ജനത്തിന്മേലുള്ള തന്റെ ഭരണം ദാവീദിന്റെ സന്തതിയായി ജനിക്കാൻ പോകുന്ന മശിഹായിലൂടെ എന്നേക്കുമായി പുനഃസ്ഥാപിക്കുമെന്ന് ദൈവം ദാവീദിനോട് ഉപാധികളില്ലാത്ത ഒരു ഉടമ്പടിയിലൂടെ വാഗ്ദാനം ചെയ്തു. ദൈവം മനുഷ്യരക്ഷയ്ക്കായി ഇസ്രായേലുമായി ഉണ്ടാക്കിയ ഉടമ്പടികളും പ്രവാചകർക്ക് നൽകിയ വാഗ്ദാനങ്ങളും നിറവേറ്റാൻ സമയത്തിന്റെ പൂർത്തീകരണത്തിൽ തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്കയച്ചു. കന്യകാമറിയത്തിലൂടെ പരിശുദ്ധാത്മാവിനാൽ പിറന്ന യേശുക്രിസ്തു എന്ന വ്യക്തി പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആകുന്നു. എല്ലാ മനുഷ്യരിലും ദൈവം വിഭാവനം ചെയ്യുന്ന മനുഷ്യത്വത്തിന്റെ പൂർണ്ണത യേശുവിൽ വെളിപ്പെടുന്നു.
പാപമില്ലാതെ പരിപൂർണ്ണമായ ജീവിതം നയിച്ച യേശു ന്യായപ്രമാണത്തെ പൂർണ്ണമായി നിറവേറ്റി. അതിനുശേഷം മനുഷ്യൻ പാപിയായിരിക്കുമ്പോൾ തന്നെ ക്രിസ്തു മനുഷ്യർക്കായി മരിച്ചു. ക്രിസ്തു മനുഷ്യപാപം സ്വന്തം ശരീരത്തിൽ വഹിച്ച് കുരിശിൽ രക്തം ചിന്തി മരിച്ച് മനുഷ്യപാപത്തിന് പരിഹാരം ചെയ്തു. അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു (റോമ 5:8; 1കൊറി 15:3-6; 1പത്രോ 2:22-24). അങ്ങനെ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാൻ കഴിയാതിരുന്ന മനുഷ്യർക്കായി യേശു ന്യായപ്രമാണം മുഴുവൻ അനുസരിക്കുകയും മനുഷ്യപാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുക്കുകയും ചെയ്തതിനാൽ യേശുവിൽ വിശ്വസിക്കുന്നവർക്ക് യേശുവിന്റെ നീതി ലഭിച്ച് രക്ഷ പ്രാപിക്കാനുള്ള മാർഗ്ഗം തുറന്നു. യേശുക്രിസ്തു കാൽവരി ക്രൂശിൽ ചിന്തിയ രക്തമാണ് മനുഷ്യന്റെ പാപമോചനത്തിനും രക്ഷക്കുമുള്ള ഏക അടിസ്ഥാനം. ദൈവത്തിന്റെ ദാനമായ ഈ രക്ഷ പരിശുദ്ധാത്മ പ്രവൃത്തിയായ വീണ്ടുംജനനത്തിലൂടെയാണ് മനുഷ്യൻ സ്വീകരിച്ചു തുടങ്ങുന്നത്. ഈ രക്ഷ മനുഷ്യന്റെ പ്രവൃത്തികൾ കൊണ്ടോ യോഗ്യതകൾ കൊണ്ടോ നേടിയെടുക്കാനാവില്ല. മനുഷ്യന്റെ രക്ഷക്ക് ആവശ്യമായതെല്ലാം യേശുക്രിസ്തു ചെയ്തുതീർത്തു എന്ന് മനസിലാക്കി യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവത്തിൽനിന്നുള്ള രക്ഷ ലഭിക്കുന്നു. അവരിൽ ദൈവം വസിക്കാൻ ആരംഭിക്കുന്നു. പാപത്തിൽ നിന്ന് ദൈവത്തിലേക്ക് തിരിയുന്ന മാനസാന്തരം രക്ഷാകരമായ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വസിക്കുന്നവരെ രക്ഷിക്കുന്ന അത്ഭുതകരമായ ദൈവശക്തി യേശുക്രിസ്തുവിന്റെ സുവിശേഷത്തിലുണ്ട്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം പാപക്ഷമ ലഭിച്ച് പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിച്ച് ദൈവമക്കളായിത്തീരുന്നു. അവർക്ക് ദൈവിക സ്വഭാവവും ജീവനും ലഭിച്ചു എന്നതിന്റെ തെളിവ് അവർ പുറപ്പെടുവിക്കുന്ന ആത്മാവിന്റെ ഫലമാണ് അവന്റെ കൽപനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാൽ അറിയുന്നു. അവനെ അറിഞ്ഞിരിക്കുന്നു എന്ന് പറയുകയും അവന്റെ കൽപനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു; സത്യം അവനിൽ ഇല്ല (1യോഹ 2:3-4). അങ്ങനെ അവർ സാത്താന്റെ രാജ്യത്തിൽ നിന്ന് ദൈവത്തിന്റെ രാജ്യത്തിലേക്ക് പ്രവേശിക്കുന്നു. അവരിൽ പരിശുദ്ധാത്മാവ് അധിവസിക്കുന്നു. അവർ ക്രിസ്തുവിൽ പുതുസൃഷ്ടികളായി ജീവിച്ച് നിത്യതയിൽ ദൈവത്തിന്റെ അവകാശികളായിത്തീരും (യോഹ 1:12-13; 3:3-7; 14-16; 10:26-30; 14:6; 14:23; റോമ 1:16; 6:23; 8:14-17, 32; 10:9-10; 2കൊറി 5:17; എഫേ 1:7; 13-14; 2:8-10; കൊലോ 1:27; 1പത്രോ 1:3-5).
രക്ഷ എങ്ങനെ സംഭവിക്കുന്നു?
രക്ഷയിലേക്ക് നീങ്ങുന്ന ഓരോ വ്യക്തിയും രക്ഷയുടെ ആവശ്യം മനസിലാക്കുന്നു, താഴ്മയോടെ ദൈവത്തെ അന്വേഷിക്കുന്നു, സുവിശേഷം കേൾക്കുന്നു, പാപത്തെക്കുറിച്ച് അനുതപിച്ച് ദൈവത്തിലേക്ക് തിരിയുന്നു, വിശ്വസിക്കുന്നു, വീണ്ടുംജനനം അനുഭവിക്കുന്നു, വിശ്വാസത്തിലും അനുസരണത്തിലും അന്ത്യംവരെ നിലനിൽക്കുന്നു (എബ്ര 11:6; മത്താ 5:3-6; ലൂക്കാ 8:12-18; 2കൊറി 7:10).
മോക്ഷം (രക്ഷ) സൗജന്യമാണ്, കാരണം ദൈവം തന്നെ അതിനുള്ള വില കൊടുത്തു
ദൈവം മനുഷ്യ ശരീരത്തിൽ ഈ ലോകത്തിലേക്കു വന്നതു നമ്മുടെ ആത്മാക്കളുടെ രക്ഷയ്ക്കായുള്ള വില കൊടുക്കുന്നതിനാണ് ദൈവപുത്രനായ കർത്താവായ യേശു മനുഷ്യനായിത്തീർന്ന് ഭൂമിയിലേക്കിറങ്ങിയത്, ദൈവഹിതവും ദൈവസ്നേഹവും രക്ഷമാർഗ്ഗവും സത്യവും നിത്യജീവനും മനുഷ്യനു വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ്. ക്രൂശിലെ യാഗത്തിനു ശേഷമുള്ള മൂന്നാംദിവസം യേശുക്രിസ്തു മരണത്തിൽ നിന്നു ജീവനിലേക്കു വന്നു മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിന്റെ നാൽപതാം ദിവസം, ഒരു വൻജനകൂട്ടം ഒരു കുന്നിൻമുകളിൽ നോക്കി നിൽക്കുമ്പോൾ അവൻ സ്വർഗ്ഗാരോഹരണം ചെയ്തു. അവൻ തന്നെ വഴിയും സത്യവും ജീവനുമായിരിക്കെ അവൻ നമ്മുടെ രക്ഷയായിത്തീർന്നു. നമ്മുടെ മോക്ഷ (രക്ഷ) ത്തിന്റെ വില കൊടുക്കാൻ സർവ്വശക്തനായ ദൈവത്തിനു മാത്രമേ കഴിയൂ. അവനു മാത്രമേ രക്ഷയുടെ (മോക്ഷത്തിൽ) വില അറിയൂ എന്നതാണ് ഇതിന്റെ കാരണം. ദൈവത്തിന്റെ കണക്കുകൂട്ടലിൽ വിശുദ്ധവും പവിത്രവുമായ ഒരു യാഗമാണ് അതിന്റെ ചെലവ്. പാപത്തിന്റെ ശിക്ഷയിൽ നിന്നു മനുഷ്യനെ രക്ഷിക്കുന്നതിനു പകരം അതു വില കൊടുക്കുന്നു. ദൈവം വിശുദ്ധനായതിനാൽ യാഗം വിശുദ്ധമായിരിക്കണം. ദൈവത്തിന്റെ അവതരാമെന്ന നിലയിൽ യേശു യോജിക്കുന്നത് ഇതുകൊണ്ടാണ്. അവൻ മനുഷ്യ ശരീരമെടുക്കുയും, ക്രൂശിലെ മരണത്താൽ അവന്റെ വിശുദ്ധരക്തം അർപ്പിക്കുകയും ചെയ്തു. ഇങ്ങനെ നമ്മുടെ രക്ഷയ്ക്കായുള്ള തികഞ്ഞ യാഗമായി അവൻ മാറി. മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിന്റെ സ്നേഹം നിമിത്തം ഒരു രക്ഷാമാർഗ്ഗം നൽകപ്പെട്ടു. ഒരു സ്നേഹനിധിയായ പിതാവ്, സ്വന്തം മകന്റെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി യാഗം അർപ്പിക്കുന്നതുപോലെയാണിത്. മരണത്തിനുള്ള പ്രതിവിധി ജീവനാണ്. മോക്ഷത്തിന്റെ ചെലവെന്നത് നമുക്കു പകരമായി അർപ്പിക്കുന്ന വിശുദ്ധ രക്തം (ജീവൻ) ആണ്. ആ യാഗാർപ്പണത്തിനുള്ള കാരണം സ്നേഹമാണ്. സ്നേഹം മോക്ഷമാർഗ്ഗം കണ്ടെത്തുന്നു. മോക്ഷത്തിന്റെ വില സ്നേഹം കൂട്ടി വയ്ക്കുന്നു. ഇതു ദൈവം തന്നെ മനുഷ്യർക്കു സൗജന്യമായി നൽകുന്നു. ഇന്നു കർത്താവായ യേശു സ്വർഗ്ഗത്തിലിരിക്കുന്നു. നിങ്ങളുടെ രക്ഷാമാർഗ്ഗം, രക്ഷയുടെ വില, നിങ്ങളുടെ പാപക്ഷമ, സ്വർഗ്ഗത്തിൽ നിങ്ങൾക്കു നിത്യജീവൻ എന്നിവ നിങ്ങൾക്കു ദാനം ചെയ്യാൻ അവനു മനസ്സുണ്ട്. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏതൊരാളും നശിച്ചുപോകാതെ നിത്യജീവൻ (രക്ഷ/മോക്ഷം) പ്രാപിക്കേണ്ടതിന്, ദൈവം അവനെ നൽകുന്നിടത്തോളം ലോകത്തേ സ്നേഹിച്ചു. (യോഹന്നാൻ 3: 16).