മലയാളം/ക്രിസ്ത്യൻ സുവിശേഷം/ What is Christian Gospel Part 1



മനുഷ്യന്റെ അവസ്ഥ - രക്ഷക്കായും മോക്ഷത്തിനായും മനുഷ്യൻ അന്വേഷിക്കുന്നു

യേശുക്രിസ്തുവാണ് ദൈവത്തിന്റെ സുവിശേഷം. യേശുക്രിസ്തുവിന്റെ രക്തബലിയിൽ നിത്യനരകത്തിൽ നിന്ന് നിത്യസൗഭാഗ്യത്തിലേക്കുള്ള മനുഷ്യരക്ഷയുടെ സുവിശേഷം വെളിപ്പെട്ടുനിൽക്കുന്നു. ഏറ്റവും വിലയേറിയ രക്ഷ ദൈവം സൗജന്യമായി മാത്രം നൽകുന്നതിന്റെ കാരണം അതു വിലകൊടുത്തോ സ്വന്തപ്രവർത്തികൊണ്ടോ നേടിയെടുക്കാൻ ഒരു സൃഷ്ടിക്കും ഒരുകാലത്തും കഴിയില്ല എന്നതാണ്.

മനുഷ്യൻ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ദാഹിക്കുന്നു. എന്നാൽ തന്റെ പ്രവൃത്തികൾക്കോ, നേട്ടങ്ങൾക്കോ, പണത്തിനോ ഒന്നും മനുഷ്യന് യഥാർത്ഥ സമാധാനവും സംതൃപ്തിയും കൊടുക്കാൻ കഴിയുന്നില്ല. ഭൗതികവസ്തുക്കളിലുള്ള അമിതമായ ആശ്രയം അവ ഉള്ളവർക്കും ഇല്ലാത്തവർക്കും അസംതൃപ്തിക്ക് കാരണമായിത്തീരുന്നു. മനുഷ്യന്റെ യഥാർത്ഥ പ്രശ്നം എന്തെന്ന് മനസിലാക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്താൽ മാത്രമേ മനുഷ്യന് യഥാർത്ഥ സമാധാനവും ആത്മസംതൃപ്തിയും ലഭിക്കുകയുള്ളൂ. മനുഷ്യന്റെ യഥാർത്ഥ പ്രശ്നവും അതിനുള്ള പരിഹാരമാർഗ്ഗവും എന്താണെന്ന് നമുക്ക് പരശോധിക്കാം. “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാദാനമോ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൽ നിത്യജീവൻ തന്നെ” (റോമർ 6:23). എല്ലാവരും മോക്ഷത്തിനായി അന്വേഷിക്കുന്നു. ഇതിനായി അവർ വ്യാപകമായി യാത്ര ചെയ്യുന്നു - തീർത്ഥാടനങ്ങൾ നടത്തുന്നു. ഇതെല്ലാം ചെയ്യുമ്പോൾത്തന്നെ ആദ്യത്തെ ആവശ്യം ദൈവത്തെ കണ്ടെത്തുകയെന്നതാണ്. പിന്നെ പാപക്ഷമകിട്ടാനുള്ള മാർഗ്ഗം അവനോടു ചോദിക്കുക, അതിനുശേഷം മോക്ഷം (രക്ഷ) പ്രാപിക്കുക. എല്ലാ മതങ്ങളും രക്ഷയുടെ ആവശ്യകതയെക്കുറിച്ചു പറയുന്നു. കാരണം നാളെയെക്കുറിച്ചുള്ള  ഒരു അനിശ്ചിതത്വം മനുഷ്യന്റെ ഉള്ളിൽ നിന്ന് അവനു മുന്നറിയിപ്പു നൽകുന്നു. ഈ ലോകത്തിലേക്കും ഭൗതിക ശരീരത്തിലേക്കും മനുഷ്യൻ വന്നതാണ്. ഈ ലോകം പോലും അവന്റെ അന്തിമ ലക്ഷ്യസ്ഥാനമല്ല. മനുഷ്യന്റെ ആത്മാവ് അവന്റെ ശരീരത്തിനു പുറത്തുവരുകയും അടുത്ത ലക്ഷ്യസ്ഥലത്തേക്കു പോവുകയും വേണം. അതു ദൈവത്തിന്റെ ന്യായാസനമാണ്. ഈ ഭൂമിയുടെ മൂലകങ്ങൾ കൊണ്ടാണ് അവന്റെ ശരീരം നിർമ്മിച്ചിരിക്കുന്നത്. അവന്റെ ശരീരം അതിലേക്കു (പൊടിയിലേക്ക് തന്നെ മടങ്ങും). അതുകൊണ്ട്, പാപത്തിൽ നിന്നുള്ള രക്ഷയും (മോക്ഷം) സ്വർഗ്ഗീയ വാസസ്ഥലം പ്രാപിക്കുന്നതും എല്ലാവർക്കും ആവശ്യമാണ്. ആരും തന്നെ അഗ്നിനരകം ലക്ഷ്യസ്ഥാനമാക്കി മുന്നോട്ടുപോകുന്നില്ല. ആ അന്ധകാരനിത്യതയിൽ ദണ്ഡനമുണ്ട്. അതിനാൽ നാളെയെക്കുറിച്ചുള്ള ഭയത്തോടെ എല്ലാ മനുഷ്യരും രക്ഷ/മോക്ഷം പ്രാപിക്കുന്നതിനു വിലകൊടുക്കാൻ മനസ്സുള്ളവരാണ്.

 

രക്ഷയുടെ വില - തെറ്റിദ്ധാരണ പാടില്ല

 

ഇടുങ്ങിയ വീക്ഷണവും പരിമിതമായ ജ്ഞാനത്തോടും കൂടിയ മിക്കവർക്കും രക്ഷയുടെ മുടക്കുമുതലിനെക്കുറിച്ചു ചിന്തിക്കാനുള്ള പ്രവണതയുണ്ട്. ചിലർ വേദനയും പീഢനവും സഹിക്കാൻ തയ്യാറാകുന്നു. ചിലർ പ്രായശ്ചിത്തം ചെയ്യുന്നു. മറ്റുള്ളവർ സൽപ്രവൃത്തികൾ ചെയ്യുന്നു. അവരുടേയതായ അറിവും തത്ത്വ ജ്ഞാനവും ഉപയോഗിച്ച അവർ ദൈവത്തെ അന്വേഷിക്കുന്നു. ചിലർ മതകേന്ദ്രങ്ങളിൽ തീർത്ഥാടനങ്ങൾ നടത്തി അലയുന്നു. അവർ ചുറ്റിനടന്നു രക്ഷയുടെ മുടക്കു മുതൽ എത്രയെന്നു ചോദിക്കുന്നു. അങ്ങനെ അവർക്കതു വിലകൊടുത്തു വാങ്ങാമല്ലോ.പണക്കാരന് ഉയർന്ന വില കൊടുക്കാനും അങ്ങനെ തൃപ്തിയടയാനും കഴിയുമ്പോൾ പാവപ്പെട്ടവൻ കഠിനാദ്ധ്വാനം ചെയ്യാനും ആചാരങ്ങൾ അനുഷ്ഠിക്കാനും തയ്യാറാക്കുന്നു. മോക്ഷത്തിന്റെ  വ്യാപരത്തിൽ, മതത്തിന്റെ വ്യാപരികൾ മദ്ധ്യവർത്തികളായി പ്രവർത്തിക്കുന്നു. ഭയപ്പെടുന്ന, നിരാശനും നിരുത്സാഹിയുമായ തീർത്ഥാടകൻ ഈ ചതിക്കെണിയിൽ അകപ്പെടുന്നു. അയാളുടെ പണമെല്ലാം അപഹരിക്കപ്പെടുന്നു. ദൈവിക സമാധാനത്തെക്കുറിച്ചുള്ള ഉറപ്പേറിയ തെളിവില്ലാതെ അവൻ ക്ഷീണിതനാകുന്നു. അവന് ആകെയുള്ളതു തെറ്റായ പ്രത്യാശയും അനിശ്ചിതത്വവുമാണ്. അങ്ങനെ അവൻ നിരാശനായി വീട്ടിലേക്ക് മടങ്ങുന്നു.

പണത്തിലൂടെയും വസ്തുക്കളിലൂടെയും മോക്ഷമില്ല - കാരണം

 

നമുക്ക് എന്തെങ്കിലും ദൈവത്തിനു കൊടുക്കാൻ കഴിയുമോ? സ്വർഗ്ഗത്തെയും പ്രപഞ്ചത്തെയുമെല്ലാം നിർമ്മിച്ചതു ദൈവമാണ്. എല്ലാം അവന്റെ സൃഷ്ടിയാണ്. അവൻ മനുഷ്യരായ നമ്മെ സൃഷ്ടിച്ചു. എല്ലാ സൃഷ്ടിയുടെയും ഉടമസ്ഥൻ അവനാണ്. അവന്റെ സൃഷ്ടിയിൽ നിന്ന് എന്തെങ്കിലും നാം എടുത്ത് അവനു കാഴ്ചയായോ കൂലിയായോ  നമ്മുടെ രക്ഷയ്ക്കുവേണ്ടി നൽകിയാൽ, അതു കാഴ്ചയോ കൂലിയോ അല്ല. കാരണം അവയെല്ലാം അവന്റെ വകയാണ്. നമ്മുടെ പണവും സമ്പത്തുമെല്ലാം അവന്റെ കൈയിൽ നിന്നും പ്രാപിച്ചതാണ്. പിന്നെ എന്തു സമ്മാനമാണ് അവനു നാം നൽകുക? നമ്മുടെ രക്ഷയ്ക്കായി എന്തെങ്കിലും വില കൊടുക്കാൻ നമുക്ക് കഴിയുമോ?

പ്രപഞ്ചത്തിൽ ദൈവത്തിന്റെ മഹത്വവും മനുഷ്യന്റെ ബലഹീനതയും നാം മനസിലാക്കണം

 

ഈ വിശാലമായ പ്രവഞ്ചത്തിൽ നമ്മുടെ ഭൂമി ഒരു പൊടിയാണ്. ഭൂമിയെക്കാൾ പത്തുലക്ഷം മടങ്ങു വലിപ്പം സൂര്യനുണ്ട്. നമ്മുടെ സൂര്യനെക്കാൾ കോടിക്കണക്കിനു മടങ്ങു വലിപ്പമുള്ള മറ്റു സൂര്യന്മാരും പ്രപഞ്ചത്തിലുണ്ട്. അവയെ നക്ഷത്രങ്ങളെന്നു വിളിക്കുന്നു. രാത്രിയിൽ അവ ആകാശത്തു ശോഭിക്കുന്നു. കോടിക്കണക്കിനു നക്ഷത്രങ്ങളുള്ള ഒരു സമൂഹത്തെ ഗാലക്സിയെന്നു വിളിക്കുന്നു. അത്തരം കോടിക്കണക്കിനു ഗാലക്സികളെ ആധുനിക ദൂരദർശിനികൾ കൊണ്ട്നമുക്കു കാണാം. നമ്മുടെ ഗാലക്സിയുടെ പേര് ക്ഷീരപഥം എന്നാണ്. ഇതിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ പ്രകാശവേഗത്തിൽ (സെക്കന്റിൽ 3 ലക്ഷം കി.മീ) സഞ്ചരിക്കണമെങ്കിൽ ഒരുലക്ഷം വർഷം വേണ്ടി വരും. സമയത്തിന്റെയും സ്ഥലത്തിന്റെയും വിസ്തൃതിയെക്കുറിച്ച് ഒരു ധാരണയുണ്ടാകാൻ കോടികണക്കിനു ഗാലക്സികളിൽ നിന്ന് ഒരു പത്തെണ്ണത്തിൽ യാത്രചെയ്യാൻ നമുക്ക് തീരുമാനിക്കാം. ഈ യാത്ര പൂർത്തിയാക്കാൻ ഒരു കോടിയിലധികം വർഷം വേണ്ടി വരും. ഈ വിശാലമായ പ്രപഞ്ചം സൃഷ്ടിച്ചതു ദൈവം തന്നെയാണ്. അതിനുള്ളിൽ നമ്മുടെ ഭൂമി ഒരു പൊടിപോലെയേ ഉള്ളൂ. ഈ പൊടി ഒരു ശക്തിയേറിയ സൂക്ഷ്മ ദർശിനിയിലൂടെ നോക്കുന്നുവെന്ന് സങ്കല്പിക്കുക. അങ്ങനെയെങ്കിൽ മനുഷ്യരായ നാം സൂക്ഷ്മാണുക്കളെപ്പോലെയായിരിക്കും കാണുപ്പെടുക. ഈ വിശാലമായ പ്രവഞ്ചത്തിലും മഹാദൈവത്തിന്റെ സാന്നിദ്ധ്യത്തിലും മനുഷ്യൻ അണു ജീവിക്കു സമനാണ്. അവൻ തന്റെ ആത്മരക്ഷയ്ക്കായി ദൈവസഹായം തേടുന്നില്ല. മനുഷ്യന്റെ അഹംഭാവവും ധാർഷ്ട്യവും കൊണ്ട് സ്വന്തം പരിശ്രമങ്ങളും കാഴ്ചകളുമുപയോഗിച്ച് ആത്മരക്ഷ വിലകൊടുത്തു വാങ്ങാൻ ഇഷ്ടപ്പെടുന്നു. ഒരു പഴയ ദൃഷ്ടാന്തം കൊണ്ട് ഇതു ഗ്രഹിക്കാം. കോടിക്കണക്കിനു ടൺ സ്വർണ്ണവും വെള്ളിയും രത്നങ്ങളും സമ്പാദ്യമുള്ള ഒരു രാജാവുണ്ടെന്നു സങ്കല്പിക്കുക. ആ രാജ്യത്തുള്ള ഒരു കുറ്റവാളി അയാളുടെ കുറ്റത്തിന്റെ ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ഒരു രൂപ ഈ രാജാവിനു നൽകി അദ്ദേഹത്തെ പ്രസാദിപ്പിച്ചു തന്റെ സ്വാതന്ത്ര്യം വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നു കരുതുക. ഈ യുക്തി ഫലപ്രദമാകുമോ? അതുപോലൊരു മാർഗ്ഗം രക്ഷയ്ക്കു ഫലപ്രദമാകുമോ? ചിന്തിക്കാൻ പോലും വിഡ്ഢിത്തമായ ഒരു മാർഗ്ഗമാണിതെന്നു നിങ്ങൾ സമ്മതിക്കും. അത് അസാദ്ധ്യവുമാണ്. സർവ്വശക്തനായ ജീവിക്കുന്ന സ്രഷ്ടാവായ ദൈവം സ്നേഹിക്കുന്നവനാണ്. അവന്റെ കൃപയും കരുണയുമാണ് നമുക്കാവശ്യം. അവന്റെ സ്നേഹവും പാപക്ഷമയും തിന്മയിൽ നിന്നുള്ള വിടുതലും നമുക്കുവേണം. പണമോ, സാധനങ്ങളോ, കാഴ്ചകളോകൊണ്ട് ആത്മാവിന്റെ രക്ഷ വാങ്ങാനാവില്ല.

സൽപ്രവൃത്തികളിലൂടെയും കർമ്മത്തിലൂടെയും മോക്ഷമില്ല

വെറും സൽപ്രവൃത്തികളാൽ മോക്ഷം പ്രാപിക്കാനാവില്ല. ഇതിന്റെ കാരണം ബാഹ്യപ്രവൃത്തികൾ കൊണ്ട് മാത്രമല്ല പാപം ചെയ്യുന്നതെന്നാണ്. അതിൽ പാപ ചിന്തയും മനോഭാവങ്ങളും അടങ്ങിയിരിക്കുന്നു. അതു പുറത്തു നിന്ന് അദൃശ്യമാണ്. എന്നാലതു ഹൃദയത്തിലും മനസ്സിലും ഒളിഞ്ഞിരിക്കുന്നു. പാപത്തിന്റെ ഒരു ബാഹ്യഫലമാണു കൊലപാതകം. പക്ഷേ അതിന്റെ മറഞ്ഞിരിക്കുന്ന വിത്തു കോപമാണ്. പാപത്തിന്റെ ഒരു ബാഹ്യഫലമാണു ലൈംഗിക പീഢനം. എന്നാൽ ഹൃദയത്തിന്റെ ഒളിഞ്ഞിരിക്കുന്ന മോഹമാണ് അതിന്റെ വിത്ത്. പാപത്തിന്റെ ഫലമാണ് മോക്ഷണം. പക്ഷേ അതിന്റെ വിത്തു നമ്മുടെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന അത്യാഗ്രഹമാണ്. അതുപോലെ നമ്മുടെ സൽപ്രവൃത്തിയുടെ പ്രയ്തനങ്ങൾകൊണ്ട് പാപത്തിന്റെ ദൃശ്യഫലങ്ങളെ നാം നിരാകരിച്ചാലും, പാപചിന്ത ബാധിച്ച നമ്മുടെ ജീവിതം കൊണ്ട് ദൈവം തൃപ്തിപ്പെടുകയില്ല. നമ്മിലുള്ള പാപം നമ്മെ ദൈവമുൻപാകെ പാപികളാണെന്നു പ്രഖ്യാപിക്കുന്നു. അതുകൊണ്ട് ചില സൽപ്രവൃത്തികൾ ചെയ്യുന്നതിലൂടെ നമ്മുടെ പ്രയ്തനം, അഭിമാനം എന്നിവയിലൂടെ നമുക്കു രക്ഷ പ്രാപിക്കാൻ കഴിയുമെന്നുള്ള ചിന്ത അസാദ്ധ്യമായതാണ്. ഒരു പാത്രത്തിന്റെ അകം അഴുക്കു നിറഞ്ഞതായിരിക്കുമ്പോൾ, അതിന്റെ പുറം വൃത്തിയാക്കുന്നതുപോലെയാണത്. ആന്തരികമായ രോഗത്തിനു ബാഹ്യമായി ചികിത്സിക്കുന്നതുപോലെ. പുറമേ നമ്മൾ മതഭക്തരും വിശുദ്ധരുമാണ്. നിങ്ങളുടെ മതം എന്തുമാകട്ടെ, അപ്പോഴും നമ്മുടെയുള്ളിൽ കള്ളം, കോപം, അത്യാർത്തി, തിന്മ എന്നിവയുണ്ട്. നമ്മുടെ ബാഹ്യദൃഷ്ടികൾക്ക് അതു കാണുകയില്ല. എന്നാൽ ദൈവം എല്ലാം കാണുകയും, അറിയുകയും ചെയ്യുന്നു.

മതഗുരുക്കന്മാർ, മനുഷ്യജ്ഞാനം, തത്ത്വചിന്ത എന്നിവയിലൂടെയും രക്ഷയില്ല

ബൈബിളിൽ എഴുതിയിരിക്കുന്നു. സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്ന മനുഷ്യപുത്രൻ (കർത്താവായ യേശു) അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല (യോഹന്നാൻ 3: 13). ഏതെങ്കിലുമൊരു ഗുരു, അദ്ദേഹത്തിന്റെ ബുദ്ധി, അറിവ്, തത്ത്വജ്ഞാനം, അത്ഭുതങ്ങൾ, താന്ത്രിക വിദ്യ എന്നിവയുടെ സ്വാധീനത്താൽ മറ്റുള്ളവരെ തന്റെ വിശ്വാസത്തിലേക്കു നയിച്ചാൽ ആ മാർഗ്ഗത്തിൽ രക്ഷ കിട്ടുകയില്ല.  മറിച്ച് നിത്യാഗ്നിയിലെ നാശമേ ലഭിക്കുകയൂള്ളൂ.

 

കാണപ്പെടുന്ന ഈ ലോകത്തിൽ കാണപ്പെടാത്ത 2 രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ എല്ലാ മനുഷ്യരും പങ്കാളികളാണ്

സത്യദൈവത്തിന്റെ യാഥാർത്ഥ്യം

ദൈവം ഉണ്ട് എന്നുള്ളത്, എല്ലാവർക്കും തെളിവായ വസ്തുതയാണ്. സ്രഷ്ടാവായ ഈ ദൈവം ബൈബിളിലൂടെ സ്വയം വ്യക്തമായി വെളിപ്പെടുത്തുന്നു. ബൈബിളിലെ ദൈവത്തെപ്പോലെ, ലോകചരിത്രത്തിൽ സ്വയം വെളിപ്പെട്ട് ശക്തിയോടെ പ്രവർത്തിച്ച, വേറൊരു ദൈവവുമില്ല. ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച താൻ മാത്രമാണ് ഏകസത്യദൈവമെന്നും, താനല്ലാതെ മറ്റൊരു ദൈവം ഇല്ലായെന്നും, മറ്റ് ദൈവങ്ങളെ ആരാധിക്കുന്നതും, വിഗ്രഹാരാധനയും ആഭിചാരവും എല്ലാം വലിയ പാപമാണെന്നും, തന്നെ അനുസരിക്കാത്തവരെ താൻ ന്യായം വിധിക്കുമെന്നും, വേറൊരു ദൈവവും പറയാത്തവിധം പറഞ്ഞ്,  ബൈബിളിലെ ദൈവം മനുഷ്യവർഗ്ഗത്തിന് ശക്തമായ മുന്നറിയിപ്പ് നൽകുന്നു. ദൈവത്തെ നിഷേധിക്കുന്നവരും യേശുവിന്റെ സുവിശേഷത്തെ അനുസരിക്കാത്തവരും, യേശുവിന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കപ്പെടും.

മനുഷ്യന്റെ അവസ്ഥ

ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സ്വന്തം ഛായയിലും സാദൃശത്തിലും സ്വന്തമായി ചിന്തിക്കാനും തീരുമാനം എടുക്കാനും കഴിവുള്ളവനായും ധാർമ്മിക ബോധം ഉള്ളവനായുംമണ്ണിൽ നിന്ന് മെനഞ്ഞുണ്ടാക്കി. മനുഷ്യൻ പരിണാമഫലമായി ഉരുത്തിരിഞ്ഞു വന്നതല്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന്റെ ഉദ്ദേശം മനുഷ്യൻ ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്ത് മഹത്വപ്പെടുത്തുക വഴി ദൈവവുമായി കൂട്ടായ്മയിൽ ആയിരിക്കുവാനാണ്. അനുസരണത്തോടെ ദൈവേഷ്ടപ്രകാരമുള്ള ഒരു ജീവിതമാണ് ദൈവം മനുഷ്യനിൽ നിന്ന് ആവശ്യപ്പെട്ടത്. എന്നാൽ മനുഷ്യൻ സാത്താന്റെ പ്രേരണയാൽ ദൈവത്തോട് അനുസരണക്കേട് കാണിച്ച് പാപം ചെയ്യുകയും അങ്ങനെ ദൈവകൃപയിൽ നിന്ന് വീണുപോകുകയും ചെയ്തു.മനുഷ്യൻ ആത്മീയവുമായി മരിച്ച് ദൈവത്തിൽ നിന്ന് അകന്നുപോയി. അങ്ങനെ ലോകത്തിൽ പാപവും രോഗവും മരണവും കടന്നു. മനുഷ്യൻ സാത്താനെ അനുസരിച്ച് സാത്താന്റെ നിയന്ത്രണത്തിൽ അകപ്പെട്ട് ജന്മനാ പാപം നിറഞ്ഞ സ്വഭാവപ്രകൃതിയുള്ളവനായി. അതിനാൽ സ്വയം രക്ഷിക്കുവാനോ, സ്വന്തം പരിശ്രമവും യോഗ്യതകളും കൊണ്ട് ദൈവവുമായുള്ള ബന്ധം വീണ്ടെടുക്കുവാനോ കഴിയാത്തവിധം മനുഷ്യൻ അധഃപതിച്ചു. ദൈവത്തിന് സ്വീകാര്യമായ നിലവാരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും മനുഷ്യന് കഴിവില്ലാതായി. ദൈവസ്വഭാവത്തിന് എതിരായി മനുഷ്യനിലൂടെ പ്രവർത്തിക്കുന്ന സാത്താന്റെ സ്വാധീനവും ശക്തിയും സ്വഭാവവുമാണ് പാപം. അവ ജഡത്തിന്റെ പ്രവൃത്തികളായി മനുഷ്യനിൽ പ്രകടമാകുന്നു. ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് എന്നിവയാണ് ജഢത്തിന്റെ പ്രവൃത്തികൾ. പാപം മൂലം മനുഷ്യൻ സാത്താന്റെ അടിമത്തത്തിലായി. എല്ലാ മനുഷ്യരും ജന്മസ്വഭാവത്താലും സ്വതന്ത്രതീരുമാനത്താലും പാപികളാണ്. അതിനാൽ എല്ലാ മനുഷ്യരും സാത്താന്റെ അടിമകളും, ദൈവത്തിന്റെ ന്യായവിധിക്കും നരകത്തിനും അർഹരുമാണ്. എന്നാൽ അതിൽനിന്നെല്ലാം രക്ഷ പ്രാപിക്കാൻ മനുഷ്യന് അവസരമുണ്ട്. മനുഷ്യരക്ഷയ്ക്കുള്ള ഏകമാർഗ്ഗം യേശുവിന്റെ പാപപരിഹാര ബലിയാണ്. യേശുവിലുള്ള വിശ്വാസത്താൽ ദൈവത്താൽ വീണ്ടും ജനനം പ്രാപിച്ച് ദൈവമക്കളാകാതെ മനുഷ്യന് രക്ഷയില്ല. ആഗ്രഹിക്കുന്ന ഏവർക്കും സ്വീകരിക്കാവുന്ന ദൈവത്തിന്റെ ദാനമാണ് ഈ രക്ഷ (ഉൽപ 1:26-31; 2:16-17, 3:1-24; ഏശ 59:2; എസെ 18:4; റോമ 2:12; 3:9-19 23; 5:6-8, 12; 8:20-23; ലൂക്ക 18:26-27; യോഹ 8:44; 1 കൊറി 15:22; ഗലാ 4:8-9; 5:19-21; എഫേ 2:1-5; കൊലോ 1:13; എബ്രാ 9:27; 1യോഹ 5:19; വെളി 12:9). 

സാത്താന്റെ രാജ്യം

ആദ്യമനുഷ്യൻ പാപം ചെയ്തതുമൂലം മനുഷ്യവർഗ്ഗം മുഴുവനും സാത്താന്റെ രാജ്യത്തിൽ അകപ്പെട്ടുപോയി. ഓരോ മനുഷ്യനും ജനിച്ചുവീഴുന്നത് സാത്താന്റെ രാജ്യത്തിലേക്കാണ്. മനുഷ്യശരീരത്തെ സാത്താൻ ചിലപ്പോൾ തന്റെ ഭവനമാക്കുകയും പാപത്തിന്റെ ശക്തികൊണ്ട് മനുഷ്യനെ കീഴടക്കി ഭരിക്കുകയും ചെയ്യുന്നു. ഈ ലോകത്തിന്റെ സമ്പത്തും പ്രതാപവും സാത്താൻ കൈയ്യടക്കി വച്ചിരിക്കുന്നു. അവ സാത്താൻ തന്റെ ലക്ഷ്യങ്ങൾ നേടാനായി തനിക്കിഷ്ടമുള്ളവർക്ക് നൽകുന്നു. സ്വാർത്ഥത, അഹങ്കാരം, അത്യാഗ്രഹം, പണത്തോടും പദവിയോടും പ്രശസ്തിയോടും അധികാരത്തോടും സുഖഭോഗത്തോടുമുള്ള സ്നേഹം എന്നിവ സാത്താന്റെ രാജ്യത്തിന്റെ മുഖമുദ്രകളാണ്. അവിടെ ഭയവും അസൂയയും വിദ്വേഷവും കോപവും പരാജയവും നിരാശയും ഉൽക്കണ്ഠയും നിറഞ്ഞുനിൽക്കുന്നു. സാത്താന്റെ രാജ്യത്തിന്റെ ഭീകരയാഥാർത്ഥ്യങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ വേണ്ടി അനേകർ മദ്യത്തെയും മയക്കുമരുന്നിനെയും മറ്റു സുഖഭോഗങ്ങളെയും ആശ്രയിച്ച് സാത്താന് കൂടുതൽ അടിമകളായിത്തീരുന്നു. അനേകർ മാനസികരോഗികളായിത്തീരുകയോ ആത്മഹത്യചെയ്യുകയോ ചെയ്യുന്നു. സാത്താന്റെ രാജ്യത്തിന്റെ ലക്ഷ്യം മനുഷ്യരെ നിത്യമായി നശിപ്പിക്കുക എന്നതാണ്.

ദൈവരാജ്യം

ദൈവരാജ്യത്തിന്റെ സ്വഭാവവും മൂല്യങ്ങളും സാത്താന്റെ രാജ്യത്തിന്റെ സ്വഭാവത്തിനും മൂല്യങ്ങൾക്കും കടകവിരുദ്ധമാണ്. യേശുക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ സാത്താനെ പരാജയപ്പെടുകയും മനുഷ്യപാപത്തിന് പരിഹാരം നൽകുകയും ചെയ്തു. യേശുവിൽ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിച്ച് ദൈവമക്കളായിത്തീരുന്നവർ സാത്താന്റെ രാജ്യത്തിൽ നിന്ന് രക്ഷ പ്രാപിച്ച് ദൈവരാജ്യത്തിലെ പൗരന്മാരും ഭൂമിയിൽ ദൈവരാജ്യത്തിന്റെ പ്രതിനിധികളുമായിത്തീരുന്നു. അവർ ക്രിസ്തുവിന്റെ പടയാളികളായിത്തീരുന്നു. അങ്ങനെ അവർ സാത്താനെതിരായ ഒരു വലിയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. വിശ്വാസി യേശുവിൽ ജീവിക്കുന്നതിനാൽ ഈ യുദ്ധത്തിൽ വിജയം വിശ്വാസിക്ക് ഉറപ്പാണ്. അവരുടെ യുദ്ധം മനുഷ്യർക്ക് എതിരായല്ല. മറിച്ച് ശത്രുവായ സാത്താനും പിശാചുക്കൾക്കും എതിരായി മാത്രമാണ്. ഈ യുദ്ധത്തിൽ വിശ്വാസി ചെന്നായ്ക്കൾക്കിടയിൽ ജീവിക്കുന്ന കുഞ്ഞാടിനെപ്പോലെയാണ്. വിശ്വാസിയുടെ യുദ്ധരീതി തന്നെ എതിർക്കുന്നവരെ സ്നേഹിക്കുക എന്നതാണ്. വിശ്വാസിയുടെ ആയുധം സത്യം, നീതി, സുവിശേഷം, വിശ്വാസം, രക്ഷ, ദൈവവചനം, പ്രാർത്ഥന എന്നിവയാണ്. ക്രിസ്തീയ ജീവിതം സഹനത്തിന്റെ പാതയാണ്. ഇടുങ്ങിയ ഈ പാതയുടെ അന്ത്യം സ്വർഗ്ഗമാണ്. ""ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു.  ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു'' (1യോഹ 1:3). ""എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു'' (യോഹ 3:16). ""അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു'' (1യോഹ 1:7).

ആരോടും പക്ഷപാതം കാണിക്കാത്ത പരമാധികാരിയായ ദൈവം

പാപം ചെയ്ത് വീണുപോയ ദൂതന്മാർക്ക് ദൈവം രക്ഷ നൽകിയില്ല. കാരണം അവർ സ്വയമേയാണ് പാപം ചെയ്തത്. എന്നാൽ മനുഷ്യന്റെ കാര്യത്തിൽ അവർ സാത്താനാൽ വഞ്ചിക്കപ്പെട്ട് ശിക്ഷാവിധിയിൽ അകപ്പെട്ടതാണ്. മാത്രമല്ല ആദിമാതാപിതാക്കൾ ഒഴികെ മറ്റെല്ലാ മനുഷ്യരും ജനിക്കുന്നതിനു മുമ്പുതന്നേ വീണുപോയവരാണ്. അതിനാൽ നീതിമാനും ദയാലുവുമായ ദൈവം എല്ലാ മനുഷ്യർക്കും രക്ഷയ്ക്കുള്ള മാർഗ്ഗം തുറന്നു. എല്ലാവർക്കും വിശ്വസിക്കാനും രക്ഷിക്കപ്പെടാനും അവസരമുണ്ട്. എന്നാൽ ചിലർ മാത്രമാണ് രക്ഷ സ്വീകരിക്കുന്നത് എന്നു മാത്രം. ദൈവം സർവ്വത്തിന്റെയും സ്രഷ്ടാവും പരമാധികാരിയുമാണ്. ശിക്ഷാവിധിയിൽ അകപ്പെട്ട മനുഷ്യവർഗ്ഗത്തെ വേണമെങ്കിൽ ദൈവത്തിന് നശിപ്പിക്കാമായിരുന്നു. എന്നാൽ തന്റെ നീതിയിലും കരുണയിലും സ്നേഹത്തിലും എല്ലാ മനുഷ്യർക്കും തങ്ങളുടെ ഭാവി നിർണ്ണയിക്കാനുള്ള അവസരം ദൈവം നൽകി. ദുഷ്ടന്മാരുടെമേലും നല്ലവരുടെ മേലും ഒരുപോലെ മഴ പെയ്യിക്കുന്നവനായ ദൈവത്തിന്റെ എല്ലാ പ്രവർത്തികളും എല്ലാവരുടെയും ആത്യന്തികമായ നന്മയ്ക്കുവേണ്ടിയാണ്. ദൈവിക തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ മനുഷ്യന് കഴിവില്ല (റോമ 9:6-33). എങ്കിലും എന്തും പ്രവർത്തിക്കുന്ന സ്വേച്ഛാധികാരിയായി  പരമാധികാരിയായി ദൈവത്തെ ചിത്രീകരിക്കുന്നത് ദൈവത്തിനെതിരെയുള്ള അപവാദമാണ്. ദൈവം തന്റെ അധികാരവും ശക്തിയും തന്റെ സ്വഭാവത്തിന് വിരുദ്ധമായി ഉപയോഗിക്കില്ല. ചിലരെ മാത്രം ദൈവം തിരഞ്ഞെടുത്തെന്നും, അവർ മാത്രം രക്ഷിക്കപ്പെടുമെന്നും, അവർ പാപം ചെയ്താലും അവർക്ക് രക്ഷ നഷ്ടമാകില്ലെന്നും, തങ്ങൾ അപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും ഉള്ള ചിലരുടെ ചിന്ത ബൈബിൾപരമല്ല. അവരുടെ വാദം ഇപ്രകാരമാണ് : എല്ലാവരും പാപം ചെയ്ത് എന്നേക്കുമായി നരകശിക്ഷയിൽ അകപ്പെട്ടിരിക്കുമ്പോൾ ദൈവം തന്റെ പരമാധികാരത്തിന്റെ സ്വാതന്ത്ര്യത്തിൽ ചിലരെ മാത്രം തിരഞ്ഞെടുത്തു. അവർക്ക് രക്ഷിക്കപ്പെടാതിരിക്കാനോ, പാപം ചെയ്താലും രക്ഷ നഷ്ടമാക്കാനോ സാദ്ധ്യമല്ല. അവർ എന്നേക്കും സ്വർഗ്ഗത്തിലായിരിക്കും. അതേ സമയം തിരഞ്ഞെടുക്കപ്പെടാത്ത ചിലർക്ക് രക്ഷിക്കപ്പെടാനേ സാദ്ധ്യമല്ല. അവർ എന്നേക്കും നരകത്തിലായിരിക്കും. ദൈവകൃപയോട് വിശ്വാസത്താൽ പ്രതികരിക്കാൻ മനുഷ്യൻ അപ്രാപ്തനാണെന്ന് വാദിക്കുന്ന മനുഷ്യന്റെ പൂർണ്ണധാർമ്മിക അധഃപതന തത്ത്വം, ദൈവം ചിലരെ മാത്രം നിരുപാധികം രക്ഷയ്ക്കായി മുൻനിയമിച്ച് തിരഞ്ഞെടുക്കുന്നു എന്ന് വാദിക്കുന്ന ദൈവത്തിന്റെ സ്വേച്ഛാധികാര തത്ത്വം, യേശുവിന്റെ പരിഹാരബലി രക്ഷിക്കപ്പെടുന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്ന വാദം, രക്ഷിക്കപ്പെടുന്നവർക്ക് അവിശ്വസിക്കാനോ വിശ്വാസം ത്യജിക്കാനോ അസാദ്ധ്യമാണെന്ന വാദം എന്നിവയെല്ലാം വാസ്തവത്തിൽ ബൈബിൾ സത്യത്തിന് വിരുദ്ധമാണ്.

ദൈവം മനുഷ്യന് ലഭ്യമാക്കിയിരിക്കുന്ന രക്ഷയെയും തിരഞ്ഞെടുപ്പിനെയും ശരിയായി മനസിലാക്കിയില്ലെങ്കിൽ ആത്മീയ വിഷയങ്ങളിൽ ഗൗരവമേറിയ തെറ്റുകൾ പറ്റാനുള്ള സാദ്ധ്യതയുണ്ട്. നിത്യജീവനായി ദൈവം നിരുപാധികം മുൻനിർണ്ണയിച്ചിരിക്കുന്ന ചിലരുടെ മാത്രം ഹൃദയദൃഷ്ടിയെ ദൈവം പ്രകാശിപ്പിച്ച് അവരെ യേശുവിലേക്ക് ആകർഷിച്ച് യേശുവിൽ വിശ്വസിക്കാൻ പ്രാപ്തരാക്കുന്നു എന്നും, തിരഞ്ഞെടുക്കപ്പെടാത്തവർക്ക് രക്ഷ പ്രാപിക്കാൻ സാദ്ധ്യമല്ല എന്നുമുള്ള തത്ത്വം അപകടകരമാണ്. കാരണം ഇതിൻപ്രകാരം ദൈവം ചിലരെ തിരഞ്ഞെടുക്കുകയും ചിലരെ തള്ളിക്കളയുകയും ചെയ്യുന്നു. ചിലരെ വിശ്വസിക്കാൻ കഴിവുള്ളവരാക്കുന്നു; ചിലരെ ദൈവത്തെ അവിശ്വസിക്കാനും പാപം ചെയ്യാനും അനുവദിക്കുന്നു. അങ്ങനെ അവരെ നരകത്തിലേക്കയക്കാൻ മുൻകൂട്ടി തീരുമാനിക്കുന്നു. ഇങ്ങനെ ദൈവത്തിന്റെ പരമാധികാരത്തിന് അമിതപ്രാധാന്യം കൊടുത്ത് ദൈവത്തിന്റെ സ്നേഹത്തെയും കരുണയെയും നീതിയെയും കുറച്ചുകാണിച്ച് ദൈവസ്വഭാവത്തെ കോട്ടിക്കളയുന്നു. ഇതൊന്നും സത്യാധിഷ്ടിതമായ ചിന്തകളല്ല. നീതിമാനായ ദൈവം തുല്യശിക്ഷയിൽ അകപ്പെട്ടിരിക്കുന്ന എല്ലാവർക്കും തുല്യപരിഗണന കൊടുക്കുന്നില്ലെന്ന് വരുത്തിത്തീർക്കുന്ന ഇത്തരം തത്ത്വങ്ങൾ ദൈവം നീതിമാനല്ലെന്നും ദൈവത്തിന്റെ രക്ഷാകരപദ്ധതി നീതിയുള്ളതല്ലെന്നും ആരോപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വാദിക്കുന്നവർ തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും, തങ്ങളോട് വിയോജിക്കുന്നവർ അജ്ഞരോ അവിശ്വാസികളോ ആണെന്നും അനുമാനിക്കുന്നു. ഇത് ആത്മീയ അഹങ്കാരത്തിന് വഴി ഒരുക്കുന്നു. ദൈവം അനന്തജ്ഞാനിയായതുകൊണ്ട് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും മുന്നറിയാതിരിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ രക്ഷിക്കപ്പെടുന്നവർ ആരൊക്കെയാണെന്ന് ദൈവം മുന്നറിഞ്ഞിരുന്നു. ദൈവം തന്റെ അനന്തജ്ഞാനത്താൽ  തന്റെ രക്ഷയെ ആഗ്രഹിക്കുന്നവരെന്ന് മുന്നറിഞ്ഞവരെ യേശുവിനെപ്പോ ലെ ആയിത്തീരാൻ മുൻനിയമിച്ചു. അങ്ങനെ മുൻനിയമിച്ചവരെ ദൈവം സുവിശേഷം അറിയിച്ച് വിളിക്കുകയും നീതീകരിക്കുകയും മഹത്വീകരിക്കുകയും ചെയ്യുന്നു (റോമ 8:28-30). ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരായിത്തീരാനുള്ള സ്വാതന്ത്ര്യവും അവസരവും ദൈവം എല്ലാവർക്കും നൽകുന്നു. ദൈവത്തിൽ അനീതിയില്ല. ദൈവപ്രവർത്തിയിൽ അന്യായമില്ല.

മനുഷ്യന്റെ സ്വതന്ത്രമനസ്സിനുള്ള കഴിവ്

മനുഷ്യന് സ്വയം രക്ഷ പ്രാപിക്കാൻ കഴിയില്ല. മനുഷ്യന്റെ സൽപ്രവർത്തികൾക്ക് രക്ഷാകരമൂല്യമില്ല. മനുഷ്യന് തന്റെ രക്ഷയ്ക്കായി ഒരു രക്ഷാകരപദ്ധതി ഉണ്ടാക്കാനോ, അത് നടപ്പിലാക്കാനോ, അതിന്റെ ഭാഗമായി എന്തെങ്കിലും നന്മ പ്രവർത്തിക്കാനോ കഴിയില്ല (ഏശ 64:6; ജെറ 17:9; റോമ 3:9-27; 8:6-8; എഫേ 2:1-3; 4:17-19; തീത്തോ 1:15). എന്നാൽ മനുഷ്യന് ദൈവത്തിൽ വിശ്വസിക്കാൻ കഴിവുണ്ട്. രക്ഷ പ്രാപിക്കാൻ മനുഷ്യൻ വിശ്വസിക്കണം  എന്നതാണ് ദൈവത്തിന്റെ നിയമം (റോമ 3:27). വിശ്വസിക്കാൻ തയ്യാറല്ലാത്തവരുടെ മനസ്സിനെ സാത്താൻ അന്ധമാക്കും. അങ്ങനെ സുവിശേഷം ലഭിക്കാതെ അവർ നശിച്ചുപോകും (2കൊറി 4:3-4). മനുഷ്യന് ദൈവത്തിന്റെ രക്ഷയെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ട്.വിളിക്കപ്പെട്ടവർ അനേകമെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമാണ് (മത്താ 22:14) എന്ന വസ്തുത തെളിയിക്കുന്നത് വിളിക്കപ്പെട്ടവരിൽ ഭൂരിഭാഗവും തങ്ങൾക്ക് ലഭിച്ച വിളിയോട് ശരിയായ വിധത്തിൽ പ്രതികരിക്കാൻ കഴിവുണ്ടായിരുന്നിട്ടും പ്രതികരിച്ചില്ല എന്നാണ്. മനുഷ്യന്റെ സമ്മതമില്ലാതെ ദൈവത്തിന് സ്വതന്ത്രമനസ്സുള്ളവനായ മനുഷ്യനെ രക്ഷിക്കാൻ കഴിയില്ല. മനുഷ്യന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പു കൂടാതെ രക്ഷ സാദ്ധ്യമാകില്ല. എന്നാൽ മനുഷ്യന്റെ തിരഞ്ഞെടുപ്പു കെണ്ടുമാത്രം രക്ഷ സാദ്ധ്യമാകുകയുമില്ല. ദൈവം രക്ഷ നൽകിയെങ്കിലേ മനുഷ്യന് രക്ഷ പ്രാപിക്കാൻ കഴിയൂ. ദൈവം രക്ഷിക്കാനായി കരം നീട്ടുമ്പോൾ അതിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നവരെ ദൈവം രക്ഷിക്കില്ല. ദൈവം കരം നീട്ടുമ്പോൾ ആ രക്ഷ ആഗ്രഹിക്കാനും സ്വീകരിക്കാനുള്ള സമ്മതം മനുഷ്യന് ഉണ്ടെങ്കിലേ രക്ഷ കൊടുക്കാൻ ദൈവത്തിന് കഴിയൂ.

ദൈവത്തിനായി ആഗ്രഹിക്കാൻ മനുഷ്യാത്മാവിന് കഴിയും

പാപം ചെയ്യുന്ന ആത്മാവ് മരിക്കും എന്നത് ദൈവികനിയമമാണ്. മനുഷ്യന്റെ ആത്മാവ് പാപത്താൽ മരിച്ചു. അതായത് മനുഷ്യന്റെ ആത്മാവിന് ദൈവവുമായുള്ള കൂട്ടായ്മയും ബന്ധവും നഷ്ടമാകുകയും ദൈവത്തിൽ നിന്ന് വേർപെട്ട് അകന്നുപോകുകയും ചെയ്തു. അതാണ് മനുഷ്യന്റെ ആത്മീയ മരണത്തിന്റെ അർത്ഥം.നേരെമറിച്ച്, മനുഷ്യന്റെ ആത്മാവ് പ്രവർത്തനരഹിതമാണെന്നോ, പാപികളെല്ലാം വിശ്വസിക്കാനും അനുതപിക്കാനും അനുസരിക്കാനും കഴിവില്ലാത്ത നിർജ്ജീവരാണെന്നോ ബൈബിൾ പറയുന്നില്ല. ദൈവം മനുഷ്യന് കൽപനകൾ കൊടുത്തത് അവ അനുസരിക്കാനുള്ള കഴിവ് മനുഷ്യന് ഉള്ളതുകൊണ്ടാണ്. മനുഷ്യാത്മാവിന് തന്റെ ശോചനീയാവസ്ഥ മനസിലാക്കാനും ദൈവത്തിനായി ആഗ്രഹിക്കാനും ദാഹിക്കാനും ദൈവത്തെ അന്വേഷിക്കാനും എല്ലാം കഴിയും. തന്നെ അന്വേഷിക്കുന്നവരുണ്ടോ എന്നറിയാൻ യഹോവയുടെ കണ്ണ് ഭൂമിയിലെല്ലാം ടാടിക്കൊണ്ടിരിക്കുന്നു എന്നും, എനിക്കായി കാംഷിക്കുന്നവനെ ഞാൻ അതിലാക്കുമെന്നും, അന്വേഷിക്കുന്നവൻ കണ്ടെത്തുമെന്നും ദൈവം പറഞ്ഞിരിക്കുന്നു. സത്യസന്ധതയോടെ ദൈവത്തെ അന്വേഷിക്കുന്നവരെ പിതാവ് യേശുവിലേക്ക് ആകർഷിക്കുന്നു. അപ്രകാരം പിതാവ് ആകർഷിച്ചാൽ മാത്രമേ ഒരാൾക്ക് യേശുവിൽ വിശ്വസിക്കാൻ കഴിയൂ (യോഹ 6:44, 65). യേശുവിലേക്ക് ഒരുവനെ ആകർഷിക്കുക എന്നത് ദൈവിക പ്രവർത്തിയാണ്. ദൈവത്തെ അന്വേഷിക്കുന്നവർക്ക് സുവിശേഷം കേൾക്കാനും ദൈവം അവസരമൊരുക്കുന്നു. കേട്ടവർ കൂടുതൽ മനസിലാക്കാൻ ദൈവം അവരുടെ ഹൃദയം തുറക്കുന്നു (പ്രവൃ 16:14). ഒരുവൻ സത്യസന്ധതയോടെ സുവിശേഷം കേട്ട് ദൈവത്തിന്റെ രക്ഷ സ്വീകരിക്കാൻ തയ്യാറാകുമ്പോൾ ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം അയാൾക്ക് വിശ്വാസം ദാനമായി നൽകുന്നു (ലൂക്കാ 8: 12, 15, 18; എഫേ 2:8; 6:23). എന്നാൽ വിശ്വസിക്കുക എന്നത് മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ആത്മീയ പ്രവർത്തിയാണ്. അനുതാപം ദൈവത്തിന്റെ ദാനമാണ് (പ്രവൃ 5:31; 11:18; 2തിമോ 2:25)  എന്നാൽ അനുതപിക്കുക എന്നത് മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ആത്മീയ പ്രവർത്തിയാണ്. വിശ്വസിക്കുന്നവനെ അവന്റെ ആത്മീയ അവസ്ഥയനുസരിച്ച് ദൈവം വിശ്വാസത്തിൽ നിലനിർത്തുന്നു. പിന്മാറ്റക്കാരെ വിശ്വാസത്തിൽ നിലനിർത്താമെന്ന വാഗ്ദാനമില്ല.

 

Ad Image
Ad Image
Ad Image
Ad Image